വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-സ്പെയിൻ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നത് ലക്ഷ്യമിട്ടുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയലിൻ്റെ ഔദ്യോഗിക സ്‌പെയിൻ സന്ദർശനത്തിന് ഉന്നതതല ചർച്ചകളോടെ തുടക്കമായി
प्रविष्टि तिथि:
14 JUL 2026 10:48AM by PIB Thiruvananthpuram
ഇന്ത്യ-സ്പെയിൻ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതും വ്യാപാരം, നിക്ഷേപം, നവീകരണം, വ്യവസായം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതും ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകളോടെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയൽ 2026 ജൂലൈ 13-ന് തൻ്റെ ഔദ്യോഗിക സ്‌പെയിൻ സന്ദർശനത്തിന് തുടക്കം കുറിച്ചു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുൻഗണനാ മേഖലകളിൽ സഹകരണത്തിൻ്റെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള ഇരുരാജ്യങ്ങളുടേയും പങ്കിട്ട പ്രതിബദ്ധത ഈ സന്ദർശനം അടിവരയിടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം, ഇന്ത്യ-സ്പെയിൻ സംയുക്ത സാംസ്കാരിക, ടൂറിസം, നിർമ്മിതബുദ്ധി വർഷം 2026 എന്നിവ ആചരിക്കുന്ന പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്.
സന്ദർശനത്തിൻ്റെ ആദ്യ ദിനം, സ്പെയിൻ ഗവൺമെൻ്റിലെ മുതിർന്ന അംഗങ്ങളുമായി മന്ത്രി ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും, വ്യവസായ പ്രമുഖരുമായും നിക്ഷേപ പ്രോത്സാഹന ഏജൻസികളുമായും ചർച്ചകളിൽ ഏർപ്പെടുകയും, ഇന്ത്യ-സ്പെയിൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയും, ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. സാമ്പത്തിക സഹകരണം മുന്നോട്ട് കൊണ്ടുപോകുക, വ്യവസായ പങ്കാളിത്തം കൂടുതൽ സുഗമമാക്കുക, ആഗോള നിക്ഷേപകർക്ക് ഇന്ത്യയിലെ വളർന്നുവരുന്ന അവസരങ്ങൾ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്പെയിൻ്റെ ഒന്നാം വൈസ് പ്രസിഡൻ്റും സാമ്പത്തിക, വ്യാപാര, ബിസിനസ് കാര്യ മന്ത്രിയുമായ കാർലോസ് ക്യൂർപോ കബല്ലെറോയുമായി ശ്രീ. ഗോയൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, വ്യവസായ സഹകരണം മെച്ചപ്പെടുത്തുന്നതിനും, നൂതനാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക സഹകരണത്തിനായുള്ള പുതിയ മേഖലകൾ കണ്ടെത്തുന്നതിനുമുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. പുനരുപയോഗ ഊർജ്ജം, ഹരിത ഹൈഡ്രജൻ, നൂതന ഉൽപ്പാദനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങൾ എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, വിപണി പ്രവേശനം മെച്ചപ്പെടുത്തുക, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ നിർമ്മിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ പങ്കാളിത്തം വിപുലമാക്കുക എന്നിവയിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെച്ച അവർ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും സ്പെയിനുമായുള്ള ഇന്ത്യയുടെ വാണിജ്യ ഇടപെടലുകൾ കൂടുതൽ വിപുലീകരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു. പുതിയ നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും ബിസിനസ് ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഫാസ്റ്റ് ട്രാക്ക് മെക്കാനിസം പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ഇരുപക്ഷവും സമ്മതിക്കുകയും, സാമ്പത്തിക സഹകരണത്തിനായുള്ള ഇന്ത്യ-സ്പെയിൻ സംയുക്ത കമ്മീഷൻ്റെ അടുത്ത സമ്മേളനം ഈ വർഷം അവസാനത്തോടെ വിളിച്ചുചേർക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
സ്പെയിനിലെ വ്യവസായ, ടൂറിസം മന്ത്രി ജോർഡി ഹെറെയു ബോഹറുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. വ്യവസായ സഹകരണം മെച്ചപ്പെടുത്തുക, സുസ്ഥിര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക പങ്കാളിത്തത്തെ പിന്തുണയ്ക്കുക, ശുദ്ധ ഊർജ്ജം, മൊബിലിറ്റി, നൂതന ഉൽപ്പാദനം, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം വളർത്തുക എന്നിവയിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഓട്ടോമോട്ടീവ്, റെയിൽവേ, സ്മാർട്ട് അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. "മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭത്തിന് കീഴിലുള്ള വ്യാവസായിക സഹകരണത്തിൻ്റെ മുൻനിര മാതൃകയായി സി-295 പരിപാടിയെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥകളേയും ജനങ്ങളേയും കൂടുതൽ അടുപ്പിക്കുന്ന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതും, 2026-നെ ഇന്ത്യ-സ്പെയിൻ സാംസ്‌കാരിക, ടൂറിസം, നിർമ്മിതബുദ്ധി വർഷമായി അടയാളപ്പെടുത്തുന്നതുമായ സാഹചര്യത്തിൽ ടൂറിസം മേഖലയെ ഇരു രാജ്യങ്ങളുടേയും ഒരു പൊതുമുൻഗണനയായി ഇരു മന്ത്രിമാരും അടിവരയിട്ടു പറഞ്ഞു. വ്യവസായ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI), ചേംബർ ഓഫ് കൊമേഴ്സ് ഓഫ് സ്പെയിൻ, സ്പാനിഷ് കോൺഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻസ് (CEOE), ഐ.സി.ഇ.എക്സ് സ്പെയിൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-സ്പെയിൻ ബിസിനസ് ഫോറം ഈ സന്ദർശനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
സാമ്പത്തിക സഹകരണത്തിനായുള്ള പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനായി ഇരുരാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥരേയും വ്യവസായ പ്രമുഖരേയും ബിസിനസ് പ്രതിനിധികളേയും ഈ ഫോറം ഒരുമിച്ച് കൊണ്ടുവന്നു.
സ്‌പെയിൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻമാകുലാഡ റിയേര, സി.ഇ.ഒ.ഇ.-യുടെ ഇൻ്റർനാഷണൽ റിലേഷൻസ് കമ്മിറ്റി പ്രസിഡൻ്റ് മാർത്ത ബ്ലാങ്കോ, എഫ്.ഐ.സി.സി.ഐ. പ്രസിഡൻ്റ് ശ്രീ. അനന്ത് ഗോയങ്ക, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പ്രസിഡൻ്റ് ശ്രീ. ആർ. മുകുന്ദൻ, സ്പെയിനിലേയും അൻഡോറയിലേയും ഇന്ത്യൻ അംബാസഡർ ശ്രീ. ജയന്ത് എൻ. ഖോബ്രഗഡെ എന്നിവരുടെ സ്വാഗത പ്രസംഗത്തോടെയാണ് ഫോറം ആരംഭിച്ചത്.
സ്പെയിൻ വ്യവസായ കാര്യ സ്റ്റേറ്റ് സെക്രട്ടറി ജോർഡി ഗാർസിയ ബ്രസ്റ്റെങ്ക, ശ്രീ. പീയൂഷ് ഗോയൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സ്പാനിഷ് വ്യവസായ പ്രതിനിധികളുമായും ബിസിനസ് പ്രമുഖരുമായും നടത്തിയ പ്രസംഗത്തിലും സംവാദങ്ങളിലും, ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യ കൈവരിച്ച പുരോഗതി, രാജ്യത്തിൻ്റെ ശക്തമായ സാമ്പത്തിക വളർച്ച, പുരോഗമനപരമായ പരിഷ്കാരങ്ങൾ, വിപുലമായ നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ച് ശ്രീ. ഗോയൽ എടുത്തുപറഞ്ഞു. ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം, നൂതന ഉൽപ്പാദനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാനും രാജ്യത്തിൻ്റെ വളർച്ചാ ഗാഥയിൽ സജീവ പങ്കാളികളാകാനും സ്പാനിഷ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.
മുഖ്യപ്രഭാഷണങ്ങളെ തുടർന്ന് നടന്ന സംവേദനാത്മക ചോദ്യോത്തര സെഷനും നെറ്റ്‌വർക്കിംഗ് റിസപ്ഷനും, വാണിജ്യ പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെക്കാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖർക്ക് അവസരമൊരുക്കി.
ഉഭയകക്ഷി നിക്ഷേപ പ്രവാഹങ്ങൾ ശക്തിപ്പെടുത്തുന്നതിനും, വ്യാപാര ബന്ധങ്ങൾ സുഗമമാക്കുന്നതിനും, ഇന്ത്യയുടെ വളർച്ചാ ഗാഥയിൽ സ്പാനിഷ് സംരംഭങ്ങളുടെ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി സ്പെയിൻ്റെ വ്യാപാര-നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഐ.സി.ഇ.എക്സ്. എസ്പാന എക്സ്പോർട്ടാസിയോൺ ഇ ഇൻവെർഷിയോനെസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ശ്രീ. ഗോയൽ ചർച്ച നടത്തി. നിക്ഷേപ പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ബിസിനസുകളെ പിന്തുണയ്ക്കുന്നതിലുമാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
അന്നേദിവസത്തെ ഔദ്യോഗിക പരിപാടികളുടെ സമാപനത്തിൽ, എഫ്.ഐ.സി.സി.ഐ-യുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി ശ്രീ. ഗോയൽ സംവദിച്ചു. സന്ദർശനത്തിനിടെ കണ്ടെത്തിയ അവസരങ്ങളെക്കുറിച്ച് അവലോകന യോഗത്തിൽ അദ്ദേഹം വ്യവസായ പ്രമുഖരുമായി കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും വരും വർഷങ്ങളിൽ സ്പെയിനുമായുള്ള ഇന്ത്യൻ നിക്ഷേപങ്ങളും ബിസിനസ് പങ്കാളിത്തങ്ങളും കൂടുതൽ വിപുലീകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, വ്യാവസായ സഹകരണം, നവീകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടേയും സ്പെയിൻ്റേയും പങ്കിട്ട പ്രതിബദ്ധത ഈ സന്ദർശനം വീണ്ടും ഉറപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ, ഈ സന്ദർശനത്തിൻ്റെ ഫലങ്ങൾ ഉഭയകക്ഷി സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനും വ്യാപാര-നിക്ഷേപ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകുമെന്ന ആത്മവിശ്വാസം ഇരുപക്ഷവും പ്രകടിപ്പിച്ചു.
*****
(रिलीज़ आईडी: 2284532)
आगंतुक पटल : 15