രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

റൊമാനിയയിലെ ഇന്ത്യൻ സമൂഹത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്തു

प्रविष्टि तिथि: 25 JUL 2026 7:07PM by PIB Thiruvananthpuram
റൊമാനിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ സമാപനദിനമായ 2026 ജൂലൈ 25-ന്, ബുക്കാറെസ്റ്റിലെ ഇന്ത്യൻ അംബാസഡർ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളേയും 'ഫ്രണ്ട്സ് ഓഫ് ഇന്ത്യ' പ്രതിനിധികളേയും അഭിസംബോധന ചെയ്തു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ, പാർലമെൻ്റ്  അംഗങ്ങളായ ഡോ. ദിനേശ് ശർമ്മ, ശ്രീ വിജയ് ബാഗേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

റൊമാനിയയിൽ വസിക്കുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ആവേശഭരിതമായ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയിൽനിന്ന് വളരെ അകലെയാണ് ജീവിക്കുന്നതെങ്കിലും മാതൃഭൂമിയുമായുള്ള അവരുടെ ബന്ധം വളരെ ആഴത്തിലുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ നേട്ടങ്ങളും ഇന്ത്യയോടുള്ള സ്നേഹവും ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നതാണ്. ഇന്ത്യൻ കമ്പനികളും ഇന്ത്യൻ പ്രൊഫഷണലുകളും റൊമാനിയയുടെ വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്നതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീമതി മുർമു ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധമാണ് ഇന്ത്യ-റൊമാനിയ ബന്ധത്തിൻ്റെ ഏറ്റവും ശക്തമായ സ്തംഭമെന്ന് രാഷ്ട്രപതി പറഞ്ഞു. റൊമാനിയയിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സജീവമായി നിലനിർത്തിക്കൊണ്ട് ഇന്ത്യൻ പ്രവാസി സമൂഹം ഐക്യത്തോടെ തുടരുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ പുതിയ തലമുറയിൽപ്പെട്ട ഇന്ത്യൻ ഐ.ടി എഞ്ചിനീയർമാർ, പണ്ഡിതന്മാർ, ഗവേഷകർ, ആരോഗ്യരംഗത്തെ വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർ ഇപ്പോൾ റൊമാനിയയെ തങ്ങളുടെ ഭവനമായി സ്വീകരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

റൊമാനിയയുടെ സമ്പദ്‌ വ്യവസ്ഥയ്ക്കും സമൂഹത്തിനും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളും റൊമാനിയയിൽ ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അവരെ ഇന്ത്യയുടെ യഥാർത്ഥ പ്രതിനിധികളാക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. കഠിനാധ്വാനം, കഴിവ്, സമർപ്പണം എന്നിവയിലൂടെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തെ സ്വാഗതം ചെയ്യുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത റൊമാനിയൻ ഗവണ്മെൻ്റിനെയും ജനങ്ങളേയും ശ്രീമതി മുർമു അഭിനന്ദിച്ചു.

സമൃദ്ധവും ആധുനികവും സ്വയംപര്യാപ്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് 'വികസിത ഇന്ത്യ 2047' എന്ന കാഴ്ചപ്പാടിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ വികസനയാത്രയിൽ സജീവ പങ്കാളികളായി തുടരാൻ റൊമാനിയയിലെ ഇന്ത്യൻ സമൂഹത്തോട് അവർ ആഹ്വാനം ചെയ്തു. അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും നേട്ടങ്ങളും നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്ക് വലിയ സംഭാവന നൽകുമെന്നും രാഷ്‌ട്രപതി അടിവരയിട്ടു പറഞ്ഞു.

സ്വീകരണ ചടങ്ങിൽ പങ്കെടുത്ത റൊമാനിയയിലെ ‘ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ പ്രതിനിധികളെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യൻ കലയോടും സംസ്കാരത്തോടുമുള്ള അവരുടെ സ്നേഹവും ഇന്ത്യയുമായുള്ള ആത്മീയ ബന്ധവും നമ്മുടെ ജനങ്ങളെ പരസ്പരം അടുപ്പിക്കുന്ന പ്രധാന കണ്ണിയായി വർത്തിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇന്ത്യയും റൊമാനിയയും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ അവർ നൽകിവരുന്ന തുടർച്ചയായ പിന്തുണയെ രാഷ്ട്രപതി അഭിനന്ദിച്ചു.

ത്രിരാഷ്ട്ര സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, രാഷ്ട്രപതി ന്യൂഡൽഹിയിലേക്ക് തിരിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 
 
 
****

(रिलीज़ आईडी: 2289488) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu