പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഗാർഹിക പിഎൻജി കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇൻസെൻ്റീവ് പദ്ധതി
प्रविष्टि तिथि:
18 AUG 2026 9:13PM by PIB Thiruvananthpuram
രാജ്യത്തുടനീളം വീടുകളിലേക്ക് ശുദ്ധവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പാചകവാതകം പൈപ്പ് വഴി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ഗാർഹിക പിഎൻജി കണക്ഷനുകൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസെൻ്റീവ് പദ്ധതി'ക്ക് കേന്ദ്ര ഗവണ്മെൻ്റ് ഇന്ന് അംഗീകാരം നൽകി. 2026 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി സജീവമായ പിഎൻജി കണക്ഷനുകളുടെ വിപുലീകരണം ത്വരിതപ്പെടുത്താനും കൂടുതൽ കുടുംബങ്ങൾക്ക് അടുക്കളകളിൽ പൈപ്പിലൂടെയുള്ള പാചകവാതകം എത്രയും വേഗം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
സാധാരണക്കാർക്ക് ഇത് എങ്ങനെ പ്രയോജനപ്പെടും?
നിലവിൽ രാജ്യത്തുടനീളം 1.74 കോടി ഗാർഹിക പിഎൻജി കണക്ഷനുകളുണ്ട്. കണക്ഷൻ എടുത്തിട്ടും ബില്ലിങ് ആരംഭിക്കാത്തവ പ്രവർത്തനക്ഷമമാക്കാനും പുതിയ മേഖലകളിലേക്ക് പിഎൻജി ശൃംഖല വ്യാപിപ്പിക്കാനും പദ്ധതിയിലൂടെ സിറ്റി ഗ്യാസ് വിതരണ കമ്പനികൾക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യം നൽകുന്നു.
വീടുകളിൽ പിഎൻജി ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങള്‍
എൽപിജി സിലിണ്ടറുകൾക്കും പരമ്പരാഗത പാചക ഇന്ധനങ്ങൾക്കും പകരം കൂടുതൽ സുരക്ഷിതവും ശുദ്ധവും സൗകര്യപ്രദവുമായ ബദലാണ് പൈപ്പിലൂടെയുള്ള പാചകവാതകം വീടുകൾക്ക് നൽകുന്നത്:
സുരക്ഷിതത്വം: ഭൂഗർഭ പൈപ്പ് ലൈനുകളിലൂടെ കുറഞ്ഞ മർദത്തിലാണ് പിഎൻജി വിതരണം ചെയ്യുന്നത്. അതിനാൽ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലെയും കൈകാര്യം ചെയ്യുന്നതിലെയും അപകടസാധ്യതകൾ ഇല്ലാതാകുന്നു. വായുവിനേക്കാൾ ഭാരം കുറവായതിനാൽ വാതക ചോർച്ച ഉണ്ടായാൽപ്പോലും അത് വേഗത്തിലും സുരക്ഷിതമായും അന്തരീക്ഷത്തിൽ ലയിച്ചുപോകുന്നു.
സൗകര്യം: സിലിണ്ടറുകൾ ബുക്ക് ചെയ്യാനോ സൂക്ഷിക്കാനോ മാറ്റിവെക്കാനോ കാത്തിരിക്കേണ്ടതില്ല — വൈദ്യുതിയും വെള്ളവും പോലെ മീറ്ററില്‍ രേഖപ്പെടുത്തിയ യഥാർത്ഥ ഉപയോഗത്തിന് മാത്രം പണം നല്‍കുന്നതിലൂടെ 24 മണിക്കൂറും പാചകവാതകം നേരിട്ട് വീട്ടിൽ ലഭ്യമാകുന്നു.
ചെലവ് കുറവ്: യഥാർത്ഥത്തിൽ ഉപയോഗിക്കുന്ന പാചക വാതകത്തിന് മാത്രം ഉപഭോക്താക്കൾ പണം നൽകിയാൽ മതിയാകും. ഊർജ്ജ നിരക്ക് കണക്കാക്കുമ്പോൾ പിഎൻജി പൊതുവെ എൽപിജിയേക്കാൾ ലാഭകരമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് കുടുംബങ്ങളുടെ പ്രതിമാസ ഇന്ധനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.
പരിസ്ഥിതി സൗഹൃദം: പൂർണമായി കത്തുന്ന ശുദ്ധ ഇന്ധനമായതിനാൽ പരമ്പരാഗത പാചക ഇന്ധനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ മാത്രമേ പിഎൻജി മലിനീകരണം ഉണ്ടാക്കുന്നുള്ളൂ. ഇത് വീടുകളിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കുന്നു.
തടസ്സമില്ലാത്ത വിതരണം: തുടർച്ചയായ പൈപ്പ്‌ലൈൻ വിതരണം വഴി സിലിണ്ടർ വിതരണത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാം. അപ്പാർട്ടുമെൻ്റുകളിലും ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.
പിഎൻജി വിപുലീകരണത്തിന് ഗവണ്മെൻ്റിൻ്റെ തുടർച്ചയായ പ്രവർത്തനങ്ങൾ
രാജ്യത്ത് പിഎൻജി ശൃംഖല വ്യാപിപ്പിക്കാനും ശുദ്ധമായ പാചക ഇന്ധനത്തിലേക്ക് മാറുന്നത് എളുപ്പമാക്കാനും കഴിഞ്ഞ ഏതാനും മാസങ്ങളായി ഗവണ്മെൻ്റ് സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയാണ് ഈ പദ്ധതി:
ലളിതമായ നിയന്ത്രണ അനുമതികൾ: 2026-ലെ പ്രകൃതി വാതക - പെട്രോളിയം വിതരണ ഉത്തരവിന് കീഴിൽ 'അതിവേഗ അനുമതി ചട്ടക്കൂടും' ഏകീകൃത 'റൈറ്റ്-ഓഫ്-വേ' നിരക്കുകളും പുറപ്പെടുവിച്ചിട്ടുണ്ട്. പിഎൻജി അടിസ്ഥാന സൗകര്യ അപേക്ഷകൾ നിശ്ചിത സമയപരിധിയ്ക്കകം മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കാനും നിരക്കുകൾ ഏകീകരിക്കാനും ഇത് സഹായിക്കും.
മൂല്യവര്‍ധിത നികുതി ഏകീകരണം: പ്രകൃതിവാതകത്തിൻ്റെ മൂല്യവര്‍ധിത നികുതി നിരക്ക് 5 ശതമാനമായി കുറയ്ക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് വീടുകൾക്ക് പിഎൻജി കൂടുതൽ ലാഭകരമാക്കും. നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിരക്ക് കുറച്ചിട്ടുണ്ട്.
ദേശീയ പിഎൻജി യജ്ഞം 2.0: പൈപ്പിലൂടെയുള്ള പാചകവാതകത്തിലേക്ക് മാറാൻ കൂടുതൽ കുടുംബങ്ങൾക്ക് സൗകര്യമൊരുക്കുന്നതിന് എൽപിജി സിലിണ്ടറുകൾ തിരികെ നൽകാനുള്ള പോർട്ടൽ, ഗാർഹിക അറിയിപ്പുകൾ, ബോധവൽക്കരണ ക്യാമ്പുകൾ, ഹൗസിങ് സൊസൈറ്റികളെ പിഎൻജിയിലേക്ക് മാറ്റൽ എന്നിവ ഉൾപ്പെടുന്ന രാജ്യവ്യാപക ക്യാംപയിൻ.
ഏകീകൃത പിഎൻജി രജിസ്ട്രേഷൻ പോർട്ടൽ: പുതിയ പിഎൻജി കണക്ഷനുകൾക്ക് അപേക്ഷിക്കാനും അവയുടെ പുരോഗതി നിരീക്ഷിക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ത്വരിതപ്പെടുത്താനും ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചുവരുന്നു.
രാജ്യത്തെ കുടുംബങ്ങൾക്ക് ശുദ്ധവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പിഎന്‍ജി ലഭ്യത വ്യാപിപ്പിക്കാന്‍ ഗവണ്മെൻ്റ് സ്വീകരിക്കുന്ന നിരന്തര ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് ഈ ഇൻസെൻ്റീവ് പദ്ധതി.
പദ്ധതി ഘടന
പദ്ധതി പ്രകാരം അർഹരായ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് അതത് പ്രദേശത്തിന് നിശ്ചയിച്ച അടിസ്ഥാന പരിധിക്ക് മുകളിൽ നേടുന്ന ബില്‍ ചെയ്ത ഓരോ അധിക ഗാർഹിക പിഎൻജി കണക്ഷനും നിയന്ത്രിത വില സംവിധാനത്തിന് കീഴില്‍ കുറഞ്ഞ നിരക്കിലുള്ള 200 SCM അധിക തദ്ദേശീയ പ്രകൃതിവാതകം അനുവദിക്കും. ആറ് മാസം വീതം രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഈ അധിക വാതക വിഹിതം സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾ അവരുടെ സിഎൻജി മേഖലയ്ക്ക് നിലവിൽ വാങ്ങുന്ന ഉയർന്ന വിലയുള്ള ദ്രവീകൃത പ്രകൃതിവാതകത്തിന് പകരം ഉപയോഗിക്കാം. കമ്പനികളുടെ ആകെ ഇന്ധന സംഭരണച്ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
പദ്ധതിയിലൂടെ, ചെലവിലുണ്ടാകുന്ന ലാഭം ഗാർഹിക പിഎൻജി കണക്ഷനുകളുടെ മൂലധനച്ചെലവ് തിരിച്ചുപിടിക്കാന്‍ ആവശ്യമായ കാലയളവ് ഏകദേശം 10 വർഷത്തിൽ നിന്ന് 3 വർഷമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടുകളിലേക്ക് പിഎൻജി കണക്ഷനുകൾ വേഗത്തിൽ വ്യാപിപ്പിക്കാൻ ഇത് സിറ്റി ഗ്യാസ് വിതരണ കമ്പനികൾക്ക് ശക്തമായ സാമ്പത്തിക പ്രോത്സാഹനം നൽകുകയും വരും മാസങ്ങളിൽ രാജ്യത്തെ കൂടുതൽ കുടുംബങ്ങളിലേക്ക് ശുദ്ധവും സുരക്ഷിതവുമായ പാചകവാതകം എത്തിക്കാൻ വഴിയൊരുക്കുകയും ചെയ്യും.
****
(रिलीज़ आईडी: 2301106)
आगंतुक पटल : 4