മന്ത്രിസഭ
azadi ka amrit mahotsav

മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 15 JUL 2026 3:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 62,500 കോടി രൂപ (അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ മാത്രം) ബജറ്റ് വിഹിതമുള്ള മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) അംഗീകാരം നൽകി.

പ്രധാന സവിശേഷതകൾ:

# ഉൽപ്പാദനം കൂടുതൽ വ്യാപിപ്പിക്കുന്നതിനും, ആഭ്യന്തര മൂല്യവർദ്ധനവ് വർദ്ധിപ്പിക്കുന്നതിനും, വിതരണ ശൃംഖലയുടെ കരുത്ത് കൂട്ടുന്നതിനും, ആഗോളതലത്തിൽ മത്സരശേഷി ഉയർത്തുന്നതിനുമായി ഗവൺമെൻറ്, 'മൊബൈൽ ഫോൺ നിർമ്മാണ പദ്ധതി' (MPMS) ആരംഭിച്ചിരിക്കുന്നു.

# സാങ്കേതിക പരമാധികാരം കൈവരിക്കുന്നതിനും, വലിയ സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കുന്നതിനും, ഡിസൈൻ, ഗവേഷണ-വികസന (R&D) മേഖലകളിൽ ഇന്ത്യൻ പേറ്റന്റുകൾ സൃഷ്ടിക്കുന്നതിനുമായി ഇന്ത്യൻ ബ്രാൻഡുകളെ കെട്ടിപ്പടുക്കാനും MPMS പദ്ധതി ലക്ഷ്യമിടുന്നു.

# പദ്ധതിയുടെ കാലാവധി 5 വർഷമായിരിക്കും, അതായത് സാമ്പത്തിക വർഷം 2026-27 മുതൽ 2030-31 വരെ.

# ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമ്മിച്ച് നിശ്ചിത യോഗ്യതയോടെ നടത്തുന്ന വിൽപ്പനയ്ക്ക്  2.25% മുതൽ 5% വരെയുള്ള വിവിധ നിരക്കുകളിൽ പ്രോത്സാഹന സഹായം ഈ പദ്ധതി ഉറപ്പുനൽകുന്നു. പ്രധാന ഘടകങ്ങളും സബ്-അസംബ്ലികളും ആഭ്യന്തരമായി വാങ്ങുന്നതുമായി ബന്ധപ്പെടുത്തി 1.5% വരെയുള്ള അധിക പ്രോത്സാഹന തുകയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിനായി, ഉൽപ്പന്നത്തിന്റെ ഡിസൈൻ, ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള യോഗ്യതയുള്ള വിൽപ്പനയ്ക്ക് 3% അധിക പ്രോത്സാഹന തുകയും ലഭിക്കും.

പ്രതീക്ഷിക്കുന്ന ഫലങ്ങൾ:

പദ്ധതി കാലാവധിയിൽ, രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ ഉൽപ്പാദനം ഏകദേശം 39,00,000 കോടി രൂപയിലെത്തുമെന്നും മൊബൈൽ ഫോൺ കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയിലൂടെ ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു. ഇത് സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നു മാത്രമല്ല, ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ ഹബ്ബ് എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുകയും ചെയ്യും.

പശ്ചാത്തലം:

# പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാട്, 2014-15 സാമ്പത്തിക വർഷത്തിന് ശേഷം രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയെ 7 മടങ്ങും കയറ്റുമതിയെ 11 മടങ്ങും വളർച്ചയിലേക്ക് നയിച്ചു. ഇലക്ട്രോണിക്സ് നിർമ്മാണ മേഖല ഇന്ന് ഒരു പ്രധാന തൊഴിൽദാതാവായി ഉയർന്നുവന്നിട്ടുണ്ട്; പ്രത്യേകിച്ച് വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കൾക്കും യുവതികൾക്കും ഇത് വലിയ തോതിൽ തൊഴിൽ നൽകുന്നു. ചില പ്ലാന്റുകളിൽ ഒരൊറ്റ സ്ഥലത്തുതന്നെ അയ്യായിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

# മൊബൈൽ ഫോൺ നിർമ്മാണമാണ് ഈ വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാറിയതും ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയുടെ  നട്ടെല്ലായി ഉയർന്നുവന്നതും. ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ആഭ്യന്തരമായി നിർമ്മിക്കുന്നവയാണ്.

# ഡീസൽ ഇന്ധനം, ചെത്തിമിനുക്കിയ വജ്രങ്ങൾ  തുടങ്ങിയ പരമ്പരാഗത കയറ്റുമതി ഇനങ്ങളെ മറികടന്ന്, 2025-ൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഒരൊറ്റ ഉൽപ്പന്ന വിഭാഗമായി സ്മാർട്ട്‌ഫോണുകൾ മാറി. മൊബൈൽ ഫോണുകൾ ഇപ്പോൾ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലും കയറ്റുമതിയിലും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ ആഗോള മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ ഇവ നിർണായക പങ്കാണ് വഹിക്കുന്നത്.

# ഇന്ത്യയെ മൊബൈൽ നിർമ്മാണത്തിന്റെയും കയറ്റുമതിയുടെയും ഒരു ആഗോള ഹബ്ബായി മാറ്റുന്നതിൽ 'ലാർജ് സ്കെയിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം' (PLI-LSEM) വലിയൊരു മാറ്റത്തിന് വഴിയൊരുക്കി. ഈ PLI-LSEM പദ്ധതിയുടെ കാലാവധി 2026 മാർച്ച് 31-ഓടെ അവസാനിച്ചു.

***

NK


(रिलीज़ आईडी: 2284938) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada