വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വ്യാജപ്പകർപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തി സിനിമാറ്റോഗ്രാഫ് ഭേദഗതി നിയമവും ഐ.ടി ചട്ടക്കൂടും; 4,996 ടെലഗ്രാം ചാനലുകളും 1,263 വെബ്‌സൈറ്റുകളും ഉൾപ്പെടെ 7,393 യു.ആർ.എല്ലുകൾ പ്രവര്‍ത്തനരഹിതമാക്കി

प्रविष्टि तिथि: 05 AUG 2026 4:38PM by PIB Thiruvananthpuram
ടെലഗ്രാം പോലുള്ള ഇടനില പ്ലാറ്റ്‌ഫോമുകൾ വഴി സിനിമകളുടെ നിയമവിരുദ്ധ വിതരണം ഉൾപ്പെടെ ഓൺലൈൻ വ്യാജപ്പകർപ്പുകൾ തടയാന്‍ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് ഗവണ്മെൻ്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സിനിമകളുടെ അനധികൃത ചിത്രീകരണവും പ്രദർശനവും തടയുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തി 2023-ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമത്തിലൂടെ 1952-ലെ സിനിമാറ്റോഗ്രാഫ് നിയമത്തില്‍ മാറ്റം വരുത്തി. പുതുതായി ഉൾപ്പെടുത്തിയ സെക്ഷൻ 7(1B)(ii) വ്യാജപ്പകർപ്പുകളടങ്ങിയ ഉള്ളടക്കം പങ്കിടുന്ന ഇടനിലക്കാർക്കെതിരെ 2000-ത്തിലെ വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 79(3) പ്രകാരം നടപടിയെടുക്കാൻ ഗവണ്മെൻ്റിന് അധികാരം നൽകുന്നു.

നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാനോ അവയിലേക്ക് പ്രവേശനം തടയാനോ ഗവണ്മെൻ്റിന് ഇടനിലക്കാർക്ക് അറിയിപ്പ് നൽകാമെന്ന് 2000-ത്തിലെ ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) വ്യവസ്ഥ ചെയ്യുന്നു. 2021-ലെ വിവരസാങ്കേതിക ചട്ടങ്ങൾ പ്രകാരം കോടതി ഉത്തരവിലൂടെയും ഗവണ്മെൻ്റിൻ്റെയോ ഗവണ്മെൻ്റ്  അംഗീകൃത ഏജൻസിയുടെയോ നോട്ടീസിലൂടെയും ഏതെങ്കിലും നിയമത്തിന് വിരുദ്ധമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെടുത്തിയാൽ അത് ഉടൻ നീക്കം ചെയ്യാൻ ഇടനിലക്കാർ ബാധ്യസ്ഥരാണ്.

സിനിമകളുടെ വ്യാജപ്പകർപ്പുകൾ സംബന്ധിച്ച് പരാതികൾ ലഭിക്കുമ്പോൾ പകർപ്പവകാശ ലംഘനം നടത്തുന്ന ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാനോ തടയാനോ നിർദേശിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടനിലക്കാർക്ക് അറിയിപ്പുകൾ നല്‍കുന്നു. 2021-ലെ വിവരസാങ്കേതിക ചട്ടങ്ങൾക്കും 1952-ലെ സിനിമാറ്റോഗ്രാഫ് നിയമത്തിനും കീഴിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച നോട്ടീസുകൾ ഇടനിലക്കാർക്ക് നൽകാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറിക്ക് (ഫിലിംസ്) ഗവണ്മെൻ്റ്  അധികാരം നൽകിയിട്ടുണ്ട്. ഇൻ്റർനെറ്റിൽ ലഭ്യമായ വ്യാജ സിനിമകളെക്കുറിച്ച് പകർപ്പവകാശ ഉടമകളിൽ നിന്ന് പരാതികൾ സ്വീകരിക്കാനും ഇത്തരം ഉള്ളടക്കങ്ങളിലേക്ക് പ്രവേശനം തടയുന്നതിന് ഇടനിലക്കാർക്ക് അറിയിപ്പുകൾ നൽകാനും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ സ്ഥാപനപരമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വ്യാജപ്പകർപ്പ് വിരുദ്ധ നടപടി

മേല്‍പ്പറഞ്ഞ നിയമ വ്യവസ്ഥകൾ പ്രകാരം സിനിമകളുടെ വ്യാജപ്പകർപ്പുമായി ബന്ധപ്പെട്ട് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും ഉൾപ്പെടെ 7,393 യു.ആർ.എല്ലുകൾ പ്രവര്‍ത്തനരഹിതമാക്കാന്‍ ഇടനിലക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.


ശ്രീ ബാലശൗരി വല്ലഭനേനി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗൻ ഈ വിവരങ്ങൾ അറിയിച്ചത്.  
 
*****

(रिलीज़ आईडी: 2295098) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Khasi , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Telugu , Kannada