മന്ത്രിസഭ
രാസവസ്തു പാർക്കുകൾക്കായുള്ള ‘ഭാരത് ഔദ്യോഗിക് വികാസ് യോജന രസായന്’ (ഭവ്യ രസായൻ) കേന്ദ്രമന്ത്രിസഭാംഗീകാരം
प्रविष्टि तिथि:
24 JUL 2026 4:11PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം രാസവസ്തുക്കൾക്കായി മൂന്നു പ്രത്യേക പാർക്കുകൾ രാജ്യത്തു സ്ഥാപിക്കുന്നതിനുള്ള ‘ഭാരത് ഔദ്യോഗിക് വികാസ് യോജന രസായന്’ (ഭവ്യ രസായൻ) അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്രബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഈ പദ്ധതിയുടെ ആകെ സാമ്പത്തികച്ചെലവ് 3,030 കോടി രൂപയാണ്. ഇതിൽ 3,000 കോടി രൂപ പാർക്കിനുള്ളിലെ പൊതു അടിസ്ഥാനസൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും സ്ഥാപിക്കുന്നതിനുള്ള ചെലവുകൾക്കായും 30 കോടി രൂപ ഭരണനിർവഹണ ചെലവുകൾക്കായും വിനിയോഗിക്കും. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ 5 വർഷക്കാലയളവിലേക്കാണു പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിവ്യവസ്ഥകൾ അനുസരിച്ച്, ഒരു പാർക്കിന് 1,000 കോടി രൂപ വരെ കേന്ദ്ര ധനസഹായം നൽകും. ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റിന്റെ കുറഞ്ഞത് 500 കോടി രൂപയുടെ വിഹിതത്തിനു വിധേയമായിട്ടാകും ഇത്.
ഭവ്യ രസായൻ പദ്ധതി സമ്പദ്‌വ്യവസ്ഥയ്ക്ക് ഇനിപ്പറയുന്ന നേട്ടങ്ങൾ നൽകുമെന്നു പ്രതീക്ഷിക്കുന്നു:
* അപ്‌സ്ട്രീം, ഡൗൺസ്ട്രീം, അനുബന്ധ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള സമ്പൂർണ മൂല്യശൃംഖലയിലുടനീളം രാസവ്യവസായ വികസനത്തെ ഇതു പ്രോത്സാഹിപ്പിക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും ഇതു വഴിയൊരുക്കും.
* രാസവ്യവസായത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത്, പൊതു അടിസ്ഥാനസൗകര്യങ്ങളിലൂടെയും അടിസ്ഥാന സേവനങ്ങളിലൂടെയും ഇത് ഉൽപ്പാദനച്ചെലവിലെ മത്സരക്ഷമത വർധിപ്പിക്കുകയും ഇന്ത്യൻ വ്യവസായത്തെ ആഗോളതലത്തിൽ മത്സരശേഷിയുള്ളതാക്കി മാറ്റുകയും ചെയ്യും.
* ആഗോള മൂല്യശൃംഖലയിൽ മികച്ച രീതിയിലെ ഏകോപനത്തിന് ഇന്ത്യൻ രാസവ്യവസായത്തെ ഇതു സഹായിക്കും. ഇത് ഉയർന്ന കയറ്റുമതിയിലേക്കും കൂടുതൽ ഇറക്കുമതി ബദലുകളിലേക്കും നയിക്കും.
* പൊതു മാലിന്യ സംസ്കരണ പ്ലാന്റ്, സംസ്കരണം, സംഭരണ-നിർമാർജന സൗകര്യം, അപകടകരമായ മാലിന്യങ്ങൾക്കായുള്ള സംസ്കരണ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ കേന്ദ്രീകൃത സൗകര്യങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ഇത് ഇന്ത്യൻ രാസവ്യവസായത്തിന്റെ വികസനത്തെ സുസ്ഥിരമായ രീതിയിൽ പ്രോത്സാഹിപ്പിക്കും. ഇതു പരിസ്ഥിതി നിയമങ്ങൾ മെച്ചപ്പെട്ട രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, അതുവഴി പരിസ്ഥിതിസൗഹൃദപരമായ രീതിയിൽ വ്യവസായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
* രാസമേഖലയുടെ വികസനം സമ്പദ്‌വ്യവസ്ഥയുടെ ഡൗൺസ്ട്രീം മേഖലകളുടെ വിപുലമായ വികസനത്തിലൂടെ തുടർച്ചയായ പുരോഗതിയിലേക്കു നയിക്കും. ഇത് ഉയർന്ന തൊഴിലവസരസൃഷ്ടിക്കും സമ്പദ്‌വ്യവസ്ഥയുടെ മികച്ച വികസനത്തിനും വഴിതുറക്കുകയും ‘വികസിത ഇന്ത്യ @ 2047’ എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.
കൃഷി, വസ്ത്രവ്യാപാരം, ഔഷധനിർമാണം, ന്യൂട്രാസ്യൂട്ടിക്കൽസ്, നിർമാണം, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ഡൗൺസ്ട്രീം വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളും പെട്രോകെമിക്കലുകളും ഉൽപ്പാദിപ്പിക്കുന്ന മേഖലയാണിതെന്ന തിരിച്ചറിവോടെ, ‘ഭവ്യ രസായൻ’ പദ്ധതി നടപ്പാക്കുന്നത് ആഭ്യന്തര-വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും. ഇത്, മേഖലയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുകയും അതുവഴി സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പ്രസ്തുത പദ്ധതിവ്യവസ്ഥകൾ പ്രകാരം, ‘ചലഞ്ച് റൂട്ട്’ വഴി സംസ്ഥാന ഗവണ്മെന്റുകൾ വികസിപ്പിക്കുന്ന മൂന്നു പ്രത്യേക രാസവസ്തു പാർക്കുകളുടെ നിർമാണത്തിനു കേന്ദ്രം സഹായം നൽകും. അത്തരം ഓരോ പാർക്കിനും കുറഞ്ഞത് 8 ചതുരശ്ര കിലോമീറ്റർ (കുറഞ്ഞത് 2,000 ഏക്കർ) വിസ്തൃതിയുള്ള തടസ്സരഹിതമായ ഭൂമി ഉണ്ടായിരിക്കണം. ഈ പാർക്കുകൾ രാസവ്യവസായത്തിന് ആവശ്യമായ പൊതു അടിസ്ഥാനസൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും ഉൾപ്പെടെയുള്ള ‘പ്ലഗ് ആൻഡ് പ്ലേ’ അടിസ്ഥാനസൗകര്യങ്ങൾ നൽകും. അവ ഇനി പറയുന്നു:
* പൊതു മാലിന്യ സംസ്കരണ പ്ലാന്റ് (CETP)
* സംസ്കരണ-സംഭരണ-നിർമാർജന സൗകര്യം (TSDF)
* ജലവിതരണവും വിതരണ സംവിധാനങ്ങളും
* സോൾവെന്റ് റിക്കവറി, ഡിസ്റ്റിലേഷൻ സൗകര്യങ്ങൾ
* നീരാവി ഉൽപ്പാദന-വിതരണ ശൃംഖല
* പരസ്പരം ബന്ധിപ്പിച്ച പൈപ്പ്‌ലൈൻ ശൃംഖല
* ലോജിസ്റ്റിക്സ്, സംഭരണ സൗകര്യങ്ങൾ
***
NK
(रिलीज़ आईडी: 2288912)
आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada