കൃഷി മന്ത്രാലയം
കഴിഞ്ഞ ഒരു വർഷത്തിനിടെ 44 വിളകളിലായി 386 മെച്ചപ്പെടുത്തിയ ഇനങ്ങൾ ഐ.സി.എ.ആർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും, ഇതിൽ 94 ശതമാനവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നവയും 29 എണ്ണം പോഷകഗുണം വർദ്ധിപ്പിച്ച ബയോഫോർട്ടിഫൈഡ് ഇനങ്ങളുമാണെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
प्रविष्टि तिथि:
16 JUL 2026 4:38PM by PIB Thiruvananthpuram
വികസിത ഭാരതം @2047 എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനായി ശാസ്ത്രാധിഷ്ഠിതവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതുമായ കർഷക കേന്ദ്രീകൃത കാർഷിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) അതിൻ്റെ 98-ാമത് സ്ഥാപനദിനം ഇന്ന് ന്യൂഡൽഹിയിൽ ആഘോഷിച്ചു.

എല്ലാ വർഷവും ജൂലൈ 16-നാണ് ഐ.സി.എ.ആർ സ്ഥാപനദിനമായി ആഘോഷിക്കുന്നത്. 1928-ൽ കൗൺസിൽ രൂപീകൃതമായതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. കഴിഞ്ഞ 98 വർഷത്തിനിടെ ഇന്ത്യയുടെ കാർഷിക ഗവേഷണം, വിദ്യാഭ്യാസം, കാർഷിക വിജ്ഞാന വ്യാപന സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ ഐ.സി.എ.ആർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലും കർഷകരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിൻ്റെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും കൗൺസിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, കൃഷി-കർഷക ക്ഷേമ സഹമന്ത്രിമാരായ ശ്രീ ഭഗീരഥ് ചൗധരി, ശ്രീ രാം നാഥ് ഠാക്കൂർ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. നീതി ആയോഗ് അംഗം ശ്രീ കെ. വി. രാജു, മത്സ്യബന്ധന വകുപ്പ് സെക്രട്ടറി ശ്രീ നരേഷ് പാൽ ഗാങ്‌വാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയുടെ കാർഷിക പരിവർത്തനത്തിൻ്റെ വഴികാട്ടിയാണ് ഐ.സി.എ.ആർ എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വിശേഷിപ്പിച്ചു. കൗൺസിലിൻ്റെ ശാസ്ത്രീയ ഗവേഷണങ്ങളും നൂതനാശയങ്ങളും ഭക്ഷ്യധാന്യങ്ങൾ, ഉദ്യാനവിളകൾ, പാൽ, മത്സ്യ ഉൽപ്പാദനം എന്നിവയിൽ രാജ്യത്തിന് റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കുന്നതിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ 44 വിളകളിലായി 386 മെച്ചപ്പെടുത്തിയ ഇനങ്ങൾ ഐ.സി.എ.ആർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും, ഇതിൽ 94 ശതമാനവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നവയും 29 എണ്ണം പോഷകഗുണം വർദ്ധിപ്പിച്ച ബയോഫോർട്ടിഫൈഡ് ഇനങ്ങളുമാണെന്ന് അദ്ദേഹം അറിയിച്ചു. "കർഷകർ കാർഷിക മേഖലയുടെ ആത്മാവാണെങ്കിൽ ശാസ്ത്രജ്ഞർ അതിൻ്റെ മസ്തിഷ്കമാണ്" എന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, കർഷകരുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, പയർവർഗ്ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത, ഗുണനിലവാരമുള്ള കാർഷിക വിദ്യാഭ്യാസം, സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് അടിവരയിട്ടു പറഞ്ഞു. കൂടാതെ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ നൂതനാശയങ്ങൾ കർഷകരിലേക്ക് വ്യാപകമായി എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലബോറട്ടറികളിൽ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ കർഷകരിലേക്കും കന്നുകാലി വളർത്തലുകാരിലേക്കും മത്സ്യത്തൊഴിലാളികളിലേക്കും വേഗത്തിൽ എത്തിക്കുന്നത് ഉറപ്പാക്കാൻ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളുടെ ശൃംഖല വഴിയുള്ള ഗവേഷണ വ്യാപനം വിപുലീകരിക്കണമെന്ന് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ആവശ്യപ്പെട്ടു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പും ഐ.സി.എ.ആറും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം ഗവേഷണം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യാ വ്യാപനം എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇത് കർഷകരുടെ അഭിവൃദ്ധി ത്വരിതപ്പെടുത്തുന്നതിനോടൊപ്പം വികസിത ഭാരതം എന്ന ദർശനത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശാസ്ത്രത്തിൽ അധിഷ്ഠിതമായ കൃഷിരീതികളിലൂടെയും നൂതന സാങ്കേതികവിദ്യകളിലൂടെയും നൂതനാശയങ്ങളിലൂടെയും മാത്രമേ വികസിത ഭാരതം @2047 എന്ന ദർശനം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കാർഷിക മേഖലയെ കൂടുതൽ ഉൽപ്പാദനക്ഷമവും സുസ്ഥിരവുമാക്കുന്നതിനും ലിംഗനിർണയ സാങ്കേതികവിദ്യ ഉപയോഗിച്ച് വേർതിരിച്ച ബീജം, കൃത്രിമ ബീജസങ്കലനം, ഭ്രൂണ കൈമാറ്റം, മത്സ്യബന്ധന മേഖലയിലെ നൂതന രീതികൾ, പ്രകൃതിദത്ത കൃഷി, സൂക്ഷ്മ ജലസേചനം, നാനോ വളങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

43 മെച്ചപ്പെടുത്തിയ വിളയിനങ്ങളും 17 നൂതന കാർഷിക സാങ്കേതികവിദ്യകളും 14 പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പുറത്തിറക്കി. ലവണാംശവും ക്ഷാരഗുണവുമുള്ള മണ്ണിൽ വളരാൻ ശേഷിയുള്ളതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതുമായ ബസുമതി അരി ഉൾപ്പെടെയുള്ള നെൽവിത്തിനങ്ങളും, കയറ്റുമതി ലക്ഷ്യമിട്ടുള്ള മാമ്പഴ ഉൽപ്പാദന സാങ്കേതികവിദ്യയും പുതിയ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ആഫ്രിക്കൻ പന്നിപ്പനി വാക്സിൻ, ഡിജിറ്റൽ സ്വൈൻ ഡിസീസ് അറ്റ്‌ലസ്, ചെറുകിട കർഷകർക്കായി കുറഞ്ഞ ചെലവിലുള്ള മരച്ചീനി വിളവെടുപ്പ് യന്ത്രം എന്നിവയും പുറത്തിറക്കിയ പ്രധാന സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു. അതോടൊപ്പം, 150 താൽക്കാലിക ദിവസ വേതന തൊഴിലാളികൾക്ക് അവരുടെ സേവനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള നിയമന ഉത്തരവുകളും ചടങ്ങിൽ വിതരണം ചെയ്തു.

സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണവും അവ കർഷകരിലേക്ക് നേരിട്ട് എത്തുന്ന പ്രക്രിയയും ത്വരിതപ്പെടുത്തുന്നതിനായി 51 വ്യവസായ പങ്കാളികളുമായി 72 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഐ.സി.എ.ആർ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകൾ കർഷകരിലേക്ക് കൂടുതൽ വേഗത്തിൽ എത്തിക്കുന്നതിന് ഇത് വഴിതുറക്കും.

****
(रिलीज़ आईडी: 2285605)
आगंतुक पटल : 4