വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
'MyGov ഇന്നൊവേറ്റ് ഇന്ത്യ' പ്ലാറ്റ്‌ഫോമിൽ ഭാഗ്യചിഹ്നം രൂപകല്പന മത്സരം ആരംഭിച്ച് തപാൽ വകുപ്പ്
ഇന്ത്യ പോസ്റ്റിൻ്റെ ഔദ്യോഗിക ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്യാൻ പൗരന്മാർക്ക് ക്ഷണം; വിശ്വാസം, സേവനം, ഡിജിറ്റൽ നൂതനാശയം എന്നീ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഭാഗ്യചിഹ്നം; ആകെ 2 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാം
प्रविष्टि तिथि:
18 JUL 2026 12:33PM by PIB Thiruvananthpuram
കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ്, ഔദ്യോഗിക ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനായി 'MyGov ഇന്നൊവേറ്റ് ഇന്ത്യ' പ്ലാറ്റ്‌ഫോമിൽ 'ഇന്ത്യ പോസ്റ്റ് ഭാഗ്യചിഹ്നം രൂപകല്പന മത്സരം' ആരംഭിച്ചു. സ്ഥാപനത്തിൻ്റെ പ്രധാന മൂല്യങ്ങളായ ഉറപ്പ്, വിശ്വാസ്യത, ഉൾക്കൊള്ളൽ, സേവനം, ഡിജിറ്റൽ നൂതനാശയം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷ ബ്രാൻഡ് അംബാസഡറെ സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഭാഗ്യചിഹ്നത്തിൻ്റെ രൂപകല്പന, അനുയോജ്യമായ പേര്, ചെറിയൊരു ആശയ കുറിപ്പ് എന്നിവ MyGov പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കേണ്ടതുണ്ട്. മത്സരം 2026 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ ലഭ്യമായിരിക്കും.
സർഗാത്മക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, മികച്ച മൂന്ന് രൂപകല്പനയ്ക്ക് യഥാക്രമം ₹75,000, ₹50,000, ₹25,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഭാഗ്യചിഹ്നത്തിൻ്റെ മികച്ച മൂന്ന് പേരുകൾക്കായി ₹25,000, ₹15,000, ₹10,000 എന്നിങ്ങനെ പ്രത്യേകം ക്യാഷ് പ്രൈസുകളും നൽകും. വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്. ഭാഗ്യചിഹ്നത്തിൻ്റെ രൂപകല്പന, ഭാഗ്യചിഹ്നത്തിൻ്റെ നാമകരണം എന്നിവയ്ക്കുള്ള സമ്മാനങ്ങൾ വേവ്വേറെയും വ്യത്യസ്തവുമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യചിഹ്നം ഇന്ത്യ പോസ്റ്റിൻ്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി മാറും. കൂടാതെ ഇത് പ്രചാരണ പരിപാടികൾ, ഫിലാറ്റലിക് ഉൽപ്പന്നങ്ങൾ, പൊതുജന ബോധവൽക്കരണ പരിപാടികൾ, പ്രദർശനങ്ങൾ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, മറ്റ് ഔദ്യോഗിക ആശയവിനിമയങ്ങൾ എന്നിവയിലുടനീളം പ്രദർശിപ്പിക്കും.
ഇന്ത്യ പോസ്റ്റിൻ്റെ ഭാവി ദൃശ്യരൂപം രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകാനും സംഭാവന നൽകാനും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, ഡിസൈനർമാർ, കലാകാരന്മാർ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ എന്നിവരോട് വകുപ്പ് അഭ്യർത്ഥിച്ചു.
മത്സരത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ, നിബന്ധനകളും വ്യവസ്ഥകളും ഉൾപ്പെടെയുള്ള പൂർണ്ണമായ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും താഴെ പറയുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്:
https://innovateindia.mygov.in/mascot-design-contest-for-india-post/
ലിങ്കിനായുള്ള QR കോഡ് സ്കാൻ ചെയ്യുക:

***
(रिलीज़ आईडी: 2286068)
आगंतुक पटल : 10