രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിൽ നിർമ്മിച്ച അത്യാധുനിക യുദ്ധക്കപ്പൽ ‘ഐഎൻഎസ് മഹേന്ദ്രഗിരി’ വിശാഖപട്ടണത്ത് രക്ഷാ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തു

प्रविष्टि तिथि: 11 JUL 2026 12:56PM by PIB Thiruvananthpuram

തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി’ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 2026 ജൂലൈ 11-ന് നടന്ന ചടങ്ങിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിൻ്റെ സാന്നിധ്യത്തിൽ ഇന്ത്യൻ നാവികസേനയുടെ പൂർവ നാവികവ്യൂഹത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തി. കപ്പൽ നിർമ്മാണത്തിൽ ഇന്ത്യ കൈവരിച്ചുവരുന്ന സ്വയംപര്യാപ്തതയുടെ പ്രതിഫലനമാണ് ഈ മുൻനിര യുദ്ധക്കപ്പലെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചു. അസാധാരണമായ രൂപകൽപ്പന ശേഷി, ഉൽപ്പാദന മികവ്, നാവിക-വ്യവസായ ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ച, അത്യാധുനിക പ്ലാറ്റ്‌ഫോമുകൾ സമയബന്ധിതമായി വിന്യസിക്കാനുള്ള കഴിവ് എന്നിവയാണ് ഇതിന് പിൻബലമെന്നും അദ്ദേഹം പറഞ്ഞു.

 

 
കേവലം 1.5 വർഷത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന  പ്രൊജക്ട് 17A യിലെ ആറാമത് തദ്ദേശീയ യുദ്ധക്കപ്പലാണ് ‘ഐഎൻഎസ് മഹേന്ദ്രഗിരി’. ഈ പരമ്പരയിലെ ആദ്യ കപ്പലായ ‘ഐഎൻഎസ് നീലഗിരി’ 2025 ജനുവരിയിലാണ് കമ്മീഷൻ ചെയ്തത്. തുടർന്ന് ഓഗസ്റ്റിൽ ‘ഐഎൻഎസ് ഉദയഗിരി’, ‘ഐഎൻഎസ് ഹിമഗിരി’ എന്നിവയും ഈ വർഷം ഏപ്രിലിൽ ‘ഐഎൻഎസ് താരാഗിരി’യും കഴിഞ്ഞ മാസം ‘ഐഎൻഎസ് ദുനഗിരി’യും നാവികസേനയുടെ ഭാഗമായി. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത് മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) നിർമ്മിച്ച ഈ കപ്പലിന് ഫ്ലീറ്റ് എയർ ഡിഫൻസ്, ഉപരിതല, ജലാന്തർ യുദ്ധശേഷി, നിരീക്ഷണം, മാനുഷിക സഹായവും ദുരന്തനിവാരണവും (HADR) ഉൾപ്പെടെയുള്ള എല്ലാത്തരം പ്രവർത്തനങ്ങളും നടത്താൻ ശേഷിയുണ്ട്.
 
 
75 ശതമാനത്തിലധികം തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ഈ യുദ്ധക്കപ്പലിന് ഏകദേശം 6,670 ടൺ ഭാരമുണ്ട്. മണിക്കൂറിൽ 28 നോട്ട് വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. സൂപ്പർസോണിക് ഉപരിതല-ഉപരിതല മിസൈലുകൾ, മീഡിയം റേഞ്ച് ഉപരിതല-വ്യോമ മിസൈലുകൾ, അന്തർ വാഹിനി യുദ്ധ സാമഗ്രികൾ, ബഹു ശേഷി ഹെലികോപ്റ്റർ എന്നിവയ്‌ക്കൊപ്പം അത്യാധുനിക യുദ്ധക്കപ്പൽ ശേഷി, ആധുനിക സെൻസറുകൾ, നെറ്റ്‌വർക്ക് കേന്ദ്രീകൃത പ്രതിരോധ സംവിധാനം, അത്യാധുനിക ആയുധ സജ്ജീകരണങ്ങൾ എന്നിവയും ഇതിലുണ്ട്.
 
 
"ലോകത്തിലെ ഏറ്റവും വേഗതയേറിയതും ആക്രമണ ശേഷിയുമുള്ള ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസ് ഉപരിതല-ഉപരിതല മിസൈൽ ഐഎൻഎസ് മഹേന്ദ്രഗിരിയിൽ ഘടിപ്പിക്കാൻ സാധിക്കും. ദൂരെയുള്ള വ്യോമ ഭീഷണികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ശേഷിയുള്ള റഡാറും ഉപരിതല-വ്യോമ മിസൈലുകളും ഇതിലുണ്ട്. തദ്ദേശീയ റോക്കറ്റ് ലോഞ്ചർ, ടോർപ്പിഡോ ലോഞ്ചറുകൾ, ഇൻ്റഗ്രേറ്റഡ് ആൻ്റി-സബ്‌മറൈൻ ഡിഫൻസ് സിസ്റ്റം, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം എന്നിവയും കപ്പലിൻ്റെ ആയുധ ശേഖരത്തിലുണ്ട്. ഈ സവിശേഷതകളെല്ലാം ഈ യുദ്ധക്കപ്പലിനെ അജയ്യവും കരുത്തുറ്റതുമാക്കുന്നു," ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ "ബ്ലൂ-വാട്ടർ കപ്പൽ" തീരപ്രദേശങ്ങളിൽ മാത്രമല്ല, ആഴക്കടലിലും ഇന്ത്യയുടെ സമുദ്രതാൽപ്പര്യങ്ങളെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസം മന്ത്രി പ്രകടിപ്പിച്ചു.
 
ഡ്രോണുകൾ, നിർമിത ബുദ്ധി (എഐ), സൈബർ യുദ്ധം, ബഹിരാകാശ അധിഷ്ഠിത ശേഷികൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, ആളില്ലാ സംവിധാനങ്ങൾ തുടങ്ങി ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ യുദ്ധമുറയുടെ സ്വഭാവത്തെ ഗണ്യമായി മാറ്റിമറിച്ചിട്ടുണ്ട്. പരമ്പരാഗത സൈനിക ശേഷികൾ തന്നെയാണ് ഫലപ്രദമായ പ്രതിരോധത്തിൻ്റെ അടിത്തറയെന്ന് പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു. "ഭാവിയിലെ യുദ്ധങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കാം പോരാടുന്നത്, എന്നാൽ അവ ജയിക്കുന്നത് ദേശീയ ദൃഢനിശ്ചയത്തിലൂടെയും പരിശീലനം സിദ്ധിച്ച സൈനികരിലൂടെയും വിശ്വസനീയമായ സൈനിക ശക്തിയിലൂടെയുമായിരിക്കും," വികസിത സാങ്കേതികവിദ്യകളും പരമ്പരാഗത പ്ലാറ്റ്‌ഫോമുകളും പരസ്പരം മത്സരിക്കുന്നവയല്ല, മറിച്ച് പരസ്പര പൂരകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റ് അടുത്ത തലമുറ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതോടൊപ്പം പരമ്പരാഗത ശേഷികൾ ശക്തിപ്പെടുത്തുന്നത് തുടരുകയെന്ന സന്തുലിത സമീപനത്തിനാണ് പ്രതിജ്ഞാബദ്ധമായിരിക്കുന്നതെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. "ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായി പരമ്പരാഗതവും ആധുനികവുമായ ശേഷികളെ ഫലപ്രദമായി സംയോജിപ്പിച്ചതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'," സാങ്കേതികമായി പുരോഗതി കൈവരിച്ചതും യുദ്ധസജ്ജവുമായ ഒരു നാവികസേന കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ഐഎൻഎസ് മഹേന്ദ്രഗിരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സമുദ്ര സുരക്ഷയും സാമ്പത്തിക സുരക്ഷയും പരസ്പരം പൂരകമാണെന്ന്  വ്യക്തമാക്കിയ പ്രതിരോധ മന്ത്രി, സമുദ്രങ്ങൾ ദേശീയ സുരക്ഷയ്ക്ക് മാത്രമല്ല, വ്യാപാരം, വിതരണ ശൃംഖലകൾ, ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച എന്നിവയ്ക്കും സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ഇൻഡോ-പസഫിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഈ മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളർച്ചയും എന്ന ഗവണ്മെൻ്റിൻ്റെ കാഴ്ചപ്പാടിനോടുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
 
 
"ഇന്ത്യ ഒരു സുരക്ഷാ ദാതാവും മേഖലയിലുടനീളം സുരക്ഷയും വികസനവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധവുമായ ഒരു വിശ്വസ്ത പങ്കാളിയുമാണ്,"  ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങൾ (HADR), കടൽക്കൊള്ള വിരുദ്ധ ദൗത്യങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിലകപ്പെട്ട ഇന്ത്യൻ-വിദേശ പൗരന്മാരെ ഒഴിപ്പിക്കൽ എന്നിവയിലൂടെ ഈ പ്രതിജ്ഞാബദ്ധത നിരന്തരം തെളിയിക്കുന്ന ഇന്ത്യൻ നാവികസേനയെ  അഭിനന്ദിച്ചു. നാവികസേനയുടെ സമയബന്ധിതവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലൂടെ ഇൻഡോ-പസഫിക്കിലെ 'ആദ്യ പ്രതികരണ സേന', 'കൂടുതൽ മുൻഗണന നൽകുന്ന സുരക്ഷാ പങ്കാളി 'എന്നീ അംഗീകാരങ്ങൾ ഇന്ത്യൻ നാവികസേന നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ഇന്ത്യൻ നാവികസേന വഹിച്ച പങ്കിനെക്കുറിച്ച് പരാമർശിച്ച പ്രതിരോധ മന്ത്രി, 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ'യ്ക്ക് കീഴിൽ 9,000 കോടിയിലധികം രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾ കയറ്റിയ 18 ചരക്കുകപ്പലുകൾക്ക് നാവികസേന സുരക്ഷിതമായി അകമ്പടി സേവിച്ചതായി പ്രസ്താവിച്ചു. ഈ ശ്രമങ്ങൾ നാവികസേന ഒരു പോരാട്ട വീര്യമുള്ള സേന മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളുടെ പ്രധാന സംരക്ഷകൻ കൂടിയാണെന്ന യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐഎൻഎസ് മഹേന്ദ്രഗിരി ഈ സമഗ്രമായ സമുദ്ര തന്ത്രത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കിഴക്കൻ തീരത്തിൻ്റെ കരുത്ത് വർദ്ധിപ്പിക്കുമെന്നും ഇന്ത്യയുടെ അധികാരപരിധിയിലുള്ള സമുദ്രപരിധി വ്യാപിപ്പിക്കുമെന്നും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സാന്നിധ്യം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
തദ്ദേശീയമായ യുദ്ധക്കപ്പൽ നിർമ്മാണം കേവലം കോംബാറ്റ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്നതിനപ്പുറം രൂപകൽപ്പന ശേഷി, സാങ്കേതിക വൈദഗ്ധ്യം, വിദഗ്ധരായ മനുഷ്യവിഭവശേഷി, മൊത്തത്തിലുള്ള സമുദ്ര വ്യവസായ ആവാസവ്യവസ്ഥ എന്നിവയെ ശക്തിപ്പെടുത്തുന്നുവെന്ന് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. കപ്പൽ നിർമ്മാണം സ്റ്റീൽ, ഇലക്ട്രോണിക്സ്, സെൻസറുകൾ, പ്രൊപ്പൽഷൻ സിസ്റ്റം, സോഫ്റ്റ്‌വെയർ, പ്രിസിഷൻ എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ് തുടങ്ങി ഒന്നിലധികം മേഖലകളിൽ വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
'മാരിടൈം ഇന്ത്യ വിഷൻ 2030' പോലുള്ള സംരംഭങ്ങളിലൂടെ തുറമുഖങ്ങൾ നവീകരിക്കാനും ഉൾനാടൻ ജലപാതകൾ വികസിപ്പിക്കാനും ലോജിസ്റ്റിക്സ് ശൃംഖലകൾ ശക്തിപ്പെടുത്താനും ലോകോത്തര സമുദ്ര ആവാസവ്യവസ്ഥ വികസിപ്പിക്കാനും രാജ്യം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ കപ്പൽ നിർമ്മാണത്തിൻ്റെയും സമുദ്ര പ്രതിരോധത്തിൻ്റെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ഗവണ്മെൻ്റിൻ്റെ കാഴ്ചപ്പാട് എടുത്തു പറഞ്ഞു. വ്യാവസായിക ശേഷി വർദ്ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മാരിടൈം വികസന ഫണ്ട്, കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ പദ്ധതി, കപ്പൽ നിർമ്മാണ വികസന പദ്ധതി എന്നിവയുൾപ്പെടെയുള്ള പ്രധാന നടപടികളും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. 
 
ഭാവിയിലെ യുദ്ധങ്ങളുടെ ഗതി നിർണ്ണയിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിച്ചും ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്ന സംവിധാനങ്ങൾ നിർമ്മിച്ചും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാൻ രാജ്യത്തെ യുവസംരംഭകർ, എഞ്ചിനീയർമാർ, നവീന ആശയങ്ങളുള്ളവർ, ഗവേഷകർ, നിക്ഷേപകർ എന്നിവരോട് രക്ഷമന്ത്രി ആഹ്വാനം ചെയ്തു.
 
ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ത്യയുടെ വളരുന്ന സമുദ്ര ശേഷിയുടെയും സാങ്കേതിക സ്വയംപര്യാപ്തതയുടെയും പ്രതീകമാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ വിശേഷിപ്പിച്ചു. പ്രൊജക്ട് 17A യുടെ ആറാമത്തെ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യൽ തദ്ദേശീയ യുദ്ധക്കപ്പൽ നിർമ്മാണത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും ഇത് ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യൻ നാവികസേന യുദ്ധസജ്ജവും വിശ്വസനീയവും ഐക്യമുള്ളതും ഭാവി സജ്ജവുമായ ഒരു സേനയായി തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
 
 
75 ശതമാനത്തിലധികം തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമാണം കൈവരിച്ചതിനൊപ്പം, MDL-ഉം നാവികസേനയും ഈ പ്രൊജക്ടിൽ നിരവധി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നാവികസേനാ മേധാവി കൂട്ടിച്ചേർത്തു. ഇതിൽ കപ്പൽ നീറ്റിലിറക്കുന്നത് മുതൽ കൈമാറ്റം വരെയുള്ള സമയപരിധി ഏകദേശം 50% മായി, 63 മാസത്തിൽ നിന്ന് 31 മാസമായി കുറഞ്ഞു. മൊത്തം നിർമ്മാണ സമയം ഏകദേശം 20% ആയി, 95 മാസത്തിൽ നിന്ന് 75 മാസമായി കുറഞ്ഞു. കൂടാതെ, സാധാരണയായി നടക്കുന്ന അഞ്ചോ ഏഴോ കടൽ പരീക്ഷണങ്ങൾക്ക് പകരം ഒരൊറ്റ കടൽ പരീക്ഷണത്തിലൂടെ എല്ലാ സാങ്കേതിക വിശകലനങ്ങളും പൂർത്തിയാക്കാൻ സാധിച്ചു. MDL, ഇന്ത്യൻ നിർമ്മാതാക്കൾ, എംഎസ്എംഇകൾ, വാർഷിപ്പ് ഓവർസീയിംഗ് ടീം, ട്രയൽ ഏജൻസികൾ, കപ്പലിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
 
 
കമ്മീഷനിംഗ് പതാക പരമ്പരാഗതമായി ഉയർത്തുന്ന ചടങ്ങും കപ്പലിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്ന ചടങ്ങും ഇതിൻ്റെ ഭാഗമായി നടന്നു. ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് (ഈസ്റ്റേൺ നേവൽ കമാൻഡ്) വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല, MDL സിഎംഡി ക്യാപ്റ്റൻ ജഗ്‌മോഹൻ (റിട്ട.), മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ, മുൻ സൈനികർ, കപ്പൽ നിർമ്മാണ വ്യവസായ പ്രതിപ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
ഐഎൻഎസ് മഹേന്ദ്രഗിരിയെക്കുറിച്ച്
 
പൂർവ ഘട്ടത്തിലെ മഹേന്ദ്രഗിരി പർവതനിരകളുടെ പേര് നൽകിയിരിക്കുന്ന ‘ഐഎൻഎസ് മഹേന്ദ്രഗിരി’ കരുത്ത്, സ്ഥിരത, അജയ്യമായ ദൃഢനിശ്ചയം എന്നിവയെ പ്രതീകവൽക്കരിക്കുന്നു. ‘ശക്തം, ഗംഭീരം, നിരുപമം' എന്നതാണ് ഇതിൻ്റെ മുദ്രാവാക്യം. നിരവധി എംഎസ്എംഇകൾ ഉൾപ്പെടെ ഇരുന്നൂറിലധികം ഇന്ത്യൻ വ്യവസായങ്ങളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഈ കപ്പൽ ഇന്ത്യയുടെ വളരുന്ന പ്രതിരോധ നിർമ്മാണ ശേഷിയെ പ്രതിഫലിപ്പിക്കുന്നു. അത്യാധുനിക യുദ്ധക്കപ്പൽ സവിശേഷതകൾ, സംയോജിത ഡീസൽ / ഗ്യാസ് പ്രൊപ്പൽഷൻ സിസ്റ്റം, സംയോജിത പ്ലാറ്റ്‌ഫോം പരിപാലന സംവിധാനം, വികസിത തദ്ദേശീയ കോംബാറ്റ് സംവിധാനം എന്നിവ ഈ കപ്പലിൻ്റെ പ്രത്യേകതകളാണ്.
 
ഇന്ത്യൻ നാവികസേനയുടെ 'മുൻനിര ഫ്ലീറ്റ്' ആയ കിഴക്കൻ നാവിക വ്യൂഹത്തിൻ്റെ ഭാഗമാകുന്നതോടെ, ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ത്യയുടെ സമുദ്ര യുദ്ധ ശേഷിയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തന വ്യാപ്തിയും ഗണ്യമായി വർദ്ധിപ്പിക്കും. ഇത് 'മഹാസാഗർ' എന്ന കാഴ്ചപ്പാടിന് കീഴിൽ ഭാവി സജ്ജമായ നാവികസേനയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
 
 
***
 
 

(रिलीज़ आईडी: 2283677) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu_Vw , Telugu