രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നോർത്ത് മാസിഡോണിയൻ അസംബ്ലിയെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

प्रविष्टि तिथि: 21 JUL 2026 8:53PM by PIB Thiruvananthpuram

നോർത്ത് മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്യേയിൽ ഇന്ന് (2026 ജൂലൈ 21) നടന്ന ചടങ്ങിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, നോർത്ത് മാസിഡോണിയൻ പ്രസിഡൻ്റ്  ഡോ.ഗോർഡാന സിൽയാനോവ്സ്ക-ദാവ്കോവയുടെ സാന്നിധ്യത്തിൽ മാസിഡോണിയൻ അസംബ്ലിയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു.


 

നോർത്ത് മാസിഡോണിയയെ ഒരു വിദൂര രാജ്യമായല്ല ഇന്ത്യ കാണുന്നതെന്നും മറിച്ച് സുസ്ഥിരവും, ബഹുധ്രുവീയവും, സമൃദ്ധവുമായ ആഗോള ഭാവിയുടെ നിർമ്മാണത്തിലെ ഒരു സുപ്രധാന സ്തംഭമായാണ്  കണക്കാക്കുന്നതെന്നും ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആരംഭിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള  ബന്ധം, ഈ മേഖലയിൽ നിന്നുള്ള യോദ്ധാക്കളുടേയും വ്യാപാരികളുടേയും ചരിത്രപരമായ പര്യവേഷണങ്ങളിലൂടെ വ്യാപാരം, തത്ത്വചിന്ത, കല എന്നിവയ്ക്കുള്ള പ്രധാന വഴികൾ തുറന്നുനൽകുകയും  ആദ്യകാല നാഗരികതകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടി.

ജനാധിപത്യം എന്നത് കേവലമൊരു ഭരണസംവിധാനം മാത്രമല്ലെന്നും അത് ഇന്ത്യയേയും നോർത്ത് മാസിഡോണിയയേയും ഒന്നിപ്പിക്കുന്ന ഒരു പങ്കിട്ട വിശ്വാസപ്രമാണമാണെന്നും രാഷ്ട്രപതി പറഞ്ഞു.  പാർലമെൻ്റുകൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൻ്റെ സംരക്ഷകരും, നിയമങ്ങളുടെ ശില്പികളും, ദേശീയ മനസ്സാക്ഷിയുടെ കണ്ണാടികളുമാണ്. അതുകൊണ്ടുതന്നെ പാർലമെൻ്ററി നയതന്ത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പാർലമെൻ്റ്  അംഗങ്ങൾ തമ്മിലുള്ള ഇടപെടലുകൾ രാഷ്ട്രീയ ചക്രങ്ങൾക്കപ്പുറം  നിലനിൽക്കുന്ന സ്ഥാപനപരമായ വിശ്വാസം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ന്യൂഡൽഹിക്കും സ്കോപ്യെയ്ക്കും ഇടയിൽ സഞ്ചരിക്കാനും പാർലമെൻ്ററി നടപടിക്രമങ്ങളിലും പൊതുനയ രൂപീകരണത്തിലും മികച്ച മാതൃകകൾ പങ്കുവെക്കാനും അവർ യുവ നിയമസഭാംഗങ്ങളോട് ആഹ്വാനം ചെയ്തു.

ഭൗമരാഷ്ട്രീയ- സാമ്പത്തിക ശക്തികേന്ദ്രങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. ഈ പുതിയ സാഹചര്യത്തിൽ, ഇന്ത്യ തെക്കുകിഴക്കൻ യൂറോപ്പിനെ ഒരു അതിർത്തിപ്രദേശമെന്ന നിലയിലല്ല, മറിച്ച് വളർച്ചയുടേയും നൂതനാശയങ്ങളുടേയും ചലനാത്മകമായ ഒരു വേദിയായാണ് കാണുന്നതെന്ന് അവർ വ്യക്തമാക്കി. ഈ പരിവർത്തനത്തിൻ്റെ നിർണ്ണായക കേന്ദ്രസ്ഥാനത്താണ് നോർത്ത് മാസിഡോണിയ സ്ഥിതി ചെയ്യുന്നതെന്ന് ശ്രീമതി മുർമു പറഞ്ഞു. മെഡിറ്ററേനിയനെ മധ്യ യൂറോപ്പുമായും, കിഴക്കിനെ പടിഞ്ഞാറുമായും ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു കവാടമാണിത്. ഉയർന്നുവരുന്ന വ്യാപാര-നിക്ഷേപ സാധ്യതകളിലൂടെ ഉൾപ്പെടെ ഉഭയകക്ഷി സഹകരണത്തിലൂടെയും വിശാലമായ മേഖലയിലുടനീളവും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ  ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. വസുധൈവ കുടുംബകം - ലോകം ഒരു കുടുംബമാണ് എന്ന പൗരാണിക ദർശനത്തിലാണ് ഇന്ത്യയുടെ പുരാതന നാഗരിക തത്ത്വചിന്ത വേരൂന്നിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. സംഘർഷങ്ങളും സാമ്പത്തിക വിഭജനങ്ങളും ആഗോള സാഹചര്യത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ മതിലുകളല്ല, മറിച്ച് പാലങ്ങൾ പണിയാനാണ് ഈ തത്ത്വചിന്ത ആവശ്യപ്പെടുന്നത്. ചരിത്രത്തിൽ അടിയുറച്ചതും നാളെയെക്കുറിച്ചുള്ള  കാഴ്ചപ്പാടാൽ നയിക്കപ്പെടുന്നതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ,  ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്ന പുതിയ പാത ഒരുമിച്ച് രൂപപ്പെടുത്താനും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബംഭാനിയ, പാർലമെൻ്റ്  അംഗങ്ങളായ ഡോ. ദിനേശ് ശർമ്മ, ശ്രീ. വിജയ് ബാഗേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

***


(रिलीज़ आईडी: 2287483) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Gujarati