ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

നീറ്റ്-പിജി 2026 പരീക്ഷാ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ; സുഗമവും സുരക്ഷിതവും സുതാര്യവുമായ പരീക്ഷ ഉറപ്പാക്കാന്‍ വിദ്യാർത്ഥി കേന്ദ്രീകൃത പരിഷ്കാരങ്ങൾ

प्रविष्टि तिथि: 01 AUG 2026 7:19PM by PIB Thiruvananthpuram

2026 ഓഗസ്റ്റ് 30-ന് നടത്താനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ്-പിജി) 2026 പരീക്ഷയുടെ സുഗമവും സുരക്ഷിതവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഇന്ന് അവലോകനം ചെയ്തു.

 

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS), സാങ്കേതിക പങ്കാളികൾ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ എന്നിവരുടെ തയ്യാറെടുപ്പുകൾ അവലോകന യോഗത്തിൽ മന്ത്രി വിലയിരുത്തി. പരീക്ഷാ നടത്തിപ്പ് ക്രമീകരണങ്ങൾ, ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, നീറ്റ്-പിജി 2026 പരീക്ഷയ്ക്കായി അവതരിപ്പിച്ച സാങ്കേതിക നടപടികള്‍ എന്നിവ യോഗത്തില്‍ മന്ത്രിയെ ധരിപ്പിച്ചു.  

 

 

ഉയർന്ന വിശ്വാസ്യതയും സുരക്ഷയും നിലനിർത്തുന്നതിനൊപ്പം പരീക്ഷ നീതിയുക്തവും സുതാര്യവും ഉദ്യോഗാർത്ഥി സൗഹൃദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മന്ത്രി വ്യക്തമാക്കി.  

 

മുൻവർഷത്തെ അപേക്ഷിച്ച് 12.5 ശതമാനത്തിലധികം വർധനയോടെ ആകെ 2,73,183 ഉദ്യോഗാർത്ഥികളാണ് ഈ വര്‍ഷം നീറ്റ്-പിജി  പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യത ഗണ്യമായി വർധിപ്പിച്ച് ഏകദേശം 340 നഗരങ്ങളിലെ 1,300-ലധികം പരീക്ഷാ കേന്ദ്രങ്ങളിൽ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്.  

 

പരീക്ഷയുമായി ബന്ധപ്പെട്ട കിംവദന്തികളും വ്യാജ അവകാശവാദങ്ങളും മൂലം തെറ്റിദ്ധരിക്കപ്പെടരുതെന്ന് കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു. പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രം തികച്ചും സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതും സമയബന്ധിതവുമായ പ്രക്രിയയിലൂടെയാണ് അന്തിമ ചോദ്യപേപ്പർ തിരഞ്ഞെടുക്കുന്നതെന്നും പരീക്ഷാ സമയം വരെ ചോദ്യപേപ്പറിൻ്റെ രഹസ്യാത്മകത ഉറപ്പാക്കാൻ സാങ്കേതികവും പ്രവർത്തനപരവുമായ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചോദ്യപേപ്പർ മുൻകൂട്ടി ലഭിച്ചെന്ന തരത്തില്‍ നടത്തുന്ന അവകാശവാദങ്ങൾ തികച്ചും വ്യാജവും ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിടുന്നതുമാണ്.  NBEMS, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവ പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാനും സംശയാസ്പദ പ്രവർത്തനങ്ങളോ ക്രമക്കേടുകൾ നടത്താനുള്ള ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാനും അദ്ദേഹം ഉദ്യോഗാർത്ഥികളോട് നിർദേശിച്ചു.

 

 

നീറ്റ്-പിജി 2026 പരീക്ഷയിലെ സുപ്രധാന വിദ്യാർത്ഥി കേന്ദ്രീകൃത പരിഷ്കാരങ്ങൾ

 

രാജ്യവ്യാപകമായി കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍: ഉദ്യോഗാർത്ഥികൾ മൂന്ന് സംസ്ഥാനങ്ങള്‍ മുൻഗണനയായി നല്‍കുന്നു. തപാൽ വിലാസമുള്ള സംസ്ഥാനം നിർബന്ധമായും ആദ്യ മുൻഗണനയായി നൽകുന്നത് താമസ സ്ഥലത്തിനടുത്തെ കേന്ദ്രങ്ങൾ അനുവദിക്കാന്‍ സഹായിക്കുന്നു.  

 

ഉദ്യോഗാർത്ഥികൾക്ക് കൂടുതല്‍ സൗകര്യം: പരീക്ഷ നടക്കുന്ന നഗരം സംബന്ധിച്ച വിവരം പരീക്ഷയ്ക്ക് ഏകദേശം മൂന്ന് ആഴ്ച മുൻപ് തന്നെ അറിയിക്കുന്നത് യാത്രയും താമസവും മുൻകൂട്ടി ആസൂത്രണം ചെയ്യാന്‍  ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു. 

 

മെച്ചപ്പെടുത്തിയ പരീക്ഷാ ഘടന: പരീക്ഷാ സമയം മാറ്റമില്ലാതെ നിലനിർത്തി 210 മിനിറ്റിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന രീതിയിൽ പരീക്ഷാ ഘടന ലളിതമാക്കി. ഇതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കുന്നു.  

 

ശക്തമായ തിരിച്ചറിയൽ പരിശോധന: അപേക്ഷ സമർപ്പിക്കുന്ന സമയത്തും പരീക്ഷാ ദിവസവും ആധാർ അധിഷ്ഠിത തിരിച്ചറിയൽ പരിശോധന ഉൾപ്പെടുത്തിയിട്ടുണ്ട്. വിരലടയാള പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ കണ്ണിൻ്റെ ഐറിസ് ബയോമെട്രിക് പരിശോധന ഉപയോഗിക്കും. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും കൃത്യതയും കൂടുതൽ വർധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.  

 

ശക്തമായ ബഹുതല സുരക്ഷാ സംവിധാനം

 

പരീക്ഷയ്ക്കുവേണ്ടി ഏർപ്പെടുത്തിയ സമഗ്ര സുരക്ഷാ ക്രമീകരണങ്ങളും മന്ത്രി അവലോകനം ചെയ്തു. പരീക്ഷാ കേന്ദ്രങ്ങൾ മുൻകൂട്ടി സീൽ ചെയ്യലും പരിശോധിക്കലും, സിസിടിവി നിരീക്ഷണ ക്യാമറകൾ, ബയോമെട്രിക് പരിശോധന, ഉദ്യോഗാർത്ഥികളുടെ ശരീര പരിശോധന, സിഗ്നൽ ജാമറുകളുടെ വിന്യാസം, സാങ്കേതികമായി സുരക്ഷിതമായ കംപ്യൂട്ടറുകൾ, കേന്ദ്ര-പ്രാദേശിക കമാൻഡ് സെൻ്ററുകള്‍ വഴി തത്സമയ നിരീക്ഷണം, സ്വതന്ത്ര നിരീക്ഷകരുടെ തത്സമയ മേൽനോട്ടം എന്നിവ ഇതിലുള്‍പ്പെടുന്നു.  സുഗമമായ നടത്തിപ്പിന് 60,000-ത്തിലേറെ പേരെ പരീക്ഷാ ചുമതലയില്‍ വിന്യസിക്കും.

 

ബഹുതല എൻക്രിപ്ഷൻ സംവിധാനങ്ങള്‍, സുരക്ഷിതമായി ഓഫ്‌ലൈനില്‍ തയ്യാറാക്കല്‍, പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാത്രം സമയബന്ധിതമായി ചോദ്യപേപ്പർ അന്തിമമാക്കൽ, പരീക്ഷ തുടങ്ങുന്ന നിശ്ചിത സമയത്ത് മാത്രം നടത്തുന്ന നിയന്ത്രിത ഡിജിറ്റൽ ഡിക്രിപ്ഷൻ എന്നിവയിലൂടെ ചോദ്യപേപ്പർ തയ്യാറാക്കലും വിതരണവുമടക്കം എല്ലാ പ്രക്രിയയും കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

 

സുതാര്യത വർധിപ്പിക്കാനും ക്രമക്കേടുകൾ തടയാനും ആൾമാറാട്ടം, തട്ടിപ്പുകൾ, മറ്റ് അന്യായ പ്രവൃത്തികള്‍ എന്നിവ റിപ്പോർട്ട് ചെയ്യാനും NBEMS പ്രത്യേക ഇ-മെയിൽ വിലാസം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ ജാഗ്രത ഉറപ്പാക്കാന്‍ കൃത്യമായ മാർഗനിർദേശങ്ങളും നൽകിവരുന്നു.

 

എല്ലാ ഏജൻസികളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണമെന്നും ഓരോ ഉദ്യോഗാർത്ഥിക്കും സുഗമവും സുരക്ഷിതവുമായ പരീക്ഷാ അനുഭവം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നല്‍കി. ഉയർന്ന സുതാര്യതയോടെയും  നിഷ്പക്ഷതയോടെയും സാങ്കേതിക മികവോടെയും മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്നതിലെ ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

 

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ, ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ജനറൽ ഡോ. ലവ്‍നീഷ് ജി. കൃഷ്ണ, NBEMS പ്രസിഡൻ്റ് ഡോ. അഭിജിത്ത് ഷെത്ത്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ. വിനോദ് കോട്വാൾ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ശ്രീ കുമാർ രാഹുൽ, NMC സെക്രട്ടറി ഡോ. രാഘവ് ലങ്കർ, NBEMS ഹോണററി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മിനു ബജ്‌പേയ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 
****

(रिलीज़ आईडी: 2293149) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Telugu