പരിസ്ഥിതി, വനം മന്ത്രാലയം
അന്താരാഷ്ട്ര മേഘപ്പുലി (Clouded Leopard )ദിനത്തിൽ പ്രത്യേക കർമപദ്ധതിയിലൂടെ അവയുടെ സംരക്ഷണം ശക്തമാക്കി ഇന്ത്യ
प्रविष्टि तिथि:
04 AUG 2026 12:41PM by PIB Thiruvananthpuram
അന്താരാഷ്ട്ര മേഘപ്പുലി ദിനത്തിൽ (International Clouded Leopard Day), ഏഷ്യയിലെ ഏറ്റവും നിഗൂഢമായ കാട്ടുപൂച്ച വർഗ്ഗങ്ങളിൽ ഒന്നായ മേഘപ്പുലികളുടെ സംരക്ഷണത്തിനായുള്ള പുതിയ കർമപദ്ധതി (CAP) പുറത്തിറക്കിക്കൊണ്ട് ഇന്ത്യ വന്യജീവി സംരക്ഷണത്തിലെ പ്രതിജ്ഞാബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചു. കേന്ദ്ര ഗവണ്മെന്റ് , ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി (GEF), യു.എൻ.ഡി.പി (UNDP) എന്നിവയുടെ സംയുക്ത സംരംഭത്തിന് കീഴിൽ തയ്യാറാക്കിയ ഈ കർമപദ്ധതി 2026 ജൂലൈ രണ്ടാം വാരത്തിൽ കോയമ്പത്തൂരിൽ നടന്ന നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫിന്റെ (SCNBWL) സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 91-ാമത് യോഗത്തിലാണ് പ്രകാശനം ചെയ്തത്. സ്വാഭാവിക വാസസ്ഥലങ്ങളുടെ സംരക്ഷണം, വനമേഖലകൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കൽ, ശാസ്ത്രീയ നിരീക്ഷണം ശക്തമാക്കൽ, പ്രാദേശിക സമൂഹങ്ങളെ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കൽ എന്നിവയ്ക്കുള്ള സമഗ്രമായ ഒരു ചട്ടക്കൂട് ഈ കർമ്മപദ്ധതി മുന്നോട്ട് വെയ്ക്കുന്നു .
വടക്കുകിഴക്കൻ ഇന്ത്യയിലുടനീളം മേഘപ്പുലികളുടെ ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ഒരു ചുവടുവെയ്പ്പാണ് ഈ സംരക്ഷണ കർമ്മപദ്ധതി (CAP). ആവാസ തലത്തിലുള്ള സംരക്ഷണം, ശാസ്ത്രീയ വിലയിരുത്തലുകൾ, ജനപങ്കാളിത്തം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ എന്നിവയിലൂടെ ഈ ജീവിവർഗ്ഗത്തെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വടക്കുകിഴക്കൻ ഇന്ത്യയിലുടനീളം 14 മുൻഗണനാ സംരക്ഷണ മേഖലകൾ (Priority Conservation Landscapes) തിരിച്ചറിയുന്നതും, വനപ്രദേശങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിക്കൊണ്ട് ഗണ്യമായ വാസസ്ഥല പുനരുദ്ധാരണവും വനാന്തര പാതകളുടെ (Corridors) സംരക്ഷണവും ഇതിന്റെ പ്രധാന ഘടകങ്ങളാണ്.കൂടാതെ വന്യജീവി ആവാസ വ്യവസ്ഥകളുടെ സംയോജിത വികസനം (IDWH) പദ്ധതിയുടെ 'സ്പീഷീസ് റിക്കവറി പ്രോഗ്രാമിൽ' മേഘപ്പുലികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇവയുടെ സംരക്ഷണത്തിനായുള്ള സ്ഥാപനപരമായ ചട്ടക്കൂട് ഗവൺമെന്റ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ക്യാമറ നിരീക്ഷണം , ഓക്യുപ്പൻസി സർവേകൾ, ജനിതക പഠനങ്ങൾ, എൻവയോൺമെന്റൽ ഡി.എൻ.എ (eDNA) എന്നിവ ഉപയോഗിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് ഈ പദ്ധതി വഴി കളമൊരുങ്ങുന്നു. ഇത് മേഘപ്പുലികളെക്കുറിച്ചും അവയുടെ വാസസ്ഥല ആവശ്യകതകളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും. വേട്ടയാടൽ വിരുദ്ധ നടപടികളും വന്യജീവി കുറ്റകൃത്യങ്ങൾ തടയലും ശക്തമാക്കുന്നതിനും ഇത് ഊന്നൽ നൽകുന്നു. ഫീൽഡ് തലത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ 'M-STrIPES' സ്മാർട്ട് ആപ്ലിക്കേഷന്റെ ഉപയോഗം ഉൾപ്പെടെയുള്ള, വനപാലകരുടെ ശേഷി വികസനത്തിനുള്ള പദ്ധതിയുമുണ്ട്.
വന്യജീവി സംരക്ഷണത്തിൽ പ്രാദേശിക സമൂഹങ്ങൾക്കുള്ള നിർണ്ണായക പങ്ക് തിരിച്ചറിഞ്ഞ്, ജനപങ്കാളിത്തത്തോടെയുള്ള സംരക്ഷണ പ്രവർത്തനങ്ങളും സുസ്ഥിര ഉപജീവനമാർഗ്ഗ പിന്തുണയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, അയൽരാജ്യങ്ങളുമായി സഹകരിച്ച് ഇവയുടെ സംരക്ഷണം കൂടുതൽ ഏകോപിപ്പിക്കുന്നതിനായി അതിർത്തി കടന്നുള്ള (Transboundary) സഹകരണവും ഇത് ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന്പൊരുത്തപ്പെടൽ പദ്ധതിയുടെ(adaptive) ഭാഗമാക്കുന്നതിലൂടെയും മേഘപ്പുലികളുടെ വാസസ്ഥലങ്ങളുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നു.
മേഘപ്പുലികളുടെ സംരക്ഷണം വടക്കുകിഴക്കൻ ഇന്ത്യയിലെ വനങ്ങളുടെയും പ്രകൃതിദത്ത ആവാസ സ്ഥാനങ്ങളുടെയും സംരക്ഷണവുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വനസംരക്ഷണം, ശാസ്ത്രീയ നിരീക്ഷണം, ആവാസ പുനരുദ്ധാരണം, സാങ്കേതികവിദ്യ, ജനപങ്കാളിത്തം, അന്താരാഷ്ട്ര സഹകരണം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഏകോപിത സമീപനത്തിലൂടെ വന്യമാർജാര വിഭാഗത്തിലെ ഈ അപൂർവ്വ വർഗ്ഗത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
(रिलीज़ आईडी: 2294373)
आगंतुक पटल : 14