പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂസിലാന്റിൽ ഗാല ഉച്ചഭക്ഷണ വിരുന്നിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 11 JUL 2026 12:32PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ,

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ,

നമസ്കാരം!

കിയ ഓറ (Kia Ora)!

എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും എന്റെ സുഹൃത്ത് പ്രധാനമന്ത്രി ലക്സണോട് ഞാൻ എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഓക്‌ലൻഡിലെ മഞ്ഞുകാലത്തെ ഇന്നത്തെ തണുപ്പിന് പോലും കുറവ് അനുഭവപ്പെടുന്ന തരത്തിൽ അത്രയേറെ ഊഷ്മളമായ ഒരു സ്വീകരണമാണ് അദ്ദേഹം നൽകിയത്, അതുകൊണ്ട് തന്നെ ഈ സന്ദർശനവേളയിൽ ന്യൂസിലൻഡിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും ഊഷ്മളതയും എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കും.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി ലക്സൺ ഇന്ത്യ സന്ദർശിച്ചത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലും പുതിയ ഊർജ്ജം പകർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിനും വ്യക്തമായ കാഴ്ചപ്പാടിനും ദൃഢമായ പ്രതിബദ്ധതയ്ക്കും കീഴിൽ, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സൗഹൃദം പുതിയൊരു ചാലകശക്തിയും പുതിയൊരു ദിശാബോധവും കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല്പത് വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ന്യൂസിലൻഡ് സന്ദർശനമാണ് ഇന്നത്തേത്. ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ, എനിക്ക് മുൻപ് വന്നവർ പല നല്ല കാര്യങ്ങളും എനിക്കായി ബാക്കിവെച്ചിട്ടാണ് പോയത്, അവ പൂർത്തിയാക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. സുഹൃത്തുക്കളേ, ഇത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ് കുറിക്കുന്നത്.

സുഹൃത്തുക്കളേ,

ജനാധിപത്യ മൂല്യങ്ങളിലുള്ള ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും ഉറച്ച വിശ്വാസം, ഒന്നിച്ച് മുന്നോട്ട് പോകുന്നതിന് നമുക്കൊരു സ്വാഭാവിക അടിത്തറ നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, നമ്മൾ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിൽ  അഭൂതപൂർവമായ വേഗതയാണ് കൈവരിച്ചിട്ടുള്ളത്.

ഇന്നത്തെ കൂടിക്കാഴ്ചയിൽ, നമ്മുടെ സഹകരണത്തിന് കൂടുതൽ ആഴവും വ്യാപ്തിയും നൽകുന്നതിനെക്കുറിച്ച് നമ്മൾ വിശദമായ ചർച്ചകൾ നടത്തി. ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തെ ഒരു തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താനുള്ള ചരിത്രപരമായ തീരുമാനം നമ്മൾ കൈക്കൊണ്ടിരിക്കുകയാണ്. ഈ ചട്ടക്കൂടിന് കീഴിൽ, വ്യക്തമായ ലക്ഷ്യങ്ങളോടെയും ദൃശ്യമായ ഫലങ്ങളോടെയും നമ്മൾ എല്ലാ മേഖലകളിലും മുന്നോട്ട് പോകും.

ഈ വർഷം റെക്കോർഡ് വേഗതയിലാണ് നമ്മൾ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചത്. ഈ നേട്ടം ഇരുരാജ്യങ്ങളിലെയും വ്യവസായങ്ങൾക്കും കർഷകർക്കും യുവാക്കൾക്കും പുതിയ അവസരങ്ങൾ തുറന്നുനൽകും. വ്യാപാരത്തോടൊപ്പം വിശ്വാസം, സാങ്കേതികവിദ്യ, പ്രതിഭ  എന്നിവയ്ക്കായുള്ള ഒരു രൂപരേഖയും  നമ്മൾ തയ്യാറാക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നമ്മുടെ ഉഭയകക്ഷി വ്യാപാരം 50 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്. വരുന്ന  അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ വ്യാപാരം ഇരട്ടിയാക്കുന്നതിന് ഈ സ്വതന്ത്ര വ്യാപാര കരാർ ശക്തമായ ഒരു അടിത്തറ നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഇന്ത്യയിൽ 20 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ന്യൂസിലൻഡിന്റെ പ്രതിബദ്ധതയെയും ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയുടെ വളർച്ചാ വഴിയിൽ  ദീർഘകാല പങ്കാളികളാകാൻ ന്യൂസിലൻഡ് കമ്പനികൾക്ക് അവസരമൊരുക്കും.

സുഹൃത്തുക്കളേ,

നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം  അർത്ഥവത്താക്കുന്നതിനായി, ഇരു രാജ്യങ്ങളുടെയും കരുത്തിനെ പ്രായോഗിക സഹകരണമാക്കി നമ്മൾ മാറ്റുകയാണ്. ഫിൻടെക് മേഖലയിൽ, ഇന്ത്യയുടെ യു.പി.ഐയെ ന്യൂസിലൻഡിന്റെ പേയ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിലേക്ക് നമ്മൾ മുന്നേറുകയാണ്.

കൃഷി, ക്ഷീരവികസനം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിൽ സഹകരണത്തിനായുള്ള ശക്തമായ ഒരു മാർഗ്ഗരേഖ നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് നമ്മുടെ കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും ഏറെ പ്രയോജനം ചെയ്യും.

പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ന്യൂസിലൻഡിനും ഇന്ത്യക്കും സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യമുണ്ട്. ഇന്ന്, നമ്മുടെ ആരോഗ്യ സംരക്ഷണ സഹകരണത്തിൽ പരമ്പരാഗത മരുന്നുകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന് നമ്മൾ സമ്മതിച്ചിട്ടുണ്ട്.

പ്രതിരോധ-സുരക്ഷാ മേഖലകളിൽ വളർന്നുവരുന്ന നമ്മുടെ സഹകരണം, നമ്മൾ തമ്മിലുള്ള ആഴമേറിയ തന്ത്രപ്രധാന വിശ്വാസത്തിന്റെ പ്രതിഫലനമാണ്. കഴിഞ്ഞ വർഷം ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാർ നമ്മുടെ പങ്കാളിത്തത്തിന് ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷാ സഹകരണത്തിനായുള്ള ഒരു ചട്ടക്കൂടിന് ഇന്ന് നമ്മൾ അംഗീകാരം നൽകി. ഉഭയകക്ഷി നാവിക അഭ്യാസങ്ങൾ, ലോജിസ്റ്റിക്സ് പിന്തുണ, ഹൈഡ്രോഗ്രഫിയിലെ സഹകരണം എന്നിവ നമ്മുടെ ഏകോപനത്തെയും പരസ്പര പ്രവർത്തനക്ഷമതയെയും കൂടുതൽ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളേ,

നമ്മുടെ ബന്ധത്തിന്റെ ഏറ്റവും ശക്തമായ സ്തംഭം  ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ്. തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും ന്യൂസിലൻഡിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കാൻ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവരെ മികച്ച രീതിയിൽ പരിപാലിക്കുന്നതിൽ  പ്രധാനമന്ത്രി ലക്സണോടും ന്യൂസിലൻഡ് സർക്കാരിനോടും ന്യൂസിലൻഡിലെ ജനങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

ഇന്ന് ഒപ്പുവെച്ച സാംസ്കാരിക സഹകരണ ധാരണാപത്രം (MoU) കല, സംസ്കാരം, പൈതൃകം, ക്രിയേറ്റീവ് വ്യവസായങ്ങൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റങ്ങൾക്ക് കൂടുതൽ കരുത്തുപകരും. ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് ന്യൂസിലൻഡ്. ഇന്ത്യയിൽ തങ്ങളുടെ കാമ്പസുകൾ ആരംഭിക്കുന്നതിനായി ന്യൂസിലൻഡ് സർവകലാശാലകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിന്റെ ശതാബ്ദി നമ്മൾ ഈ വർഷം ആഘോഷിക്കുകയാണ്. നൂറ് വർഷങ്ങൾക്ക് മുമ്പ്, മേജർ ധ്യാൻ ചന്ദിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീം ഇവിടെയെത്തി ചരിത്രം സൃഷ്ടിച്ചു; ആ പാരമ്പര്യം ഇന്നും നമ്മുടെ കായിക പങ്കാളിത്തത്തിന് പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്നു.

ഈ സുപ്രധാന അവസരത്തിന്റെ ഓർമ്മയ്ക്കായി, ഇരുരാജ്യങ്ങളിലും നമ്മൾ നിരവധി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ക്രിക്കറ്റിനൊപ്പം, 'സ്പോർട്സ് ജോയിന്റ് ആക്ഷൻ പ്ലാൻ' വഴി മറ്റ് കായിക ഇനങ്ങളിലും സഹകരണം വർദ്ധിപ്പിക്കാൻ നമ്മൾ ശ്രമിച്ചുവരുന്നു. ഭുവനേശ്വറിൽ ന്യൂസിലൻഡ് റഗ്ബിയും റഗ്ബി ഇന്ത്യയും ചേർന്ന് അടുത്തിടെ നടത്തിയ പരിശീലന പരിപാടി  ഈ ദിശയിലുള്ള വളരെ പ്രതീക്ഷാജനകമായ ഒരു തുടക്കമാണ്.

സുഹൃത്തുക്കളേ,

ആഗോള തലത്തിലും ഇന്ത്യയും ന്യൂസിലൻഡും വിശ്വസ്ത പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇന്നത്തെ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുന്നതിന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളിൽ പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന് നമ്മൾ വിശ്വസിക്കുന്നു.

ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ തോളോട് തോൾ ചേർന്ന് മുന്നോട്ട് പോകുന്നതിനായി, ഇന്ന് നമ്മൾ ഒരു സംയുക്ത പ്രവർത്തക സമിതിക്ക്‌ രൂപം നൽകിയിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സഹകരണം അത്യന്തം പ്രധാനമാണ്.

സുഹൃത്തുക്കളേ,

മവോറി പുതുവത്സരമായ "മതാരികി" (Matariki)-യുടെ വേളയിൽ 
നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങൾ ഇവിടെ പരാമർശിച്ചതുപോലെ, ഇവിടെ "മതാരികി" എന്ന് അറിയപ്പെടുന്ന ആ നക്ഷത്രസമൂഹം, പുരാതന കാലം മുതൽക്കേ ഇന്ത്യയിൽ "കൃത്തിക നക്ഷത്രം" എന്നാണ് അറിയപ്പെടുന്നത്. ഈ "മതാരികി" ഉത്സവം നമ്മുടെ ബന്ധത്തെ ഈ നക്ഷത്രങ്ങളെപ്പോലെ തിളക്കത്തോടെ പ്രകാശിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി ലക്സൺ,

അങ്ങയുടെ സൗഹൃദത്തിനും പ്രതിബദ്ധതയ്ക്കും, ഒപ്പം എന്റെ ഈ ന്യൂസിലൻഡ് സന്ദർശനം അവിസ്മരണീയമാക്കിയതിനും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. റഗ്ബിയിൽ കൂട്ടായ്മയും  വിശ്വാസവും എത്രത്തോളം അനിവാര്യമാണോ, അതുപോലെ പരസ്പര വിശ്വാസത്തോടെ നമ്മളും മുന്നോട്ട് പോകും. നമ്മൾ ഒരേ ടീമിലാണ്, അതുകൊണ്ടുതന്നെ വെല്ലുവിളികളെ മാത്രമായിരിക്കും നമ്മൾ നേരിടുക .

വളരെയധികം നന്ദി.


നിരാകരണം:ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

***

NK


(रिलीज़ आईडी: 2284071) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Urdu , Bengali , Bengali-TR , Manipuri , Assamese , Punjabi , Gujarati , Telugu , Kannada