കൃഷി മന്ത്രാലയം
ആഫ്രിക്കന്‍ പന്നിപ്പനി (ASF)യ്‌ക്കെതിരായി ICAR തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയുടെ ജൈവസുരക്ഷയ്ക്ക് കരുത്തേകുന്നു
प्रविष्टि तिथि:
04 AUG 2026 4:14PM by PIB Thiruvananthpuram
ലോകമെമ്പാടുമുള്ള വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന ഏറ്റവും മാരകമായ ജന്തുരോഗങ്ങളിലൊന്നാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ വൈറസ് (ASFV) മൂലമുണ്ടാകുന്ന ആഫ്രിക്കന്‍ പന്നിപ്പനി (ASF). കടുത്ത പനി, രക്തസ്രാവം, 100 ശതമാനം വരെയെത്താവുന്ന മരണനിരക്ക് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ രോഗം ആഗോള പന്നി വളര്‍ത്തല്‍ മേഖലയ്ക്ക് കടുത്ത സാമൂഹിക-സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. 2020-ല്‍ ഇന്ത്യയില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചതുമുതല്‍, ആഫ്രിക്കന്‍ പന്നിപ്പനി വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും പടരുകയും പന്നികളുടെ വന്‍തോതിലുള്ള മരണം, മൃഗങ്ങളുടെ കച്ചവടത്തിനുള്ള നിയന്ത്രണങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്തു. ഇത് പ്രധാനമായും വടക്കുകിഴക്കന്‍ മേഖലയിലെ ചെറുകിട പന്നി കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ സാരമായി ബാധിച്ചു. ഇന്ത്യയില്‍ ഫലപ്രദമായ ചികിത്സയോ അംഗീകൃത വാക്‌സിനോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, രോഗനിര്‍ണ്ണയം വേഗത്തിലാക്കല്‍, രോഗം ബാധിച്ച മൃഗങ്ങളെ ദയാവധം ചെയ്യല്‍, കര്‍ശനമായ ജൈവസുരക്ഷാ നടപടികള്‍ എന്നിവയെയാണ് പ്രതിരോധത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത്.

ഇന്ത്യയില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതം വളരെ വലുതാണ്. 2020-ലും 2021-ലും അസമില്‍ ഉണ്ടായ ആദ്യകാല രോഗബാധയില്‍ പന്നികളുടെ മരണവും കൊന്നൊടുക്കലും മൂലം ഏകദേശം 276 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മിസോറാമില്‍ 2025 വരെയുള്ള കണക്കനുസരിച്ച് 11,382-ലധികം കുടുംബങ്ങളെ രോഗം സാമ്പത്തികമായി ബാധിക്കുകയും ഏകദേശം 982 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. രോഗത്തിനെതിരായ ചികിത്സ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനും രാജ്യത്തെ പന്നി വളര്‍ത്തല്‍ മേഖലയെ ശാക്തീകരിക്കുന്നതിനും ഒരു തദ്ദേശീയ പ്രതിവിധി അടിയന്തിരമായി ആവശ്യമാണെന്ന് ഈ രോഗബാധ വ്യാപനം എടുത്തുകാണിച്ചു.
ഈ നിര്‍ണായക വെല്ലുവിളി പരിഹരിക്കുന്നതിനായി, ഭോപ്പാലിലെ ICAR-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലെ (ICAR-NIHSAD) ശാസ്ത്രജ്ഞര്‍, പന്നികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ MA-104 സെല്‍ ലൈന്‍ അധിഷ്ഠിത ലൈവ് അറ്റ്വെന്യുവേറ്റഡ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ (ASF) വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. MA-104 കോശ നിരയില്‍ സവിശേഷമായ ജീന്‍ ഡിലീഷനുകളുള്ള നവീന അറ്റ്വെന്യുവേറ്റഡ് ASFV ജീനോടൈപ്പ് II വൈറസ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍, വെറ്ററിനറി ഗവേഷണ രംഗത്തെ ഒരു വലിയ മുന്നേറ്റമാണ്. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് ഇത് ഏറെ അനുയോജ്യമാണ്.
രോഗാണുവിമുക്തം, ശുദ്ധി, സുരക്ഷ, ജീന്‍ സ്ഥിരത, രോഗപ്രതിരോധ ശേഷി, സംരക്ഷണ കാര്യക്ഷമത, വിറുലന്‍സ് റിവേര്‍ഷന്‍ പഠനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ ലബോറട്ടറി പരിശോധനകള്‍ വാക്‌സിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള അനിമല്‍ ഹസ്ബന്‍ഡറി & ഡയറിയിംഗ് വകുപ്പുമായി (DAHD) സഹകരിച്ച് വാക്‌സിന്‍ ഫീല്‍ഡ് തലത്തിലും വിജയകരമായി പരീക്ഷിച്ചു. എട്ട് ആഴ്ചയിലധികം പ്രായമുള്ള ആരോഗ്യമുള്ള പന്നികള്‍ക്ക് 1 മില്ലിവാക്‌സിന്‍ പേശിയ്ക്കുള്ളില്‍ കുത്തിവെയ്പ്പായി നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നു. പ്രാഥമിക വാക്‌സിനേഷന് 14 ദിവസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കണം.
ഈ തദ്ദേശീയ വാക്‌സിന്‍ പന്നികളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും സാമ്പത്തിക നഷ്ടം ലഘൂകരിക്കുമെന്നും രാജ്യത്തുടനീളമുള്ള പന്നി കര്‍ഷകരുടെ ഉപജീവനം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ജന്തുക്കളെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നിനെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗം നല്‍കുന്നതിലൂടെ, ഇത് ഇന്ത്യയുടെ മൃഗ- ആരോഗ്യ സുരക്ഷ ശക്തമാക്കുകയും പന്നി വളര്‍ത്തല്‍ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യും.
വെറ്ററിനറി സയന്‍സിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ് ഈ വഴിത്തിരിവെന്ന് ഡെയര്‍ (DARE) സെക്രട്ടറിയും ICAR ഡയറക്ടര്‍ ജനറലുമായ ഡോ. എം.എല്‍. ജാട്ട് പറഞ്ഞു. ലോകോത്തര മൃഗ ആരോഗ്യ പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ വളരുന്ന ശാസ്ത്രീയ ശേഷിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും ചികിത്സ വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഭക്ഷ്യ-ജൈവ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള പുതിയ തലമുറ തദ്ദേശീയ വാക്‌സിനുകള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ക്കും ഇത് വഴിയൊരുക്കുന്നു.
നിലവില്‍, വിയറ്റ്‌നാമില്‍ മാത്രമാണ് വാണിജ്യപരമായി ലൈസന്‍സുള്ള രണ്ട് ആഫ്രിക്കന്‍ പന്നിപ്പനി വാക്‌സിനുകള്‍ ലഭ്യമായിട്ടുള്ളത്. പേറ്റന്റ് ഉള്ള പ്രത്യേക സെല്‍ ലൈനുകള്‍ ഉപയോഗിച്ചാണ് ഈ വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍, ICAR-NIHSAD വികസിപ്പിച്ച തദ്ദേശീയ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമായ MA-104 സെല്‍ ലൈനാണ് ഉപയോഗിക്കുന്നത് എന്നത് ഒരു വലിയ സാങ്കേതിക വഴിത്തിരിവാണ്. ഇത് സങ്കീര്‍ണ്ണമായ നിര്‍മ്മാണ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും കുറഞ്ഞ ചെലവില്‍ വന്‍തോതില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
****
(रिलीज़ आईडी: 2294505)
आगंतुक पटल : 18