പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
എണ്ണ വിപണന കമ്പനികൾ E20 പെട്രോളിൽ ഈർപ്പത്തിന്റെയും ക്ലോറൈഡിന്റെയും സാന്നിധ്യം പരിശോധിച്ചു: 500 ppm ക്ലോറൈഡും ഈർപ്പത്തിന്റെ സാന്നിധ്യവും ഉണ്ടെന്ന വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു
प्रविष्टि तिथि:
08 AUG 2026 11:20AM by PIB Thiruvananthpuram
എഥനോൾ മിശ്രിത (EBMS) ഇന്ധനത്തിൽ (E20 പെട്രോൾ) ഈർപ്പവും ക്ലോറൈഡും അടങ്ങിയിട്ടുണ്ടെന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, എണ്ണ വിപണന കമ്പനികൾ EBMS വിതരണ ശൃംഖലയിലുടനീളം രാജ്യവ്യാപകമായി വീണ്ടും തീവ്ര പരിശോധന നടത്തി. ഇന്ധനത്തിന്റെ ഗുണനിലവാരം നിർദ്ദിഷ്ട പരിധികൾക്കുള്ളിൽ തന്നെയാണെന്ന് ഈ പരിശോധനകൾ വീണ്ടും സ്ഥിരീകരിച്ചു. ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത പരിശോധനകളുടെ അടിസ്ഥാനത്തിൽ, ഇന്ധന മലിനീകരണം സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് തെളിവുകൾ വ്യക്തമാക്കുന്നു.
ഇന്ധന ഗുണനിലവാരത്തിന് ഏറ്റവും വലിയ മുൻഗണന നൽകുന്നുണ്ടെന്നും, വാഹനങ്ങളുടെ പ്രവർത്തനത്തെയോ ഉപഭോക്തൃ വിശ്വാസത്തെയോ ബാധിച്ചേക്കാവുന്ന ഏതൊരു പ്രശ്നവും ശാസ്ത്രീയ അന്വേഷണത്തിലൂടെയും തിരുത്തൽ നടപടികളിലൂടെയും ഉടനടി പരിഹരിക്കുമെന്നും എണ്ണ വിപണന കമ്പനികൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു.
പെട്രോളിൽ കലർത്താൻ ഉപയോഗിക്കുന്ന എഥനോളിലെ ക്ലോറൈഡിന്റെ അളവിൽ കേന്ദ്ര ഗവണ്മെന്റ് കർശനമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വിതരണ ശൃംഖലയിലുടനീളം ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മികച്ച നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. റിഫൈനറികൾ, ഡിസ്റ്റിലറികൾ, ഡിപ്പോകൾ/ടെർമിനലുകൾ, രാജ്യവ്യാപകമായ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയുൾപ്പെടെ വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ ക്ലോറൈഡിന്റെ അളവ് നിരീക്ഷണം നടത്തിവരുന്നു. ഇത് വഴി വിതരണ ശൃംഖലയിലുടനീളം ഗുണനിലവാരം സ്ഥിരമായി നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
നിലവിലുള്ള ഗുണനിലവാര സ്ഥിരീകരണ പ്രോട്ടോക്കോളുകൾക്ക് പുറമേ, എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ദിവസേന 8 മുതൽ 12 തവണ വരെ ജലത്തിന്റെ സാന്നിധ്യം, സാന്ദ്രത പരിശോധനകൾ എന്നിവ നടത്തി എണ്ണ വിപണന കമ്പനികൾ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഗുണനിലവാരം ഗണ്യമായി ഉറപ്പാക്കുന്നതിനായി മൊബൈൽ എണ്ണ ഗുണനിലവാര പരിശോധന ലാബുകൾ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സ്വതന്ത്ര ഇന്ധന ലാബുകൾ വഴി പരിശോധനാ ഫലങ്ങൾ ശരിയാണെന്ന് വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യുന്നു.
വിതരണ ശൃംഖലയിലുടനീളം ശക്തമാക്കിയ ഈ ബഹുമുഖ പരിശോധനാ പ്രോട്ടോക്കോളുകൾ ഇന്ധനത്തിന്റെ ഉയർന്ന ഗുണനിലവാരം തെളിയിച്ചിട്ടുണ്ട്.
റിഫൈനറിയിൽ നിന്നുള്ള എം.എസ് /മോട്ടോർ സ്പിരിറ്റ് (MS): പെട്രോളിലെ യഥാർത്ഥ ക്ലോറൈഡിന്റെ അളവ് 1 ppm-ൽ താഴെയാണ്.
വിവിധ റിഫൈനറികളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത 100-ലേറെ അധിക പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിൽ, ക്ലോറൈഡിന്റെ അളവ് വളരെ കുറവാണെന്നും എല്ലാ സാമ്പിളുകളിലും ഇത് 1 ppm അല്ലെങ്കിൽ അതിൽ താഴെയാണെന്നും സ്ഥിരീകരിച്ചു. ഇന്ത്യയിലെ കരുത്തുറ്റ റിഫൈനിംഗ്, ഡിസ്പാച്ച് പ്രക്രിയകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗുണനിലവാര പരിശോധനകളുടെ ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നത്.
2. ഡിസ്റ്റിലറിയിൽ നിന്നുള്ള ശുദ്ധമായ എഥനോൾ:
പ്രധാന മിശ്രണ ഘടകമായ- ഡിസ്റ്റിലറികൾ വിതരണം ചെയ്യുന്ന എഥനോളിലും- ക്ലോറൈഡിന്റെ അളവ് നിർദ്ദിഷ്ട മാനദണ്ഡങ്ങളേക്കാൾ വളരെ താഴെയാണെന്ന് സ്ഥിരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഉൽപ്പാദന ഘട്ടത്തിലെ ശക്തമായ ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളെ പ്രതിഫലിപ്പിക്കുന്നു.
എണ്ണ വിപണന കമ്പനികളിലെയും (OMCs) സി.എച്ച്.ടിയിലെയും (CHT) അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക കർമ്മസേന കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്തുടനീളമുള്ള 80 ഡിസ്റ്റിലറികളിൽ നിന്നുള്ള എഥനോൾ സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാ സാമ്പിളുകളിലും ക്ലോറൈഡിന്റെ അളവ് 3 ppm-ൽ കുറവായിരുന്നു.
3. എണ്ണ വിപണന കമ്പനികളുടെ വിപണന ശൃംഖല വഴി വിതരണം ചെയ്യുന്ന എഥനോൾ മിശ്രിത എം.എസ് (E20):
• ഡിപ്പോകൾ / ടാങ്ക് ട്രക്കുകൾ: ഡിപ്പോകളിലും ടെർമിനലുകളിലും പരിശോധിച്ച എഥനോൾ, E20 സാമ്പിളുകൾ എന്നിവ നിർദ്ദിഷ്ട ക്ലോറൈഡ് പരിധികൾ പാലിക്കുന്നത് തുടരുന്നു. സംഭരണ, വിതരണ ശൃംഖലയിലൂടെയുള്ള ഇന്ധനത്തിന്റെ നീക്കത്തിലും ഈ പതിവ് നിരീക്ഷണം ഗുണനിലവാരം ഉറപ്പാക്കുന്നു. വിവിധ എണ്ണ വിപണന കമ്പനികളുടെ ടെർമിനലുകളിൽ നിന്ന് ശേഖരിച്ച 80-ലധികം സാമ്പിളുകളിൽ ക്ലോറൈഡിന്റെ അളവ് 3 ppm-ൽ താഴെയാണെന്ന് കണ്ടെത്തി.
• റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ (RO): തീവ്രമായ നിരീക്ഷണ പരിപാടിക്ക് കീഴിൽ 1000-ലധികം സാമ്പിളുകളിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിശകലനം ചെയ്ത 160 ടെസ്റ്റ് റിപ്പോർട്ടുകളിൽ, ക്ലോറൈഡിന്റെ അളവ് 0-3 ppm പരിധിയിലാണ്. നൂറുകണക്കിന് ppm ഉണ്ടെന്ന അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്. ക്ലോറൈഡിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയ നാല് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിലേക്കുള്ള വിതരണം ഉടനടി നിർത്തിവെക്കുകയും, വ്യക്തമായ കാരണങ്ങൾ വിശകലനം ചെയ്ത് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച ശേഷം വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
1. ജലത്തിന്റെ സാന്നിധ്യം പരിശോധിക്കൽ :
ഏകദേശം 90,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഭൂഗർഭ സംഭരണ ടാങ്കുകളുടെ നിർബന്ധിത പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ ഭൂഗർഭ ടാങ്കുകൾ ദിവസവും 8 മുതൽ 12 തവണ വരെ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
മുകളിൽ നൽകിയിട്ടുള്ള പരിശോധനകളുടെ പട്ടികപ്പെടുത്തിയ സംഗ്രഹം CHT-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cht.gov.in-ൽ ലഭ്യമാണ്. കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇത് പുതുക്കുന്നതായിരിക്കും .
ഇന്ധന ഗുണനിലവാരത്തിനാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് എണ്ണ വിപണന കമ്പനികൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു. വിതരണ ശൃംഖലയിലുടനീളം തുടർച്ചയായി ഗുണനിലവാര നിരീക്ഷണം നടത്തുന്നുണ്ട്. എവിടെയെങ്കിലും ചെറിയ വ്യതിയാനം കണ്ടെത്തിയാൽ ഉടനടി കൃത്യമായ തിരുത്തൽ നടപടികൾ ആരംഭിക്കുന്നതാണ്.
മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് പൂർണ്ണ വിശ്വാസത്തോടെ E20 പെട്രോൾ ഉപയോഗിക്കുന്നത് തുടരാം. എണ്ണ വിപണന കമ്പനികളുടെ ശൃംഖല വഴി വിതരണം ചെയ്യുന്ന ഇന്ധനം നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. വിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തിലും ഉപഭോക്തൃ താലപര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ശക്തമായ ഗുണനിലവാര - നിരീക്ഷണ സംവിധാനങ്ങൾ ഇതിന് പിന്നിലുണ്ട്.
***
(रिलीज़ आईडी: 2296552)
आगंतुक पटल : 8