രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 19 AUG 2026 4:40PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് എന്നിവയിലെ ഒരുസംഘം ഓഫീസർ ട്രെയിനികൾ ഇന്ന് (ഓഗസ്റ്റ് 19, 2026) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. 
 
 
ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ ഇൻഫർമേഷൻ സർവീസും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസും പ്രവർത്തന മേഖലകളിൽ വ്യത്യസ്തമാണെങ്കിലും, ഭരണനിർവ്വഹണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നീ പൊതുവായ ലക്ഷ്യമാണ് പങ്കുവെക്കുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കാര്യക്ഷമമായ ആശയവിനിമയവും വിശ്വസനീയമായ വിവരങ്ങളുമാണ് ഊർജ്ജസ്വലവും ജനകീയവുമായ ഒരു ജനാധിപത്യത്തിൻ്റെ നെടുംതൂണുകളെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
 
 
ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്ന ഓഫീസർ ട്രെയിനികൾ തുടർച്ചയായി പുതിയ കാര്യങ്ങൾ പഠിക്കാനും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും തയ്യാറാകണമെന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യ, മാധ്യമങ്ങൾ, സാമ്പത്തിക രംഗം, പൊതുനയം എന്നിവയുടെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജിജ്ഞാസ നിലനിർത്താനും പുതിയ കഴിവുകൾ വികസിപ്പിക്കാനും അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും രാഷ്ട്രപതി ഓഫീസർമാരെ ഉപദേശിച്ചു. തീരുമാനങ്ങളിൽ വിവേകമുള്ളവരും പെരുമാറ്റത്തിൽ അനുകമ്പയുള്ളവരും സത്യസന്ധത പുലർത്തുന്നതിൽ ഉറച്ചുനിൽക്കുന്നവരുമാകാൻ അവർ നിർദ്ദേശിച്ചു. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന അധികാരം നീതിയോടും വിനയത്തോടും സമർപ്പണത്തോടും കൂടി ജനങ്ങളെ സേവിക്കാനുള്ള വലിയ ഉത്തരവാദിത്തമാണെന്നും രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു.
 
 
ഗവണ്മെൻ്റും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് നിർണായക പങ്കാണ് വഹിക്കുന്നതെന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. പൗരന്മാർ വിവരങ്ങൾ സ്വീകരിക്കുന്നതിലും പങ്കുവെക്കുന്നതിലും പ്രതികരിക്കുന്നതിലും സമൂഹ മാധ്യമങ്ങൾ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.
 
വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി സംവദിക്കാനും മാത്രമല്ല, ജനങ്ങളുടെ ആശങ്കകൾ കേൾക്കാനും മനസ്സിലാക്കാനും അവയോട് പ്രതികരിക്കാനും ഐ.ഐ.എസ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തണമെന്ന് രാഷ്ട്രപതി നിർദ്ദേശിച്ചു. വിവരങ്ങൾ അതിവേഗം പ്രചരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ കൃത്യത, വിശ്വാസ്യത, പൊതുതാല്പര്യം എന്നിവയായിരിക്കണം ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തിൻ്റെ വഴികാട്ടിയെന്നും അവർ പറഞ്ഞു.
 
'2047-ലേക്ക് രാജ്യം മുന്നേറുമ്പോൾ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്  ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ നിർണായകമാകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കൃത്യമായ വിവരങ്ങൾ ലഭിക്കുന്ന പൗരന്മാർക്ക് മാത്രമേ വികസന, ജനാധിപത്യ പ്രക്രിയകളിൽ സജീവമായി പങ്കാളികളാകാൻ കഴിയൂ എന്ന് അവർ ചൂണ്ടിക്കാട്ടി.
 
ഇന്നത്തെ ഡാറ്റാ അധിഷ്ഠിത ലോകത്ത്, പൊതുനയങ്ങളുടെ ഗുണനിലവാരം കൃത്യവും സമയബന്ധിതവും വിശ്വസനീയവുമായ ഡാറ്റയുടെ ലഭ്യതയെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾക്ക് അടിസ്ഥാനമാകുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ രൂപീകരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം സമ്പദ്‌ വ്യവസ്ഥയുടെയും സമൂഹത്തിൻ്റെയും വിവിധ മേഖലകളിൽ തെളിവ് അധിഷ്ഠിത നയരൂപീകരണത്തെ പിന്തുണയ്ക്കുമെന്ന് അവർ പ്രസ്താവിച്ചു. ഓരോ ഡാറ്റാസെറ്റിന് പിന്നിലും യഥാർത്ഥ മനുഷ്യരും അവരുടെ ജീവിതവുമുണ്ടെന്ന് എപ്പോഴും ഓർക്കണമെന്ന് അവർ ഉദ്യോഗസ്ഥരെ ഉപദേശിച്ചു. പൗരന്മാർക്കും ഗവേഷകർക്കും നയരൂപകർത്താക്കൾക്കും സ്ഥിതിവിവരക്കണക്കുകൾ കൂടുതൽ ലഭ്യമാക്കാൻ അവർ അഭ്യർത്ഥിച്ചു.
 
ആധുനികവും വിശ്വാസയോഗ്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ അവർ നൽകുന്ന സംഭാവന വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിൻ്റെ പ്രയാണത്തിൽ ഒരു പ്രധാന പങ്കുവഹിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
 
 
 
*****

(रिलीज़ आईडी: 2301313) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil