ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ഭാരത് ടെക്‌സ് 2026-ന്റെ തലേന്ന് ലോകത്തെ ഏറ്റവും വലിയ ആഗോള വസ്ത്ര-തുണിത്തര മേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

प्रविष्टि तिथि: 13 JUL 2026 2:22PM by PIB Thiruvananthpuram
ഇന്ത്യയിലെ ഏറ്റവും വലിയ ആഗോള തുണിത്തര (ടെക്‌സ്റ്റൈൽ) പ്രദർശനമായ ഭാരത് ടെക്‌സ് 2026-ന്റെ തലേദിവസം, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാകുമ്പോൾ, രാജ്യത്തെ തുണിത്തര-വസ്ത്ര ആവാസവ്യവസ്ഥയിലുടനീളം വലിയ പ്രതീക്ഷയാണ് രൂപപ്പെടുന്നത്. നാളെ സമാരംഭിച്ച് 2026 ജൂലൈ 14 മുതൽ 17 വരെ നടക്കുന്ന ഈ മേള, ഇന്ത്യയുടെ തുണിത്തര ആവാസവ്യവസ്ഥയുടെ മുഴുവൻ വിപുലതയെയും ഒരു ഏകീകൃത ആഗോള വേദിയിൽ ഒരുമിച്ച് കൊണ്ടുവരും. കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ പിന്തുണയോടെ, തുണിത്തര കയറ്റുമതി പ്രോത്സാഹന സമിതി(ടെക്‌സ്‌റ്റൈൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ)കളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ ഭാരത് ടെക്‌സ് വ്യാപാര കൂട്ടായ്മ (ട്രേഡ് ഫെഡറേഷൻ) സംഘടിപ്പിക്കുന്ന ഈ പരിപാടി, തുണിത്തരങ്ങൾ, ഫാഷൻ, സുസ്ഥിരത, സാങ്കേതികവിദ്യ, നിക്ഷേപം, അന്താരാഷ്ട്ര വ്യാപാരം എന്നിവയിൽ ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള നേതൃത്വത്തെ അടിവരയിടുന്നു.

കൃഷിയിടം (ഫാം) മുതൽ നാര് (ഫൈബർ), ഫാക്ടറി, ഫാഷൻ തുടങ്ങി വിദേശവിപണി (ഫോറിൻ) വരെ നീളുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 5 എഫ് കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തുണിത്തര മൂല്യ ശൃംഖലയിലുടനീളം ബിസിനസ്സ്, നിക്ഷേപം, അസംസ്‌കൃത വസ്തു വിതരണക്കാരെ കണ്ടെത്തൽ(സോഴ്‌സിങ്), നൂതനാശയങ്ങൾ, നയ സംവാദം, തന്ത്രപരമായ പങ്കാളിത്തം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയായി 'ഭാരത് ടെക്‌സ് 2026' പരിണമിച്ചു. ഭാരത് ടെക്‌സ് 2026 ജൂലൈ 14 ന് രാവിലെ ഭാരത മണ്ഡപത്തിൽ കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി ശ്രീ. ഗിരിരാജ് സിംഗ്  ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി ശ്രീ. പബിത്ര മാർഗരിറ്റ, കേന്ദ്ര ടെക്‌സ്‌റ്റൈൽസ് സെക്രട്ടറി ശ്രീമതി. നീലം ഷാമി റാവു, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശ പ്രതിനിധികൾ, വ്യാവസായിക പങ്കാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
 

പരിപാടിയുടെ തലേദിനത്തിൽ സംസാരിക്കവെ, ഭാരത് ടെക്‌സ് വ്യാപാര ഫെഡറേഷൻ ചെയർമാൻ ശ്രീ. നരേൻ ഗോയങ്ക ഇങ്ങനെ പറഞ്ഞു: ''നാളെ, ആയിരക്കണക്കിന് പ്രദർശകരും, 7,000-ത്തിലധികം ഉപഭോക്താക്കളും, ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഭാരത് ടെക്‌സിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചതും വിപുലവുമായ പതിപ്പിന്റെ ഭാഗമാകാൻ ഭാരത മണ്ഡപത്തിൽ എത്തിച്ചേരും. ഭാരത് ടെക്‌സ് 2026, കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം, കേന്ദ്ര തുണിത്തര കയറ്റുമതി പ്രോത്സാഹന സമിതികൾ, വ്യവസായ സംഘടനകൾ (ഇൻഡസ്ട്രി അസോസിയേഷനുകൾ) എന്നിവ തമ്മിലുള്ള ശ്രദ്ധേയമായ സഹകരണത്തിന്റെ ഒരു തെളിവാണ്. അവരുടെ സുസ്ഥിരമായ നേതൃത്വവും വിലമതിക്കാനാവാത്ത പിന്തുണയും ഈ പരിപാടിയെ ഒരു മുൻനിര ആഗോള തുണിത്തര വേദിയായി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.''

ഭാരത് ടെക്‌സ് വ്യാപാര ഫെഡറേഷന്റെ സഹ-ചെയർമാൻ ശ്രീ. ഭദ്രേഷ് ദോധിയ ഇങ്ങനെ കൂട്ടിച്ചേർത്തു: ''അടുത്ത നാല് ദിവസത്തിനുള്ളിൽ 4,000-ത്തിലധികം ബിസിനസ് പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ച (ബി ടു ബി മീറ്റിങ്)കളും, മുപ്പതിലധികം ധാരണാപത്രങ്ങൾ ഒപ്പുവെക്കലും പ്രതീക്ഷിക്കുന്ന ഈ പതിപ്പ്, സംവാദങ്ങളെ വാണിജ്യമായും അവസരങ്ങളെ സ്ഥിരതയാർന്ന പങ്കാളിത്തങ്ങളായും മാറ്റുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേവലം ചർച്ച ചെയ്ത് പോവുന്നതിനു പകരം, തത്സമയം തീരുമാനങ്ങൾ, നിക്ഷേപ പ്രതിബദ്ധതകൾ, പങ്കാളിത്തങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കുന്ന ഒരു വേദിയായി ഞങ്ങൾ 'ഭാരത് ടെക്‌സ് 2026'നെ രൂപപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യ എക്‌സ്‌പോസിഷൻ മാർട്ട് ലിമിറ്റഡ് (ഐ.ഇ.എം.എൽ) ചെയർമാനും ഭാരത് ടെക്‌സ് 2026 കോർ കമ്മിറ്റി അംഗവുമായ ഡോ. രാകേഷ് കുമാർ പറഞ്ഞു: 'ഞങ്ങളുടെ സംസ്ഥാനതല നിക്ഷേപക സമ്പർക്ക (സ്റ്റേറ്റ് ഇൻവെസ്റ്റർ കണക്ട്) സെഷനുകൾ മുതൽ വ്യാപാരം, സാങ്കേതികവിദ്യ, സുസ്ഥിരത, കരകൗശലം എന്നിവയിലുടനീളമുള്ള നൂറിലധികം വിജ്ഞാന സെഷനുകൾ വരെ, ഏറ്റവും വലിയ കയറ്റുമതിക്കാരൻ മുതൽ ഏറ്റവും ചെറിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം(എം.എസ്.എം.ഇ) വരെ ഉള്ള ഇന്ത്യയുടെ തുണിത്തര ആവാസവ്യവസ്ഥയുടെ എല്ലാ വിഭാഗങ്ങളെയും സേവിക്കുന്നതിനാണ് ഈ പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. നാളെ നാം നമ്മുടെ വാതിലുകൾ തുറക്കുമ്പോൾ, ഭാരത് ടെക്‌സ് അതിന്റെ പൂർണ്ണമായ പ്രൗഢിയിലേക്കും വിജയത്തിലേക്കും ഉയർന്ന പതിപ്പായി ഇത് ഓർമ്മിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. '


എട്ട് സംസ്ഥാനങ്ങൾ പങ്കാളികളായും, ഒമ്പത് സംസ്ഥാനങ്ങൾ പ്രദർശകരായും പങ്കെടുത്ത് സർക്കാർ പങ്കാളിത്തം ഉറപ്പാക്കുന്നു

ശക്തമായ സർക്കാർ പങ്കാളിത്തം ഉണ്ടായിട്ടുള്ള ഇത്തവണത്തെ പതിപ്പിൽ, എട്ട് സ്‌പോൺസർ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ഇവർക്കൊപ്പം ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ജമ്മു - കശ്മീർ, ഒഡീഷ, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രദർശകരായി പങ്കെടുക്കുന്നു.

കേന്ദ്ര-സംസ്ഥാന-വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിന്  സംസ്ഥാനതല നിക്ഷേപക സമ്പർക്ക സെഷനുകൾ


കേന്ദ്ര-സംസ്ഥാന-വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി, ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് നിക്ഷേപ അവസരങ്ങൾ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ, പി.എം മിത്ര പദ്ധതിയുമായുള്ള ബന്ധങ്ങൾ, നയപരമായ പിന്തുണ എന്നിവ പ്രദർശിപ്പിക്കുന്നതിന് പ്രത്യേക സെഷനുകൾ അനുവദിക്കും. ഇതിൽ ഗുജറാത്തിനും ഉത്തർപ്രദേശിനും വേണ്ടിയുള്ള ഒരു കേന്ദ്രീകൃത പി.എം.മിത്ര വിദഗ്ധ (മാസ്റ്റർ) ഡെവലപ്പർ സെഷനും ഉൾപ്പെടുന്നു.


പരമപ്രധാനം ബിസിനസ്സ്: 7,000 ത്തിലധികം ഉപഭോക്താക്കൾ, 1600-ലധികം പ്രദർശകർ, 1.6 ദശലക്ഷം ചതുരശ്ര അടി സ്ഥലത്തെ വ്യാപാരം.

ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, മൂന്നാം പതിപ്പിൽ 7,000-ത്തിലധികം ഉപഭോക്താക്കൾ, 1.3 ലക്ഷം വ്യാപാര സന്ദർശകർ, ഇരുപതിനായിരത്തിലധികം തുണിത്തര ഉത്പന്നങ്ങൾ എന്നിവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രദർശന സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മേള,  പ്രദർശനത്തിലുടനീളം അർത്ഥവത്തായ വാണിജ്യ ഇടപെടൽ ഉറപ്പാക്കുന്നു.

തിരുപ്പൂർ, ഇച്ചൽകരഞ്ഞി, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യയിലെ പ്രശസ്തമായ തുണിത്തര ക്ലസ്റ്ററുകൾക്കൊപ്പം, നാര്, നൂൽ, നൂൽനൂൽപ്പിലൂടെയുണ്ടാക്കുന്ന തുണിത്തരങ്ങൾ, തയ്ച്ചുണ്ടാക്കുന്ന വസ്ത്രങ്ങൾ, ഫാഷൻ, ഗാർഹിക തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സമ്പൂർണ്ണ തുണിത്തരങ്ങളുടെ മൂല്യ ശൃംഖലയും 1,600-ലധികം പ്രദർശകർ പ്രദർശിപ്പിക്കും.

യു.എസ്, യു.കെ, ജപ്പാൻ, പോർച്ചുഗൽ, സ്‌പെയിൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, നേപ്പാൾ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രദർശകർ, ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യൻ യൂണിയന്റെയും സ്ഥാപന പ്രാതിനിധ്യത്തോടൊപ്പം പങ്കെടുക്കും. പ്രധാന വ്യവസായ സ്‌പോൺസർമാരിൽ ട്രൈഡന്റ്, വർധമാൻ ടെക്‌സ്‌റ്റൈൽസ്, ആർ.എസ്.ഡബ്ല്യു.എം, ഷാഹി എക്സ്പോർട്ട്സ്, കളർജെറ്റ്, അരവിന്ദ്, പി.ഡി.എസ് ലിമിറ്റഡ്, സത്വ എന്നിവ ഉൾപ്പെടുന്നു.

വ്യാപാരഫലങ്ങൾ വർധിപ്പിക്കുന്നതിനായി നാലായിരത്തിലധികം ബിസിനസ് പ്രതിനിധി കൂടിക്കാഴ്ചകളും 30 ൽ അധികം ധാരണാപത്രങ്ങളും പ്രതീക്ഷിക്കുന്നു.

4,000-ത്തിലധികം തിരഞ്ഞെടുത്ത ബിസിനസ് പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ, ബിസിനസ്സുകാരും സർക്കാർ സംവിധാനങ്ങളും തമ്മിലുള്ള (ബി ടു ജി) നൂറിലധികം യോഗങ്ങൾ, മുപ്പതിലധികം ധാരണാപത്രങ്ങളിൽ ഒപ്പിടൽ എന്നിവയ്ക്ക് സൗകര്യമൊരുക്കുന്ന തരത്തിലാണ് ഈ പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്. ഈ കരാറുകൾ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സുസ്ഥിരത, വിപണി അഭിഗമ്യത എന്നിവയെ ഉൾക്കൊള്ളുകയും, ഇത് ഉത്പാദകർ, കയറ്റുമതിക്കാർ, ആഗോള പങ്കാളികൾ എന്നിവർക്ക് നേരിട്ട് പ്രയോജനകരമാവുകയും ചെയ്യും.

വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ആഗോള ബിസിനസ്, ഗവൺമെന്റ് പ്രതിനിധി സംഘങ്ങൾ


ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ, വ്യവസായ പ്രമുഖർ, ഉന്നതതല ഉദ്യോഗസ്ഥർ (സി.എക്‌സ്.ഒകൾ), നയരൂപകർത്താക്കൾ, ആശയരംഗത്തെ പ്രമുഖചിന്തകർ എന്നിവരുൾപ്പെടെ 350-ലധികം പ്രഭാഷകർ ഭാരത് ടെക്‌സ് 2026-ൽ പങ്കെടുക്കും. ഘടനാപരമായ അതിർത്തി കടന്നുള്ള ഇടപെടലുകൾക്കായി ഒരു സമർപ്പിത അന്താരാഷ്ട്ര പവലിയന്റെ പിന്തുണയോടെയാണ് പരിപാടി.

ന്യൂസിലാൻഡ്, ശ്രീലങ്ക, ജോർദാൻ, കംബോഡിയ, ബ്രൂണൈ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികൾ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് അന്താരാഷ്ട്ര നയ സംഭാഷണത്തിനും ഉഭയകക്ഷി സഹകരണത്തിനുമുള്ള ഒരു വേദിയായി വളർന്നുവരുന്ന ഭാരത് ടെക്‌സിന്റെ പങ്കിനെ പ്രതിഫലിപ്പിക്കുന്നു.

അമേരിക്ക, ജപ്പാൻ, സ്‌പെയിൻ, യു.കെ, പോർച്ചുഗൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, യു.എ.ഇ, തായ്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ, ബിസിനസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വ്യാപാരം, അസംസ്‌കൃത വസ്തു വിതരണക്കാരെ കണ്ടെത്തൽ, നിക്ഷേപം എന്നിവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.  ഇന്ത്യ-യുഎസ് പരുത്തി പങ്കാളിത്തം, ഇന്ത്യ-ന്യൂസിലാൻഡ് കമ്പിളി ആവാസവ്യവസ്ഥ, ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) പ്രവർത്തനം, ജപ്പാൻ പ്രതിനിധി സംഘത്തിന്റെ ഇടപെടൽ, റഷ്യ കേന്ദ്രീകരിച്ചുള്ള തുണിത്തര ചർച്ചകൾ എന്നിവ പ്രത്യേക ഉഭയകക്ഷി സെഷനുകളിൽ ഉൾപ്പെടുന്നു.

കയറ്റുമതി സന്നദ്ധതയും എം.എസ്.എം.ഇ വളർച്ചയും  പിന്തുണയ്ക്കുന്നതിനായി 100 ൽ അധികം വിജ്ഞാന സെഷനുകൾ

മൂന്നാം പതിപ്പിൽ അമ്പതിലധികം വിജ്ഞാന പങ്കാളികളുടെ പിന്തുണയോടെ 39 പാനൽ ചർച്ചകൾ, 16 വട്ടമേള സമ്മേളനങ്ങൾ, 37 വിദഗ്ധ പരിശീലന (മാസ്റ്റർ) ക്ലാസുകൾ, 8 സംസ്ഥാനതല സെഷനുകൾ എന്നിവയുൾപ്പെടെ നൂറിലധികം വിജ്ഞാന സെഷനുകൾ ഉണ്ടായിരിക്കും.

വ്യാപാരവും നിക്ഷേപവും, സുസ്ഥിരത, വ്യവസായം 5.0 (അഞ്ചാം വ്യാവസായിക വിപ്ലവം), നൂതനാശയങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, ഫാഷൻ, നയവും ആഗോള അസംസ്‌കൃതവസ്തു കണ്ടെത്തലും തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ സെഷനുകൾ കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഉയർന്നുവരുന്ന ആഗോള വിപണി പ്രവണതകളെ അഭിസംബോധന ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ അംഗീകരിക്കുന്നതിനായി  2026 ലെ സി.ഐ.ടി.ഐ തുണിത്തര സുസ്ഥിരതാ പുരസ്‌കാരങ്ങൾ

ഭാരത് ടെക്‌സ് 2026, ഏഴ് ഊന്നൽമേഖലകളെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ 2026 ലെ സി.ഐ.ടി.ഐ തുണിത്തര സുസ്ഥിരതാ പുരസ്‌കാരങ്ങളുടെ വിതരണത്തിനും ആതിഥേയത്വം വഹിക്കും: വിഭവ കാര്യക്ഷമത, ഊർജ്ജവും ബഹിർഗമനവും, ചാക്രിക സമ്പദ്വ്യവസ്ഥ, സുസ്ഥിരതയാർന്ന വസ്തുക്കൾ, സാമൂഹിക ഉത്തരവാദിത്തം, ഉത്തരവാദിത്തബോധമുള്ള ബിസിനസ്സ്, വ്യവസായ സഹകരണം എന്നിവയാണ് ആ മേഖലകൾ.

ബിസിനസ് കൂട്ടുകെട്ടുകൾക്ക് കരുത്ത് പകരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ

സുഗമമായ ഇടപെടൽ സാധ്യമാക്കുന്നതിന്, ഭാരത് ടെക്‌സ് 2026 അതിന്റെ മൊബൈൽ ആപ്പും മേളയ്ക്ക് മുന്നോടിയായി തയ്യാറാക്കിയ വിവരപുസ്തക (പ്രീ-ഫെയർ ഡയറക്ടറി) വും സംയോജിത ഡിജിറ്റൽ ബിസിനസ് പ്ലാറ്റ്ഫോമുകളായി പ്രയോജനപ്പെടുത്തും. ഈ ഉപാധികൾ പ്രദർശകരെ കണ്ടെത്തൽ, യോഗങ്ങളുടെ സമയക്രമം നിശ്ചയിക്കൽ, പരിപാടികളിലേക്കുള്ള ദിശാഗതി നിർണയം, ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃവിവര ശേഖരണം, ഡിജിറ്റൽ ബാഡ്ജ് അഭിഗമ്യത, നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള പിന്തുണ, ഉപഭോക്താക്കളെയും വില്പനക്കാരെയും ആത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂട്ടിയിണക്കൽ എന്നിവ പ്രാപ്തമാക്കുകയും കൂടുതൽ കാര്യക്ഷമവും ഡാറ്റാധിഷ്ഠിതവുമായ ബിസിനസ്സ് അനുഭവം സൃഷ്ടിക്കുകയും ചെയ്യും.

ഇന്ത്യയുടെ തുണിത്തര ഭാവിയിലേക്കുള്ള ഒരു വേദി
'ഭാരത് ടെക്‌സ് 2026' നാളെ ആഗോള തുണിത്തര സമൂഹത്തിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ, ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതും, അതിജീവനശേഷിയുള്ളതും, സുസ്ഥിരവുമായ ടെക്‌സ്‌റ്റൈൽ മൂല്യ ശൃംഖലകൾ കെട്ടിപ്പടുക്കുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്നതിനൊപ്പം ഇന്ത്യയുടെ തുണിത്തര കാര്യക്ഷമതയെയും പ്രദർശിപ്പിക്കും. സർക്കാറുകൾ, വ്യവസായ പ്രമുഖർ, കയറ്റുമതിക്കാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ഉത്പാദകർ എന്നിവരെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും വ്യാപാര, നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനും ആഗോള ടെക്സ്‌റ്റൈൽ മൂല്യ ശൃംഖലകളിൽ വിശ്വസനീയ പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് 'ഭാരത് ടെക്സ് 2026' ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി https://bharat-tex.com/ സന്ദർശിക്കുക
 

***

 

(रिलीज़ आईडी: 2284271) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Telugu , English , Urdu , Bengali , Bengali-TR , Gujarati , Tamil , Kannada