കൃഷി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര മന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായുള്ള മഹത്തായ ലക്ഷ്യം : ‘വൃക്ഷമിത്ര’ ജനകീയ പ്രസ്ഥാനത്തിലൂടെ ഹരിത ഇന്ത്യയുടെ ഒരു പുതിയ അധ്യായം

प्रविष्टि तिथि: 12 JUL 2026 7:33PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ പുസാ കോംപ്ലക്സിൽ സംഘടിപ്പിച്ച ‘പരിസ്ഥിതി സംരക്ഷണ ദൃഢനിശ്ചയ പരിപാടിയും വൃക്ഷമിത്ര സംവാദവും’ ചടങ്ങിൽ രാജ്യത്തുടനീളമുള്ള പതിനേഴായിരത്തോളം ‘വൃക്ഷമിത്ര’ങ്ങളെ സാക്ഷിനിർത്തി, പരിസ്ഥിതി സംരക്ഷണത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുമെന്ന മഹത്തായ ലക്ഷ്യം കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു.
 
 
 
പത്മഭൂഷൺ പുരസ്കാര ജേതാവായ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.അനിൽ ജോഷി, പ്രശസ്ത ഡോക്ടറും സാമൂഹിക പ്രവർത്തകനുമായ ഡോ. അനൂപ് ഹസേല, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) ഡയറക്ടർ ജനറൽ ഡോ. എം.എൽ. ജാട്ട് എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വൃക്ഷമിത്രങ്ങളും ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. ആയിരക്കണക്കിന് പേർ വെർച്വൽ രീതിയിലൂടെയും ഇതിൻ്റെ   ഭാഗമായി. മരങ്ങൾ നട്ടുപിടിപ്പിക്കുക, ജല-മണ്ണ് സംരക്ഷണം, ഊർജ്ജ സംരക്ഷണം, പ്ലാസ്റ്റിക് രഹിത ജീവിതം എന്നിവ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി ഭൂമിയെ സംരക്ഷിക്കുക എന്ന കൂട്ടായ സന്ദേശമാണ് പരിപാടി നൽകിയത്.
 
 
വൃക്ഷമിത്രങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണത്തെ ഒരു ശക്തമായ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള വ്യക്തവും സുതാര്യവുമായ ഒരു കർമ്മരേഖ കേന്ദ്രമന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ അവതരിപ്പിച്ചു. ജന്മദിനങ്ങൾ, വിവാഹ വാർഷികങ്ങൾ, കുട്ടികളുടെ ജനനം, മാതാപിതാക്കളുടെ പുണ്യസ്മരണകൾ തുടങ്ങിയ അവസരങ്ങളിൽ ഓരോ കുടുംബവും ഓരോ മരം വീതം നട്ടുപിടിപ്പിക്കണമെന്നും ഇതിനെ 'വൃക്ഷോത്സവങ്ങൾ' ആക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിലൂടെ ഈ ശീലം കാലക്രമേണ എല്ലാ വീടുകളിലും ഒരു പാരമ്പര്യമായി മാറും. ഓരോ വൃക്ഷമിത്രയും വർഷത്തിൽ ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കുകയും ഈ കാമ്പെയ്‌നുമായി കുറഞ്ഞത് അഞ്ച് പുതിയ വ്യക്തികളെയെങ്കിലും ബന്ധിപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും വേണം. ഇതിൻ്റെ   പരസ്യമായ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തേണ്ടതാണ്. ഓഗസ്റ്റ് 12-ലെ ഹരിയാലി അമാവാസിക്ക് മുൻപായി ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഈ കാമ്പെയ്‌ൻ പൂർണ്ണമായും ഒരു സംഘടിത ചട്ടക്കൂടിൽ നടപ്പിലാക്കുന്നതിനായി ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിൽ 'വൃക്ഷമിത്ര പരിവാർ' കമ്മിറ്റികൾ രൂപീകരിക്കാനും ഈ ഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും ശ്രീ. ചൗഹാൻ നിർദ്ദേശിച്ചു.
 
 
പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മരം നടുന്നതിനായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തണം. പ്രധാനമന്ത്രി ഗ്രാം സഡക് യോജന, പ്രധാനമന്ത്രി ആവാസ് യോജന, ലഖ്പതി ദീദി യോജന തുടങ്ങിയ ഗവണ്മെൻ്റ്   പദ്ധതികളും മറ്റു ശുഭകാര്യങ്ങളും കാർഷിക-ഗ്രാമവികസന വകുപ്പുകളുടെ പരിപാടികളും മരം നട്ടുകൊണ്ട് മാത്രമേ ആരംഭിക്കാവൂ. ഇതിനോടൊപ്പം ഗോവർദ്ധൻ പൂജ, ലോക പരിസ്ഥിതി ദിനം, ഹരിയാലി അമാവാസി എന്നീ ദിവസങ്ങളിൽ കൂട്ടായ മരം നടീലും പ്രകൃതി പൂജയും നടത്തുക, വിവാഹ ക്ഷണക്കത്തുകളിലും മത-സാമൂഹിക ചടങ്ങുകളിലും തൈച്ചെടി നടാൻ അഭ്യർത്ഥിക്കുക, സന്യാസിമാർ , സാമൂഹിക നേതാക്കൾ, സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാർ എന്നിവരിലൂടെ ബോധവൽക്കരണം നടത്തുക, വൃക്ഷമിത്ര പരിവാറിനായി പ്രത്യേക ലോഗോയും ഡിജിറ്റൽ പോർട്ടലും നിർമ്മിക്കുക, മരം നടാത്തത് ജനങ്ങൾക്ക് ഒരു നാണക്കേടായും മരം നടുന്നത് പുരോഗതിയുടെയും അന്തസ്സിൻ്റെ യും പ്രതീകമായും മാറുന്ന ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
 
'വൃക്ഷമിത്ര'ങ്ങളുടെ ജനകീയ പ്രസ്ഥാനത്തിലൂടെ ഭൂമിയെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം:
 
പരിസ്ഥിതി പ്രതിസന്ധിയുടെ തീവ്രതയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ പ്രഭാഷണം ആരംഭിച്ചത്. ഇത് പരിസ്ഥിതിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് മനുഷ്യൻ്റെ   നിലനിൽപ്പിന് തന്നെ പ്രതിസന്ധിയാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. സമുദ്രനിരപ്പ് ഉയരൽ,വർദ്ധിച്ചുവരുന്ന താപനില, മലിനമായ വായു, അശുദ്ധമായ ജലം , അതിവേഗം അപ്രത്യക്ഷമാകുന്ന ജൈവവൈവിധ്യം എന്നിവ വരുംതലമുറകളുടെ ജീവിതത്തിന് നേരിട്ടുള്ള ഭീഷണിയായി നിലകൊള്ളുകയാണ്. ലോകമെമ്പാടും നടക്കുന്ന സംഭവങ്ങളും ശാസ്ത്രീയ വസ്തുതകളും ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇപ്പോൾ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2050-ലും അതിനുശേഷവുമുള്ള പരിസ്ഥിതിക സാഹചര്യം വളരെ ആശങ്കാജനകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
 
ഏവരും തങ്ങൾക്കായി ജീവിക്കുന്നു, എന്നാൽ മറ്റുള്ളവർക്ക് ജീവൻ നൽകുന്നതാണ് യഥാർത്ഥ ജീവിതമെന്നും മരം നടുന്നതാണ് ജീവൻ നൽകുന്നതിനുള്ള ഏറ്റവും വലിയ മാധ്യമമെന്നും വികാരാധീനനായ സ്വരത്തിൽ ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞു. ഒരു മരം എന്നത് കേവലം പച്ചപ്പുള്ള കാഴ്‌ച മാത്രമല്ല, മറിച്ച് നമ്മുടെ ശ്വാസത്തിനുള്ള ഓക്സിജനും, ഭൂമിയുടെ താപനില സന്തുലിതമാക്കാനുള്ള കവചവും, പക്ഷികൾക്കും പ്രാണികൾക്കും എണ്ണമറ്റ ജീവികൾക്കും ഉള്ള വീടും, വരുംതലമുറകൾക്കുള്ള സുരക്ഷാ കവചവുമാണ്. താൻ ഒരു മരം നട്ടുപിടിപ്പിക്കുകയും അത് വളരുന്നത് കാണുകയും ചെയ്യുമ്പോൾ ഭൂമിയെ ചേർത്തുപിടിക്കുന്നത് പോലെ തോന്നാറുണ്ടെന്നും, ഈ വികാരമാണ് 'വൃക്ഷമിത്ര അഭിയാൻ്റെ  ' ആത്മാവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
 
 
എല്ലാ വർഷവും ഒരു മരം നടുമെന്ന ദൃഢനിശ്ചയം, വൃക്ഷമിത്രങ്ങൾ അഞ്ച് പുതിയ സൗഹൃദങ്ങളെ  ബന്ധിപ്പിക്കും:
 
ഈ പരിപാടി കേവലം പ്രസംഗങ്ങളിൽ മാത്രമായി ഒതുക്കാതെ, നാം എന്താണ് ചെയ്യേണ്ടതെന്ന് ഇന്ന് ഇവിടെ വെച്ച് തന്നെ തീരുമാനിക്കണമെന്ന് ശ്രീ.ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്തമാക്കി. നിരവധി വൃക്ഷമിത്രങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ലളിതവും വ്യക്തവുമായ ഒരു ലക്ഷ്യം മുന്നോട്ടുവെച്ചു – വർഷത്തിൽ ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കുകയും മരം നടീൽ പദ്ധതിയുമായി കുറഞ്ഞത് അഞ്ച് പുതിയ വ്യക്തികളെയെങ്കിലും ബന്ധിപ്പിക്കുകയും ചെയ്യുക. ജന്മദിനം, വിവാഹ വാർഷികം, കുട്ടികളുടെ ജന്മദിനം, മാതാപിതാക്കളുടെ പുണ്യസ്മരണ തുടങ്ങിയ അവസരങ്ങളിൽ ഏതൊരു വ്യക്തിയും നിർബന്ധമായും ഒരു മരം നടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഈ വ്യക്തിപരമായ ചുവടുവെയ്പ്പുകൾ വരുംകാലങ്ങളിൽ കൂട്ടായ ശക്തിയായി മാറും. സദസ്സിൽ ഉണ്ടായിരുന്ന എല്ലാ വൃക്ഷമിത്രങ്ങളും അദ്ദേഹത്തോടൊപ്പം ഇതേക്കുറിച്ചുള്ള പ്രതിജ്ഞയെടുത്തു. ഈ ഊർജ്ജമാണ് രാജ്യത്തുടനീളം വ്യാപിച്ച് ഒരു ജനകീയ പ്രസ്ഥാനമായി മാറാൻ പോകുന്നതെന്ന് ശ്രീ. ചൗഹാൻ പറഞ്ഞു. വെർച്വലായി പങ്കെടുത്ത സഹപ്രവർത്തകരെയും ഈ ദൃഢനിശ്ചയത്തിൻ്റെ   ഭാഗമാകാൻ അദ്ദേഹം പ്രേരിപ്പിച്ചു. ഓരോ പൗരനും വർഷത്തിൽ ഒരു മരം നടുകയും അഞ്ച് പേരെ പ്രചോദിപ്പിക്കുകയും ചെയ്താൽ വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ ഹരിത ഇന്ത്യയുടെ ചിത്രം വളരെയധികം മാറുമെന്ന വ്യക്തമായ സന്ദേശവും അദ്ദേഹം നൽകി.
 
 
'വൃക്ഷമിത്ര പരിവാറിന്' ദേശീയ ഘടനയും ദേശീയ തലത്തിലുള്ള പ്രചാരണവും ഉണ്ടാകും
 
മരം നടീൽ ശ്രമങ്ങൾ ഒറ്റപ്പെട്ട സംരംഭങ്ങളായി പരിമിതപ്പെടുത്തില്ലെന്നും , പകരം 'വൃക്ഷമിത്ര പരിവാർ' എന്ന പേരിൽ ഒരു സംഘടിത ശൃംഖല രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി ശ്രീ. ശിവ്‌രാജ് സിങ് പ്രഖ്യാപിച്ചു. ഇതൊരു സംഘടനയല്ല, മറിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനുമുള്ള ഒരു പൊതുവികാരത്തോടെ ബന്ധിപ്പിക്കപ്പെട്ട സഹോദരങ്ങൾ, മക്കൾ, അമ്മാവന്മാർ, അനന്തരവന്മാർ എന്നിവരടങ്ങുന്ന ഒരു കുടുംബമായിരിക്കും. ആസൂത്രണവും നിരീക്ഷണവും ഏകോപനവും എളുപ്പമാക്കുന്നതിനായി വൃക്ഷമിത്ര പരിവാറിൻ്റെ   ഒരു ദേശീയ ഘടകം രൂപീകരിക്കാനും, തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും, ജില്ലകളിലും, ബ്ലോക്കുകളിലും, ഗ്രാമതലങ്ങളിലും അതിൻ്റെ   യൂണിറ്റുകൾ രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഘടന മുകളിൽ നിന്ന് താഴേക്ക് ബന്ധിപ്പിക്കപ്പെടുമ്പോൾ ഓരോ പ്രദേശത്തും മരം നടുന്നതിനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അവയുടെ പരിചരണത്തിൻ്റെ   ഉത്തരവാദിത്വo നിശ്ചയിക്കാനും സാധിക്കും. മരം നടീൽ എന്നത് ഒരു തവണ ഫോട്ടോ എടുക്കുന്ന ചടങ്ങായി മാത്രം മാറാതെ അതൊരു തുടർച്ചയായ പ്രചാരണമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
 
 
**ഹരിയാലി അമാവാസിയിൽ വിപുലമായ രാജ്യവ്യാപക മരം നടീൽ**
ഭാരതീയ സംസ്കാരത്തിൽ മരങ്ങൾക്കും ജലത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ 'ഹരിയാലി അമാവാസി'യുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം ഓർമ്മിപ്പിച്ചു. നമ്മുടെ പാരമ്പര്യത്തിൽ മരങ്ങൾക്കും കുളങ്ങൾക്കും ജലാശയങ്ങൾക്കും പുത്രന്മാരേക്കാൾ പ്രാധാന്യമാണ് നൽകിയിട്ടുള്ളത് – "ഒരു മരം പത്ത് പുത്രന്മാർക്ക് തുല്യമാണ്" എന്നതുപോലുള്ള പ്രസ്താവനകൾ നമ്മുടെ ചിന്താഗതിയുടെ തെളിവാണ്. ഈ സാംസ്കാരിക പശ്ചാത്തലത്തിൽ, ഈ വർഷം ഓഗസ്റ്റ് 12-ന് വരുന്ന ഹരിയാലി അമാവാസിയിൽ 'വൃക്ഷമിത്ര പരിവാറി'ൻ്റെ  ദേശീയതലത്തിലെ പ്രഥമ പരിപാടി നടത്താൻ അദ്ദേഹം നിർദ്ദേശിച്ചു. ഈ ദിവസം രാജ്യത്തുടനീളം എല്ലാ വൃക്ഷമിത്രങ്ങളും അവരുടെ പ്രദേശങ്ങളിൽ ഒരു മരം വീതം തീർച്ചയായും നട്ടുപിടിപ്പിക്കുമെന്നും സാവധാനം ഈ ദിവസം രാജ്യത്തുടനീളം 'വൃക്ഷോത്സവം' എന്ന പേരിൽ അറിയപ്പെടുമെന്നും കേന്ദ്രമന്ത്രി ശ്രീ. ചൗഹാൻ പറഞ്ഞു. ഹരിയാലി അമാവാസിയിലെ മരം നടീൽ, ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്യൽ, സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും തൈച്ചെടികൾ നടീൽ എന്നിവ പോലെ നമ്മുടെ സാംസ്കാരിക ഉത്സവങ്ങളെ പരിസ്ഥിതിയുമായി ബന്ധിപ്പിച്ചാൽ വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ കോടിക്കണക്കിന് പുതിയ മരങ്ങൾ ഭൂമിയിൽ വളർന്നുനിൽക്കുമെന്നും ഇത് നമ്മുടെ സംസ്കാരത്തെയും പരിസ്ഥിതിയെയും ഒരുപോലെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
 
പഞ്ചായത്തുകളിലും നഗരസഭകളിലും മരം നടുന്നതിനൊപ്പം സംരക്ഷണവും :
 
മരങ്ങൾ നടുന്നതിനേക്കാൾ കൂടുതൽ അവയുടെ സംരക്ഷണത്തിന് കേന്ദ്രമന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ ഊന്നൽ നൽകി. ഇന്ന് ചിലയിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതിന്റെ ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പിന്നീട് ആ മരം ജീവനോടെയുണ്ടോ, അതിന് വെള്ളം ലഭിക്കുന്നുണ്ടോ, മൃഗങ്ങളിൽ നിന്ന് അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാൻ ആരും പോകുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി എന്ന്   അദ്ദേഹം തുറന്നുപറഞ്ഞു. ഈ പ്രവണത മാറേണ്ടതുണ്ട് – മരം നടുക എന്നതല്ല ലക്ഷ്യം, അതിനെ വളർത്തുക എന്നതായിരിക്കണം ലക്ഷ്യം. ഈ സാഹചര്യത്തിൽ ഓരോ പഞ്ചായത്തും അതാത് പ്രദേശത്ത് രണ്ടോ മൂന്നോ ഏക്കർ സ്ഥലം കണ്ടെത്തി 'വൃക്ഷമിത്ര പ്രദേശങ്ങൾ' നിർമ്മിക്കണമെന്നും അവിടെ പതിവായി മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയുടെ പരിചരണം ഒരു കൂട്ടായ ഉത്തരവാദിത്വമായി മാറ്റുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതുപോലെ ഓരോ നഗരപഞ്ചായത്തും മുൻസിപ്പൽ കോർപ്പറേഷനും നഗരസഭയും തങ്ങളുടെ പ്രദേശങ്ങളിൽ തൈച്ചെടികൾ നടുന്നതിനും അതിൻ്റെ   നിരീക്ഷണം നടത്തുന്നതിനും നിരവധി സ്ഥലങ്ങൾ നിശ്ചയിക്കണം. പഞ്ചായത്തുകളും നഗരസഭകളും സ്ഥലവും ക്രമീകരണങ്ങളും നൽകുകയും 'വൃക്ഷമിത്ര പരിവാർ' മരങ്ങളുടെയും അവയുടെ പരിചരണത്തിൻ്റെയും ഉത്തരവാദിത്വo ഏറ്റെടുക്കുകയും ചെയ്യുമ്പോൾ മരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും ഓരോ വർഷവും നട്ടുപിടിപ്പിക്കുന്ന തൈകൾ യഥാർത്ഥത്തിൽ ഹരിത ഇന്ത്യയുടെ മൂലധനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
 
 
**ഭാവി കൃഷിയും കർഷകരുടെ ജീവിതവും സുരക്ഷിതമാക്കാനുള്ള സംരംഭവും **
 
 ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ പരിസ്ഥിതി സംരക്ഷണത്തെ കൃഷിയുമായും കർഷകരുടെ ഭാവിയുമായും നേരിട്ട് ബന്ധിപ്പിച്ചു. ഇന്ന് കർഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ചോദ്യങ്ങൾ വിത്തുകളും വളങ്ങളും മാത്രമല്ല, ജലത്തിൻ്റെ   ലഭ്യത, മണ്ണിൻ്റെ   ഗുണനിലവാരം, കൃഷിയിടങ്ങളുടെ ദീർഘകാല ആരോഗ്യം എന്നിവ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാസവസ്തുക്കളുടെ അസന്തുലിതമായ ഉപയോഗവും അനിയന്ത്രിതമായ ചൂഷണവും കാരണം മണ്ണിൻ്റെ   ഫലഭൂയിഷ്ഠത കുറയുന്നുണ്ടെന്നും, ഇത് ഉൽപ്പാദനത്തെ മാത്രമല്ല, വിളകളുടെ ഗുണനിലവാരത്തെയും ജനങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ജല-മണ്ണ് സംരക്ഷണത്തിനായി സന്തുലിതമായ ഉപയോഗത്തിൻ്റെ   സന്ദേശം – ആവശ്യത്തിന് മാത്രം പ്രയോജനപ്പെടുത്തുക , മണ്ണിൻ്റെ   സഹിഷ്ണുതയെ മാനിക്കുക, ഭൂമിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നതും കർഷകരുടെ വരുമാനം സുരക്ഷിതമാക്കുന്നതുമായ കൃഷി വ്യാപിപ്പിക്കുക-അദ്ദേഹം നൽകി. കൃഷിയിടങ്ങളെ രക്ഷിക്കാൻ ശാസ്ത്രീയമായ സമീപനവും സാമൂഹിക പങ്കാളിത്തവും ഒരുപോലെ ആവശ്യമാണെന്നും, അതുവഴി ഭാവിയിൽ യാതൊരുവിധ പരിസ്ഥിതി പ്രതിസന്ധിക്ക് മുന്നിലും കാർഷിക ഉൽപ്പാദനവും കർഷകരുടെ ജീവിതവും സുരക്ഷിതമല്ലാതെ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
 
 
**മിഷൻ ലൈഫ് (LiFE), ഊർജ്ജ സംരക്ഷണം, പ്ലാസ്റ്റിക് രഹിത ജീവിതം എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷണം ഒരു ദൈനംദിന ശീലമാക്കുക**
 
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ‘മിഷൻ ലൈഫ് (Lifestyle for Environment)’ പദ്ധതിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ. ചൗഹാൻ, പരിസ്ഥിതിക്കായി ജീവിതശൈലി മാറ്റുന്നതാണ് ഏറ്റവും ഫലപ്രദവും ശാശ്വതവുമായ പരിഹാരമെന്ന് പറഞ്ഞു. മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ലൈറ്റുകൾ അണയ്ക്കുക, ചോർച്ചയുള്ള പൈപ്പ് ഉടൻ നന്നാക്കുക, വെള്ളം പാഴാക്കാതിരിക്കുക, നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ വേർതിരിക്കുക, പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുക, ഭക്ഷണത്തിൽ ധാന്യങ്ങളും പ്രാദേശിക ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തുക എന്നിവയെല്ലാം ചെറിയ ചുവടുവെയ്പ്പുകളാണെങ്കിലും അവയുടെ ഫലം വളരെ വലുതാണ്. ഡോ. അനൂപ് ഹസേല നിർദ്ദേശിച്ച ഊർജ്ജ സംരക്ഷണ നടപടികളോട് യോജിച്ചുകൊണ്ട്, എൽഇഡി ലൈറ്റുകൾ, ബിഎൽഡിസി ഫാനുകൾ, ഊർജ്ജക്ഷമതയുള്ള എസികൾ, റഫ്രിജറേറ്ററുകൾ എന്നിവ ഉപയോഗിക്കുന്നത് വൈദ്യുതി  ബില്ലുകൾ കുറയ്ക്കാൻ മാത്രമല്ല പരിസ്ഥിതിക്കും ആവശ്യമാണെന്ന് ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഊർജ്ജ ഉൽപ്പാദനവും സംരക്ഷണവും വലിയ പ്രശ്നങ്ങളായി മാറുമെന്നും അതിനാൽ ഇനി മുതൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഊർജ്ജ സംരക്ഷണ ഉപകരണങ്ങൾ സ്വീകരിക്കേണ്ടതും ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നീക്കം ചെയ്യേണ്ടതും അനിവാര്യമാണെന്നും എങ്കിൽ മാത്രമേ മിഷൻ ലൈഫിൻ്റെ   യഥാർത്ഥ ഫലം ദൃശ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
 
 
**ശ്രീ. അനിൽ ജോഷിയും ഡോ. ഹസേലയും ശീലങ്ങളിലെ വ്യതിയാനത്തിൻ്റെ യും ‘ഒരു മരം ദത്തെടുക്കലിൻ്റെയും’ സന്ദേശം നൽകി**
പത്മഭൂഷൺ പുരസ്കാര ജേതാവായ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. അനിൽ ജോഷി, കേന്ദ്രമന്ത്രി ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ്റെ   മരം നടീൽ യജ്ഞത്തെ വെറുമൊരു മരം നടീൽ പ്രവർത്തനമായിട്ടല്ല, മറിച്ച് ദീർഘവീക്ഷണമുള്ളതും പ്രചോദനാത്മകവുമായ ഒരു ചിന്തയായിട്ടാണ് വിശേഷിപ്പിച്ചത്. ഭരണത്തിലിരിക്കുമ്പോൾ പോലും ഒരു വ്യക്തിക്ക് ലളിതമായും സങ്കീർണ്ണതകളില്ലാതെയും പ്രകൃതിയോട് സ്നേഹത്തോടെയും പ്രവർത്തിക്കാൻ കഴിയുമെന്ന് ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ്റെ   ജീവിതവും പെരുമാറ്റവും കാണിച്ചുതരുന്നുവെന്നും ഇതാണ് അദ്ദേഹത്തെ സവിശേഷനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ശ്രീ. ശിവ്‌രാജ് സിങ്ങിൻ്റെ   പ്രവർത്തനങ്ങൾ താൻ കാണുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ   വ്യക്തിത്വത്തിൽ സ്വാർത്ഥതയില്ലെന്നും, സമൂഹത്തിനും പരിസ്ഥിതിക്കും വേണ്ടി നിരന്തരം പ്രവർത്തിക്കാനുള്ള പ്രവണതയാണ് കണ്ടിട്ടുള്ളതെന്നും ഇത് സുസ്ഥിരതയുടെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
ശ്രീ. ശിവ്‌രാജ് സിങ് ചൗഹാൻ്റെ   മരം നടീൽ പരിപാടി, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഐഐടി (IIT) ശാസ്ത്രജ്ഞർ ശാസ്ത്രീയ പഠനം ആരംഭിച്ചിട്ടുണ്ടെന്നും, റിമോട്ട് സെൻസിംഗ് വഴിയും മറ്റ് സാങ്കേതിക മാർഗ്ഗങ്ങളിലൂടെയും അദ്ദേഹം നട്ടുപിടിപ്പിച്ച മരങ്ങളും നടത്തിയ കാമ്പെയ്‌നുകളും ഭൂമിയിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് ഇതിലൂടെ വിലയിരുത്തുമെന്നും ശ്രീ. അനിൽ ജോഷി പറഞ്ഞു. ഈ പഠനം ഭാവിയിൽ പാർലമെൻ്റിലിരിക്കുന്ന നയരൂപകർത്താക്കൾക്കും സാമൂഹിക സംഘടനകൾക്കും ജനപ്രതിനിധികൾക്കും ഒരു "കേസ് സ്റ്റഡി" ആയിരിക്കുമെന്നും, അതിലൂടെ നിരന്തരവും ലളിതവും ജനകീയവുമായ ശ്രമങ്ങളിലൂടെ പരിസ്ഥിതിയിൽ എങ്ങനെ കൃത്യമായ പുരോഗതി കൊണ്ടുവരാൻ കഴിയുമെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
പ്രശസ്ത ഡോക്ടറും സാമൂഹിക പ്രവർത്തകനുമായ ഡോ. അനൂപ് ഹസേല കാലാവസ്ഥാ വ്യതിയാനത്തെയും സുസ്ഥിരതയെയും കുറിച്ച് വളരെ ലളിതമായ ഭാഷയിൽ വിശദീകരിച്ചു. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന താപനിലയും , പരാജയപ്പെടുന്ന സംവിധാനങ്ങളും, തകരുന്ന ആരോഗ്യ സംവിധാനങ്ങളും ഈ പ്രതിസന്ധി ഏതെങ്കിലും ഒരു രാജ്യത്തോ നഗരത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രധാന ഘടകങ്ങളായി ഊർജ്ജ സംരക്ഷണം, ജലത്തിൻ്റെ   മിതമായ ഉപയോഗം പുനരുപയോഗം പുനചംക്രമണം (Reduce-Reuse-Recycle) മാതൃക, ഗ്രേ-വാട്ടർ (Grey-water) ഉപയോഗം, പേപ്പറിൻ്റെയും പ്ലാസ്റ്റിക്കിൻ്റെയും കുറഞ്ഞ ഉപയോഗവും പുനരുപയോഗവും എന്നിവയെ അദ്ദേഹം വിശേഷിപ്പിച്ചു.
 
 

 

“ഒരു മരം നടുക, ഒരു മരം ദത്തെടുക്കുക” എന്ന സന്ദേശമാണ് ഡോ. ഹസേല നൽകിയത്. ഫ്ലാറ്റുകളിൽ താമസിക്കുന്നതിനാൽ ഭൂമിയിൽ മരം നടാൻ കഴിയാത്തവർക്കും ദിവസേനയുള്ള സഞ്ചാരത്തിനിടയിൽ എവിടെയെങ്കിലും ഒരു ചെറിയ ചെടി ദത്തെടുക്കാനും അതിന് ദിവസവും വെള്ളം നൽകാനും അതിനെ പരിചരിക്കാനും അത് വലിയൊരു മരമായി മാറുന്നത് കാണാനും സാധിക്കും – ഇതാണ് യഥാർത്ഥ സുസ്ഥിരത. തൻ്റെ   ആശുപത്രിയുടെ ഉദാഹരണം നൽകിക്കൊണ്ട്, ലോക പരിസ്ഥിതി ദിനം, ഓഗസ്റ്റ് 15, ജനുവരി 26 തുടങ്ങിയ അവസരങ്ങളിൽ നൂറുകണക്കിന് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ടെന്നും, അങ്ങനെ ഓരോ തൈയും ഭൂമിയിൽ എവിടെയെങ്കിലും നടുകയും അത് മരമായി മാറുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൂടുതൽ സ്ഥാപനങ്ങൾ “ഹരിത സർട്ടിഫിക്കേഷൻ” ദിശയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഊർജ്ജം, ജലം, മാലിന്യം, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗത്തിൽ വലിയ പുരോഗതി സാധ്യമാകുമെന്നും ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് സ്ഥാപനപരമായ കരുത്ത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
****

 


(रिलीज़ आईडी: 2283964) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada