വിദ്യാഭ്യാസ മന്ത്രാലയം
13-ാമത് ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ, ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ സമീപനത്തിലൂടെ ബ്രിക്‌സ് സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു
प्रविष्टि तिथि:
07 AUG 2026 5:03PM by PIB Thiruvananthpuram
ബ്രിക്‌സ് സഹകരണത്തോടുള്ള ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ സമീപനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ന് ആവർത്തിച്ചു. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 13-ാമത് ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 13-ാമത് ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് യോഗം സമാപിച്ചു.


എല്ലാ ബ്രിക്‌സ് പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച കേന്ദ്ര മന്ത്രി, ഈ യോഗത്തിലൂടെ രൂപപ്പെട്ട ഊർജ്ജം അർത്ഥവത്തായ പ്രവർത്തനങ്ങളായി പരിവർത്തനം ചെയ്യപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക" എന്ന ഇന്ത്യയുടെ 2026-ലെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ പ്രമേയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ, ഉയർന്നുവരുന്ന പുതിയ അവസരങ്ങൾക്കായി യുവജനങ്ങളെ പ്രാപ്തരാക്കുന്നതായിരിക്കണം വിദ്യാഭ്യാസ സമ്പ്രദായങ്ങളെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, യുവജനങ്ങൾ എന്നിവർ നയരൂപീകരണത്തിലും അന്താരാഷ്ട്ര സഹകരണത്തിലും കേന്ദ്രബിന്ദുവായി തുടർന്നും നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും പങ്കിട്ട സമൃദ്ധിയുടെയും അടിത്തറയാണ് വിദ്യാഭ്യാസമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ ജോഷി, അഞ്ച് മുൻഗണനാ മേഖലകളിലുടനീളം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് അംഗീകരിച്ച പ്രഖ്യാപനമെന്നും അഭിപ്രായപ്പെട്ടു. പരമ്പരാഗതവും തദ്ദേശീയവുമായ വിജ്ഞാന സംവിധാനങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. നവീകരണവും പൈതൃകവും പരസ്പരപൂരകങ്ങളാണെന്ന് ശ്രീ ജോഷി പറഞ്ഞു. പരമ്പരാഗത അറിവുകൾ സംരക്ഷിക്കുന്നതിനും, അവയെക്കുറിച്ച് ആഴത്തിൽ ശാസ്ത്രീയമായി പഠിക്കുന്നതിനും, അതിൻ്റെ മൂല്യം വരുംതലമുറയ്ക്ക് പകർന്നുനൽകുന്നതിനും ബ്രിക്‌സ് രാജ്യങ്ങളുടെ സമ്പന്നമായ നാഗരിക പാരമ്പര്യങ്ങൾ സവിശേഷമായ അവസരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാചീന കാലം മുതൽ വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലുള്ള ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ നിലനിൽക്കുന്ന നാഗരിക മൂല്യങ്ങളായ "അതിഥി ദേവോ ഭവ", "വസുധൈവ കുടുംബകം" തുടങ്ങിയ ആശയങ്ങളെക്കുറിച്ചും
അദ്ദേഹം പരാമർശിച്ചു. രാജ്യങ്ങൾ അവരുടെ പാരമ്പര്യങ്ങളിലും അനുഭവങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, അവയുടെ പുരോഗതി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബ്രിക്‌സ് വിദ്യാഭ്യാസ ട്രാക്കിന് കീഴിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യോഗത്തിൽ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാൻ, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുൾപ്പെടെയുള്ള ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
13-ാമത് ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രഖ്യാപനം അംഗീകരിച്ചതിലൂടെ, വിദ്യാഭ്യാസത്തെ ബ്രിക്‌സ് സഹകരണത്തിൻ്റെ ഒരു പ്രധാന സ്തംഭമായി വീണ്ടും ഉറപ്പിക്കുകയും, ഇന്ത്യയുടെ അധ്യക്ഷപദവിക്ക് കീഴിൽ തിരിച്ചറിഞ്ഞ അഞ്ച് മുൻഗണനാ മേഖലകളിലുടനീളം ഒരു പങ്കിട്ട പ്രവർത്തനരേഖയ്ക്ക് രൂപം നൽകുകയും ചെയ്തു. ഇതിൻ്റെ പ്രധാന ഫലങ്ങൾ താഴെ പറയുന്നവയാണ്:
1. പ്രാരംഭ ബാല്യ പരിചരണവും വിദ്യാഭ്യാസവും (ECCE) അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും (FLN) ശക്തിപ്പെടുത്തൽ: ഗുണനിലവാരമുള്ള ECCE-യിലേക്ക് സാർവത്രികവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ പ്രവേശനം ഉറപ്പാക്കുക, സ്കൂൾ പഠനത്തിനായുള്ള സജ്ജത വർദ്ധിപ്പിക്കുക, പ്രാരംഭ പഠനത്തിനായി പ്രായത്തിനനുയോജ്യമായ ഡിജിറ്റൽ പരിഹാരങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ധാരണയായി.
2. നൈപുണ്യ വികസനത്തിലും സാങ്കേതിക-വൊക്കേഷണൽ വിദ്യാഭ്യാസ-പരിശീലനത്തിലും (TVET) സഹകരണം ശക്തിപ്പെടുത്തൽ: വരാനിരിക്കുന്ന ദ്വിവത്സര പുരോഗതി റിപ്പോർട്ട്, സുസ്ഥിര നൈപുണ്യ സംരംഭങ്ങളുടെ സമാഹാരം എന്നിവ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബ്രിക്‌സ് TVET സഹകരണ സഖ്യത്തിൻ്റെ (BRICS-TCA) പങ്ക് അംഗീകരിക്കപ്പെട്ടു. കൂടാതെ, താൽപ്പര്യമുള്ള ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സ്വമേധയാ ഉള്ള പങ്കാളിത്തത്തോടെ ഒരു അന്താരാഷ്ട്ര നൈപുണ്യ വിടവ് പഠനം നടത്തുന്നതിനുള്ള ഇന്ത്യയുടെ സംരംഭവും പ്രഖ്യാപനം അംഗീകരിച്ചു.
3. ഗവേഷണം, നവീകരണം, സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥ എന്നിവ മെച്ചപ്പെടുത്തൽ: സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിൽ നിർമ്മിതബുദ്ധിയുടെ സുരക്ഷിതവും ധാർമ്മികവും മനുഷ്യകേന്ദ്രീകൃതവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക, നൂതനാശയങ്ങളിൽ അധിഷ്ഠിതമായ സംരംഭകത്വം ശക്തിപ്പെടുത്തുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷകർ, സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥകൾ എന്നിവയ്ക്കിടയിൽ സഹകരണം വർദ്ധിപ്പിക്കുക എന്നിവയ്ക്ക് ധാരണയായി.
4. യോഗ്യതകളുടെ പരസ്പര അംഗീകാരം (MRQ) മുന്നോട്ട് കൊണ്ടുപോകൽ: അക്കാദമിക് തലത്തിലുള്ള കൈമാറ്റങ്ങളും സഹകരണവും കൂടുതൽ എളുപ്പമാക്കുന്നതിനായി, യോഗ്യതകളുടെ പരസ്പര അംഗീകാരം സംബന്ധിച്ച ധാരണാപത്രത്തിലെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചുചേർക്കാൻ തീരുമാനിച്ചു.
5. അക്കാദമിക് നേതൃത്വത്തിനും സ്ഥാപന വികസനത്തിനുമുള്ള ശേഷി ശക്തിപ്പെടുത്തൽ: ബ്രിക്‌സ് റെക്ടേഴ്സ് ഫോറം തുടർച്ചയായി സംഘടിപ്പിക്കൽ, അധ്യാപകരുടെയും ഭരണനേതൃത്വത്തിൻ്റെയും കൈമാറ്റങ്ങൾ, സ്റ്റെം (STEM) മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്കോളർഷിപ്പ് പ്രോഗ്രാമുകൾ, ബ്രിക്‌സ് സർവകലാശാല ആഗോള റാങ്കിംഗും മൂല്യനിർണ്ണയ സംവിധാനവും രൂപീകരിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കപ്പെട്ടു.
പരമ്പരാഗതവും തദ്ദേശീയവുമായ വിജ്ഞാന സംവിധാനങ്ങളിലെ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബ്രിക്‌സ് മാർഗ്ഗനിർദ്ദേശ തത്വങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ സംരംഭത്തെ യോഗം സ്വാഗതം ചെയ്തു. കൂടാതെ, പരമ്പരാഗതവും തദ്ദേശീയവുമായ വിജ്ഞാന സംവിധാനങ്ങളെ ഒരു അധിക അന്താരാഷ്ട്ര തീമാറ്റിക് ഗ്രൂപ്പായി ഉൾപ്പെടുത്തുന്ന കാര്യം ബ്രിക്‌സ് നെറ്റ്‌വർക്ക് സർവകലാശാല പരിഗണിക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ഇന്ത്യയുടെ 2026-ലെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴിൽ, 3-ാമത് ബ്രിക്‌സ് സീനിയർ ഒഫീഷ്യൽസ് മീറ്റിംഗിനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2026 ഓഗസ്റ്റ് 5-ന് ഭുവനേശ്വറിൽ ആതിഥേയത്വം വഹിച്ചു. കൂടുതൽ സഹകരണത്തിലൂടെയും, നവീകരണത്തിലൂടെയും, അറിവുകളുടെ കൈമാറ്റത്തിലൂടെയും എല്ലാവരേയും ഉൾക്കൊള്ളുന്നതും, പ്രതിരോധശേഷിയുള്ളതും, ഭാവിക്ക് സജ്ജവുമായ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത ഈ ചർച്ചകളിലൂടെ വീണ്ടും ഉറപ്പിച്ചു.
അധ്യക്ഷപദവിയുടെ കാലയളവിൽ വിവിധ മേഖലകളിലെ ബ്രിക്‌സ് മന്ത്രിതല യോഗങ്ങൾക്ക് ഇന്ത്യ തുടർന്നും ആതിഥേയത്വം വഹിക്കും. 2026 സെപ്റ്റംബർ 12–13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയോടെ ഈ യോഗങ്ങൾക്ക് സമാപനമാകും.
***
(रिलीज़ आईडी: 2296338)
आगंतुक पटल : 6