ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്വർണ്ണക്കടത്തിനെതിരെ നടപടി ശക്തമാക്കി ഡിആർഐ; രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 27 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തു; 12 പേർ അറസ്റ്റിൽ

प्रविष्टि तिथि: 25 JUL 2026 4:01PM by PIB Thiruvananthpuram

സംഘടിത സ്വർണ്ണക്കടത്ത് സംഘങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) നടപടികൾ ശക്തമാക്കി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി നടത്തിയ തുടർച്ചയായ പരിശോധനകളിൽ 27 കിലോഗ്രാമിലധികം  സ്വർണ്ണം പിടിച്ചെടുത്തു, 12 പേരെ അറസ്റ്റ് ചെയ്തു. വിമാനങ്ങളിലെ ശൗചാലയങ്ങൾ, വാഹനങ്ങളിലും പാത്രങ്ങളിലും പ്രത്യേകം തയാറാക്കിയ അറകൾ, ശരീരത്തില്‍ ഒളിപ്പിക്കൽ തുടങ്ങി കടത്തുകാർ ഉപയോഗിച്ച പുതിയ സ്വര്‍ണ്ണക്കടത്ത് രീതികളാണ് പരിശോധനയിലൂടെ പുറത്തുകൊണ്ടുവന്നത്.

 

മുംബൈയിൽ ലഭിച്ച കൃത്യമായ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 23, 24 തീയതികളിൽ അഡിസ് അബാബയിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരെ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞു. വിമാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ പിൻവശത്തെ ശൗചാലയത്തിൻ്റെ സീലിങ് പാനലുകൾക്കകത്ത് ഒളിപ്പിച്ച നിലയിൽ 12 കിലോഗ്രാം തൂക്കം വരുന്ന 6 വിദേശ നിർമ്മിത സ്വർണക്കട്ടികൾ കണ്ടെടുത്തു. വിമാനത്താവള ജീവനക്കാർക്ക് പിന്നീട് എടുത്തുമാറ്റാൻ പാകത്തിലാണ് യാത്രക്കാർ ഇത് ഒളിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്വർണ്ണം കണ്ടുകെട്ടി, മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തു.

 

 

ജൂലൈ 23-ന് ഉത്തർപ്രദേശിൽ ബ്രഹ്മപുത്ര എക്‌സ്പ്രസിൽ സഞ്ചരിക്കുകയായിരുന്ന വനിതാ യാത്രക്കാരിയിൽ നിന്ന് 5 കിലോഗ്രാം തൂക്കം വരുന്ന 42 വിദേശ സ്വർണ്ണക്കട്ടികൾ ഡിആർഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അരപ്പട്ടയിലും ഹാൻഡ് ബാഗിലുമായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ബംഗ്ലാദേശ് വഴിയാണ് സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തിയതെന്ന് യാത്രക്കാരി സമ്മതിച്ചു. തുടർന്ന് സ്വർണ്ണം കണ്ടുകെട്ടി ഇവരെ അറസ്റ്റ് ചെയ്തു.

 

 

ജൂലൈ 22, 23 തീയതികളിൽ മുംബൈ വിമാനത്താവളത്തിലെ മറ്റൊരു പരിശോധനയിൽ വിമാനത്തിലെ ശൗചാലയങ്ങൾ കേന്ദ്രീകരിച്ച് മെഴുകുരൂപത്തിലുള്ള സ്വർണ്ണപ്പൊടി കടത്തുന്ന സംഘത്തെ ഡിആർഐ പിടികൂടി. വിമാനത്തിലെ ശുചീകരണ ജീവനക്കാരുടെ സഹായത്തോടെയാണ് ഇത് പുറത്തെത്തിച്ചിരുന്നത്. പരിശോധനയിൽ 3.7 കിലോഗ്രാം സ്വർണ്ണപ്പൊടി പിടിച്ചെടുക്കുകയും കടത്തുകാരൻ, ശുചീകരണ ജീവനക്കാർ, ഏജൻ്റ്, സ്വർണ്ണം സ്വീകരിക്കാനെത്തിയ ആൾ എന്നിവരടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

ജൂലൈ 19, 20 തീയതികളിൽ കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ  ഒരു യാത്രക്കാരനിൽ നിന്ന് 4.6 കിലോഗ്രാം വിദേശ സ്വർണ്ണം ഡിആർഐ പിടിച്ചെടുത്തു. പ്രത്യേകം തയാറാക്കിയ പാത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. മ്യാൻമർ വഴിയാണ് ഇത് ഇന്ത്യയിലേക്ക് കടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്വർണ്ണം പിടിച്ചെടുത്ത് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

 

 

 

ഇതിന് പുറമെ, കഴിഞ്ഞ ആഴ്ച കൊച്ചിയിലും ഗുവാഹത്തിയിലുമായി  രണ്ട് വ്യത്യസ്ത പരിശോധനകളിൽ ഏകദേശം 2 കിലോഗ്രാം വിദേശ സ്വർണ്ണം ഡിആർഐ പിടികൂടി. കൊച്ചി വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരൻ്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഗുവാഹത്തിയിൽ കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണക്കട്ടികൾ കണ്ടെടുത്തത്. ഈ സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

 
 
****
 

(रिलीज़ आईडी: 2289438) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Marathi , हिन्दी , Tamil , Telugu