യുവജനകാര്യ, കായിക മന്ത്രാലയം
'ഹർ ഘർ തിരംഗ' പ്രചാരണത്തിൻ്റെ ഭാഗമായി 'മൈ ഭാരത്' നാഷണൽ ഫ്ലാഗ് ഓഫ് ഇന്ത്യ ക്വിസ് 2026 ആരംഭിച്ചു
प्रविष्टि तिथि:
21 JUL 2026 5:56PM by PIB Thiruvananthpuram
രാജ്യവ്യാപകമായി നടക്കുന്ന 'ഹർ ഘർ തിരംഗ' പ്രചാരണത്തിൻ്റെ യും ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഭാഗമായി, യുവജനകാര്യ വകുപ്പ് 'മൈ ഭാരത്' (MY Bharat) പോർട്ടലിലൂടെ 'നാഷണൽ ഫ്ലാഗ് ഓഫ് ഇന്ത്യ ക്വിസ് 2026' ആരംഭിച്ചു. ക്വിസ് 2026 ഓഗസ്റ്റ് 15 വരെ സജീവമായിരിക്കും . ദേശീയപതാകയെക്കുറിച്ചും അതിൻ്റെ അനശ്വര പ്രാധാന്യത്തെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ രാജ്യത്തുടനീളമുള്ള യുവ പൗരന്മാർക്ക് ഇതൊരു മികച്ച അവസരമൊരുക്കുന്നു.

കഴിഞ്ഞ വർഷം സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയ്ക്ക് ലഭിച്ച വൻ പ്രതികരണത്തിൻ്റെ തുടർച്ചയായാണ് ഈ സംരംഭം. ഇതിലൂടെ ദേശീയപതാകയുടെ ചരിത്രം, വികാസം, പ്രാധാന്യം, അന്തസ്സ് എന്നിവയെക്കുറിച്ച് യുവാക്കളിൽ അവബോധം വളർത്തുന്നതിനൊപ്പം ദേശസ്‌നേഹം, ഭരണഘടനാ മൂല്യങ്ങൾ, മൈ ഭാരത് പ്ലാറ്റ്‌ഫോമുമായുള്ള പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ക്വിസ്സിൽ പങ്കെടുക്കാം. 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ട 20 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ഇതിലുള്ളത്. ഭാഷിണി (Bhashini) മുഖേന പോർട്ടലിൽ ലഭ്യമായ എല്ലാ ഭാഷകളിലും ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ നൽകാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഒരു ഉപയോക്താവിന് ഒരു തവണ മാത്രമേ ക്വിസ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂ. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കും, തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല.
ദേശീയപതാകയുടെ വികാസവും ചരിത്രവും, ഇതിൻ്റെ രൂപകൽപ്പനയിൽ പങ്കുവഹിച്ച പ്രമുഖ വ്യക്തികളുടെ സംഭാവനകൾ, ത്രിവർണ്ണ പതാകയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002, പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട് 1971, ഇന്ത്യയുടെ മറ്റ് ദേശീയ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചോദ്യങ്ങളായിരിക്കും ക്വിസ്സിൽ ഉണ്ടാവുക.
രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും ക്വിസ്സിൽ പങ്കെടുക്കാനും വിജയകരമായി പൂർത്തിയാക്കുമ്പോൾ ഇ-സർട്ടിഫിക്കറ്റ് ലഭിക്കാനും അർഹതയുണ്ട്. എന്നാൽ 21-29 വയസ്സ് പ്രായപരിധിയിലുള്ള രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ മാത്രമേ നിശ്ചിത നിബന്ധനകൾക്ക് വിധേയമായി വിജയികളായി തിരഞ്ഞെടുക്കൂ. ഉയർന്ന സ്കോർ നേടുന്ന യോഗ്യരായ വ്യക്തികളിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത നറുക്കെടുപ്പ് പ്രക്രിയയിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. വിജയികൾക്ക് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളോ മറ്റ് അനുയോജ്യമായ സ്ഥലങ്ങളോ സന്ദർശിക്കാനുള്ള അവസരം ലഭിച്ചേക്കാം.
ഡിജിറ്റൽ പഠനത്തെ ദേശീയോദ്ഗ്രഥന സംരംഭങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് യുവാക്കൾക്കിടയിൽ ഉത്തരവാദിത്വ പൗരബോധം വളർത്തുന്നതിനുള്ള മൈ ഭാരതിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നാഷണൽ ഫ്ലാഗ് ഓഫ് ഇന്ത്യ ക്വിസ്. ഈ ജ്ഞാനാധിഷ്ഠിത സംരംഭത്തിലൂടെ ദേശീയ പതാകയുടെ സന്ദേശം ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളമുള്ള യുവാക്കളോട് പരിപാടിയിൽ പങ്കുചേരാൻ വകുപ്പ് അഭ്യർത്ഥിച്ചു.
മൈ ഭാരത് പോർട്ടലിൽ (https://mybharat.gov.in/quiz/quiz_dashboard/UndZOTQ1S3FyU1BYSmVGZmkyaGRpZz09) ക്വിസ് ലഭ്യമാണ്. ഇത് 2026 ഓഗസ്റ്റ് 15 വരെ സജീവമായിരിക്കും.
****
(रिलीज़ आईडी: 2287394)
आगंतुक पटल : 7