പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026 കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ലോക്സഭയിൽ അവതരിപ്പിച്ചു

ദ്രുതഗതിയിലുള്ള അന്വേഷണം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ, കർശന ശിക്ഷാനടപടികൾ എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഈ പൊതുപരീക്ഷ ഭേദഗതി ബിൽ

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വേഗത്തിലുള്ള നീതിനിർവ്വഹണവും ശക്തമായ പ്രതിരോധവും ഉറപ്പാക്കാൻ ബിൽ ലക്ഷ്യമിടുന്നു

प्रविष्टि तिथि: 27 JUL 2026 6:46PM by PIB Thiruvananthpuram
കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ-പൊതുപരാതി പരിഹാരം, പെൻഷൻ മന്ത്രാലയം, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഇന്ന്,  പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026 ലോക്സഭയിൽ അവതരിപ്പിച്ചു.


പൊതുപരീക്ഷകളിലെ ക്രമക്കേടുകളും സംഘടിതമായ നിയമലംഘനങ്ങളും ഫലപ്രദമായി തടയുന്നതിനായി ദ്രുതഗതിയിലുള്ള അന്വേഷണം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴിയുള്ള വേഗത്തിലുള്ള വിചാരണ, പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം, അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കൽ, കൂടുതൽ കർശനമായ ശിക്ഷാവ്യവസ്ഥകൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് 2024-ലെ പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഭേദഗതി ബിൽ ലക്ഷ്യമിടുന്നു.


സമീപവർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകളുമായി ബന്ധപ്പെട്ട സംഘടിതമായ ക്രമക്കേടുകളും കണക്കിലെടുത്ത്, നിലവിലുള്ള നിയമസംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഈ ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുക, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുക, പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കുക എന്നിവയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.


പൊതുപരീക്ഷകളിൽ ക്രമക്കേടുകൾ നടത്തുന്നവർക്കുള്ള ശിക്ഷ കൂടുതൽ കർശനമാക്കാനും ബിൽ നിർദ്ദേശിക്കുന്നു. നിലവിൽ കുറഞ്ഞത് മൂന്ന് വർഷം മുതൽ പരമാവധി അഞ്ച് വർഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത് കുറഞ്ഞത് അഞ്ച് വർഷവും പരമാവധി പത്ത് വർഷവും ആക്കാൻ ബിൽ ശുപാർശ ചെയ്യുന്നു. ഇതോടൊപ്പം പരമാവധി പിഴ നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്താനും നിർദ്ദേശമുണ്ട്.
 
 
നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന സേവന ദാതാക്കൾക്കുള്ള  പരമാവധി പിഴ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്താൻ ബിൽ നിർദ്ദേശിക്കുന്നു. ഇതോടൊപ്പം, പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്നും ഇവരെ വിലക്കുന്ന കാലയളവ് നാല് വർഷത്തിൽ നിന്ന് എട്ട് വർഷമായി ദീർഘിപ്പിക്കാനും ശുപാർശയുണ്ട്.


സേവന ദാതാക്കളുടെ ഭരണനിർവ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള ശിക്ഷയും ബില്ലിലൂടെ കർശനമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇവർക്കുള്ള തടവുശിക്ഷ കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി പത്ത് വർഷം വരെയായി ഉയർത്താനും, പരമാവധി പിഴ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി വർദ്ധിപ്പിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.


പരീക്ഷകളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, കുറഞ്ഞ തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഏഴ് വർഷമായി ഉയർത്താൻ ഭേദഗതി ബിൽ നിർദ്ദേശിക്കുന്നു. ഇത് പരമാവധി പത്ത് വർഷം വരെയാക്കി നീട്ടാനും, ഇതോടൊപ്പം പരമാവധി പിഴ ഒരു കോടി രൂപയിൽ നിന്ന് പത്ത്  കോടി രൂപയായി വർദ്ധിപ്പിക്കാനും ശുപാർശയുണ്ട്.


നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇതിനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കൈമാറാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന നിർദ്ദേശം.


കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉറപ്പാക്കാൻ 12A എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്താൻ ബിൽ നിർദ്ദേശിക്കുന്നു. ഇതനുസരിച്ച് അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കുക, ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ ദൈനംദിന വിചാരണയ്ക്കായി സെഷൻസ് കോടതികളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളായി നിയോഗിക്കുക, കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുക, ഓരോ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയിലും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക എന്നിവ ബിൽ വ്യവസ്ഥ ചെയ്യുന്നു.


പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഏതെങ്കിലും വിധിന്യായം, ഉത്തരവ് അല്ലെങ്കിൽ ശിക്ഷാവിധി എന്നിവയ്‌ക്കെതിരെയുള്ള അപ്പീലുകൾ മുപ്പത് ദിവസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതാണെന്നും, അത്തരം അപ്പീലുകൾ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്യുന്ന 12B എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്താനും ബിൽ നിർദ്ദേശിക്കുന്നു.


2024 ഫെബ്രുവരി 12-ന് പാസാക്കുകയും 2024 ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്ത 2024-ലെ പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) നിയമം, പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള സമഗ്രമായ ഒരു ദേശീയ നിയമ ചട്ടക്കൂട് ഉറപ്പുനൽകുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), റെയിൽവേ റിക്രൂട്ട്‌മെൻ്റ്  ബോർഡുകൾ  (ആർആർബി-കൾ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ), കേന്ദ്ര സർക്കാരിൻ്റെ മന്ത്രാലയങ്ങളും വകുപ്പുകളും, അവയുടെ അനുബന്ധ-കീഴിലുള്ള  ഓഫീസുകൾ നടത്തുന്ന പരീക്ഷകൾക്കും, കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് അധികാര സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. തടവുശിക്ഷ, പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നിവയുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളുള്ള ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാത്തതും, ഒത്തുതീർപ്പാക്കാൻ കഴിയാത്തതും, പൊലീസിന് നേരിട്ട് കേസെടുക്കാവുന്നതുമാണ്.


ചോദ്യപേപ്പർ ചോർച്ച, ആൾമാറാട്ടം, സംഘടിതമായ കോപ്പിയടി എന്നിവയുൾപ്പെടെ പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമപരമായ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, വേഗത്തിലുള്ള അന്വേഷണവും വിചാരണയും അപ്പീലുകളിൽ യഥാസമയം തീർപ്പുകൽപ്പിക്കലും പുതിയ ഭേദഗതികളിലൂടെ ഉറപ്പാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിലൂടെയും ഉടനടി നീതി ലഭ്യമാക്കുന്നതിലൂടെയും പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താനും, കഠിനാധ്വാനികളും അർഹരുമായ ഉദ്യോഗാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൻ്റെ സുതാര്യതയിലും നിഷ്പക്ഷതയിലുമുള്ള ജനവിശ്വാസം കൂടുതൽ ദൃഢമാക്കാനും ഈ ഭേദഗതി ബിൽ ലക്ഷ്യമിടുന്നു.
 
 
 
****

(रिलीज़ आईडी: 2290183) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada