പ്രധാനമന്ത്രിയുടെ ഓഫീസ്
വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026-ൽ പങ്കെടുത്തവരുടെ ശ്ലാഘനീയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
സ്വയം കണ്ടെത്തുന്നതിനൊപ്പം ലോകത്തെ കണ്ടെത്തുന്നതിനുമുള്ള ഒരു വഴിയാണ് ഒറ്റയ്ക്കുള്ള യാത്രകൾ: പ്രധാനമന്ത്രി
രാജ്യത്തെ ഓരോ ചെറുപ്പക്കാരനും ഓരോ പെൺകുട്ടിയും ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും മുന്നോട്ട് പോകണം: പ്രധാനമന്ത്രി
അതിർത്തിഗ്രാമങ്ങൾ ഭൂമിശാസ്ത്രപരമായി വിദൂരമായിരിക്കാം, എന്നാൽ അവിടുത്തെ ജനങ്ങൾ രാജ്യവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി
മുമ്പ് മുൻഗണനയിൽ അവസാനമായിരുന്നവർ ഇപ്പോൾ ഒന്നാമതാണ്: പ്രധാനമന്ത്രി
യുവ പങ്കാളികളുടെ യാത്ര 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
പൗരന്മാർ തങ്ങളുടെ യാത്രാ ബജറ്റിന്റെ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കണം: പ്രധാനമന്ത്രി
प्रविष्टि तिथि:
26 JUL 2026 10:27PM by PIB Thiruvananthpuram
വിക്സിത്റ്റ് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026-ൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വെർച്വലായി സംവദിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവിടങ്ങളിലെ അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള തങ്ങളുടെ അനുഭവങ്ങൾ യുവ മൈ ഭാരത് (MYBharat) വോളന്റിയർമാർ പങ്കുവെച്ചു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, പൊതുസേവനങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ടൂറിസം, ജനപങ്കാളിത്തം, ശക്തമായ ദേശീയ ഐക്യം എന്നിവയിലൂടെ ഈ ഗ്രാമങ്ങളിലുണ്ടായ മാറ്റങ്ങളെ ഈ ആശയവിനിമയം എടുത്തുകാണിച്ചു. രാജ്യത്തുടനീളമുള്ള 245 ജില്ലകളിൽ നിന്നായി 5,000-ത്തിലധികം മൈ ഭാരത് വോളന്റിയർമാർ പരിപാടിയിൽ വെർച്വലായി പങ്കെടുത്തു.
ദാദ്ര ആൻഡ് നഗർ ഹവേലി, ദമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽ നിന്നുള്ള മൈ ഭാരത് വോളന്റിയർ ശ്രീ ദിവ്യാൻഷ് ജോഷി വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്, വികസിത് ഭാരത് യൂത്ത് പാർലമെന്റ്, ബജറ്റ് ട്വിസ്റ്റ്, മെന്റർഷിപ്പ്, വോളന്റീറിംഗ് പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു. 2.30 കോടിയിലധികം യുവാക്കൾക്ക് മൈ ഭാരത് പദ്ധതികളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും രാജ്യവ്യാപകമായി നടത്തിയ ക്വിസിൽ 2.86 ലക്ഷം യുവാക്കൾ പങ്കെടുത്തുവെന്നും അതിൽ നിന്നാണ് അതിർത്തിഗ്രാമങ്ങൾ സന്ദർശിക്കാൻ 403 വോളന്റിയർമാരെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുള്ള ലിയോ ഗ്രാമ സന്ദർശനം വിവരിച്ചുകൊണ്ട്, പ്രാദേശിക നിവാസികൾ, മുതിർന്ന പൗരന്മാർ, സ്കൂൾ കുട്ടികൾ എന്നിവരുമായുള്ള സംവാദങ്ങൾ, പ്രാദേശിക യുവാക്കൾക്കുള്ള കരിയർ കൗൺസിലിംഗ്, കായിക-സാംസ്കാരിക പരിപാടികൾ, വനിതാ സർപഞ്ചിന്റെ നേതൃത്വം, ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പ്രവർത്തനം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. ഭാഷയ്ക്കും സംസ്ഥാന അതിർത്തികൾക്കും അപ്പുറത്തുള്ള ബന്ധത്തെ ഹോംസ്റ്റേ അനുഭവം കാണിച്ചുതന്നുവെന്ന് പറഞ്ഞ അദ്ദേഹം, വോളന്റിയർമാർ കാർഗിൽ യുദ്ധസ്മാരകത്തിൽ രാജ്യത്തിന്റെ ധീരരായ സൈനികർക്ക് പ്രണാമമർപ്പിച്ചതായും വികസിത് ഭാരത് ലക്ഷ്യത്തോട് പ്രതിജ്ഞാബദ്ധരായിരുന്നുകൊണ്ട് തങ്ങളുടെ അനുഭവങ്ങൾ സമാഹരിച്ച് പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ദാദ്ര ആൻഡ് നഗർ ഹവേലി, ദമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽ നിന്നുള്ള മൈ ഭാരത് വോളന്റിയർ കുമാരി നികിത പ്രവീൺ സോളങ്കി മൈ ഭാരത് ക്വിസിലൂടെ തിരഞ്ഞെടുക്കപ്പെട്ടത് കിന്നൗർ ജില്ലയിലെ ധാർ ചാംഗോ നിച്‌ല (Dhar Chango Nichla) ഗ്രാമത്തിലേക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ തനിക്ക് അവസരമൊരുക്കിയെന്ന് പറഞ്ഞു. ഗ്രാമവാസികൾ നൽകിയ ആത്മാർത്ഥമായ സ്വീകരണം തന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും സ്ത്രീകളോടുള്ള സമൂഹത്തിന്റെ മാറുന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു. വനിതാ പ്രധാൻ, പഞ്ചായത്ത് പ്രതിനിധികൾ, കർഷകർ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവരുമായുള്ള സംവാദങ്ങളിലൂടെ ഗ്രാമീണ സ്ത്രീകൾ നിർവ്വഹിക്കുന്ന നിരവധി ഉത്തരവാദിത്തങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു. കൂടാതെ തന്റെ മുൻധാരണകൾക്ക് വിപരീതമായി മികച്ച റോഡുകൾ, ഇടതടവില്ലാത്ത വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ അവിടെ കണ്ടെത്തുകയും ചെയ്തു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് എന്നിവയാണ് ഇതിന് കാരണമായി ഗ്രാമവാസികൾ ചൂണ്ടിക്കാണിച്ചത്. ശുചിത്വ പ്രവർത്തനങ്ങൾ, കായികരംഗം, സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുത്ത അവർ, തന്റെ നാടിനെക്കുറിച്ച് ഗ്രാമത്തിലെ കുട്ടികൾക്കുള്ള ജിജ്ഞാസ അനുസ്മരിക്കുകയും ആതിഥേയ കുടുംബവുമായി ഇന്നും ബന്ധം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
2016-ലെ ദീപാവലി വേളയിൽ ചാംഗോ മേഖല സന്ദർശിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, കുമാരി സോളങ്കിയുടെ യാത്ര ഇന്ത്യയിലെ പെൺകുട്ടികളുടെ വളരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മൈ ഭാരത് വ്യക്തിഗത യാത്രകളെ ഒരു വലിയ ദേശീയ കുടുംബമാക്കി മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. "സ്വയം കണ്ടെത്തുന്നതിനൊപ്പം ലോകത്തെ കണ്ടെത്തുന്നതിനുമുള്ള ഒരു വഴിയാണ് ഒറ്റയ്ക്കുള്ള യാത്രകൾ," ശ്രീ മോദി പറഞ്ഞു.
രാജസ്ഥാനിലെ ജാലോറിൽ നിന്നുള്ള മൈ ഭാരത് വോളന്റിയർ ശ്രീ സുനിൽ കുമാർ കേള താനും ഒരു അതിർത്തി ഗ്രാമത്തിൽ നിന്നുള്ളയാളായതിനാൽ ഹിമാചൽ പ്രദേശിലെ ധാർ ചാംഗോ ഉപ്രേല (Dhar Chango Uprela) ഗ്രാമത്തിലെ ആളുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിച്ചതായി പറഞ്ഞു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇരു പ്രദേശങ്ങളിലെയും ജനങ്ങളെ ധീരത, രാജ്യസ്നേഹം, ഊഷ്മളത എന്നിവയാൽ ഒന്നിപ്പിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. സത്‌ലജ് നദി, സ്കൂൾ, ജൻ ഔഷധി കേന്ദ്രം, ആശുപത്രി, കായിക കേന്ദ്രങ്ങൾ എന്നിവ കാണിച്ചുകൊണ്ട് വീഡിയോ കോളുകളിലൂടെ അദ്ദേഹം തന്റെ കുടുംബവുമായി ബന്ധപ്പെടുകയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മൈ ഭാരത് സന്ദർശിക്കാൻ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റോഡുകൾ, താമസം, വൈദ്യുതി, മൊബൈൽ കണക്റ്റിവിറ്റി എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുടക്കത്തിലെ ആശങ്കകൾ ഹോംസ്റ്റേ വരെയെത്തുന്ന ഉന്നതനിലവാരമുള്ള റോഡുകൾ, സൗരോർജ്ജ സംവിധാനങ്ങൾ, ദിനംപ്രതിയുള്ള ജീവിതത്തെ മാറ്റിമറിച്ച മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാൽ ഇല്ലാതായി. താൻ ഇപ്പോഴും ആതിഥേയ കുടുംബവുമായി ബന്ധപ്പെടാറുണ്ടെന്നും അവരെ രാജസ്ഥാൻ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ, കശ്മീർ, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് പൊതുവായ കാഴ്ചപ്പാടാണുള്ളതെന്നും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും അതിർത്തി നിവാസികൾ രാജ്യവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. "മുമ്പ് മുൻഗണനയിൽ അവസാനമായിരുന്നവർ ഇപ്പോൾ ഒന്നാമതാണ്," ശ്രീ മോദി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള മൈ ഭാരത് വോളന്റിയർ കുമാരി ഭവ്യ ശ്രീ പഠനത്തിനപ്പുറം കാര്യങ്ങൾ മനസ്സിലാക്കാനുള്ള തൻ്റെ ആഗ്രഹമാണ് തന്നെ മൈ ഭാരതിലേക്കും ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുള്ള ഹർസിൽ വാലിയിലേക്കും എത്തിച്ചതെന്ന് പറഞ്ഞു. അപരിചിതമായ കാലാവസ്ഥ, ഭക്ഷണം, സംസ്‌കാരം, ജീവിതരീതി എന്നിവയെക്കുറിച്ചുള്ള തൻ്റെ തുടക്കത്തിലെ ആശങ്കകൾ പ്രാദേശിക നിവാസികളുടെയും ഉദ്യോഗസ്ഥരുടെയും ആതിഥ്യമര്യാദയാൽ ഇല്ലാതായി; ഇൻഡോ-തിബറ്റൻ ബോർഡർ പോലീസിലെ (ITBP) ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങൾ അവരുടെ അച്ചടക്കം, വിനയം, സമർപ്പണം, രാജ്യത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയോടുള്ള ബഹുമാനം വർധിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമുള്ള പങ്കാളികൾ അപരിചിതരായി എത്തി 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ട് ഒറ്റ കുടുംബമായി മടങ്ങിയതായി അവർ പറഞ്ഞു. നെലാങ്, ജാദുങ് താഴ്‌വരകളുടെയും ആപ്പിൾ തോട്ടങ്ങളുടെയും ചിത്രങ്ങൾ തൻ്റെ സുഹൃത്തുക്കൾക്കിടയിൽ വലിയ താല്പര്യമുണ്ടാക്കുകയും അവരിൽ പലരും പിന്നീട് മൈ ഭാരതിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പങ്കാളികൾക്ക് നൽകിയ ഉപകരണങ്ങൾ, ദുരിതങ്ങൾക്കിടയിലും മണ്ണിടിച്ചിൽ ബാധിത സ്വന്തം ഗ്രാമത്തിൽ തന്നെ തുടരാൻ തീരുമാനിച്ച ഒരു നിവാസിയുടെ നിശ്ചയദാർഢ്യം, തൻ്റെ സ്വന്തം സംസ്ഥാനത്തെ ഊർജ്ജസ്വലമായ പ്രാദേശിക നൃത്തങ്ങൾക്ക് വിപരീതമായി ഗഢ്‍വാലി നൃത്തത്തിന്റെ ശാന്തവും ധ്യാനാത്മകവുമായ സ്വഭാവം എന്നിവയും അവർ അനുസ്മരിച്ചു.
ഉത്തരാഖണ്ഡിലെ മുഖ്‌വ ഗ്രാമ സന്ദർശനം അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിന് പ്രഥമസ്ഥാനം നൽകുന്നുവെന്ന തൻ്റെ വിശ്വാസത്തെ ഈ ആശയവിനിമയം വീണ്ടും ഉറപ്പിച്ചതായിപറഞ്ഞു. "നിങ്ങളെല്ലാവരും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവം ഉൾക്കൊണ്ട് ജീവിച്ച രീതി കൂടുതൽ യുവാക്കൾക്ക് പ്രചോദനമാകും," ശ്രീ മോദി നിരീക്ഷിച്ചു.
കോടിക്കണക്കിന് യുവാക്കൾക്ക് രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ അവസരമൊരുക്കുന്ന 'മൈ ഭാരത്' എന്ന വേദി വിഭാവനം ചെയ്തതിന് ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള 21 വയസുകാരിയായ മൈ ഭാരത് വോളന്റിയർ കുമാരി സായന്തിക മിസ്‌ത്രി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 17,000 അടി ഉയരത്തിലുള്ള ലഡാക്കിലെ മാൻ ഗ്രാമത്തിലേക്കുള്ള തന്റെ യാത്ര അനുസ്മരിച്ചുകൊണ്ട്, തനിക്ക് കഠിനമായ അക്യൂട്ട് മൗണ്ടൻ സിക്നസ് ബാധിച്ചതും മൈ ഭാരത് ടീമും ITBP ഉദ്യോഗസ്ഥരും നൽകിയ പരിചരണവും അവർ വിവരിച്ചു. സ്വന്തം സേനാംഗങ്ങളെ ശുശ്രൂഷിക്കുന്നതിന് മുമ്പ്, തന്നെ അതിഥിയായി കണ്ട് ചികിത്സിക്കാൻ മുൻഗണന നൽകിയ ഡോക്ടർമാരുടെ സേവനവും അവർ എടുത്തുപറഞ്ഞു. ITBP ഉദ്യോഗസ്ഥർ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, പൗരന്മാരെ ആഴത്തിൽ പരിചരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഈ അനുഭവം കാണിച്ചുതന്നതായി പറഞ്ഞ അവർ, ഉയരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കാനാവശ്യമായ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. മോശം കണക്റ്റിവിറ്റിയായിരിക്കും എന്ന കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അതിർത്തി മേഖലയിൽ വിശ്വസനീയമായ ഇന്റർനെറ്റ്, ക്യു.ആർ കോഡ്, UPI പേയ്‌മെന്റ് സൗകര്യങ്ങൾ, വൈഫൈ എന്നിവ അവർ തിരിച്ചറിഞ്ഞു. തദ്ദേശീയരായ കുട്ടികളുമായി അവർ സംവദിക്കുകയും ചെയ്തു; അവരിൽ ഒരു കുട്ടി ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാനുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ, തകരാറിലായ മൊബൈൽ ടവർ പുനഃസ്ഥാപിക്കുകയും അതിലെ ബാറ്ററികൾക്കായി ഒരു സംഭരണ കേന്ദ്രം നിർമ്മിക്കുകയും ചെയ്തതിലൂടെയും വിവാഹങ്ങളും മൊണാസ്ട്രി ചടങ്ങുകളും ഗ്രാമവാസികൾ കൂട്ടായി സംഘടിപ്പിച്ചതിലൂടെയും പ്രകടമായ കൂട്ടായ്മയുടെ മനോഭാവവും അവർ ചൂണ്ടിക്കാണിച്ചു.
രാജ്യത്തിന്റെ വിശാലതയും ജനങ്ങളെയും പരസ്പരമുള്ള ഐക്യബോധത്തെയും മറ്റുള്ളവർക്ക് കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതിനായി ലേഖനങ്ങളിലൂടെയോ പുസ്തകത്തിലൂടെയോ തന്റെ അനുഭവം രേഖപ്പെടുത്താൻ കുമാരി മിസ്‌ത്രിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, "നിങ്ങൾ സന്തോഷം പങ്കുവെക്കുമ്പോൾ അത് ഇരട്ടിക്കുന്നു," എന്ന് ശ്രീ മോദി നിരീക്ഷിച്ചു.
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉത്തർപ്രദേശിലെ ജോവാൻപൂർ ജില്ലയിൽ നിന്നുള്ള മൈ ഭാരത് വോളന്റിയർ ശ്രീ ആശിഷ് സോണി ബജറ്റ് നിർമ്മാണ വേളയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ യുവാക്കൾക്ക് അവസരമൊരുക്കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വിദൂര മേഖലകളിൽ മൊബൈൽ കണക്റ്റിവിറ്റി ബുദ്ധിമുട്ടായിരുന്ന ഒരു കാലം ഓർക്കുന്ന തന്റെ മാതാപിതാക്കൾ, ഏകദേശം 14,000 അടി ഉയരത്തിൽ നിന്ന് താൻ വീഡിയോ കോൾ ചെയ്തപ്പോൾ അത്ഭുതപ്പെട്ടതായി ഹിമാചൽ പ്രദേശിലെ സ്പിതി മേഖലയിലുള്ള കാസ ഖാസ് സന്ദർശിച്ച അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു തലമുറയ്ക്കും മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മറ്റൊരു തലമുറയ്ക്കും ഇടയിലുള്ള പാലമായി മൈ ഭാരതിനെ വിശേഷിപ്പിച്ച അദ്ദേഹം, ഹിക്കിമിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസിൽ നിന്ന് പ്രധാനമന്ത്രിയ്ക്കും സ്വന്തം കുടുംബത്തിനും യുവജന മന്ത്രാലയത്തിനും പ്രതിരോധ മന്ത്രിയ്ക്കും തന്റെ ജില്ലാ മജിസ്ട്രേറ്റിനും കത്തുകൾ എഴുതിയത് അനുസ്മരിച്ചു. മെട്രോകൾ വഴിയും വിമാനത്താവളങ്ങൾ വഴിയും മാത്രമല്ല, ഏറ്റവും വിദൂര മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾ വഴിയുമാണ് ഇന്ത്യ ബന്ധപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഏകദേശം 14,500 അടി ഉയരത്തിലെ ക്യു.ആർ കോഡ് പേയ്‌മെന്റുകൾ ഡിജിറ്റൽ ഇന്ത്യ രാജ്യത്തുടനീളം വിശ്വാസത്തിന്റെ ഉറവിടമായി മാറിയെന്നതിന്റെ തെളിവാണെന്ന് എടുത്തുപറഞ്ഞു. വനിതാ സ്വയംസഹായ സംഘങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയങ്ങൾ ഹോംസ്റ്റേകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സീ ബക്തോൺ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയിലൂടെയുള്ള സംരംഭകത്വത്തെക്കുറിച്ച് പരിചയപ്പെടുത്തിയപ്പോൾ പി.എം മുദ്ര യോജന, ദീൻദയാൽ അന്ത്യോദയ യോജന എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉപജീവന അവസരങ്ങൾ വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മേഖലയിലെ രാത്രിക്കാല ടൂറിസത്തിന്റെ സാധ്യതകൾ ചൂണ്ടിക്കാണിച്ചതോടൊപ്പം, കണക്റ്റിവിറ്റി, ടൂറിസം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) നിർമ്മിച്ച ചിചാം പാലത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
സാങ്കേതികവിദ്യ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേർന്നിട്ടുണ്ടെന്നും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തൊഴിൽ സൃഷ്ടിക്കുകയും ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും തനത് ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളം എത്തിക്കുകയും ചെയ്യുമെന്നും നിരീക്ഷിച്ചുകൊണ്ട്, "നിങ്ങൾ എവിടെ യാത്ര ചെയ്താലും നിങ്ങളുടെ യാത്രാ ബജറ്റിന്റെ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും പ്രാദേശിക ജനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കുക," എന്ന് ശ്രീ മോദി അഭ്യർത്ഥിച്ചു.
ആശയവിനിമയം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി യുവ പങ്കാളികൾക്ക് തന്റെ എല്ലാവിധ ആശംസകളും നേർന്നു. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിലെ മാറ്റങ്ങൾ നേരിട്ട് അനുഭവിക്കാനും കാലഹരണപ്പെട്ട മുൻധാരണകൾ ഇല്ലാതാക്കാനും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം, വികസന പുരോഗതി, ജനപങ്കാളിത്തം, 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവം എന്നിവയെക്കുറിച്ചുള്ള അവരുടെ ധാരണ ആഴത്തിലാക്കാനും യുവാക്കളെ പ്രാപ്തരാക്കുന്നതിൽ മൈ ഭാരതിന്റെ പങ്ക് ഈ പരിപാടി എടുത്തുകാണിച്ചു.
***
NK
(रिलीज़ आईडी: 2289785)
आगंतुक पटल : 6