ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന് സെല്ലുലാർ ജയിലിൽ സ്വാതന്ത്ര്യസമര സേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
08 AUG 2026 8:03PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ സന്ദർശിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അതികഠിനമായ പീഡകൾ സഹിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച അദ്ദേഹം, വീർ സവർക്കറുടെ സെല്ലിലെത്തി ശ്രദ്ധാഞ്ജലി അർപ്പിക്കുകയും സ്വതന്ത്ര ജ്യോതി, സെൻട്രൽ ടവർ, തൂക്കുമരം, മ്യൂസിയം ആൻഡ് എക്സിബിഷൻ ഗാലറി എന്നിവ സന്ദർശിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൻ്റെ വീരഗാഥ ആവിഷ്കരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും അദ്ദേഹം വീക്ഷിച്ചു.
അതുല്യനും നിർഭയനുമായ ഒരു വിപ്ലവകാരിയായിരുന്നു വീർ സവർക്കർ എന്ന് സന്ദർശന വേളയിൽ സംസാരിച്ച ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ദേശസ്നേഹം എല്ലാ തലമുറകളിലേയും ഇന്ത്യൻ യുവത്വത്തിന് എന്നും പ്രചോദനമായിരുന്നുവെന്നും ശ്രീ. സി.പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. സെല്ലുലാർ ജയിലിലെ സവർക്കറുടെ വർഷങ്ങൾ നീണ്ട തടവും അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളും അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "സ്വാതന്ത്ര്യസമര സേനാനികളുടെ മനോവീര്യം തകർക്കുക എന്നതായിരുന്നു അവരെ ജയിലിലടച്ചതിൻ്റെ പ്രധാന ഉദ്ദേശ്യം; എന്നാൽ സവർക്കർജിയുടെ മനോവീര്യം തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ മനോവീര്യമാണ് തകർന്നത്." തൊട്ടുകൂടായ്മയ്ക്കും സാമൂഹിക വിവേചനത്തിനുമെതിരായ പോരാട്ടത്തിൽ സവർക്കർ നൽകിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
കൂടുതൽ ശക്തമായ ഒരു രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാനല്ലെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു. മറിച്ച്, "ഈ ലോകത്ത് മറ്റാരുടെയും നിയന്ത്രണങ്ങൾക്ക് വിധേയരാകാതിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു, അതുതന്നെയാണ് യഥാർത്ഥ സ്വാതന്ത്ര്യം" എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ, ശ്രീ വിജയപുരത്തെ ഐ.എൻ.എസ് ഉത്ക്രോഷിൽ എത്തിയ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി (റിട്ട.), മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണറും നൽകി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയത്. സന്ദർശനവേളയിൽ 'ഹർ ഘർ തിരംഗ' യുടെ ഉദ്ഘാടനച്ചടങ്ങ് ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് സന്ദർശിക്കുകയും ചെയ്യും.
****
( റിലീസ് ഐ.ഡി: 2296715)
സന്ദര്‍ശക കൗണ്ടര്‍ : 35