സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
2026 ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ പാർലമെന്റ് പാസാക്കി
എം.എസ്.എം.ഇ മേഖലയ്ക്ക് ഉണർവേകാൻ ഭേദഗതികൾ: നിക്ഷേപ പരിധിയും വായ്പാ സൗകര്യങ്ങളും വർദ്ധിപ്പിച്ചു
प्रविष्टि तिथि:
07 AUG 2026 8:30PM by PIB Thiruvananthpuram
രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) വളർച്ചയ്ക്കും പുരോഗതിക്കുമായി തയ്യാറാക്കിയ 'സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026' ലോക്‌സഭ പാസാക്കി. ഓഗസ്റ്റ് 3-ന് രാജ്യസഭ പാസാക്കിയ ബില്ലിന് ഓഗസ്റ്റ് 7-നാണ് ലോക്‌സഭയുടെ അംഗീകാരം ലഭിച്ചത്. 2006-ൽ പ്രാബല്യത്തിൽ വന്ന എം.എസ്.എം.ഇ.ഡി നിയമം 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ നിർണ്ണായക നിയമനിർമ്മാണം നടന്നിരിക്കുന്നത്. സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റങ്ങളും ഐ.ടി അധിഷ്ഠിത സംവിധാനങ്ങളുടെ വളർച്ചയും മാറിക്കൊണ്ടിരിക്കുന്ന നിയമ സാഹചര്യങ്ങളും കണക്കിലെടുത്താണ് നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിയത്. ഉദ്യമിൽ രജിസ്റ്റർ ചെയ്ത എംഎസ്എംഇകളുടെ എണ്ണം 01.04.2023 ലെ കണക്കനുസരിച്ച് 1.65 കോടിയിൽ നിന്ന് ഇപ്പോൾ 9.16 കോടിയായി വർദ്ധിച്ചു. എംഎസ്എംഇ മേഖല 40 കോടിയിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു.ഇതിനെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്നു.
എംഎസ്എംഇ മേഖലയുടെ വികസനം നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുക, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്തുക, കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിലൂടെ സാധ്യമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുക, എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനപരമായ സംവിധാനങ്ങൾ നൽകുക, സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ നേരിടുന്ന പണമടയ്ക്കൽ കാലതാമസം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് എംഎസ്എംഇഡി നിയമത്തിലെ ഭേദഗതികൾ.
എംഎസ്എംഇ (ഭേദഗതി) ബിൽ 2026: പ്രധാന മാറ്റങ്ങൾ
1. മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള തരംതിരിവും ഡിജിറ്റൽ സംവിധാനവും
*: യന്ത്രസാമഗ്രികളിലെ നിക്ഷേപവും വാർഷിക വിറ്റുവരവും ഒരുമിച്ച് പരിഗണിക്കുന്ന രണ്ട് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി എംഎസ്എംഇകളെ തരംതിരിക്കുന്നത് ഇനി നിയമത്തിന്റെ ഭാഗമായിരിക്കും.
* 'ഉദ്യം രജിസ്ട്രേഷൻ പോർട്ടലിന്' ഡിജിറ്റലും, സൗജന്യവും, വ്യക്തിഗത താൽപ്പര്യപ്രകാരവുമുള്ള രജിസ്ട്രേഷൻ പ്ലാറ്റ്‌ഫോം എന്ന നിലയിൽ സ്ഥിരമായ നിയമസാധുത നൽകി. രജിസ്ട്രേഷൻ പൂർണ്ണമായും സ്വമേധയാ ചെയ്യാം.
2. കുടിശ്ശിക തർക്കപരിഹാരവും തുക ഈടാക്കലും
* പരാതികൾ കുറഞ്ഞ ചെലവിലും വേഗത്തിലും പരിഹരിക്കാൻ ഓൺലൈൻ ഡിസ്പ്യൂട്ട് റെസല്യൂഷൻ സംവിധാനം ഏർപ്പെടുത്തി.
* തർക്കവുമായി ബന്ധപ്പെട്ട കേസ് അല്ലെങ്കിൽ അപ്പീൽ 6 മാസത്തിൽ കൂടുതൽ നീളുകയാണെങ്കിൽ, വിധിന്യായത്തിലെ തുകയുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും സംരംഭകന് നൽകാൻ കോടതികൾ ഉത്തരവിടണം.
3. സമയബന്ധിതമായ തർക്കപരിഹാര മാനദണ്ഡങ്ങൾ
*ആദ്യമായി ഹാജരാകുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ മധ്യസ്ഥത പൂർത്തിയാക്കണം.
* മധ്യസ്ഥത പരാജയപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ വിഷയം ആർബിട്രേഷനിലേക്ക് അയക്കണം.
*വാദപ്രതിവാദങ്ങൾ പൂർത്തിയായി 90 ദിവസത്തിനുള്ളിൽ കൗൺസിലോ അദ്ധ്യക്ഷ സ്ഥാനത്തുള്ള കേന്ദ്രമോ അന്തിമ വിധി പ്രസ്താവിക്കണം.
4. കുടിശ്ശിക തുക ഈടാക്കുന്നത് ശക്തമാക്കാൻ
ഫെസിലിറ്റേഷൻ കൗൺസിലോ , മധ്യസ്ഥത വഴിയോ, മറ്റ് തർക്കപരിഹാര സ്ഥാപനങ്ങൾ വഴിയോ പുറപ്പെടുവിക്കുന്ന അന്തിമ ഉത്തരവുകൾ ഇനി 'ഭൂനികുതി കുടിശ്ശിക' പോലെ ശക്തമായി ഈടാക്കാം.
വാങ്ങുന്നവന്റെ വസ്തുവകകൾ സ്ഥിതി ചെയ്യുന്ന മേഖലയിലെ ഡിസ്ട്രിക്റ്റ് കളക്ടർ, ഡെപ്യൂട്ടി കമ്മീഷണർ അല്ലെങ്കിൽ തത്തുല്യമായ ബന്ധപ്പെട്ട അധികാരികൾ വഴി തുക നേരിട്ട് കണ്ടുകെട്ടി ഈടാക്കാൻ ഈ ഭേദഗതി അധികാരം നൽകുന്നു.
5. വേഗത്തിലുള്ള പണമിടപാടിന് 'ട്രെഡ്സ്' നിർബന്ധമാക്കി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എംഎസ്എംഇകളിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിൻ്റെ ഇൻവോയ്സ് പേയ്‌മെന്റുകൾ 'ട്രെഡ്സ്' ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി തന്നെ നടത്തുന്നത് നിർബന്ധമാക്കി.
സംസ്ഥാനങ്ങൾക്കും അവരുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ട്രെഡ്സ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാൻ ആവശ്യമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെഡ്സ് വഴിയുള്ള ഇൻവോയ്സ് ഡിസ്‌കൗണ്ടിംഗ് തുക 2022-23 ലെ 40,000 കോടി രൂപയിൽ നിന്ന് 2025-26 ആയപ്പോഴേക്കും 3.47 ലക്ഷം കോടിരൂപയായി കുത്തനെ ഉയർന്നു.
6. ഫെസിലിറ്റേഷൻ കൗൺസിലുകളുടെ പുനഃസംഘടന
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി കൂടുതൽ ഫെസിലിറ്റേഷൻ കൗൺസിലുകൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും നിയമനിർമ്മാണ അധികാരവും നൽകി.
കൗൺസിലിന്റെ ഘടന ലളിതമാക്കിയതിലൂടെ തർക്കങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പ്രാദേശിക തലത്തിൽ വേഗത്തിൽ തീർപ്പാക്കാനും സാധിക്കും.
7.ബിസിനസ് ചെയ്യൽ എളുപ്പമാക്കുന്നതിനും എംഎസ്എംഇ ആവാസവ്യവസ്ഥയിൽ വിശ്വാസാധിഷ്ഠിത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുമുള്ള ഭേദഗതികൾ:
*കഠിനമായ ശിക്ഷാ നടപടികൾക്ക് പകരം പടിപടിയായുള്ള സിവിൽ പിഴവുകൾ ചുമത്തുന്ന രീതിയിലേക്ക് നിയമം ഭേദഗതി ചെയ്തു.
*രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ, മുമ്പ് ശിക്ഷയും പിഴയും ഉണ്ടായിരുന്നു.പുതിയ നിയമപ്രകാരം, ആദ്യ തവണ നിയമലംഘനം നടത്തിയാൽ താക്കീത്
മാത്രമായിരിക്കും നൽകുക. രണ്ടാമതും അതിനുശേഷവും ആവർത്തിച്ചാൽ മാത്രമേ പിഴ ചുമത്തുകയുള്ളൂ.
*എം.എസ്.എം.ഇകൾക്ക് നൽകാനുള്ള കുടിശ്ശികയും അതിൻ്റെ പലിശയും വാർഷിക സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളിൽ വെളിപ്പെടുത്താതിരുന്നാൽ നൽകിയിരുന്ന ശിക്ഷ ഒഴിവാക്കി.പകരം, ആദ്യ തവണ താക്കീതും രണ്ടാമത്തെ തവണ പിഴവും, മൂന്നാമതും അതിനുശേഷവും ആവർത്തിച്ചാൽ സാമ്പത്തിക പിഴയും ചുമത്തുന്ന രീതിയിലേക്ക് ലളിതമാക്കി.
ഈ മാറ്റങ്ങൾ വ്യവസായികൾക്കിടയിലെ അനാവശ്യമായ നിയമഭയം ഇല്ലാതാക്കാനും, ബിസിനസ് നടത്തുന്നത് കൂടുതൽ എളുപ്പമാക്കാനും സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും.
എം.എസ്.എം.ഇ.ഡി നിയമ ഭേദഗതി സംരംഭങ്ങളുടെ ഔപചാരികവൽക്കരണം വർദ്ധിപ്പിക്കുകയും എം.എസ്.എം.ഇ കളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും വളർച്ചയുടെ ചാമ്പ്യന്മാരാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഇതിലൂടെ വ്യാപാരാന്തരീക്ഷവും നിയമപാലനവും കൂടുതൽ സുതാര്യവും എളുപ്പമുള്ളതും ആയി മാറും .ഈ ഭേദഗതികൾ 2047-ഓടെ വികസിത ഭാരതം എന്ന കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം കൈവരിക്കുന്നതിൽ എം.എസ്.എം.ഇ മേഖലയെ നിർണ്ണായക പങ്കാളിയാക്കി മാറ്റും.
****
(रिलीज़ आईडी: 2296408)
आगंतुक पटल : 10