ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഷിംല ഐ.ഐ.എ.എസ്. സംഘടിപ്പിച്ച 'വന്ദേമാതരത്തിന്റെ പ്രയാണം' സ്ഥിരം പ്രദര്‍ശനത്തിന്റെയും, 'സംയോജനം, ഏകീകരണം, ഫെഡറലിസം എന്നിവയെക്കുറിച്ചുള്ള സര്‍ദാര്‍ പട്ടേലിന്റെ ദര്‍ശനം' എന്ന വിഷയത്തിലെ അന്താരാഷ്ട്ര സെമിനാറും ഉപരാഷ്ട്രപതി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
10 JUL 2026 1:43PM by PIB Thiruvananthpuram
ഹിമാചല്‍ പ്രദേശിലെ ഷിംല രാഷ്ട്രപതി നിവാസിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (IIAS) സംഘടിപ്പിച്ച 'വന്ദേമാതരം സ്ഥിരം പ്രദര്‍ശന'ത്തിന്റെയും, 'സംയോജനം, ഏകീകരണം, ഫെഡറലിസം എന്നിവയെക്കുറിച്ച് സര്‍ദാര്‍ പട്ടേലിന്റെ ദര്‍ശനം' എന്ന വിഷയത്തിലെ ത്രിദിന അന്താരാഷ്ട്ര സെമിനാറും ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികവും ഒന്നിച്ച് ആഘോഷിക്കുന്ന ചരിത്രപരമായ രണ്ട് നാഴികക്കല്ലുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ കേവലം ഓര്‍മ പുതുക്കാന്‍ മാത്രമുള്ളതല്ലെന്നും, മറിച്ച് ചരിത്രത്തിന്റെ ആത്മാവുമായി വീണ്ടും ബന്ധപ്പെടാനും ദേശീയതലത്തിലുള്ള ആത്മപരിശോധനയ്ക്കും ആഘോഷങ്ങള്‍ക്കും പ്രചോദനം നല്‍കാനുമുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഉന്നത നിലവാരത്തിലുള്ള പാണ്ഡിത്യത്തെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മികച്ചൊരു സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (IIAS) എന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഈ സ്ഥിരം പ്രദര്‍ശനവും അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചതിന് അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
സാങ്കേതികവിദ്യകളും നവീകരണവും ഒരു രാജ്യത്തെ സമൃദ്ധമാക്കിയേക്കാമെന്നും, എന്നാല്‍ ഉന്നത ആശയങ്ങളാണ് ഒരു രാജ്യത്തെ യഥാര്‍ത്ഥത്തില്‍ മഹത്തരമാക്കുന്നതെന്നും ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ഒരു സ്വതന്ത്ര ഇന്ത്യ എന്ന പൊതുവായ സ്വപ്നത്തിലൂടെ വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന, വിവിധ ഭാഷകളും വിശ്വാസങ്ങളും സാമൂഹിക പശ്ചാത്തലങ്ങളുമുള്ള ജനങ്ങളെ ഈ ദേശീയഗീതം ഒന്നിപ്പിച്ചുവെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരം വഹിച്ച പങ്കിനെ കുറിച്ച് പരാമര്‍ശിക്കവെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വന്ദേമാതരം ധീരതയുടെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായി മാറിയെന്നും, മാതൃരാജ്യത്തോടുള്ള സ്‌നേഹത്തെ അത് പവിത്രമായ ഒരു ദേശീയ കടമയാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ നിന്നുള്ള മാതൃകകള്‍ പങ്കുവെച്ച ഉപരാഷ്ട്രപതി, വന്ദേമാതരത്തിന്റെ ആവേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പോരാടിയ വി.ഒ. ചിദംബരം പിള്ള, തിരുപ്പൂര്‍ കുമരന്‍, വാഞ്ചിനാഥന്‍, മഹാകവി സുബ്രഹ്‌മണ്യ ഭാരതി തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ എടുത്തുപറഞ്ഞു. ദേശസ്നേഹം എന്നത് സമര നിമിഷങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ലെന്നും; മറിച്ച് പെരുമാറ്റത്തിലെ സത്യസന്ധത, ജോലിയിലെ മികവ്, ലക്ഷ്യബോധമുള്ള ഒത്തുചേരല്‍ എന്നിവയിലൂടെ ഓരോ ദിവസവും അത് പ്രകടിപ്പിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്ഥിരം പ്രദര്‍ശനം വരുംതലമുറകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് വലിയ പ്രചോദനമാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കവേ, വന്ദേമാതരം രാഷ്ട്രത്തിന്റെ ഉദയത്തിന് പ്രചോദനമായെങ്കിലും, നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഒരു ഏകീകൃത റിപ്പബ്ലിക്കായി മാറ്റിയത് സര്‍ദാര്‍ പട്ടേലാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ ഭൂപ്രദേശങ്ങളെ കൂട്ടിച്ചേര്‍ക്കുക മാത്രമല്ല, ജനമനസ്സുകളെ ഒന്നിപ്പിക്കുക കൂടിയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പൊതു ലക്ഷ്യം (One Nation, One Constitution and One Common Destiny) എന്ന കാഴ്ചപ്പാടിന് അടിത്തറയിട്ടത് അദ്ദേഹമാണ്.
ഇനിയുള്ള മൂന്നു ദിവസത്തെ സെമിനാര്‍ ചര്‍ച്ചകള്‍ അര്‍ത്ഥവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നും, രാഷ്ട്രനിര്‍മ്മാണത്തില്‍ സര്‍ദാര്‍ പട്ടേലിനുള്ള ദീര്‍ഘവീക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടാക്കാന്‍ സഹായിക്കുമെന്നും ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
ഏകീകൃതവും ആത്മവിശ്വാസമുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യക്കായി സ്വയം സമര്‍പ്പിച്ചുകൊണ്ട്, വന്ദേമാതരത്തിന്റെ നിത്യഹരിത സന്ദേശവും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ അനശ്വര പൈതൃകവും മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സമാപന പ്രസംഗത്തില്‍ ഉപരാഷ്ട്രപതി പൗരന്മാരോട് ആഹ്വാനം ചെയ്തു.
***
(रिलीज़ आईडी: 2283360)
आगंतुक पटल : 10