രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസ് രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

प्रविष्टि तिथि: 24 JUL 2026 11:01PM by PIB Thiruvananthpuram

ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസ്, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. റൊമാനിയയിലെ ബുക്കാറസ്റ്റിൽ 2026 ജൂലൈ 24ന് നടന്ന ചടങ്ങിലാണ് പുരസ്കാരം നൽകിയത്.

 

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് സ്റ്റഡീസിൻ്റെ റെക്ടർ, സെനറ്റ്, സർവ്വകലാശാലാ സമൂഹം എന്നിവർക്ക് ഈ അംഗീകാരം നൽകിയതിന് രാഷ്‌ട്രപതി നന്ദി അറിയിച്ചു. ഇന്ത്യയിലെയും റൊമാനിയയിലെയും ജനങ്ങൾ തമ്മിൽ നിലനിൽക്കുന്ന സൗഹൃദത്തിൻ്റെ പ്രതിഫലനമായാണ് താൻ ഈ ബഹുമതിയെ സ്വീകരിക്കുന്നതെന്ന് അവർ പറഞ്ഞു.

 

തൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ ശക്തി വിദ്യാഭ്യാസമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു അധ്യാപികയായി പ്രവർത്തിക്കാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും, എത്ര ചെറിയ ഒരു ക്ലാസ് മുറിക്കും ഒരു കുടുംബത്തിൻ്റെ ഭാവിയെയും കാലക്രമേണ ഒരു മുഴുവൻ സമൂഹത്തിൻ്റെ ഭാവിയെയും മാറ്റാൻ എങ്ങനെ കഴിയുമെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വിദ്യാഭ്യാസം വ്യക്തിഗത പുരോഗതിക്കുള്ള മാർഗ്ഗം മാത്രമല്ല, നീതിയുക്തവും സമഗ്രവുമായ ഒരു സമൂഹത്തിൻ്റെ അടിത്തറയാണെന്നും അവർ എടുത്തുപറഞ്ഞു.

 

ഇന്ത്യയും റൊമാനിയയും തമ്മിലുള്ള സൗഹൃദം പരസ്പര ബഹുമാനം, വിശ്വാസം, പൊതുവായ ജനാധിപത്യ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ പങ്കാളിത്തത്തിൻ്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നാണ് വിദ്യാഭ്യാസം. പതിറ്റാണ്ടുകളായി, റൊമാനിയൻ സർവ്വകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികളെ, പ്രത്യേകിച്ച് മെഡിസിൻ, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സ്വാഗതം ചെയ്തിട്ടുണ്ട്. സംയുക്ത ഗവേഷണങ്ങളിലൂടെയും ഫാക്കൽറ്റി-വിദ്യാർത്ഥി വിനിമയങ്ങളിലൂടെയും സഹകരണം ശക്തമാക്കാൻ ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് സ്റ്റഡീസിനോടും മറ്റ് റൊമാനിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അവർ അഭ്യർത്ഥിച്ചു.

 

നിർമ്മിത ബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, മറ്റ് ദ്രുതഗതിയിലുള്ള ശാസ്ത്രീയ മുന്നേറ്റങ്ങൾ എന്നിവയാൽ ലോകം പുനർനിർമ്മിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, അറിവിനെ നയിക്കുന്നത് ധാർമ്മികതയും അനുകമ്പയുമാണെന്ന് ഉറപ്പാക്കാൻ ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസ് പോലുള്ള സർവ്വകലാശാലകൾക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

 

വിദ്യാർത്ഥികളാണ് നാളത്തെ ലോകത്തിൻ്റെ ശില്പികളെന്ന് രാഷ്ട്രപതി അവരോട് പറഞ്ഞു. തൊഴിൽപരമായ നേട്ടങ്ങളാൽ മാത്രമല്ല, ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ശുഭകരമായ മാറ്റങ്ങളിലൂടെയുമാണ് യുവാക്കളുടെ വിജയം അളക്കപ്പെടുന്നത്. അറിവ് നേടുന്നതിൽ എപ്പോഴും ജിജ്ഞാസയുള്ളവരാകാനും, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ളവരാകാനും, പ്രവൃത്തികളിൽ കരുണയുള്ളവരാകാനും രാഷ്‌ട്രപതി ഉപദേശിച്ചു. സംസ്കാരങ്ങൾ തമ്മിൽ ബന്ധം പണിയുന്നതിനും കൂടുതൽ സമാധാനപരവും സമൃദ്ധവുമായ ഒരു ലോകത്തിന് സംഭാവന നൽകുന്നതിനും സ്വന്തം കഴിവുകൾ ഉപയോഗിക്കാൻ അവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

 

ഇക്കണോമിക്സ്, ബിസിനസ്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള റൊമാനിയയിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസ്. 1913-ൽ സ്ഥാപിതമായ ഇത്, സാമ്പത്തിക ശാസ്ത്രത്തിനായി മാത്രമായുള്ള റൊമാനിയയിലെ ആദ്യത്തെ സർവകലാശാലയായിരുന്നു. അന്നുമുതൽ നിരവധി തലമുറകളിലെ സാമ്പത്തിക വിദഗ്ധർ, നയരൂപകർത്താക്കൾ, ബിസിനസ്സ് നേതാക്കൾ, പബ്ലിക് അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ ഇവിടെനിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. അക്കാദമിക്, പൊതുസേവനം, അന്താരാഷ്ട്ര സഹകരണം എന്നിവയിലെ മികച്ച സംഭാവനകൾക്ക് വിശിഷ്ട വ്യക്തികൾക്ക് നൽകുന്ന സർവകലാശാലയുടെ ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതിയാണ് ഡോക്ടർ ഹോണറിസ് കോസ.

 

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

****


(रिलीज़ आईडी: 2289298) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati