പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

എഥനോൾ മിശ്രിത പെട്രോളിനെക്കുറിച്ചുള്ള വസ്തുതകള്‍: തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യങ്ങളും വേര്‍തിരിച്ചറിയാം

प्रविष्टि तिथि: 30 JUL 2026 7:05PM by PIB Thiruvananthpuram

എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ചില അവകാശവാദങ്ങൾ അടുത്തിടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയുണ്ടായി. ശാസ്ത്രീയ തെളിവുകളുടെയും വിശാല പ്രായോഗിക അനുഭവങ്ങളുടെയും വ്യാവസായിക വിവരശേഖരത്തിൻ്റെയും അടിസ്ഥാനത്തിൽ ഈ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും യഥാർത്ഥ വിവരങ്ങളും തരംതിരിച്ച് താഴെ നൽകുന്നു.

 

അവകാശവാദം 1: 2023-ന് മുന്‍പ് നിർമ്മിച്ച വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കാനാവില്ല

 

  • E15+ ഇന്ധനം മൂന്നര വർഷത്തിലേറെയായും E19-E20 ഇന്ധനം രണ്ടര വർഷത്തിലേറെയായും വ്യാപകമായി ഉപയോഗത്തിലുണ്ട്.

  • ഇക്കാലയളവിൽ എഥനോൾ മിശ്രണം മൂലം എന്‍ജിനുകൾ പ്രവർത്തനരഹിതമാവുകയോ വാഹനങ്ങൾ കേടാവുകയോ ചെയ്തതായി സ്ഥിരീകരിച്ച വാർത്തകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എഥനോൾ മിശ്രണം എന്‍ജിനുകളെയോ ഇന്ധന സംവിധാനങ്ങളെയോ വലിയ രീതിയില്‍ കേടുവരുത്തിയിരുന്നെങ്കിൽ അത് വ്യാപകമായ വാറൻ്റി ക്ലെയിമുകളിലേക്കും സർവീസ് ക്യാമ്പെയ്‌നുകളിലേക്കും ഉപഭോക്താക്കളുടെ പരാതികളിലേക്കും നയിക്കുമായിരുന്നു; എന്നാൽ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

  • എഥനോൾ ഒരു പുതിയ ഇന്ധനമല്ല. ഒരു നൂറ്റാണ്ടിലേറെയായി ആഗോളതലത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ബ്രസീൽ പോലുള്ള രാജ്യങ്ങൾ പതിറ്റാണ്ടുകളായി ഉയർന്ന തോതില്‍ എഥനോൾ കലര്‍ത്തിയ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ എഥനോൾ മിശ്രിത പെട്രോൾ പദ്ധതി 2001-ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുകയും 2006-ൽ E5 അവതരിപ്പിക്കുകയും ചെയ്തു. 2013-14-ൽ മിശ്രണം 1.53% മാത്രമായിരുന്നെങ്കിലും ആവശ്യമായ ഉല്പാദന ശേഷിയും അടിസ്ഥാനസൗകര്യവും നിയന്ത്രണ ചട്ടക്കൂടും വികസിപ്പിച്ച ശേഷം ക്രമേണ ഇത് വർധിപ്പിക്കുകയായിരുന്നു.

 

എഥനോൾ മിശ്രണ തോതിലെ വർധന ക്രമാനുഗതമായിരുന്നുവെന്ന് താഴെ നല്‍കിയിരിക്കുന്ന പട്ടിക വ്യക്തമാക്കുന്നു: 

എഥനോൾ വിതരണ വർഷം   

ശരാശരി മിശ്രണ തോത് %  

2013-14

~1.53

2020-21

~8.1

2021-22

~10

2022-23

~12

2023-24

~14.6

2024-25

~19.2

2025-26 (നവംബർ - ജൂൺ)

20


 

  • വിപുലമായ യഥാർത്ഥ പ്രായോഗിക അനുഭവങ്ങളും ഗവണ്മെൻ്റ് പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 8 കോടി വാഹനങ്ങളാണ് പമ്പുകളിലെത്തുന്നത്. (ഇതിൽ 80 ശതമാനത്തോളം പെട്രോൾ വാഹനങ്ങളാണ്).

  • ഗവണ്മെൻ്റിൻ്റെ വിലയിരുത്തൽ നിർമ്മാതാക്കളുടെ സർവീസ് സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. രാജ്യത്തെ പ്രമുഖ വാഹന നിർമാണ കമ്പനികളിലൊന്ന് 2025-26 സാമ്പത്തിക വർഷം 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്യുകയുണ്ടായി. E20 അനുയോജ്യമല്ലെന്ന് പ്രാഥമിക സർട്ടിഫിക്കറ്റ് ലഭിച്ച ഏകദേശം 1.5 കോടി വാഹനങ്ങളും ഇതിലുൾപ്പെടുന്നു. എന്നാൽ ഇവയിലൊന്നും E20 പെട്രോൾ മൂലം തുരുമ്പെടുക്കലോ എന്‍‍ജിൻ തേയ്മാനമോ വാഹന ഘടകങ്ങളുടെ ആയുസ്സില്‍ കുറവോ റിപ്പോർട്ട് ചെയ്തിട്ടില്ല.  മറ്റൊരു പ്രമുഖ ഇരുചക്ര വാഹന നിർമ്മാണ കമ്പനിയും സമാന പ്രായോഗിക അനുഭവം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.  

  • കൂടാതെ പ്രമുഖ വാഹന നിർമ്മാതാക്കൾ, SIAM, ARAI, അനുബന്ധ വാഹന ഘടക നിർമാതാക്കൾ, പരിശോധനാ ഏജൻസികൾ, എണ്ണ വിപണന കമ്പനികൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ഉയർന്ന തോതില്‍ എഥനോൾ കലര്‍ത്തിയ ഇന്ധനം വിപണിയില്‍ അവതരിപ്പിച്ചത്.

  • വാഹനഘടകങ്ങളുടെ അനുയോജ്യത, എന്‍ജിൻ കാലിബ്രേഷന്‍, സുഗമമായ ഡ്രൈവിങ്, ഈടുനിൽപ്പ്, മലിനീകരണ തോത്, ഇന്ധന സംവിധാനങ്ങൾ, പ്രകടനം എന്നിവ എഥനോള്‍ മിശ്രണം നടപ്പാക്കുന്നതിന് മുന്‍പ് ശാസ്ത്രീയമായി വിലയിരുത്തിയിരുന്നു. വാഹന നിർമ്മാതാക്കൾ  തുടർന്നും വാറൻ്റി നൽകുന്നത് ഇന്ധനത്തിൻ്റെ അനുയോജ്യതയിലെ ആത്മവിശ്വാസം വ്യക്തമാക്കുന്നു.  

  • ദീർഘകാലയളവിൽ നിരീക്ഷിച്ച 1.4 കോടി E20 വാഹനങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോൾ എഥനോൾ മൂലം തുരുമ്പെടുക്കൽ കണ്ടെത്തിയിട്ടില്ലെന്ന് ഒരു വാഹന നിർമ്മാതാവ് അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. E20 ഇന്ധനത്തിന് അനുയോജ്യമായ വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കര്‍ശന പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്ന് ARAI-യും സാക്ഷ്യപ്പെടുത്തുന്നു. 

  • ഇതിനുപുറമെ ഇന്ധനത്തിൽ മായം ചേർക്കുന്നത് തടയാനും ഇന്ധന ഗുണനിലവാരം ഉറപ്പാക്കാനും എണ്ണക്കമ്പനികൾ 30,000-ത്തിലധികം പമ്പുകളില്‍ പരിശോധന നടത്തി വരുന്നുണ്ട്. ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എഥനോൾ മിശ്രിത പെട്രോൾ BIS മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വിതരണ ശൃംഖലയിലുടനീളം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്.

  • എഥനോൾ മിശ്രണം മൂലം "വ്യാപകമായ പ്രശ്നങ്ങൾ ഒന്നുമില്ല" എന്ന ഗവണ്മെൻ്റിൻ്റെ പ്രസ്താവന ഒറ്റപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കിയല്ല. മറിച്ച് 25 വർഷത്തിലേറെ ഘട്ടംഘട്ടമായി എഥനോള്‍ മിശ്രണം നടപ്പാക്കിയതിൻ്റെ തെളിവുകൾ, സമഗ്ര ശാസ്ത്രീയ പരിശോധനകൾ, കോടിക്കണക്കിന് വാഹനങ്ങളിലെ പ്രായോഗിക അനുഭവം, നിർമ്മാതാക്കളുടെ സർവീസ് വിവരശേഖരങ്ങള്‍, പങ്കാളികളുമായി നടത്തിയ ചർച്ചകൾ, നിലവിലെ  ഗുണനിലവാര നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ്.   

  • സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അവകാശവാദങ്ങൾ നിർമ്മാതാക്കളുമായും സാങ്കേതിക ഏജൻസികളുമായും ആലോചിച്ച് ഗവണ്മെൻ്റ് പരിശോധിക്കാറുണ്ട്. ഇത്തരം പല അവകാശവാദങ്ങളും പെരുപ്പിച്ചു കാണിച്ചതാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സാങ്കേതിക തെളിവുകളുടെ പിൻബലമില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എഥനോൾ മിശ്രണം മൂലം എന്‍ജിനുകൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ച തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

 

അവകാശവാദം 2: ഏകദേശം 30 കോടി വാഹനങ്ങൾ ഉപയോഗശൂന്യമാകും.

 

E15+ മിശ്രിത പെട്രോൾ മൂന്നര വർഷത്തിലേറെയായി വ്യാപകമായി ഉപയോഗത്തിലുണ്ട്. കൂടാതെ E19-E20 ഇന്ധനം രണ്ടര വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്നു.

 

ഇക്കാലയളവിൽ:

  • 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 

  • 3 കോടിയിലധികം പെട്രോൾ കാറുകളും 

എഥനോൾ മിശ്രണം മൂലം എന്‍ജിൻ തകരാറോ വാഹനത്തിന് കേടുപാടുകളോ ഉണ്ടായതായി സ്ഥിരീകരിച്ച തെളിവുകളൊന്നുമില്ലാതെ ഈ ഇന്ധനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 


E20 ഇന്ധനം വാഹനങ്ങളെ ഉപയോഗശൂന്യമാക്കുകയാണെങ്കിൽ ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ക്ക് തകരാറുകളും വാറൻ്റി ക്ലെയിമുകളും സർവീസ് ക്യാമ്പെയ്‌നുകളും ഇന്ത്യയിൽ കാണാമായിരുന്നു. എന്നാൽ അത്തരത്തില്‍ യാതൊന്നും സംഭവിച്ചിട്ടില്ല.

 

അവകാശവാദം 3: E20 അനുയോജ്യമല്ലെന്ന് വാഹന നിർമ്മാതാക്കൾ സ്വകാര്യമായി സൂചിപ്പിച്ചിട്ടുണ്ട്.

 

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം, ഘനവ്യവസായ മന്ത്രാലയം, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം എന്നിവരുമായി ചേർന്ന് 2026 ജൂലൈ 4-ന് സംഘടിപ്പിച്ച സംയുക്ത വാർത്താസമ്മേളനത്തിൽ ടൊയോട്ട കിർലോസ്‌കർ, മാരുതി സുസുകി, ഹീറോ മോട്ടോകോർപ്പ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടി.വി.എസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ E20 സംബന്ധിച്ച ആശങ്കകൾക്ക് സംയുക്തമായി മറുപടി നൽകി. അവരുടെ നിലപാട് തികച്ചും വ്യക്തമായിരുന്നു:

 

  • പഴയ വാഹനങ്ങളിൽ കര്‍ശന പരിശോധനകൾ നടത്തിയ ശേഷമാണ് E20 അവതരിപ്പിച്ചതെന്ന് വ്യക്തമാക്കിയ ടൊയോട്ട കിർലോസ്‌കർ പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ഉപയോഗിക്കുന്ന സംശുദ്ധവും പ്രകടനശേഷി കൂടിയതുമായ ഇന്ധനമായി എഥനോളിനെ വിശേഷിപ്പിച്ചു. പരീക്ഷണ മാനദണ്ഡങ്ങൾ UNECE നിയമങ്ങൾ പ്രകാരം അന്താരാഷ്ട്ര തലത്തിൽ ഏകീകരിച്ചതാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും കമ്പനി വ്യക്തമാക്കി. 

  • ഉപഭോക്തൃ ആത്മവിശ്വാസം വ്യക്തമാക്കുന്ന പ്രസ്താവനയാണ് മാരുതി സുസുകി നൽകിയത്. 2025-26 സാമ്പത്തിക വർഷം സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളെ (E20 പ്രാഥമിക സർട്ടിഫിക്കറ്റ് ഇല്ലാത്ത 1.5 കോടി പഴയ വാഹനങ്ങൾ ഉൾപ്പെടെ) അടിസ്ഥാനമാക്കി E20 മൂലം എവിടെയും തുരുമ്പെടുക്കലോ അസാധാരണ തേയ്മാനമോ ഘടകങ്ങളുടെ ആയുസ്സില്‍ കുറവോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ധനക്ഷമതയിലെ വ്യതിയാനം 3 മുതൽ 3.5% വരെ മാത്രമാണെന്നും ടയറുകളിലെ കാറ്റിൻ്റെ അളവ്, ഡ്രൈവിംങ് രീതി, പരിപാലനം, ഗതാഗതം തുടങ്ങിയ ദൈനംദിന ഘടകങ്ങളാണ് ഇന്ധനക്ഷമതയെ കൂടുതൽ സ്വാധീനിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.  

  • ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഹീറോ മോട്ടോകോർപ്പ് അവരുടെ വിപുലമായ സർവീസ് വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് E20 ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. 

  • ഹ്യുണ്ടായ്, ടി.വി.എസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയും E20 പദ്ധതിയില്‍ വ്യവസായ ലോകത്തിൻ്റെ ആത്മവിശ്വാസം സംയുക്തമായി ആവര്‍ത്തിക്കുകയും ചെയ്തു. പദ്ധതിയോട് പ്രതിബദ്ധത പുലര്‍ത്തുമെന്നും ഉപഭോക്താക്കളുടെ ആശങ്കകൾ സുതാര്യമായി പരിഹരിക്കുമെന്നും ആവർത്തിച്ചാണ് പാനൽ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.  


അവകാശവാദം 4: പഴയ വാഹനങ്ങൾക്ക് അപകടസാധ്യതയുണ്ട്.

 

ഒരു പ്രമുഖ വാഹന നിർമ്മാണ കമ്പനി 2025-26 സാമ്പത്തിക വർഷം 2.84 കോടി വാഹനങ്ങളാണ് സർവീസ് ചെയ്തത്. ഇതിൽ ഏകദേശം 1.5 കോടി വാഹനങ്ങൾ യഥാർത്ഥത്തിൽ E20 അനുയോജ്യമെന്ന് പ്രാഥമിക സാക്ഷ്യപത്രം ലഭിക്കാത്തവയായിരുന്നു.

 

എന്നിട്ടും:

 

  • അസാധാരണ തുരുമ്പെടുക്കലോ 

  • അസാധാരണമായ തേയ്മാനമോ  

  • ഘടകങ്ങളുടെ ആയുസ്സില്‍ കുറവോ E20 ഇന്ധനം മൂലം സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല.

 

ഒരു പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാവും സമാന പ്രായോഗിക അനുഭവം പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു വാഹന നിർമ്മാതാവ് ദീർഘകാലയളവിൽ നിരീക്ഷിച്ച 1.4 കോടി E20 വാഹനങ്ങളിൽ എഥനോൾ മൂലം തുരുമ്പെടുക്കൽ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

 

അവകാശവാദം 5: മൈലേജ് വൻതോതിൽ കുറയും.

 

ഇന്ധനക്ഷമത താഴെ പറയുന്നവ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണെന്ന് ഗവണ്മെൻ്റ് പഠനങ്ങളും വാഹന നിർമ്മാതാക്കളും നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്:

  • ഡ്രൈവിങ് രീതികൾ 

  • ഗതാഗത സാഹചര്യങ്ങൾ 

  • വാഹന പരിപാലനം 

  • ടയറുകളിലെ കാറ്റിൻ്റെ അളവ് 

  • എസി ഉപയോഗം 

 

E10 അനുയോജ്യമായി നിർമ്മിച്ച ചില പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ ഉണ്ടാകുന്ന കുറവ് പൊതുവെ 3-5% വരെ മാത്രമാണ്; പ്രചരിക്കുന്നതുപോലെ വലിയ തോതില്‍ കുറവ് സംഭവിക്കുന്നില്ല.

 

അതേസമയം, E20 നൽകുന്നത്:‌

 

  • ഉയർന്ന ഒക്ടേൻ റേറ്റിങ്, മികച്ച ആൻ്റി-നോക്ക് സവിശേഷതകൾ 

  • ശുദ്ധമായ ഇന്ധനജ്വലനം, സുഗമമായ എന്‍ജിൻ പ്രവർത്തനം 

  • മികച്ച ആക്‌സിലറേഷനും ഡ്രൈവിങ് അനുഭവവും.

 

അവകാശവാദം 6: E20 ഇന്ധനത്തെ പിന്തുണയ്ക്കാൻ വാഹന നിർമ്മാതാക്കളെ നിർബന്ധിക്കുന്നു.

 

ശാസ്ത്രീയ പരിശോധനകളിൽ വാഹന നിർമ്മാതാക്കൾ തൃപ്തരല്ലായിരുന്നുവെങ്കിൽ അവർ:

 

  • E20 അനുയോജ്യമായ വാഹനങ്ങൾക്ക് സാക്ഷ്യപത്രങ്ങള്‍ നൽകുമായിരുന്നില്ല.  

  • വാറൻ്റി ആനുകൂല്യങ്ങൾ നൽകുന്നത് തുടരുമായിരുന്നില്ല.  

 

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്ന E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിർമ്മാതാക്കൾ തുടർന്നും വാറൻ്റി നൽകുന്നത് ഇന്ധന വിതരണത്തിന് മുന്നോടിയായി നടത്തിയ വിപുലമായ പരിശോധനകളിലെ അവരുടെ വിശ്വാസം കാരണമാണ്.

 

അവകാശവാദം 7: E20-യുമായി ബന്ധപ്പെട്ട സത്യം മറച്ചുവെക്കാൻ വാഹന കമ്പനികൾക്ക് ഗവണ്മെൻ്റിൻ്റെ സമ്മർദമുണ്ട്.

 

  • ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾ ഉപഭോക്താക്കളോട് നിയമപരവും നിയന്ത്രണപരവുമായ ബാധ്യതകളുള്ള സ്വതന്ത്ര കമ്പനികളാണ്.

  • വ്യാപകമായ വാറൻ്റി ക്ലെയിമുകൾ, വാഹന ബാധ്യത, നിയന്ത്രണ നടപടികൾ, ഗുരുതരമായ അപകീർത്തി എന്നിവയ്ക്ക് വിധേയമാകാതെ വലിയ തകരാറുകൾ മറച്ചുവെക്കാൻ അവർക്ക് കഴിയില്ല.

  • E20 അനുയോജ്യമായ വാഹനങ്ങൾക്ക് നിർമ്മാതാക്കൾ തുടർന്നും വാറൻ്റി നൽകുന്നത് E20 ഇന്ധനം എന്‍ജിന് വലിയ കേടുപാടുകൾ വരുത്തുന്നുണ്ടെന്ന്  വിശ്വസിക്കാത്തതിനാലാണ്. വാറൻ്റി തീരുമാനങ്ങൾ എന്‍ജിനീയറിങ് പരിശോധനകളുടെയും പ്രായോഗിക അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്ലാതെ രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിലല്ല.

  • വ്യാവസായിക ലോകവും ഇതുമായി ബന്ധപ്പെട്ട നിലപാട് പരസ്യമായും സുതാര്യമായും പ്രകടിപ്പിച്ചിട്ടുണ്ട്. 2026 ജൂലൈ 4-ന് ടൊയോട്ട കിർലോസ്‌കർ, മാരുതി സുസുകി, ഹീറോ മോട്ടോകോർപ്പ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടി.വി.എസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ സംയുക്തമായി മാധ്യമങ്ങളെ കണ്ടിരുന്നു. കര്‍ശന പരിശോധനകൾക്കും വിപുലമായ പരീക്ഷണങ്ങൾക്കും ശേഷമാണ് E20 അവതരിപ്പിച്ചതെന്ന് അവർ ആവര്‍‍ത്തിച്ച് വ്യക്തമാക്കി.  

 

അവരുടെ പ്രസ്താവനകൾ യഥാർത്ഥ സർവീസ് വിവരങ്ങളുടെ പിന്തുണയോടെയായിരുന്നു:

 

  • മാരുതി സുസുകി 2025-26 സാമ്പത്തിക വർഷം സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങൾ (1.5 കോടിയിലധികം പഴയ വാഹനങ്ങൾ ഉൾപ്പെടെ) വിശകലനം ചെയ്തതിൽ നിന്ന് E20 മൂലം തുരുമ്പെടുക്കലോ അസാധാരണ തേയ്മാനമോ ഘടകങ്ങളുടെ ആയുസ്സില്‍ കുറവോ  കണ്ടെത്തിയിട്ടില്ല.

  • ഹീറോ മോട്ടോകോർപ്പ് അവരുടെ വിപുലമായ സർവീസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ E20 ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് കൂടുതൽ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

  • UNECE മാനദണ്ഡങ്ങൾക്ക് കീഴില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച പരിശോധനകൾക്ക് വിധേയമായി പഴയ വാഹനങ്ങളിൽ കടുത്ത പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് E20 അവതരിപ്പിച്ചതെന്ന് ടൊയോട്ട കിർലോസ്‌കർ വ്യക്തമാക്കി.

***


(रिलीज़ आईडी: 2292121) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati