പ്രധാനമന്ത്രിയുടെ ഓഫീസ്
ഒരു വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്കായി എ.ഐ നൈപുണ്യ പരിശീലനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മത്സരപരീക്ഷകൾക്കായി സൗജന്യ ഓൺലൈൻ കോച്ചിംഗ് നെറ്റ്‌വർക്ക്
അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി രാജ്യവ്യാപകമായി സ്പോർട്സ് ടാലന്റ് ഹണ്ട്
ആധുനിക വെല്ലുവിളികളെ നേരിടാൻ ശക്തമായ സിവിൽ ഡിഫൻസ് നെറ്റ്‌വർക്ക് രൂപീകരിക്കും
ഇന്ത്യ ലക്ഷ്യമിടുന്നത് 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദന ശേഷി
ഈ ദശകത്തിനുള്ളിൽ അഞ്ച് പുതിയ ആണവ റിയാക്ടറുകൾ
ആറുകോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന പുത്തൻ ലക്ഷ്യം
സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് കരുത്തേകാൻ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ
प्रविष्टि तिथि:
15 AUG 2026 1:01PM by PIB Thiruvananthpuram
നിർമിത ബുദ്ധി, വിദ്യാഭ്യാസം, കായികം, സിവിൽ ഡിഫൻസ്, സെമികണ്ടക്ടർ നിർമ്മാണം, ആണവോർജ്ജം, വനിതാ നേതൃത്വത്തിലുള്ള വികസനം എന്നിവ ഉൾക്കൊള്ളുന്ന നിരവധി പദ്ധതികളും ലക്ഷ്യങ്ങളും 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
1. ഒരു കോടി യുവാക്കൾക്ക് എഐ നൈപുണ്യ പരിശീലനം: അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് എഐ വൈദഗ്ധ്യത്തിൽ പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിർമിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, എഐ ലോകത്ത് മുൻപന്തിയിലെത്താൻ ഇന്ത്യയിലെ യുവാക്കളെ പ്രാപ്തരാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് പറഞ്ഞു.
2. വിവിധ പരീക്ഷകൾക്കായി സൗജന്യ ഓൺലൈൻ കോച്ചിംഗ്: വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് കോച്ചിംഗ് ക്ലാസുകൾ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, രാജ്യത്തെ യുവാക്കൾക്ക് സൗജന്യ കോച്ചിംഗ് നൽകുന്നതിനായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ലഭ്യമായ പ്രതിഭാശേഷി, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ നെറ്റ്‌വർക്ക് രൂപീകരിക്കുമെന്ന് പറഞ്ഞു.
3. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി രാജ്യവ്യാപകമായി സ്പോർട്സ് ടാലന്റ് ഹണ്ട്: 5 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഗ്രാമങ്ങളിലും നഗരങ്ങളിലും സ്കൂളുകളിലും ടാലന്റ് ഹണ്ട് ക്യാമ്പയിൻ നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് രാജ്യത്തെ പ്രതിനിധീകരിക്കാൻ ശേഷിയുള്ള കായികതാരങ്ങളായി വളർത്തിയെടുക്കുന്നതിന് പ്രത്യേക പരിശീലനം നൽകും. നിലവിൽ ഇന്ത്യ പങ്കെടുക്കാത്തതോ യോഗ്യത നേടാത്തതോ ആയ ഒളിമ്പിക് ഇനങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇത്തരം കായിക ഇനങ്ങളിൽ കഴിവുകൾ വളർത്തിയെടുക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുമെന്ന് പറഞ്ഞു.
4. ആധുനിക വെല്ലുവിളികളെ നേരിടാൻ ശക്തമായ സിവിൽ ഡിഫൻസ് നെറ്റ്‌വർക്ക്: യുദ്ധങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ചൂണ്ടിക്കാട്ടി, രാജ്യത്ത് ശക്തമായ ഒരു സിവിൽ ഡിഫൻസ് നെറ്റ്‌വർക്ക് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യുദ്ധങ്ങൾ ഇനി അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും അത് ശുദ്ധീകരണശാലകൾ (റിഫൈനറികൾ), ബാങ്കിംഗ് മേഖല, ഡാറ്റാ സെന്ററുകൾ, ഫാക്ടറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെപ്പോലും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുൻ നൂറ്റാണ്ടിലെ യുദ്ധങ്ങൾക്ക് അനുസൃതമായി വികസിപ്പിച്ചെടുത്ത സിവിൽ ഡിഫൻസ് സംവിധാനങ്ങൾ കാലഹരണപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ പൗരന്മാരെ ആധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്തുമെന്നും ആധുനിക വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള ഒരു വലിയ സന്നദ്ധ സിവിൽ ഡിഫൻസ് സേനയെ വികസിപ്പിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
5. സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ: ഡിജിറ്റൽ, സാങ്കേതിക ലോകത്ത് സെമികണ്ടക്ടർ ചിപ്പുകളുടെ നിർണായക പങ്ക് പ്രധാനമന്ത്രി എടുത്തുപറയുകയും ഈ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകളുടെ പ്രവർത്തനം ഇതിനകം ആരംഭിച്ചതായും ഈ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പാദനം കയറ്റുമതി ചെയ്യാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വരുന്ന ഏഴ്, എട്ട് വർഷത്തിനുള്ളിൽ അഞ്ചോ ഏഴോ എട്ടോ സെമികണ്ടക്ടർ പ്ലാന്റുകൾ കൂടി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടറുകളിലെ സ്വയംപര്യാപ്തതയെ വികസിത ഭാരതത്തിലേക്കുള്ള പാതയായി അദ്ദേഹം വിശേഷിപ്പിച്ചു.
6. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദന ശേഷി: ചിപ്പുകൾ, AI, ഡാറ്റാ സെന്ററുകൾ എന്നിവയുടെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യകതകൾ എടുത്തുകാണിച്ചുകൊണ്ട്, ഊർജ്ജ സുരക്ഷയുടെയും ആണവോർജ്ജത്തിന്റെയും പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും ഈ ദശകത്തിനുള്ളിൽ അഞ്ച് പുതിയ ആണവ റിയാക്ടറുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ സാങ്കേതികവിദ്യയിൽ ഇന്ത്യ ഈ വർഷം ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായും ഇത് ആണവ ഇന്ധനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
7. ആറ് കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം: രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ സംഭാവനകളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മൂന്ന് കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന മുൻ ലക്ഷ്യം മറികടന്നതായി പറഞ്ഞു. ഇന്ത്യ ഇനി ആറ് കോടി ലഖ്പതി ദീദിമാർ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി മൂന്ന് കോടി ലഖ്പതി ദീദിമാരെ കൂടി സൃഷ്ടിക്കുന്നത് സ്ത്രീകളുടെ കരുത്തിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
***
NK
(रिलीज़ आईडी: 2300287)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada