ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
प्रविष्टि तिथि:
16 AUG 2026 12:17PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT), സൈബര്‍ കുഷ്തി 2026 എന്ന ദേശീയ സൈബര്‍ സുരക്ഷാ-നിര്‍മിതബുദ്ധി (AI) ഹാക്കത്തോണിന് ഓഗസ്റ്റ് 15-ന് തുടക്കം കുറിച്ചു. സൈബര്‍ സുരക്ഷാ വിലയിരുത്തലില്‍ മനുഷ്യന്റെ സൂക്ഷ്മമായ അപഗ്രഥന-തീരുമാന ശേഷി പരീക്ഷിക്കുന്നതിനും അംഗീകരിക്കുന്നതിനുമായാണ് ഈ ഹാക്കത്തോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ഇന്റലിജന്‍സ് എന്നിവയെക്കുറിച്ചുള്ള മൂന്നാമത് ദേശീയ കോണ്‍ഫറന്‍സിന്റെ (NCCDFI 2026) ഔദ്യോഗിക സമാന്തര സാങ്കേതിക വിഭാഗമായാണ് ഈ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. NIELIT ഡയറക്ടര്‍ ജനറലും NIELIT ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ. (ഡോ.) എം. എം. ത്രിപാഠി ഹാക്കത്തോണിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വ്വഹിച്ചു. നാഷണല്‍ സെക്യൂരിറ്റി ഡാറ്റാബേസിന് (NSD) കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് ആന്‍ഡ് അനാലിസിസ് സെന്ററുമായി (ISAC ഫൗണ്ടേഷന്‍) സഹകരിച്ചാണ് മത്സരം നടത്തുന്നത്. CERT-In ആണ് ഇതിന്റെ വിജ്ഞാന പങ്കാളി.



സൈബര്‍ കുഷ്തി 2026-ലേക്കുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 15-ന് ആരംഭിച്ചു. 2026 സെപ്റ്റംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്ര ഗവേഷകര്‍ക്കും മൂന്നംഗ ടീമുകളായി ഇതില്‍ സൗജന്യമായി പങ്കെടുക്കാം.
കണ്ടെത്തലില്‍ മാത്രമല്ല, കൃത്യമായ വിലയിരുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹാക്കത്തോണ്‍
സാധാരണയായി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുന്നതിലോ കാപ്ചര്‍ ദ ഫ്‌ലാഗ് (CTF) ചലഞ്ചുകളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത സൈബര്‍ സുരക്ഷാ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൈബര്‍ കുസ്തി 2026 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൃത്യമായി വിലയിരുത്താനും മുന്‍ഗണന നിശ്ചയിക്കാനും അവയെ സാധൂകരിക്കാനുമുള്ള മത്സരാര്‍ത്ഥികളുടെ കഴിവ് പരിശോധിക്കുകയാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യം.
പങ്കെടുക്കുന്ന ഓരോ ടീമിനും ഒരേപോലെയുള്ളതും മനഃപൂര്‍വം അപാകതകള്‍ വരുത്തിയതുമായ ഒരു സുരക്ഷാ വിലയിരുത്തല്‍ പാക്കേജ് നല്‍കും. നിര്‍മിതബുദ്ധി (AI ) സൃഷ്ടിച്ച കണ്ടെത്തലുകള്‍, സ്റ്റാറ്റിക് വിശകലന ഔട്ട്പുട്ടുകള്‍, ഡിപന്‍ഡന്‍സി-സീക്രട്ട്‌സ് സ്‌കാനുകളുടെ ഫലങ്ങള്‍, ആര്‍ക്കിടെക്ചര്‍ ഡോക്യുമെന്റേഷന്‍, സോഴ്‌സ് കോഡ്, ആപ്ലിക്കേഷന്‍ ലോഗുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തെറ്റായതും, ആവര്‍ത്തിച്ചുള്ളതും, യഥാര്‍ത്ഥവുമായ കണ്ടെത്തലുകള്‍ ഈ പാക്കേജില്‍ ഉണ്ടായിരിക്കും. ഒപ്പം യഥാര്‍ത്ഥത്തിലുള്ള ചില സുരക്ഷാ വീഴ്ചകള്‍ മനഃപൂര്‍വം ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യും. പങ്കെടുക്കുന്ന ടീമുകള്‍ തെറ്റുകള്‍ തിരുത്തി മുന്‍ഗണനാക്രമം നിശ്ചയിച്ചുകൊണ്ടുള്ള ഒരു സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും, എടുത്ത തീരുമാനങ്ങള്‍ എന്തുകൊണ്ട് ശരിയാണെന്ന് വാദിച്ചു സമര്‍ത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. യഥാര്‍ത്ഥ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം, തെറ്റായ കണ്ടെത്തലുകളെ കൃത്യമായി തള്ളിക്കളയുന്ന ടീമുകള്‍ക്കും മികച്ച സ്‌കോര്‍ ലഭിക്കും.
ചടങ്ങില്‍ സംസാരിച്ച NIELIT ഡയറക്ടര്‍ ജനറല്‍ പ്രൊഫ. (ഡോ.) എം. എം. ത്രിപാഠി പറഞ്ഞു: 'സൈബര്‍ സുരക്ഷാ രംഗത്തെ ഏറ്റവും സങ്കീര്‍ണ്ണമായ മേഖലയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഒരു തലമുറ മുന്‍പ് വരെ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഇന്ന്, ഒരു ടീമിന് വായിച്ചു തീര്‍ക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മെഷീനുകള്‍ കണ്ടെത്തലുകള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ഏതൊക്കെ കണ്ടെത്തലുകളാണ് യഥാര്‍ത്ഥമെന്നും, അതില്‍ ഏറ്റവും പ്രധാനം ഏതാണെന്നും, ആദ്യം പരിഹരിക്കേണ്ടത് എതാണെന്നും വിശ്വസനീയമായ രീതിയില്‍ ചൂണ്ടിക്കാണിക്കാന്‍ മെഷീനുകള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല. ആ തിരിച്ചറിവും വിലയിരുത്തല്‍ ശേഷിയുമാണ് നമ്മുടെ സ്ഥാപനങ്ങള്‍ ഇനി വളര്‍ത്തിയെടുക്കേണ്ടത്. ഈ മത്സരം അളക്കുന്നതും ആ ഒരു ശേഷി മാത്രമാണ്.'
ഒരേ ടൂളുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച വിവരങ്ങള്‍ തന്നെയാണ് ഒരേസമയം എല്ലാ ടീമുകള്‍ക്കും നല്‍കുന്നത് എന്നതിനാല്‍, വിലകൂടിയ സുരക്ഷാ ടൂളുകള്‍ ഉള്ളവര്‍ക്ക് പ്രത്യേക മുന്‍തൂക്കം ലഭിക്കുന്നത് ഒഴിവാക്കാന്‍ ഈ മത്സരരീതി സഹായിക്കും. കൂടാതെ, മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഏത് നിര്‍മിതബുദ്ധി (AI) ടൂളുകളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

'രാജ്യത്തിന്റെ ഏത് കോണിലുള്ള കോളേജ് വിദ്യാര്‍ത്ഥിക്കും ഒരു കോര്‍പ്പറേറ്റ് ടീമിനൊപ്പം തികച്ചും തുല്യമായ അവസരങ്ങളോടെ മത്സരിക്കാനാകും. മനഃപൂര്‍വം തന്നെയാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത്. അത്യാധുനിക മെഷീനുകള്‍ ശക്തി പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യം എന്നതിന് കൃത്യമായ അര്‍ത്ഥമുണ്ട്. നമുക്ക് ലഭിക്കുന്ന വിവരങ്ങളെ ആത്മവിശ്വാസത്തോടെ സൂക്ഷ്മമായി പരിശോധിക്കാനും, വിയോജിക്കാനും, എന്തുകൊണ്ട് വിയോജിക്കുന്നു എന്ന് വ്യക്തമായി പറയാനുമുള്ള കരുത്ത്. അതുകൊണ്ടാണ് ഞങ്ങള്‍ ഈ ഹാക്കത്തോണ്‍ സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കുന്നത്.' പ്രൊഫ. (ഡോ.) ത്രിപാഠി കൂട്ടിച്ചേര്‍ത്തു.
മൂന്ന് റൗണ്ടുകള്‍: അഖാഡ, ദംഗല്‍, കേസരി
സൈബര്‍ കുസ്തി 2026 മൂന്ന് ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്:
• റൗണ്ട് 1 - അഖാഡ: 2026 സെപ്റ്റംബര്‍ 15-ന് നടക്കുന്ന ഓണ്‍ലൈന്‍ മത്സരം. ഇതില്‍ നിന്ന് 50 ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.
• റൗണ്ട് 2 - ദംഗല്‍: 2026 സെപ്റ്റംബര്‍ 24-ന് നടക്കുന്ന ഓണ്‍ലൈന്‍ മത്സരം. ഇതില്‍ നിന്ന് 10 ഫൈനലിസ്റ്റ് ടീമുകളെ തിരഞ്ഞെടുക്കും.
• ഫൈനല്‍ റൗണ്ട് - കേസരി: 2026 ഒക്ടോബര്‍ 9-ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നേരിട്ട് നടത്തും. പത്ത് ഫൈനലിസ്റ്റ് ടീമുകള്‍ വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച ശേഷം NCCDFI 2026-ന്റെ പ്രധാന വേദിയില്‍ അവരുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും അവയെ ന്യായീകരിച്ച് സമര്‍ത്ഥിക്കുകയും വേണം.
അവസാന റൗണ്ടില്‍, ടീമുകളുടെ അവതരണങ്ങള്‍ക്കൊപ്പം ഇതേ വിലയിരുത്തല്‍ മെറ്റീരിയലിന്റെ സ്വയമേവയുള്ള വിശകലന ഫലങ്ങളും പ്രദര്‍ശിപ്പിക്കും. മെഷീനുകള്‍ സൃഷ്ടിച്ച വിശകലനവും മനുഷ്യന്റെ വിദഗ്ദ്ധ വിലയിരുത്തലുകളും എവിടെയൊക്കെ ഒത്തുപോകുന്നുണ്ടെന്നും എവിടെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടെന്നും നേരിട്ട് മനസ്സിലാക്കാന്‍ ഇത് പ്രതിനിധികളെ സഹായിക്കും.
അംഗീകാരങ്ങളും പുരസ്‌കാരങ്ങളും
NIELIT-ഉം ISAC-ഉം സംയുക്തമായി രൂപീകരിച്ച പ്രമുഖ ജൂറിയാണ് ഫൈനലിസ്റ്റുകളെ വിലയിരുത്തുന്നത്. സര്‍ക്കാര്‍, വ്യവസായ മേഖല, അക്കാദമിക് രംഗം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന സൈബര്‍ സുരക്ഷാ വിദഗ്ധരും നാഷണല്‍ സെക്യൂരിറ്റി ഡാറ്റാബേസ് (NSD) അംഗീകൃത നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സ്‌കോളര്‍മാരും ജൂറിയില്‍ ഉള്‍പ്പെടും.
വിജയിക്കുന്ന ടീമിന് 'സൈബര്‍ കേസരി 2026' എന്ന പദവിയും പരമ്പരാഗത ഗദയും സമ്മാനമായി ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 'റുസ്തം', 'പഹല്‍വാന്‍' എന്നീ പദവികള്‍ നല്‍കും.
ഒന്നാം റൗണ്ടില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വ്യക്തിഗത സ്‌കോര്‍കാര്‍ഡും ലഭിക്കും. ഒന്നാം റൗണ്ട് വിജയിച്ച് മുന്നേറുന്നവര്‍ക്ക് NSD റെക്കഗ്‌നിഷന്‍ ക്രെഡിറ്റുകള്‍ നല്‍കും. കൂടാതെ, പഠനമൂല്യമുള്ളതും യുക്തിസഹമായി സമര്‍ത്ഥിച്ചതുമായ ഏറ്റവും മികച്ച തെറ്റായ സമര്‍പ്പണത്തിന് പ്രത്യേക 'ഇന്‍സ്ട്രക്ടീവ് ഇന്‍കറക്ട് സബ്മിഷന്‍' പുരസ്‌കാരവും നല്‍കും.
നിയന്ത്രിതവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം
സൈബര്‍ കുസ്തി 2026-ന്റെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സംഘാടകര്‍ ഒരുക്കുന്ന നിയന്ത്രിത സംവിധാനങ്ങള്‍ക്ക് ഉള്ളില്‍ മാത്രമായിരിക്കും നടത്തുക. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലും തത്സമയ സംവിധാനങ്ങളിലേക്കോ മൂന്നാം കക്ഷികളിലേക്കോ പൊതു അടിസ്ഥാന സൗകര്യങ്ങളിലേക്കോ മത്സരാര്‍ത്ഥികളെ നയിക്കുകയോ അവയുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്യില്ല.
NCCDFI 2026-നെ കുറിച്ച്
സര്‍ക്കാര്‍ സംവിധാനങ്ങള്‍, ക്രമസമാധാന നിര്‍വ്വഹണ ഏജന്‍സികള്‍, നീതിന്യായ വിഭാഗം, വ്യവസായ മേഖല, അക്കാദമിക് രംഗം, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തുന്ന ബഹുമുഖ പ്ലാറ്റ്ഫോമാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്റലിജന്‍സ് (NCCDFI). NCCDFI-യുടെ മൂന്നാം പതിപ്പ് 2026 ഒക്ടോബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ NIELIT സംഘടിപ്പിക്കും.
NIELIT-യെക്കുറിച്ച്
കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഒരു സ്വയംഭരണ ശാസ്ത്ര സൊസൈറ്റിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT), നൈപുണ്യ വികസനത്തിലും ഡിജിറ്റല്‍ ശാക്തീകരണത്തിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.
56 NIELIT കേന്ദ്രങ്ങള്‍, 700-ലധികം അംഗീകൃത സ്ഥാപനങ്ങള്‍, 8,000-ലധികം ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയിലൂടെ, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (E&ICT) മേഖലയിലെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് NIELIT പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക വിഭാഗത്തില്‍ 'ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി' പദവി നല്‍കിയിട്ടുള്ള NIELIT-യുടെ പ്രധാന കാമ്പസ് പഞ്ചാബിലെ റോപാറിലാണ് സ്ഥിതി ചെയ്യുന്നത്. ഐസ്വാള്‍, അഗര്‍ത്തല, കാലിക്കറ്റ്, ഛത്രപതി സംഭാജിനഗര്‍, ഗോരഖ്പൂര്‍, ഇംഫാല്‍, ഇറ്റാനഗര്‍, അജ്മീര്‍, കൊഹിമ, പട്‌ന, ശ്രീനഗര്‍ എന്നിവിടങ്ങളിലായി 11 ഘടക കാമ്പസുകളും NIELIT-യ്ക്കുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി E&ICT മേഖലയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ISAC ഫൗണ്ടേഷനെയും നാഷണല്‍ സെക്യൂരിറ്റി ഡാറ്റാബേസിനെയും കുറിച്ച്
ഇന്ത്യയില്‍ സെക്ഷന്‍ 8 സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാത്ത ഒരു സൈബര്‍ സുരക്ഷാ സംഘടനയാണ് ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് ആന്‍ഡ് അനാലിസിസ് സെന്റര്‍ (ISAC ഫൗണ്ടേഷന്‍). സൈബര്‍ സുരക്ഷ, നിര്‍മിതബുദ്ധി (AI), പ്രൊഫഷണല്‍ ധാര്‍മ്മികത എന്നീ മേഖലകളിലാണ് ഈ ഫൗണ്ടേഷന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് പ്രൊഫഷണല്‍ അംഗീകാരവും സര്‍ട്ടിഫിക്കേഷനും നല്‍കുന്നതിനുള്ള പദ്ധതിയാണ് നാഷണല്‍ സെക്യൂരിറ്റി ഡാറ്റാബേസ് (NSD).
ഭാരത സര്‍ക്കാരിന് കീഴിലുള്ള CERT-In ആണ് വിജ്ഞാന പങ്കാളി.
***
(रिलीज़ आईडी: 2300221)
आगंतुक पटल : 10