രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ന്യൂഡല്‍ഹിയില്‍ 'സൗശ്രുതം 2026' ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
15 JUL 2026 2:25PM by PIB Thiruvananthpuram
ആചാര്യ സുശ്രുതന്‍ കാണിച്ചുതന്ന പാത പിന്തുടരുക; യുവവിദ്യാര്‍ത്ഥികളും ഗവേഷകരും വൈദ്യശാസ്ത്ര ധാര്‍മ്മികത, രോഗികളോടുള്ള കാരുണ്യപൂര്‍ണ്ണമായ സേവനം എന്നിവയില്‍ പ്രതിജ്ഞാബദ്ധരായിരിക്കണം: രാഷ്ട്രപതി ദ്രൗപദി മുര്‍മു.
സുശ്രുത ജയന്തിയോടനുബന്ധിച്ച് ഇന്ന് (2026 ജൂലൈ 15) ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ (AIIA) സംഘടിപ്പിച്ച 'സൗശ്രുതം 2026' രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.ഐ.ഐ.എ.യുടെ (AIIA) എം.ആര്‍.ഐ (MRI) വിഭാഗത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വ്വഹിച്ചു.
ശസ്ത്രക്രിയയുടെ പിതാവായി അറിയപ്പെടുന്ന ആചാര്യ സുശ്രുതന്റെ ജന്മവാര്‍ഷിക വേളയില്‍, ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ട ഏവര്‍ക്കും രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആചാര്യ സുശ്രുതന്‍ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചപ്പോള്‍, അത് ആ കാലഘട്ടത്തെ സംബന്ധിച്ച് വിപ്ലവമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
സങ്കീര്‍ണ്ണവും നൂതനവുമായ നിരവധി ശസ്ത്രക്രിയകളുടെ മാര്‍ഗദര്‍ശി എന്നാണ് ആചാര്യ സുശ്രുതന്‍ അറിയപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. തന്റെ കാലഘട്ടത്തില്‍ പ്ലാസ്റ്റിക് സര്‍ജറി, തിമിര ശസ്ത്രക്രിയ, ട്യൂമര്‍ ചികിത്സ, ഇ.എന്‍.ടി ശസ്ത്രക്രിയ തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹം പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചു. അദ്ദേഹം രചിച്ച 'സുശ്രുത സംഹിത' ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനാകെത്തന്നെ ഒരു പുതിയ ദിശാബോധം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യക്ഷേമത്തിന് ഉതകുന്നതും നമ്മുടെ പാരമ്പര്യത്തില്‍ അന്തര്‍ലീനവുമായ അറിവുകളെ, മാറുന്ന കാലത്തിനനുസരിച്ച് സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് സമൂഹത്തിന് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള ആയുര്‍വേദത്തിന്റെ സമഗ്ര കാഴ്ചപ്പാട് മനുഷ്യരാശിക്ക് ലഭിച്ച ഒരു അനുഗ്രഹമാണ്. ഈ പൗരാണിക ജ്ഞാനം ഇക്കാലത്തും പ്രസക്തവും ഫലപ്രദവുമായി നിലനില്‍ക്കുന്നു എന്ന് നാം ഉറപ്പാക്കണം. കേന്ദ്ര ഗവണ്മെന്റ് ആയുര്‍വേദത്തെയും യോഗയെയും ആഗോള തലത്തില്‍ പുതിയ ഊര്‍ജ്ജത്തോടെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് അവര്‍ പ്രസ്താവിച്ചു. ശസ്ത്രക്രിയയുടെ പൗരാണിക പാരമ്പര്യത്തെ എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളിലും സാധൂകരിക്കാന്‍ ഗവണ്മെന്റ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നത് സന്തോഷകരമായ വസ്തുതയാണ്. കൃത്യമായ ഡോക്യുമെന്റേഷന്‍, ഡിജിറ്റല്‍ ആരോഗ്യ സംയോജനം, ആധുനിക ശാസ്ത്ര ഗവേഷണ രീതികള്‍ എന്നിവയുടെ ഫലപ്രദമായ ഉപയോഗം ഈ സമ്പ്രദായത്തിന് ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രൊഫഷണല്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവവിദ്യാര്‍ത്ഥികളോടും ഗവേഷകരോടും ആയുര്‍വേദത്തിന്റെ ഭാവി അവരുടെ കൈകളിലാണെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. ജിജ്ഞാസ, സത്യസന്ധത, ശാസ്ത്രീയാഭിമുഖ്യം എന്നിവയാല്‍ നയിക്കപ്പെടുന്ന പ്രായോഗിക ഗവേഷണങ്ങളുടെയും ഉയര്‍ന്ന ഗുണനിലവാരമുള്ള തെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പാതയിലൂടെ മുന്നേറാന്‍ രാഷ്ട്രപതി അവരെ ഉപദേശിച്ചു. ഉചിതമായ ഇടങ്ങളിലെല്ലാം പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ മടിക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു. ആചാര്യ സുശ്രുതന്‍ കാണിച്ചുതന്ന പാത പിന്തുടരണമെന്നും, വൈദ്യശാസ്ത്രപരമായ ധാര്‍മ്മികതയോടും രോഗികളോടുള്ള കാരുണ്യപൂര്‍ണ്ണമായ സേവനത്തോടും എന്നും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
'സൗശ്രുതം 2026'-ലെ ചര്‍ച്ചകള്‍ പുതിയ അറിവുകള്‍ ഉത്പാദിപ്പിക്കുമെന്നും ആയുര്‍വേദ ശസ്ത്രക്രിയാ രംഗത്തെ അന്താരാഷ്ട്ര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം അര്‍ത്ഥവത്തായ പരിപാടികള്‍ സമഗ്ര ആരോഗ്യ പരിപാലന വ്യവസ്ഥയിലേക്ക് ആയുര്‍വേദത്തിന്റെ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (AIIA) ആതിഥേയത്വം വഹിക്കുന്ന ഈ ത്രിദിന അന്താരാഷ്ട്ര സെമിനാറില്‍ ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ സര്‍ജന്മാര്‍, അക്കാദമിക വിദഗ്ധര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുക്കും.
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക-
***
(रिलीज़ आईडी: 2285040)
आगंतुक पटल : 6