രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കര-നാവിക-വ്യോമ സേനകളുടെ ആദ്യ വനിതാ ഭൂപ്രദക്ഷിണ കപ്പലോട്ട ദൗത്യത്തിന് സമാപനം; രാജ്യരക്ഷാ മന്ത്രി ഫ്‌ലാഗ്-ഇന്‍ നിര്‍വഹിച്ചു

നാല് മഹാസമുദ്രങ്ങളിലൂടെ 25,500 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് 314 ദിവസം നീണ്ട വിജയകരമായ ദൗത്യം പൂര്‍ത്തീകരിച്ച് ഒമ്പത് വനിതാ ഓഫീസര്‍മാര്‍

प्रविष्टि तिथि: 22 JUL 2026 4:23PM by PIB Thiruvananthpuram

കര-നാവിക-വ്യോമ സേനകളുടെ ആദ്യ വനിതാ ഭൂപ്രദക്ഷിണ കപ്പലോട്ട ദൗത്യമായ 'സമുദ്ര പ്രദക്ഷിണ'യുടെ ഫ്‌ലാഗ്ഇന്‍  2026 ജൂലൈ 22ന്  രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ് സിങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇന്ത്യന്‍ സേനയുടെ സമുദ്ര പര്യവേക്ഷണ കപ്പല്‍ (IASV)  'ത്രിവേണി'യില്‍ നാല് മഹാസമുദ്രങ്ങളിലൂടെ ഏകദേശം 25,500 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിച്ച് 314 ദിവസം നീണ്ട സമുദ്ര പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാണ്  മൂന്ന് സേനകളിലെ  ഒന്‍പത് വനിതാ ഉദ്യോഗസ്ഥര്‍ മുംബൈയില്‍ തിരിച്ചെത്തിയത്. 2025 സെപ്റ്റംബര്‍ 11ന് ശ്രീ രാജ്‌നാഥ് സിംഗ് മുംബൈയില്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദൗത്യത്തിന്റെ ഫ്‌ലാഗ്-ഓഫ് നിര്‍വഹിച്ചിരുന്നത്.

 



 

ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം ഇന്ത്യയുടെ 'നാരീ ശക്തി'യുടെ തെളിവാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാജ്യരക്ഷാമന്ത്രി  വിശേഷിപ്പിച്ചു. രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായ നേട്ടം മൂന്ന് സേനകളുടെ സംയോജനവും കൂട്ടായ്മയും നല്‍കുന്ന ഫലപ്രാപ്തിയുടെ തെളിവാണെന്നും വെല്ലുവിളികളെ അതിജീവിച്ച് ചരിത്രം കുറിക്കുന്ന 'നവഭാരതത്തിന്റെ' ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.



സൂക്ഷ്മമായ ആസൂത്രണവും ഏകദേശം രണ്ടു വര്‍ഷത്തെ തീവ്ര പരിശീലനവും  24 മണിക്കൂറും പ്രവര്‍ത്തിച്ച തീരമേഖലാ പിന്തുണയും നിരവധി സംഘടനകളുടെയും സഹായ ഏജന്‍സികളുടെയും അചഞ്ചലമായ പ്രതിബദ്ധതയുമാണ്  ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്.  എല്ലാ രേഖാംശ രേഖകളും മുറിച്ചുകടക്കുക, ഭൂമധ്യരേഖ രണ്ടുതവണ  മുറിച്ചുകടക്കുക, ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ മുറിച്ചുകടക്കുക, കേപ് ലീവിന്‍, കേപ് ഹോണ്‍, കേപ് ഓഫ് ഗുഡ് ഹോപ്പ് എന്നീ മൂന്ന് മഹാമുനമ്പുകളും ചുറ്റുക തുടങ്ങി ഭൂപ്രദക്ഷിണ കപ്പലോട്ടത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ഈ ദൗത്യത്തിലൂടെ വിജയകരമായി കൈവരിച്ചു.

 



ദുര്‍ഘടമായ ഡ്രേക്ക് പാസേജിലൂടെയുള്ള യാത്രയും കേപ് ഹോണ്‍ ചുറ്റിയതും കേപ് ഹോണേഴ്‌സ്  എന്ന അഭിമാനകരമായ കൂട്ടായ്മയിലെ അംഗത്വം ദൗത്യാംഗങ്ങള്‍ക്ക് നേടിക്കൊടുത്തു. ലോകത്തിലെ അതിദുര്‍ഘട സമുദ്രപാതകളിലൊന്ന് കീഴടക്കുന്ന നാവികര്‍ക്ക് മാത്രം ലഭിക്കുന്ന അപൂര്‍വ ബഹുമതിയാണിത്. മനുഷ്യരുടെ ധൈര്യം കൊടുങ്കാറ്റിനേക്കാളും വലുതാണെന്ന്  ദൗത്യം തെളിയിച്ചതായി IASV ത്രിവേണിയിലെ നാവികരുടെ ധൈര്യത്തെയും മനോവീര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ച ശ്രീ. രാജ്‌നാഥ് സിംഗ്  പറഞ്ഞു.  സമുദ്രത്തില്‍ തിരകള്‍ എത്ര ഉയര്‍ന്നടിച്ചാലും ഭാരത പുത്രിമാരുടെ മനോവീര്യം അതിനേക്കാള്‍ ഉയരത്തിലാണ്. രാജ്യത്തെ സ്ത്രീകള്‍ ഇന്ന് അവസരങ്ങള്‍ സൃഷ്ടിക്കുകയും മുന്നില്‍ നിന്ന് നയിക്കുകയും ചരിത്രത്താളുകളില്‍ സ്വന്തം പേരുകള്‍ രേഖപ്പെടുത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



കര, നാവിക, വ്യോമസേനകളിലെ ഉദ്യോഗസ്ഥരെ ദൗത്യത്തിനായി ഒന്നിച്ചു കൊണ്ടുവന്ന ഈ സമുദ്ര പര്യവേക്ഷണം  സംയോജിത ആസൂത്രണത്തിന്റെയും തടസ്സമില്ലാത്ത പരസ്പര പ്രവര്‍ത്തനക്ഷമതയുടെയും ഉന്നത നേതൃത്വത്തിന്റെയും കരുത്ത് പ്രകടമാക്കി.  സേനാ സംയോജനം കേവലം സംഘടനാ ആശയമല്ലെന്നും മറിച്ച് പ്രവര്‍ത്തനക്ഷമതയും ദേശീയ ശേഷിയും വര്‍ധിപ്പിക്കുന്ന  പ്രേരകശക്തിയാണെന്നും പത്ത് മാസത്തിലേറെ ഒന്നിച്ച് ജീവിക്കുകയും പരിശീലിക്കുകയും കപ്പലോട്ടം നടത്തുകയും ചെയ്ത സംഘം തെളിയിച്ചു.

 



 

ഒരൊറ്റ പതാകയ്ക്ക് കീഴില്‍ ഒരേയൊരു നിശ്ചയദാര്‍ഢ്യത്തോടെ ഏക ലക്ഷ്യത്തിനായി മൂന്ന് സേനകളിലെയും  വനിതാ ഉദ്യോഗസ്ഥര്‍ ഒന്നിച്ച 'സമുദ്ര പ്രദക്ഷിണ' കേവലം സമുദ്ര ദൗത്യത്തിലുപരി  ഇന്ത്യയുടെ കരുത്ത് അതിന്റെ ഐക്യത്തിലാണെന്ന ആഗോള സന്ദേശം പകര്‍ന്നു നല്‍കിയ പ്രചാരണമായി ഓര്‍മിക്കപ്പെടുമെന്ന് രാജ്യരക്ഷാമന്ത്രി  വ്യക്തമാക്കി.  സംയോജിത പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബഹുതല യുദ്ധമുറകളെക്കുറിച്ചും ലോകം ചര്‍ച്ച ചെയ്യുന്ന  സമയത്ത് കൂട്ടായ്മയുടെ പ്രാധാന്യം തെളിയിച്ചിരിക്കുകയാണ് IASV ത്രിവേണി. ഏകോപനം ശേഷി ഇരട്ടിയാക്കുന്നുവെന്നും മൂന്ന് സേനകളും ഒന്നിച്ച് മുന്നേറുമ്പോള്‍ വിജയം സ്വയം വഴികാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധേയമായ സമുദ്ര നേട്ടത്തിന് പുറമെ സൈനിക നയതന്ത്രത്തിന്റെ സുപ്രധാന ഉപകരണമായും 'സമുദ്ര പ്രദക്ഷിണ' മാറി. ലോകത്തെ വിവിധ തുറമുഖ സന്ദര്‍ശന വേളകളില്‍ സുഹൃദ് രാജ്യങ്ങളുമായി മികച്ച ബന്ധം വളര്‍ത്തിയെടുക്കുന്നതിനൊപ്പം ഇന്ത്യയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകം, സമുദ്ര പാരമ്പര്യം, സൈനിക നിലവാരം, ശാശ്വത മൂല്യങ്ങള്‍ എന്നിവ IASV ത്രിവേണി ഉയര്‍ത്തിക്കാട്ടി. സമുദ്ര പര്യവേക്ഷണം കേവലം കടല്‍യാത്രയിലുപരി ഇന്ത്യയുടെ സഞ്ചരിക്കുന്ന നയതന്ത്ര നൗകയായി മാറിയെന്നും വിവിധ രാജ്യങ്ങളിലെ തുറമുഖ സന്ദര്‍ശനങ്ങള്‍ രാജ്യത്തിന്റെ  സാംസ്‌കാരിക സ്വാധീനത്തിന് കരുത്തേകിയെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സാങ്കേതിക മികവും നൂതനാശയവും ആത്മവിശ്വാസവും  എടുത്തുകാട്ടിയ 50 അടി നീളമുള്ള ഈ തദ്ദേശീയ കപ്പലിനെ  'ആത്മനിര്‍ഭര്‍ ഭാരതിന്റെ' ജീവിക്കുന്ന ഉദാഹരണമായി ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു.  ഇന്ത്യയുടെ എന്‍ജിനീയറിങ് മികവിന്റെയും ആഭ്യന്തര ശേഷിയുടെയും തന്ത്രപരമായ ആത്മവിശ്വാസത്തിന്റെയും തെളിവായി IASV ത്രിവേണി നിലകൊള്ളുന്നവെന്ന് അദ്ദേഹം പറഞ്ഞു.  

 



 

ദക്ഷിണ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് ലെഫ്. ജനറല്‍ രാജേഷ് പുഷ്‌കര്‍, ദക്ഷിണ പശ്ചിമ വ്യോമ കമാന്‍ഡ് എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ പി.വി. ശിവാനന്ദ്, കരസേനാ ഉപമേധാവി  ലെഫ്റ്റനന്റ് ജനറല്‍ വിപുല്‍ സിംഗാള്‍, പശ്ചിമ നാവിക കമാന്‍ഡ്  മേധാവി  വൈസ് അഡ്മിറല്‍ രാഹുല്‍ വിലാസ് ഗോഖലെ, മറ്റ് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, മുന്‍ സൈനികര്‍, നാവികരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നാവികരെ സ്വീകരിക്കാന്‍ മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ ഒത്തുചേര്‍ന്നു.  

 

***


(रिलीज़ आईडी: 2288070) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Telugu , Telugu