|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ചോദ്യോത്തരങ്ങൾ (Q&A)
प्रविष्टि तिथि:
10 JUL 2026 9:16AM by PIB Thiruvananthpuram
എഥനോൾ ബ്ലെൻഡഡ് പെട്രോൾ (എഥനോൾ ചേർത്ത പെട്രോൾ) പദ്ധതിയെക്കുറിച്ച് ചില ആശങ്കകളും തെറ്റിദ്ധാരണകളും ഉയർന്നിട്ടുണ്ട്. തെറ്റായ വിവരങ്ങൾ തിരുത്തിക്കൊണ്ടും വസ്തുതകൾ വ്യക്തമാക്കിക്കൊണ്ടും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഇതിനകം തന്നെ വിശദമായ വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാഹന നിർമ്മാതാക്കളും ഈ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ചില ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ ആശങ്കകൾക്കുള്ള വസ്തുതാപരവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ മറുപടികൾ ഇനിപ്പറയുന്ന പതിവായുള്ള ചോദ്യങ്ങളിലൂടെ വ്യക്തമാക്കുന്നു.
ചോദ്യം 1: ബ്രസീൽ പോലുള്ള രാജ്യങ്ങൾക്ക് പതിറ്റാണ്ടുകൾ വേണ്ടിവന്നപ്പോൾ, ഇന്ത്യ എന്തിനാണ് എഥനോൾ ബ്ലെൻഡിംഗ് ലക്ഷ്യങ്ങളിലേക്ക് ഇത്രയധികം തിടുക്കം കാട്ടുന്നത് ?
- ആദ്യമായി മനസ്സിലാക്കേണ്ട കാര്യം എഥനോൾ ഒരു പുതിയ ഇന്ധനമല്ല എന്നതാണ്. എഥനോൾ നമ്മൾ കണ്ടുപിടിച്ചതല്ല. ഒരു നൂറ്റാണ്ടിലധികം മുൻപ്, ഹെൻറി ഫോർഡ് തന്റെ 'മോഡൽ ടി' കാർ എഥനോളിൽ ഓടിക്കാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തത്. ബ്രസീലും അമേരിക്കയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പതിറ്റാണ്ടുകളായി എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കുന്നുണ്ട്.
- അത്രതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം നിലവിലെ ഗവണ്മെന്റിന്റെ കീഴിൽ മാത്രം തുടങ്ങിയ ഒന്നല്ല. ഈ സംരംഭത്തിന് നീണ്ട സ്ഥാപനപരമായ ചരിത്രവും നാഴികക്കല്ലുകളുമുണ്ട് (ഇവയെല്ലാം പൊതു അറിവിലേക്കായി ലഭ്യമാണ് - ചിലത് അനുബന്ധം-1 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്).
- 2001-ൽ പൈലറ്റ് പദ്ധതിയായി എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം ആരംഭിക്കുകയും, 2004-ൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2006-ഓടെ പല സംസ്ഥാനങ്ങളിലായി E5 (5% എഥനോൾ മിശ്രിതം) നടപ്പിലാക്കി.
- തുടർന്ന്, യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് 2013 ജനുവരിയിൽ ഈ നയരൂപീകരണം ഇന്ത്യാ ഗസറ്റിൽ വിജ്ഞാപനം ചെയ്തു. ഇവയെല്ലാം പൊതുരേഖകളിൽ ഉള്ള കാര്യങ്ങളാണ്.
- 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5% എഥനോൾ മിശ്രണം കൈവരിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആ വലിയ ലക്ഷ്യമുണ്ടായിരുന്നിട്ടും, 2014 വരെ ബ്ലെൻഡിംഗ് വെറും 1.5% എന്ന നിരക്കിൽ തന്നെ ഒതുങ്ങിപ്പോവുകയാണ് ഉണ്ടായത്.
- എഥനോൾ ഇന്ധനമാണോ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അത് ആഗോളതലത്തിൽ തന്നെ പണ്ടേ തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയ്ക്ക് ആവശ്യമായ അളവിൽ എഥനോൾ എങ്ങനെ ഉത്പാദിപ്പിക്കാം എന്നതായിരുന്നു യഥാർത്ഥ വെല്ലുവിളി.
- ആ സമയത്ത്, നാം ഏതാണ്ട് പൂർണ്ണമായും ആശ്രയിച്ചിരുന്നത് ഒരു ഹ്രസ്വകാല വിളയായ കരിമ്പിനെയായിരുന്നു. പ്രതിവർഷം ഏകദേശം 400 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. മിതമായ ബ്ലെൻഡിംഗ് ലക്ഷ്യങ്ങൾ കൈവരിക്കാൻ പോലും ഈ ഉത്പാദന നിരക്ക് പര്യാപ്തമായിരുന്നില്ല.
- ഈ പരിമിതി തിരിച്ചറിഞ്ഞ്, ഗവൺമെന്റ് അതിന്റെ സമീപനത്തിൽ മൗലികമായ മാറ്റം വരുത്തി. 2018 മെയ് മാസത്തിൽ ദേശീയ ജൈവഇന്ധന നയം സമാരംഭിച്ചതോടെ, വൻതോതിൽ എഥനോൾ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അന്തരീക്ഷം ഗവണ്മെന്റ് രൂപീകരിക്കാൻ തുടങ്ങി. ഇത് ഗവണ്മെന്റിന്റെ എല്ലാവകുപ്പുകളുടെയും യഥാർത്ഥ ദൗത്യമായി മാറി.
- അസംസ്കൃത വസ്തുക്കൾ വിപുലമാക്കുന്നതിനും, അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും, സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതിനും, ചരക്കുനീക്കം ഏകോപിപ്പിക്കുന്നതിനും, ആവശ്യകത ഉറപ്പാക്കുന്നതിനും, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, ഘന വ്യവസായ മന്ത്രാലയം, ഇന്ത്യൻ റെയിൽവേ എന്നിവയുൾപ്പെടെയുള്ള നിരവധി മന്ത്രാലയങ്ങൾ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു.
2021 ഓഗസ്റ്റിൽ എഥനോൾ ക്ഷാമമുള്ള പ്രദേശങ്ങളിൽ സമർപ്പിത എത്തനോൾ പ്ലാന്റുകൾ (DEPs) സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ IOCL, BPCL, HPCL എന്നിവ താല്പര്യപത്രം ക്ഷണിച്ചത് ഇതിലൊരു സുപ്രധാന നാഴികക്കല്ലായി മാറി.
ഇനിപ്പറയുന്നവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ പദ്ധതികൾ നിക്ഷേപ രംഗത്തെ തന്നെ മാറ്റിമറിച്ചു:
- പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉറപ്പായ ദീർഘകാല വാങ്ങൽ കരാറുകൾ;
- നിക്ഷേപ അപകടസാധ്യത ഗണ്യമായി കുറച്ചുകൊണ്ട്, എസ്ക്രോ സംവിധാനങ്ങളിലൂടെ പൊതുമേഖലാ ബാങ്കുകളുമായി ഉണ്ടാക്കിയ ത്രികക്ഷി ധനസഹായ ക്രമീകരണങ്ങൾ;
- എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാമിന് മാത്രമായി എഥനോൾ നിർബന്ധമായും വിതരണം ചെയ്യണം എന്ന വ്യവസ്ഥ; കൂടാതെ
- ഈ പ്ലാന്റുകൾ പ്രവർത്തനസജ്ജമാകാൻ സ്വാഭാവികമായും ഏകദേശം രണ്ട് വർഷത്തെ സമയം ആവശ്യമായിരുന്നു. ഉത്പാദനക്ഷമത ഒറ്റരാത്രികൊണ്ട് ഉണ്ടാവുക സാധ്യമല്ലല്ലോ.
- വാഹന നിർമ്മാതാക്കൾ, എണ്ണക്കമ്പനികൾ, കാർഷിക വിദഗ്ധർ, മറ്റ് പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷം നീതി ആയോഗ് 2021 ജൂണിൽ എഥനോൾ മിശ്രണം സംബന്ധിച്ച സമഗ്രമായ രൂപരേഖ പ്രസിദ്ധീകരിച്ചത് മറ്റൊരു സുപ്രധാന നാഴികക്കല്ലായിരുന്നു.
- എഥനോളിന്റെ പാരിസ്ഥിതികവും ഊർജ്ജ സുരക്ഷാപരവുമായ നേട്ടങ്ങൾ മാത്രമല്ല, ഗ്രാമീണ വരുമാനത്തിലും കാർഷിക സമ്പദ്വ്യവസ്ഥയിലും അത് ഉണ്ടാക്കുന്ന വലിയ മാറ്റങ്ങളെയും ഈ റിപ്പോർട്ട് എടുത്തുപറഞ്ഞു.
- ആ ഘട്ടത്തിൽ, 10% മിശ്രണം കൈവരിക്കാൻ ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 500 മുതൽ 600 കോടി ലിറ്റർ വരെ എഥനോൾ ആവശ്യമായിരുന്നു. പുതിയ നിക്ഷേപങ്ങൾ യാഥാർത്ഥ്യമാവുകയും ഉത്പാദന ശേഷി വർദ്ധിക്കുകയും ചെയ്തതോടെ, താമസിയാതെ രാജ്യത്തിന് ഏകദേശം 1,200 കോടി ലിറ്റർ വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമായി.
- വിതരണ മേഖല സുരക്ഷിതമായതോടെ, 20% ബ്ലെൻഡിംഗ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് യുക്തിസഹവും ഉത്തരവാദിത്തമുള്ളതുമായ കാര്യമായി മാറി.
- അതുകൊണ്ട്, എഥനോൾ ബ്ലെൻഡിംഗിലേക്ക് ഇന്ത്യ "ധൃതികൂട്ടി" എന്ന വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല.
- 2001-ലെ പൈലറ്റ് പദ്ധതികൾ, 2013-ലെ നയ വിജ്ഞാപനം, 2018-ന് ശേഷമുള്ള സ്ഥാപനപരമായ പരിഷ്കാരങ്ങൾ, 2021-ൽ ആരംഭിച്ച വൻതോതിലുള്ള നിക്ഷേപങ്ങൾ, തുടർന്ന് ബ്ലെൻഡിംഗ് നിരക്കിൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായി വരുത്തിയ വർദ്ധന എന്നിങ്ങനെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യാത്രയാണിത്.
- വാഹന നിർമ്മാണ കമ്പനികൾ, ടെസ്റ്റിംഗ് ഏജൻസികൾ, പൊതുമേഖലാ എണ്ണക്കമ്പനികൾ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് (DFPD) ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും ഇത് നടപ്പിലാക്കുന്നതിന് മുൻപ് കൂടിയാലോചനകൾ നടത്തിയിരുന്നു.
- ഈ പുരോഗതി തികച്ചും ആസൂത്രിതമായിരുന്നു:
|
എഥനോൾ വിതരണ വർഷം(Ethanol Supply Year)
|
ബ്ലെൻഡിംഗ് ശതമാനം / നിലവിലെ സ്ഥിതി
|
|
ESY 2020-21
|
~8.1%
|
|
ESY 2021-22
|
10.0%
|
|
ESY 2022-23
|
12.1%
|
|
ESY 2023-24
|
14.60%
|
|
ESY 2024-25
|
19.20%
|
|
ESY 2025-26
(നവംബർ - ജൂൺ 2026)
|
20%
|
- ലോകത്തിലെ ആദ്യത്തെ വലിയ തോതിലുള്ള എത്തനോൾ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായാണ് ബ്രസീലിന് പതിറ്റാണ്ടുകൾ വേണ്ടിവന്നത്.
- ആഗോള അനുഭവങ്ങളിൽ നിന്ന് പഠിക്കാനും, തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകൾ സ്വീകരിക്കാനും, വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കാനും, ശക്തമായ നിക്ഷേപ ചട്ടക്കൂട് ഉണ്ടാക്കാനും കഴിഞ്ഞത് ഇന്ത്യയ്ക്ക് അനുകൂലഘടകമായി. ശാസ്ത്രത്തിലോ സുരക്ഷയിലോ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ, ഭരണം, ആസൂത്രണം, നിർവ്വഹണം എന്നിവ മെച്ചപ്പെടുത്തിക്കൊണ്ടാണ് നമ്മൾ ഇതിനായുള്ള സമയപരിധി കുറച്ചത്.
- ഇതാണ് ഇന്ത്യയുടെ എഥനോൾ വിജയത്തിന് പിന്നിലെ യഥാർത്ഥ കഥ; ഇത് ശ്രദ്ധയോടെ ആസൂത്രണം ചെയ്ത, പടിപടിയായുള്ള മാറ്റമാണ്, അല്ലാതെ തിടുക്കത്തിൽ എടുത്തതോ ഒറ്റരാത്രികൊണ്ട് ഉണ്ടായതോ ആയ തീരുമാനമല്ല.
ചോദ്യം 2: ഉപഭോക്താക്കൾക്ക് ശുദ്ധമായ പെട്രോൾ, E10 അല്ലെങ്കിൽ E20 എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് വാങ്ങാനുള്ള അവസരം എന്തുകൊണ്ട് നൽകുന്നില്ല? E10 ഇന്ധനത്തിന് മാത്രം അനുയോജ്യമെന്ന് രേഖപ്പെടുത്തിയിട്ടുള്ള പഴയ വാഹനങ്ങളുടെ കാര്യം എന്താണ്?
- ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതങ്ങളിലേക്ക് മാറാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ, അതിന്റെ ഓരോ ഘട്ടത്തിലും വാഹന വ്യവസായ മേഖലയെക്കൂടി പങ്കാളികളാക്കിയിരുന്നു. E10 അനുയോജ്യതയ്ക്കായി, 2020-21-ൽ തന്നെ വളരെ മുൻകൂട്ടി നിർമ്മാതാക്കളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ESY 2020-21 ലെ നിശ്ചിത തീയതിക്കും അഞ്ച് മാസം മുൻപ്, 2022 ജൂണിൽ തന്നെ ഇന്ത്യ E10 ലക്ഷ്യം (പെട്രോളിൽ 10% എഥനോൾ മിശ്രിതം) കൈവരിച്ചു.
- E20-യുടെ കാര്യത്തിൽ ഇതിലും കർശനമായ നടപടിക്രമങ്ങളാണ് പിന്തുടർന്നത്. വാഹന നിർമ്മാതാക്കൾ, ഘടകഭാഗങ്ങൾ വിതരണം ചെയ്യുന്നവർ, ടെസ്റ്റിംഗ് ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയിരുന്നു. ഐ.എം.സി.യുടെ മാർഗരേഖ 2021 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു, മാത്രമല്ല E-20 ലേക്ക് എത്തുന്നതിനുള്ള കൃത്യമായ പാത അതിൽ വിശദീകരിച്ചിട്ടുമുണ്ടായിരുന്നു.
- വസ്തുക്കളുടെ അനുയോജ്യത, എഞ്ചിൻ കാലിബ്രേഷൻ, ഇന്ധന സംവിധാനങ്ങൾ, ഡ്രൈവിബിലിറ്റി, ദീർഘകാല നിലനിൽപ്പ് ,മലിനീകരണ തോത്, ഇന്ധനക്ഷമത എന്നിവ തുടങ്ങി എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു.
- E20 നടപ്പിലാക്കുന്നതിന് മുൻപ്, ഈ ആവാസവ്യവസ്ഥയിലുടനീളമുള്ള സജ്ജീകരണം ഉറപ്പാക്കുന്നതിനായി വാഹന നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ, ടെസ്റ്റിംഗ് ഏജൻസികൾ തുടങ്ങിയ എല്ലാ പങ്കാളികളുമായും ഗവൺമെന്റ് പലതവണ വിശദമായ കൂടിയാലോചനകൾ നടത്തി. ലഭിച്ച ഫലങ്ങളിൽ വാഹന നിർമ്മാതാക്കൾ പൂർണ്ണ തൃപ്തരായിരുന്നില്ല എങ്കിൽ, അവർ ഒരിക്കലും ഈ ഉൽപ്പന്നത്തെ പിന്തുണയ്ക്കുകയോ വാഹനങ്ങളുടെ വാറന്റി ഉറപ്പുനൽകുകയോ ചെയ്യുമായിരുന്നില്ല. ഇന്ന് ഏതാണ്ട് എല്ലാ നിർമ്മാതാക്കളും (പഴയതോ പുതിയതോ ആയ) എല്ലാ വാഹനങ്ങൾക്കും വാറന്റി നൽകുന്നുണ്ട് എന്ന വസ്തുത, അവർ ഈ കൂടിയാലോചനകളുടെ ഭാഗമായിരുന്നതിനാലാണ്.
- കൂടാതെ, മാരുതി സുസുക്കി 2025-26 സാമ്പത്തിക വർഷത്തിൽ 2.84 കോടി വാഹനങ്ങൾക്ക് സർവീസ് നടത്തിയിട്ടുണ്ട്; ഇതിൽ 1.5 കോടിയും പഴയതും E20 അംഗീകാരമില്ലാത്തതുമായ വാഹനങ്ങളായിരുന്നു. എന്നിട്ടും E20 കാരണം ഉണ്ടായ തുരുമ്പെടുക്കലോ, അസ്വാഭാവികമായ തേയ്മാനമോ, ഘടകഭാഗങ്ങളുടെ ആയുസ്സ് കുറയലോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹീറോ മോട്ടോർകോർപ്പും സമാനമായ ഫീൽഡ് അനുഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒറ്റപ്പെട്ട കഥകളേക്കാൾ വളരെ വിശ്വസനീയമാണ് പ്രായോഗിക തലത്തിൽനിന്നുള്ള ഇത്തരം തെളിവുകൾ.
- ചില വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ 3-5% വരെ കുറവുണ്ടായേക്കാം എന്നത് സത്യമാണ്. എന്നാൽ മൈലേജ് എന്നത് ഒരു ഘടകം മാത്രമാണ്.
- E20 ഇന്ധനം വളരെ ഉയർന്ന ഒക്ടേൻ റേറ്റിംഗ് (octane rating), മികച്ച ആന്റി-നോക്ക് സവിശേഷതകൾ (anti-knock characteristics), വേഗത്തിലുള്ള ജ്വലനം, മികച്ച പിക്ക്-അപ്പ്, സുഗമമായ ആക്സിലറേഷൻ, കൂടുതൽ ശുദ്ധമായ എഞ്ചിൻ പ്രവർത്തനം എന്നിവ പ്രദാനം ചെയ്യുന്നു.
- ഇത് കരിപ്പുക പോലുള്ള സൂക്ഷ്മകണികകളാലുള്ള മലിനീകരണം ഇല്ലാതാക്കുകയും, കാർബൺ ബഹിർഗമനം ഏകദേശം 40% വരെ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
- ചുരുക്കത്തിൽ, E10 അല്ലെങ്കിൽ ശുദ്ധമായ പെട്രോളിനേക്കാൾ കൂടുതൽ ശുദ്ധവും, ഗുണനിലവാരമേറിയതും, കാര്യക്ഷമതയുള്ളതുമായ ഇന്ധനമാണ് E20.
- അതുകൊണ്ട്, യഥാർത്ഥ ചോദ്യം ഇതാണ്: കൂടുതൽ ശുദ്ധവും, വേഗതയേറിയതും, മലിനീകരണം കുറഞ്ഞതുമായ ഒരു ഇന്ധനം ലഭ്യമായിരിക്കുമ്പോൾ, നമ്മൾ എന്തിനാണ് മനഃപൂർവ്വം നിലവാരം കുറഞ്ഞ മറ്റൊരു ബദൽ തിരഞ്ഞെടുക്കുന്നത്?
- എല്ലാ പെട്രോൾ പമ്പുകളിലും ശുദ്ധ പെട്രോളും, E10-ഉം, E20-ഉം ഒരേസമയം ലഭ്യമാക്കണം എന്ന നിർദ്ദേശം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയുടെ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്ന ഒന്നാണ്.
- റിഫൈനറികൾ, ടെർമിനലുകൾ, ഡിപ്പോകൾ, പൈപ്പ് ലൈനുകൾ എന്നിവയുടെ വിപുലമായ ശൃംഖലയുടെ പിന്തുണയോടെ ഒരു ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്ലെറ്റുകൾ (പെട്രോൾ പമ്പുകൾ) ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നുണ്ട്.
- ഇത്രയും വലിയ വിതരണ ശൃംഖലയിലുടനീളം വിവിധ തരം പെട്രോളുകൾ വെവ്വേറെ സൂക്ഷിക്കുന്നത് വമ്പിച്ച ലോജിസ്റ്റിക്സ് വെല്ലുവിളികൾ സൃഷ്ടിക്കുകയും, കൈകാര്യം ചെയ്യാനുള്ള ചിലവ് വർദ്ധിപ്പിക്കുകയും, ഇൻവെന്ററി മാനേജ്മെന്റ് സങ്കീർണ്ണമാക്കുകയും, പ്രവർത്തനക്ഷമത കുറയ്ക്കുകയും ചെയ്യും.
- ആളുകൾ പലപ്പോഴും പ്രീമിയം പെട്രോളിനെ ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ആ താരതമ്യം അനുചിതമാണ്. പ്രീമിയം ഇന്ധനങ്ങൾ എന്നത് പ്രത്യേകമായ പെർഫോമൻസ് വർദ്ധിപ്പിക്കുന്ന ചേരുവകൾ ചേർത്തതുക്കൊണ്ട് ഉയർന്ന വിലയ്ക്ക് പരിമിതമായ അളവിൽ മാത്രം വിൽക്കുന്ന ചില പ്രത്യേക ഉൽപ്പന്നങ്ങളാണ്. അവ രാജ്യവ്യാപകമായുള്ള പ്രത്യേക അടിസ്ഥാന ഇന്ധന വിഭാഗമല്ല. ശുദ്ധമായ പെട്രോൾ, E10, E20 എന്നിവയ്ക്കായി രാജ്യവ്യാപകമായി സമാന്തര വിതരണ ശൃംഖലകൾ പ്രവർത്തിപ്പിക്കുക എന്നത് തികച്ചും വ്യത്യസ്തവും പ്രയാസമേറിയതുമായ കാര്യമാണ്.
- അവഗണിക്കാൻ കഴിയാത്ത മറ്റൊരു വശം കൂടിയുണ്ട്.
- കഴിഞ്ഞ കുറച്ചുവർഷങ്ങളായി, എഥനോൾ ഉത്പാദനത്തിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലും പൊതുമേഖലാ ബാങ്കുകൾ പ്രതിവർഷം ഏകദേശം 1 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ബ്ലെൻഡിംഗ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രത്യേക എഥനോൾ പ്ലാന്റുകൾ, ഡിസ്റ്റിലറികൾ, സംഭരണ സൗകര്യങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവയെല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
- ഇത്രയും ഉത്പാദന ശേഷി ഉണ്ടാക്കിയ ശേഷം, നമ്മൾ പെട്ടെന്ന് ഏകപക്ഷീയമായി E10-ലേക്ക് തന്നെ തിരിച്ചുപോവുകയാണെങ്കിൽ, ഈ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും? ഈ അധിക ഉത്പാദന ശേഷിക്ക് എന്ത് സംഭവിക്കും? ഒരു ദേശീയ നയത്തെ പൂർണ്ണമായി വിശ്വസിച്ച് കർഷകരും, സഹകരണ സംഘങ്ങളും, സംരംഭകരും, ധനകാര്യ സ്ഥാപനങ്ങളും, പൊതുമേഖലാ കമ്പനികളും നിക്ഷേപിച്ച ആയിരക്കണക്കിന് കോടി രൂപയ്ക്ക് എന്ത് സംഭവിക്കും?
- പൊതുനയം എന്നത് ഉപഭോക്താക്കളുടെ താല്പര്യങ്ങളും ഊർജ്ജ സുരക്ഷയും, പാരിസ്ഥിതിക സുസ്ഥിരതയും, കർഷക ക്ഷേമവും, ദേശീയ വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗവും തമ്മിൽ സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന ഒന്നായിരിക്കണം.
- ആധുനിക പൊതുഗതാഗത സംവിധാനങ്ങൾക്ക് പകരം പഴയ ബ്ലൂ ഡി.ടി.സി (DTC) ബസുകൾ തിരികെ കൊണ്ടുവരാൻ ഇന്ന് ആരെങ്കിലും നമ്മളോട് ആവശ്യപ്പെടുമോ? കുഴികൾ നിറഞ്ഞ റോഡുകളായിരുന്നു കൂടുതൽ പരിചയം എന്നതുകൊണ്ട് നമ്മൾ അതിലേക്ക് തന്നെ മടങ്ങണമെന്ന് ആരെങ്കിലും വാദിക്കുമോ? ഡൽഹി കൂടുതൽ ശുദ്ധമായ ഗതാഗത ഇന്ധനങ്ങൾക്ക് പകരം കൂടുതൽ മലിനീകരണമുണ്ടാക്കുന്ന ബദലുകൾ ഉപയോഗിക്കുമോ?
- പുരോഗതി എന്നാൽ മികച്ച സാങ്കേതികവിദ്യയെ സ്വീകരിക്കുക എന്നാണ്.
- E20 എന്നതുകൊണ്ട് കൂടുതൽ ശുദ്ധമായ ജ്വലനം, കുറഞ്ഞ മലിനീകരണ തോത്, കുറഞ്ഞ അസംസ്കൃത എണ്ണ ഇറക്കുമതി, ഇന്ത്യൻ കർഷകർക്ക് ഉയർന്ന വരുമാനം, രാജ്യത്തിന് കൂടുതൽ ഊർജ്ജ സുരക്ഷ എന്നിവയാണ് അർത്ഥമാക്കുന്നത്.
- ശാസ്ത്രീയമായി സാധൂകരിക്കപ്പെടുകയും, വിപുലമായി പരിശോധിക്കപ്പെടുകയും, വാഹന വ്യവസായ മേഖല അംഗീകരിക്കുകയും ചെയ്ത ഒരു മികച്ച ഇന്ധനം ലഭ്യമായിക്കഴിഞ്ഞാൽ, നമ്മുടെ ലക്ഷ്യം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക എന്നതായിരിക്കണം; അല്ലാതെ നിലവാരം കുറഞ്ഞ പഴയ രീതിയിലേക്ക് പിന്നോട്ട് പോവുക എന്നതാകരുത്.
ചോദ്യം 3: പെട്രോളിൽ എഥനോൾ കലർത്തുകയാണെങ്കിൽ, എന്തുകൊണ്ടാണ് E20 ഇന്ധനത്തിന് E10 അല്ലെങ്കിൽ ശുദ്ധമായ പെട്രോളിനേക്കാൾ വിലക്കുറവില്ലാത്തത്?
|
അസംസ്കൃത വസ്തു
|
എഥനോൾ വിതരണ വർഷം (വില രൂപയിൽ)
|
| |
21-22
|
22-23
|
23-24
|
24-25
|
25-26
(താൽക്കാലികം)
|
|
C – മൊളാസസ്
|
46.66
|
49.41
|
56.28
(6.87 പ്രോത്സാഹന തുക ഉൾപ്പെടെ)
|
57.97
|
57.97
|
|
B – മൊളാസസ്
|
59.08
|
60.73
|
60.73
|
60.73
|
60.73
|
|
കരിമ്പ് നീര് / പഞ്ചസാര / സിറപ്പ്
|
63.45
|
65.61
|
65.61
|
65.61
|
65.61
|
|
കേടുവന്ന ഭക്ഷ്യധാന്യങ്ങൾ
|
52.92
|
64.00@
|
64.00
|
64.00
|
64.00
|
|
എഫ്.സി.ഐ അരി
|
56.87
|
58.5
|
58.50
|
58.50
|
60.32
|
|
ചോളം
|
52.92
|
66.07@
|
71.86
(5.79 പ്രോത്സാഹന തുക ഉൾപ്പെടെ)
|
71.86
|
71.86
|
- ഇന്ന്, ഇന്ത്യൻ കർഷകർക്ക് ന്യായമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് ലാഭകരമായ വിലയ്ക്കാണ് എഥനോൾ വാങ്ങുന്നത്. ചോളത്തിൽ നിന്നുള്ള എഥനോൾ ഉദാഹരണമായി എടുക്കാം. ഇതിന്റെ സംഭരണ വില നമ്മൾ ഘട്ടംഘട്ടമായി വർദ്ധിപ്പിച്ചു, ഇന്ന് ഇതിന്റെ വില ജി.എസ്.ടി, ഗതാഗതം, സംഭരണം, ഡിപ്പോ കൈകാര്യം ചെയ്യൽ ചിലവുകൾ എന്നിവയ്ക്ക് മുൻപ് തന്നെ ലിറ്ററിന് 71.86 രൂപയോളമാണ്.
- അതിനാൽ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 70 യു.എസ് ഡോളർ നിരക്കിലാണ് വ്യാപാരം നടത്തുന്നതെങ്കിൽ, ശുദ്ധമായ പെട്രോളിനേക്കാൾ ഉത്പാദനച്ചിലവ് യഥാർത്ഥത്തിൽ E20 ഇന്ധനത്തിനാണ്.
- അസംസ്കൃത എണ്ണവില ബാരലിന് 120–130 യു.എസ് ഡോളറായി ഉയർന്നാൽ, ഇതിന്റെ സാമ്പത്തിക ശാസ്ത്രം സ്വാഭാവികമായും കീഴ്മേൽ മറിയുകയും എഥനോൾ കൂടുതൽ ലാഭകരമായി മാറുകയും ചെയ്യും.
- അതുകൊണ്ട്, "എന്തുകൊണ്ടാണ് E20 ഇന്ധനത്തിന് വിലക്കുറവില്ലാത്തത്?" എന്നതായിരിക്കരുത് ചോദ്യം.
- "ആഗോള അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വൻ വ്യതിയാനങ്ങളുടെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് എങ്ങനെ സാധിച്ചു?" എന്നതായിരിക്കണം യഥാർത്ഥ ചോദ്യം.
- ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിന്റെയും ഏകദേശം 20%-വും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോളാണ്. ആ എഥനോൾ സംഭരിക്കുന്നത് ലിറ്ററിന് ഏകദേശം 71 രൂപയ്ക്കാണ്; ബ്രെന്റ് ക്രൂഡ് വില വ്യതിയാനങ്ങൾ, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ അല്ലെങ്കിൽ കപ്പൽ ഗതാഗത തടസ്സങ്ങൾ എന്നിവ കാരണം ദിവസേന മാറിമറിയുന്ന ഒന്നല്ല ഈ വില.
- മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങളുടെ ഇന്ധന ടാങ്കിന്റെ അഞ്ചിലൊന്ന് ഭാഗം അന്താരാഷ്ട്ര എണ്ണവിലയിലെ അസ്ഥിരതകളിൽ നിന്ന് പൂർണ്ണമായും സുരക്ഷിതമാണ്. അഭൂതപൂർവ്വമായ ആഗോള പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ചില്ലറ ഇന്ധന വിലയിൽ വളരെ കുറഞ്ഞ വർദ്ധന മാത്രം രേഖപ്പെടുത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
- അതിനാൽ, എഥനോൾ ബ്ലെൻഡിംഗ് എന്നത് ഏതെങ്കിലും ഒരു പ്രത്യേക ദിവസം പെട്രോളിന് വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ളതല്ല. ഇത് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെക്കുറിച്ചുള്ളതാണ്.
- തൽഫലമായി, കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രധാന സമ്പദ്വ്യവസ്ഥകളിലും നമ്മുടെ അയൽരാജ്യങ്ങളിലും വെച്ച് ഏറ്റവും കുറഞ്ഞ ഇന്ധന വിലവർദ്ധന രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്.
|
പെട്രോൾ (രൂപ/ലിറ്റർ)
|
ഡീസൽ (രൂപ/ലിറ്റർ)
|
|
രാജ്യം
|
ജൂൺ-22
|
ജൂൺ-26
|
(%)
|
ജൂൺ-22
|
ജൂൺ-26
|
(%)
|
|
പാകിസ്ഥാൻ
|
92.64
|
129.48
|
39.77
|
79.98
|
130.51
|
63.18
|
|
ശ്രീലങ്ക
|
90.43
|
123.59
|
36.66
|
86.13
|
115.90
|
34.57
|
|
നേപ്പാൾ
|
113.99
|
137.19
|
20.35
|
103.22
|
142.25
|
37.81
|
|
ബംഗ്ലാദേശ്
|
76.97
|
109.82
|
42.69
|
71.60
|
90.21
|
26
|
|
ഇറ്റലി
|
166.85
|
197.52
|
18.39
|
161.38
|
207.84
|
28.79
|
|
ജർമ്മനി
|
163.18
|
194.26
|
19.05
|
167.70
|
184.55
|
10.04
|
|
ഫ്രാൻസ്
|
174.18
|
205.08
|
17.74
|
171.06
|
203.95
|
19.23
|
|
ഇന്ത്യ - ഡൽഹി
|
96.72
|
102.12
|
5.58
|
89.62
|
95.20
|
6.23
|
പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിനുശേഷം മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ധനവിലയിൽ ഏറ്റവും കുറഞ്ഞ വർദ്ധന രേഖപ്പെടുത്തിയ രാജ്യമായി ഇന്ത്യ വേറിട്ടുനിൽക്കുന്നതായി പട്ടികയിൽനിന്നും മനസിലാക്കാവുന്നതാണ്.
(വിലകൾ ഇന്ത്യൻ രൂപയിൽ)
| |
പെട്രോൾ (രൂപ/ലിറ്റർ)
|
|
|
ഡീസൽ (രൂപ/ലിറ്റർ)
|
|
|
|
രാജ്യം
|
മാർച്ച് 2026
|
ജൂൺ 2026
|
(%)
|
മാർച്ച് 2026
|
ജൂൺ 2026
|
(%)
|
|
പാകിസ്ഥാൻ
|
86.85
|
130.61
|
50.39
|
91.64
|
130.27
|
42.15
|
|
ശ്രീലങ്ക
|
86.79
|
125.81
|
44.96
|
83.24
|
117.98
|
41.73
|
|
നേപ്പാൾ
|
99.28
|
136.89
|
37.88
|
89.79
|
141.93
|
58.07
|
|
ബംഗ്ലാദേശ്
|
87.08
|
109.62
|
25.88
|
75.07
|
90.04
|
19.94
|
|
ഇന്ത്യ - ഡൽഹി
|
94.77
|
102.12
|
7.76
|
87.67
|
95.20
|
8.59
|
ഉറവിടം: പി.പി.എ.സി (PPAC)
(വിലകൾ ഇന്ത്യൻ രൂപയിൽ)
| |
പെട്രോൾ (രൂപ/ലിറ്റർ)
|
|
|
ഡീസൽ (രൂപ/ലിറ്റർ)
|
|
|
|
രാജ്യം
|
മാർച്ച് 2026
|
മെയ് 2026
|
(%)
|
മാർച്ച് 2026
|
മെയ് 2026
|
(%)
|
|
യു.എസ്.എ
|
89.14
|
113.09
|
26.87
|
120.59
|
141.39
|
17.25
|
|
ഫ്രാൻസ്
|
203.42
|
232.30
|
14.20
|
213.91
|
234.12
|
9.45
|
|
ഇറ്റലി
|
187.66
|
212.80
|
13.40
|
207.69
|
224.37
|
8.03
|
|
ഇന്ത്യ
|
94.77
|
94.77
|
-
|
87.67
|
87.67
|
-
|
ജൂൺ മാസത്തെ പി.പി.എ.സി (PPAC) വിവരങ്ങൾ 2026 ജൂലൈ 11-ന് ലഭ്യമാകുന്നതാണ്.
ബ്ലെൻഡ് ചെയ്യുന്ന ഓരോ ലിറ്റർ എഥനോളും അർത്ഥമാക്കുന്നത്:
- ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ അളവ് കുറയുന്നു,
- വിദേശനാണ്യ ചോർച്ച കുറയുന്നു,
- ഇന്ത്യൻ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നു,
- ഉപഭോക്താക്കൾക്ക് കൂടുതൽ വിലസ്ഥിരത ഉറപ്പാകുന്നു, കൂടാതെ
- രാജ്യത്തിന് ശക്തമായ ഊർജ്ജ സുരക്ഷ കൈവരുന്നു.
- അതുകൊണ്ടാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാം (ESY 14-15 മുതൽ) ഇതിനകം തന്നെ ഇനിപ്പറയുന്നവ കൈവരിച്ചത്:
- വിദേശനാണ്യ ഇനത്തിൽ ₹1.97 ലക്ഷം കോടിയിലധികം ലാഭിച്ചു,
- ഏകദേശം 316 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയ്ക്ക് പകരമായി ഉപയോഗിച്ചു,
- കാർബൺ ഡയോക്സൈഡ് (CO 2) ബഹിർഗമനം ഏകദേശം 952 ലക്ഷം മെട്രിക് ടൺ കുറച്ചു, കൂടാതെ
- 1.66 ലക്ഷം കോടിയിലധികം രൂപ ഇന്ത്യൻ കർഷകരുടെ കൈകളിലേക്ക് നേരിട്ട് എത്തിച്ചു.
- നമ്മുടെ കർഷകർ ഇനി വെറും 'അന്നദാതാക്കൾ' മാത്രമല്ല; അവർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് നേരിട്ട് സംഭാവന നൽകുന്ന 'ഊർജ്ജദാതാക്കൾ' കൂടിയായി മാറിയിരിക്കുന്നു.
ചോദ്യം 4: E20 ഇന്ധനം വാഹനത്തിലെ റബ്ബർ ഘടകങ്ങളെ നശിപ്പിക്കുമെന്നും, പഴയ വാഹനങ്ങളുടെ എഞ്ചിനുകളെ ബാധിക്കുമെന്നും ആശങ്കകളുണ്ട്, കൂടാതെ പല വാഹനങ്ങളുടെ മാനുവലുകളിലും "E10 അനുയോജ്യം" (E10 compatible) എന്ന് പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്. പഴയ വാഹന ഉടമകൾ ഇതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
- നിർഭാഗ്യവശാൽ, ഇന്ത്യയുടെ എഥനോൾ പദ്ധതി പുരോഗമിക്കുന്നതിനൊപ്പം അതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും വർദ്ധിച്ചുവരികയാണ്.
- ഇന്ത്യ E85 അവതരിപ്പിച്ചത് മുതൽ, നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ലോബികൾ അനാവശ്യ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. മാസങ്ങൾ കൂടുമ്പോഴും പുതിയ പുതിയ അഭ്യൂഹങ്ങൾ പുറത്തുവരുന്നു: റബ്ബർ ഹോസുകൾ തകരാറിലാകും, എഞ്ചിൻ ജാമാകും, ഫ്യുവൽ ടാങ്കുകൾ തുരുമ്പെടുക്കും എന്നിങ്ങനെ. ഈ അവകാശവാദങ്ങളൊന്നും തന്നെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതല്ല.
- നമുക്ക് വസ്തുതകൾ പരിശോധിക്കാം.
- E20-ലേക്കുള്ള ഇന്ത്യയുടെ മാറ്റം ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല.
- ഇതിന്റെ രൂപരേഖ അന്തിമമാക്കുന്നതിന് മുൻപ്, വാഹന നിർമ്മാതാക്കൾ, എ.ആർ.എ.ഐ (ARAI), സിയാം (SIAM), എണ്ണക്കമ്പനികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഗവൺമെന്റ് വിദഗ്ധ സമിതികൾ രൂപീകരിച്ചു.
- 2021-ൽ എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് നീതി ആയോഗ് സമഗ്രമായ ഒരു രൂപരേഖ പ്രസിദ്ധീകരിച്ചത്. ആ രൂപരേഖയിൽത്തന്നെ E10-ൽ നിന്ന് E20-ലേക്ക് മാറുന്നതിനെക്കുറിച്ചും വാഹന വ്യവസായ മേഖലയിൽ നിന്ന് ആവശ്യമായ സജ്ജീകരണങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. അതിനാൽ വാഹന നിർമ്മാതാക്കൾക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ നയപരമായ തീരുമാനത്തെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടായിരുന്നു.
- നിർമ്മാതാക്കൾ ഇതിൽ പങ്കാളികളായിരുന്നില്ല എങ്കിൽ, അവർ ഒരിക്കലും തങ്ങളുടെ വാഹനങ്ങൾ E20 അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയോ വാറന്റി ബാധ്യതകൾ നിറവേറ്റുകയോ ചെയ്യുമായിരുന്നില്ല.
- E15+ മിശ്രിതങ്ങൾ ഇപ്പോൾ ഇന്ത്യയിലുടനീളം 3.5 വർഷത്തിലേറെയായി നിലവിലുണ്ട്.
- E20 പുറത്തിറക്കുന്നതിന് മുൻപ്, 40,000 കിലോമീറ്ററിലധികം ശാസ്ത്രീയമായ പരിശോധനകൾക്ക് അത് വിധേയമാക്കിയിരുന്നു. തുടർന്ന് എഞ്ചിന്റെ ദീർഘകാല നിലനിൽപ്പ്, ഇന്ധന സംവിധാനങ്ങൾ, മെറ്റീരിയൽ അനുയോജ്യത, തുരുമ്പെടുക്കലിനെതിരെയുള്ള പ്രതിരോധം, ഡ്രൈവിബിലിറ്റി, മലിനീകരണ തോത്, പ്രവർത്തനക്ഷമത എന്നിവയുൾപ്പെടെയുള്ള വിപുലമായ പ്രായോഗിക ഫീൽഡ് പരിശോധനകളും പൂർത്തിയാക്കിയിരുന്നു.
- എന്നാൽ ലബോറട്ടറി പരിശോധനകൾ കഥയുടെ ഒരു ഭാഗം മാത്രമാണ്.
- ഏറ്റവും വലിയ തെളിവ് പ്രായോഗിക തലത്തിൽ നിന്നാണ്.
- മാരുതി സുസുക്കി മാത്രം ഏകദേശം 2.5 കോടി വാഹനങ്ങൾക്ക് സർവീസ് നടത്തിയിട്ടുണ്ട്; ഇതിൽ യഥാർത്ഥത്തിൽ E20 അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്താത്ത ഏകദേശം 1.5 കോടി പഴയ വാഹനങ്ങളും ഉൾപ്പെടുന്നു. E20 യഥാർത്ഥത്തിൽ റബ്ബർ ഘടകങ്ങളെയോ, ഫ്യുവൽ ലൈനുകളെയോ, എഞ്ചിനുകളെയോ നശിപ്പിക്കുന്നതായിരുന്നു എങ്കിൽ, രാജ്യത്തുടനീളം ലക്ഷക്കണക്കിന് വാറന്റി ക്ലെയിമുകളും വ്യാപകമായ ഘടകഭാഗങ്ങളുടെ തകരാറുകളും വ്യാപകമായ പരാതികളും നമുക്ക് കാണേണ്ടിവരുമായിരുന്നു..
അത്തരത്തിലുള്ള സംഭവങ്ങളില്ല.
'E10 കോമ്പാറ്റിബിള്‍' എന്ന് രേഖപ്പെടുത്തപ്പെട്ട വാഹന മാനുവലുകളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രശ്‌നം
ആ ലേബലുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്
വാഹനം ആദ്യം പരീക്ഷിച്ചപ്പോഴും, സാക്ഷ്യപ്പെടുത്തിയപ്പോഴും, അവതരിപ്പിച്ചപ്പോഴും അംഗീകരിച്ചതും ശുപാര്‍ശ ചെയ്തതുമായ ഇന്ധനതരമാണ് (fuel specification) വാഹന മാനുവലില്‍ പരാമര്‍ശിക്കുന്നത്. ഇന്ധന നിലവാരം പിന്നീട് മാറിയാല്‍ വാഹനം സുരക്ഷിതമല്ലാതാകും എന്നല്ല ഇതിനര്‍ത്ഥം. സമഗ്രമായ ശാസ്ത്രീയ ഗവേഷണം, എഞ്ചിനീയറിംഗ് പരിശോധനകള്‍, സര്‍ക്കാര്‍ അംഗീകാരം എന്നിവയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കി പുതിയ ഇന്ധന മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുകയുള്ളൂ. യഥാര്‍ത്ഥ മാനുവലുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇന്ധനം മാത്രമേ വാഹനങ്ങള്‍ക്ക് എന്നെന്നേക്കുമായി ഉപയോഗിക്കാന്‍ കഴിയൂ എന്നത് ഒരു യുക്തിയായി സ്വീകരിച്ചാല്‍, ഒരു രാജ്യത്തിനും ഒരിക്കലും ഇന്ധന നിലവാരം മെച്ചപ്പെടുത്താനോ നവീകരിക്കാനോ സാധ്യമല്ല.
വര്‍ഷങ്ങളോളം നീളുന്ന ശാസ്ത്രീയ പരിശോധനകള്‍ക്കും, വാഹന നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കും, പ്രായോഗിക അനുഭവങ്ങള്‍ക്കും ശേഷമാണ് E10 ഇന്ധനത്തില്‍ നിന്ന് E20 ഇന്ധനത്തിലേക്കുള്ള പരിവര്‍ത്തനം. ഇത് ഊഹങ്ങളെയോ അനുമാനങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല, ശ്രദ്ധാപൂര്‍വ്വമായ ഗവേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്.
ഇന്ത്യയിലെ എഥനോള്‍ ഇന്ധന വിതരണ സംവിധാനം കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. എഥനോള്‍, എഥനോള്‍ കലര്‍ത്തിയ പെട്രോളുകള്‍ എന്നിവ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണം, കൂടാതെ ഇന്ധനം സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കാന്‍ എഥനോള്‍ ഫാക്ടറി (ഡിസ്റ്റിലറി), സ്റ്റോറേജ് ഡിപ്പോ, പെട്രോള്‍ പമ്പ് അടക്കം എല്ലാ ഘട്ടങ്ങളിലും അവ പരിശോധിക്കപ്പെടുന്നു.
വിതരണ ശൃംഖലയില്‍ എവിടെയെങ്കിലും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ധന ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ല.
E20 ഇന്ധനം സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ്, കൂടാതെ സമഗ്രമായി പരീക്ഷിക്കപ്പെടുകയും വിശ്വസനീയമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കള്‍, ടെസ്റ്റിംഗ്-സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍, എണ്ണ വിപണന കമ്പനികള്‍, നിയന്ത്രണ അധികാരികള്‍ എന്നിവര്‍ ഗുണനിലവാരം, സുരക്ഷ, അനുയോജ്യത എന്നിവ പരിശോധിച്ചുറപ്പിച്ചിട്ടുള്ളതിനാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇത് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയും.
തെറ്റായ വിവരങ്ങള്‍, ഭയം ജനിപ്പിക്കുന്ന കിംവദന്തികള്‍, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടുന്ന സ്ഥിരീകരിക്കാത്ത പോസ്റ്റുകള്‍ എന്നിവയില്‍ വിശ്വസിക്കരുതെന്നും, ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള കൃത്യവും വിശ്വസനീയവുമായ വിവരങ്ങളെ ആശ്രയിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
അനുബന്ധം-I
ഇന്ത്യയിലെ എഥനോള്‍ മിശ്രണം: സുപ്രധാന നാഴികക്കല്ലുകള്‍ (2000-2026)
2000-2010
9 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും 5% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണം ചെയ്യുന്നതിനായി എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (EBP) പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു, 2003 ല്‍ ആദ്യമായി ഇന്ത്യയുടെ വാഹന ഇന്ധന നയത്തില്‍ എഥനോള്‍ മിശ്രണം ഉള്‍പ്പെടുത്തി.
അവലംബം: PRID 2277210 എന്ന റഫറന്‍സ് നമ്പറുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) പുറത്തിറക്കിയ ഒരു പ്രസ്താവന, എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (EBP) പ്രോഗ്രാം 2003 ല്‍ ആരംഭിച്ചതാണെന്ന് സ്ഥിരീകരിക്കുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും ചില പ്രദേശങ്ങള്‍ ഒഴികെ, 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ത്യയിലുടനീളം 5% എഥനോള്‍ കലര്‍ന്ന പെട്രോള്‍ (EBP) നിര്‍ബന്ധമാക്കി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
അപര്യാപ്തമായ എത്തനോള്‍ വിതരണം, അന്തര്‍ സംസ്ഥാന സഞ്ചാര നിയന്ത്രണങ്ങള്‍, സംസ്ഥാന നികുതി പ്രശ്‌നങ്ങള്‍ എന്നിവ കാരണം 5% ഇബിപി പരിപാടി ഇതുവരെ സ്ഥിരത കൈവരിച്ചിട്ടില്ലെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2010-2020: നയ ഏകീകരണവും നിര്‍വഹണം ത്വരിതപ്പെടുത്തലും
2014 ഡിസംബറില്‍, എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) പദ്ധതി പ്രകാരം സംഭരിക്കേണ്ട എഥനോളിന് ഒരു നിശ്ചിത വിലനിര്‍ണ്ണയ സംവിധാനം സര്‍ക്കാര്‍ വീണ്ടും കൊണ്ടുവന്നു, എഥനോള്‍ ഉത്പാദനത്തിനുള്ള ബദല്‍ മാര്‍ഗം തുറന്നു, പൊതുമേഖലാ എണ്ണക്കമ്പനികളോട് ബയോ-റിഫൈനറികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു.
2014-15 - ടെന്‍ഡര്‍ പ്രക്രിയകള്‍ ലളിതമാക്കുന്നതിനുള്ള നടപടികള്‍
പെട്രോളുമായി കലര്‍ത്തുന്നതിനായി എഥനോളിന്റെ നിരന്തര വിതരണം ഉറപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തങ്ങള്‍ വ്യക്തമായി നിര്‍വചിക്കുന്നതിനായി 2016 മെയ് മാസത്തില്‍ വ്യവസായ (വികസന, നിയന്ത്രണ) നിയമം (IDR നിയമം) ഭേദഗതി ചെയ്തു.
2018 ജൂണില്‍, പുതുക്കിയതും ഭാവിയെ ലക്ഷ്യം വച്ചുള്ളതുമായ ദേശീയ ജൈവ ഇന്ധന നയം 2018 സര്‍ക്കാര്‍ അവതരിപ്പിച്ചു, അതില്‍ എല്ലാ പ്രധാന പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കി.
2018 ജൂലൈയില്‍, ഇന്ത്യയിലെ എഥനോള്‍ ഉത്പാദന ശേഷിയെ പിന്തുണയ്ക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഒരു പലിശ ഇളവ് പദ്ധതി അവതരിപ്പിച്ചു, കൂടാതെ ഉപയോഗവും ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനായി എഥനോളിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) 18% ല്‍ നിന്ന് 5% ആയി കുറച്ചു.
2018-19 കാലയളവില്‍, പെട്രോളുമായി കലര്‍ത്തുന്നതിനുള്ള എഥനോളിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ബി-ഹെവി മൊളാസസ്, കരിമ്പ് നീര്, കേടായ ഭക്ഷ്യധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
2019 ഏപ്രിലില്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒഴികെ, രാജ്യം മുഴുവന്‍ എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) പദ്ധതി വ്യാപിപ്പിച്ചു.
2019 സെപ്റ്റംബറില്‍, എഥനോള്‍ ഉത്പാദനത്തിനുള്ള പുതിയ സ്രോതസ്സുകളായി പഞ്ചസാരയും പഞ്ചസാര സിറപ്പും ചേര്‍ത്തു, ഈ സ്രോതസ്സുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന എഥനോളിന് ഉത്പാദകര്‍ക്ക് സ്ഥിരവും ലാഭകരവുമായ വില വാഗ്ദാനം ചെയ്യുന്നു.
പെട്രോള്‍ മിശ്രണത്തിനായി സുസ്ഥിര എഥനോള്‍ വിതരണം ഉറപ്പാക്കുന്നതിനായി എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) പദ്ധതിയ്ക്കുകീഴില്‍ എഥനോള്‍ സംഭരിക്കുന്നതിനുള്ള ഒരു ദീര്‍ഘകാല നയം 2019 ഒക്ടോബറില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
2020 ഓഗസ്റ്റില്‍, എഥനോള്‍ വിതരണക്കാര്‍ക്ക് ദീര്‍ഘകാല പങ്കാളിത്തത്തിനായി ഒറ്റത്തവണ രജിസ്‌ട്രേഷന് അനുവാദം നല്‍കി, ഉത്പാദനം ആസൂത്രണം ചെയ്യുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന എഥനോള്‍ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.
2020 സെപ്റ്റംബറില്‍, എണ്ണ വിപണന കമ്പനികള്‍ (OMC-കള്‍) ഭാവിയില്‍ എഥനോള്‍ വാങ്ങുമെന്ന് ഉറപ്പുനല്‍കുന്ന കത്തുകള്‍ നല്‍കാന്‍ തുടങ്ങി, എഥനോള്‍ ഉല്‍പ്പാദന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി എഥനോള്‍ ഉല്‍പ്പാദകരുമായും ബാങ്കുകളുമായും ത്രികക്ഷി കരാറുകളില്‍ ഒപ്പുവെക്കാന്‍ അവര്‍ സമ്മതിച്ചു.
2020 ഒക്ടോബറില്‍, എണ്ണ വിപണന കമ്പനികള്‍ (OMC-കള്‍) എഥനോള്‍ സംഭരണ പ്രക്രിയ ലളിതമാക്കി, ലളിതമായ ടെന്‍ഡര്‍ വ്യവസ്ഥകള്‍ അവതരിപ്പിച്ചു. ഒരിക്കല്‍ മാത്രം രേഖകള്‍ സമര്‍പ്പിക്കുക, മൂന്നു മാസത്തിലൊരിക്കല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കുക, വ്യത്യസ്ത ഗതാഗത നിരക്കുകള്‍ വാഗ്ദാനം ചെയ്യുക, ഗതാഗത ചെലവുകള്‍ ഡീസല്‍ വിലയുമായി ബന്ധിപ്പിക്കുക, സുരക്ഷാ നിക്ഷേപങ്ങള്‍ കുറയ്ക്കുക, വിതരണം ചെയ്യാത്ത എഥനോളിന്റെ അളവിന് മാത്രം പിഴ ചുമത്തുക തുടങ്ങിയ വ്യവസ്ഥകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
2020 നവംബറില്‍, എഥനോള്‍ ഉത്പാദനത്തിനായി ചോളം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി, എഥനോള്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനായി പലിശ ഇളവ് പദ്ധതി ധാന്യ അധിഷ്ഠിത ഡിസ്റ്റിലറികളിലേക്ക് വ്യാപിപ്പിച്ചു.
2020 ഡിസംബറില്‍, എണ്ണ വിപണന കമ്പനികള്‍ (OMC-കള്‍) അവരുടെ എഥനോള്‍ സംഭരണ ശേഷി 2017 നവംബറില്‍ 5.39 കോടി ലിറ്ററില്‍ നിന്ന് 16.9 കോടി ലിറ്ററായി വര്‍ദ്ധിപ്പിച്ചു, ഇത് സംഭരണ ഡിപ്പോകളില്‍ 20 ലധികം ദിവസത്തേക്കുള്ള എഥനോള്‍ വിതരണം നിലനിര്‍ത്താന്‍ സഹായകമാകുന്നു.
അവലംബം: https://www.pib.gov.in/FactsheetDetails.aspx?Id=148564®=48&lang=2
2021
2021 ജൂണില്‍, 'ഇന്ത്യയിലെ എഥനോള്‍ മിശ്രണത്തിനുള്ള രൂപരേഖ 2020-25' പ്രധാനമന്ത്രി അവതരിപ്പിച്ചു, ഇത് വിവിധ മന്ത്രാലയങ്ങളുടെ ഒരു സമിതിയാണ് തയ്യാറാക്കിയത്, പെട്രോളില്‍ 20% എഥനോള്‍ മിശ്രിതം കൈവരിക്കുന്നതിനുള്ള വിശദമായ പദ്ധതി വിഭാവനം ചെയ്തു, 2022 നവംബറോടെ 10% മിശ്രിതം കൈവരിക്കുക എന്നതായിരുന്നു നേരത്തെയുള്ള ലക്ഷ്യം.
അവലംബം: PIB PRID 1831289 - പെട്രോളില്‍ 10% എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം ഇന്ത്യ നിശ്ചയിച്ച സമയപരിധിക്ക് അഞ്ച് മാസം മുമ്പേ കൈവരിച്ചു.
2020-21 ലെ എഥനോള്‍ വിതരണ വര്‍ഷത്തില്‍ (ESY) 302.3 കോടി ലിറ്റര്‍ എഥനോള്‍ പെട്രോളുമായി കലര്‍ത്തി, 2013-14 ലെ 1.53% ല്‍ നിന്ന് എഥനോള്‍ മിശ്രിത നിരക്ക് ക്രമാനുഗതമായി വര്‍ദ്ധിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉയര്‍ന്ന നിലയിലെത്തി.
അവലംബം: PIB PRID 2043042 - 'എഥനോള്‍ മിശ്രിതത്തില്‍ വര്‍ദ്ധനവ്'' (ലോക്‌സഭയില്‍ നല്‍കിയ മറുപടി)
ഈ കാലയളവില്‍, പൂനെയില്‍ ഒരു E100 പരീക്ഷണ പദ്ധതി ആരംഭിച്ചതായി സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു, ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങളുടെ ഉപയോഗം തെളിയിക്കുന്നതിനാണ് ഇത് ആരംഭിച്ചത്.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
12% എഥനോള്‍ (E12), 15% എഥനോള്‍ (E15) എന്നിവ കലര്‍ത്തിയ പെട്രോളിനുള്ള ഔദ്യോഗിക ഇന്ധന ഗുണനിലവാര മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) പുറപ്പെടുവിച്ചു. അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2023 ഏപ്രില്‍ മുതല്‍ E20 ഇന്ധനം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2022
2022 ജൂണില്‍, പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (OMC-കള്‍) പെട്രോളുമായി 10% എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം കൈവരിച്ചു, 2021-22 എഥനോള്‍ വിതരണ വര്‍ഷത്തില്‍ (ESY) എഥനോള്‍ മിശ്രണ രൂപരേഖയില്‍ നിശ്ചയിച്ചിട്ടുള്ള 2022 നവംബര്‍ സമയപരിധിക്ക് അഞ്ച് മാസം മുമ്പാണ് ഈ ലക്ഷ്യത്തിലെത്തിയത്.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
പെട്രോളില്‍ എഥനോള്‍ മിശ്രിതം ചേര്‍ക്കുന്നത് 2013-ല്‍ 0.67% ആയിരുന്നത് 2022 മെയ് മാസത്തില്‍ 10% ആയി വര്‍ദ്ധിച്ചതായി പെട്രോളിയം, പ്രകൃതി വാതക മന്ത്രി പ്രസ്താവിച്ചു. 2030 ല്‍ 20% എഥനോള്‍ മിശ്രിതം കൈവരിക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പേ അതായത് 2025 ല്‍ കൈവരിച്ചതായും SIAM-ന്റെ ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ അദ്ദേഹം സ്ഥിരീകരിച്ചു.
അവലംബം: PIB PRID 1869250 - പെട്രോളിന്റെയും എഥനോളിന്റെയും വ്യത്യസ്ത മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സ്-ഫ്യൂവല്‍ എഞ്ചിനുകളുള്ള വാഹനങ്ങളുടെ ഉത്പാദനവും ലഭ്യതയും ഇന്ത്യ ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീ ഹര്‍ദീപ് എസ്. പുരി പ്രസ്താവിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, 41,500 കോടിയിലധികം രൂപ വിദേശനാണ്യം ലാഭിക്കാനും, 27 ലക്ഷം മെട്രിക് ടണ്‍ ഹരിതഗൃഹ വാതക (GHG) ബഹിര്‍ഗമനം കുറയ്ക്കാനും, കര്‍ഷകര്‍ക്ക് 40,600 കോടിയിലധികം രൂപ കൈമാറാനും ഇത് കാരണമായി.
അവലംബം: PIB PRID 1831289
2025 ആകുമ്പോഴേക്കും ഇന്ത്യയുടെ എഥനോള്‍ ആവശ്യകത 10.16 ബില്യണ്‍ ലിറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും, ജൈവ ഇന്ധനങ്ങള്‍ വില്‍ക്കുന്ന പെട്രോള്‍ പമ്പുകളുടെ എണ്ണം 2016-17ല്‍ 29,897 ല്‍ നിന്ന് 2021-22ല്‍ 67,641 ആയി ഇരട്ടിയിലധികമായി വര്‍ധിച്ചതായും പെട്രോളിയം, പ്രകൃതിവാതക മന്ത്രി പ്രസ്താവിച്ചു.
അവലംബം: PIB PRID 1869250
E20 ഇന്ധനത്തിന്റെ ലഭ്യതയെ പിന്തുണയ്ക്കുന്നതിനും ജൈവ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ സഹായിക്കുന്നതിനുമായി ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങളുടെ ഉത്പാദനം വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളെ പെട്രോളിയം, പ്രകൃതി വാതക മന്ത്രി പ്രോത്സാഹിപ്പിച്ചു.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2022-ല്‍, പെട്രോളില്‍ 20% എഥനോള്‍ മിശ്രിതം കൈവരിക്കുക എന്ന ലക്ഷ്യം എഥനോള്‍ വിതരണ വര്‍ഷം (ESY) 2025-26-ലേക്ക് ഔദ്യോഗികമായി മാറ്റുന്നതിനും എഥനോള്‍ ഉല്‍പാദനത്തിനായി കേടായ ഭക്ഷ്യധാന്യങ്ങള്‍, പൊട്ടിച്ച അരി, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ അനുവദിക്കുന്നതിനുമായി 2018 ലെ ദേശീയ ജൈവ ഇന്ധന നയം ഭേദഗതി ചെയ്തു.
അവലംബം: PIB PRID 2043042- 'എഥനോള്‍ മിശ്രിതത്തിലെ വര്‍ദ്ധനവ്'' (ലോക്‌സഭയിലെ മറുപടി, ഫീഡ്സ്റ്റോക്ക് പട്ടിക)
2023 ഏപ്രില്‍ മുതല്‍ ഇന്ത്യയിലുടനീളം E20 ഇന്ധനം ലഭ്യമാകുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി പ്രഖ്യാപിച്ചു, 20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണത്തിന് രാജ്യം തയ്യാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.
അവലംബം: PIB PRID 1869250
2023
2023 ഫെബ്രുവരി 6-ന്, ബെംഗളൂരുവില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്കില്‍, എഥനോള്‍ മിശ്രണ രൂപരേഖയുടെ ഭാഗമായി, ആദരണീയ പ്രധാനമന്ത്രി 11 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 84 എണ്ണ വിപണന കമ്പനികളുടെ (OMCs) ചില്ലറ വില്പന ശാലകളില്‍ E20 ഇന്ധനം ഉദ്ഘാടനം ചെയ്തു. 2025 ആകുമ്പോഴേക്കും ഇന്ത്യയിലുടനീളം E20 ഇന്ധന ലഭ്യത വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടുകൊണ്ട്, ആദ്യ ഘട്ടം 15 നഗരങ്ങളെ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അവലംബം: PIB PRID 1896729 - 'ശുദ്ധമായ ഇന്ധനങ്ങളും പരിസ്ഥിതി സൗഹൃദ ഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിനായി ബെംഗളൂരുവില്‍ നടന്ന ഗ്രീന്‍ മൊബിലിറ്റി റാലി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി E20 ഇന്ധനം പുറത്തിറക്കി''
2023 സെപ്റ്റംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍, അന്താരാഷ്ട്ര സഹകരണവും സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളോടൊപ്പം ചേര്‍ന്ന് ഇന്ത്യ ആഗോള ജൈവ ഇന്ധന സഖ്യത്തിന് (GBA) തുടക്കം കുറിച്ചു.
അവലംബം: PIB PRID 1955836 - 'ആഗോള ഊര്‍ജ്ജ മേഖലയിലെ ചരിത്ര നിമിഷം: G20 പരിപാടിയില്‍ ഗ്ലോബല്‍ ബയോഫ്യൂവല്‍സ് അലയന്‍സ് (GBA) പ്രഖ്യാപിച്ചു''
എഥനോള്‍ വിതരണ വര്‍ഷം (ESY) 2022-23 ല്‍, 500 കോടി ലിറ്ററിലധികം എഥനോള്‍ പെട്രോളുമായി കലര്‍ത്തി, ഇത് എഥനോള്‍ മിശ്രിത ശതമാനം 12.06% ആയി വര്‍ദ്ധിപ്പിച്ചു.
അവലംബം: PIB PRID 2043042 - 'എഥനോള്‍ മിശ്രിതത്തില്‍ വര്‍ദ്ധനവ്'' (ലോക്‌സഭാ മറുപടി, സഹമന്ത്രി സുരേഷ് ഗോപി)
2023 ഫെബ്രുവരി 6 മുതല്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (OMC-കള്‍) E20 പെട്രോള്‍ വില്‍ക്കാന്‍ തുടങ്ങിയെന്നും ഇന്ത്യയിലുടനീളമുള്ള 1,900-ലധികം ചില്ലറ വില്‍പ്പന ശാലകള്‍ ഇതിനോടകം ഉപഭോക്താക്കള്‍ക്ക് E20 ഇന്ധനം ലഭ്യമാക്കുന്നുണ്ടെന്നും രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2024
2023-24 ലെ എഥനോള്‍ വിതരണ വര്‍ഷത്തില്‍ (ESY) പെട്രോളിലെ എഥനോള്‍ മിശ്രിതം 13% കവിഞ്ഞു, 2024 ഓഗസ്റ്റ് 31 ഓടെ ഏകദേശം 545.05 കോടി ലിറ്റര്‍ എഥനോള്‍ കലര്‍ത്തി, വര്‍ഷാവസാനത്തോടെ മിശ്രിത നിരക്ക് 14.60% ആയി, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
അവലംബം: PIB PRID 153363 (13% ഡാറ്റാ പോയിന്റ്) | PIB PRID 2113234 (14.60% വര്‍ഷാവസാന കണക്ക്)
2024 സെപ്റ്റംബര്‍ 18 വരെ, ഇന്ത്യയുടെ എഥനോള്‍ ഉത്പാദന ശേഷി 1,623 കോടി ലിറ്ററിലധികം വര്‍ദ്ധിച്ചു, ഇത് നാല് വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ ശേഷിയുടെ ഇരട്ടിയിലധികം വരും.
അവലംബം: PIB PRID 153363
2024 ഓഗസ്റ്റില്‍, ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ, ജൈവ ഇന്ധനങ്ങളിലെ നൂതന പ്രവണതകള്‍ സമന്വയിപ്പിക്കുന്നതിനും സുസ്ഥിര വ്യോമയാന ഇന്ധനവുമായി (SAF) ബന്ധപ്പെട്ട പദ്ധതികള്‍ ഉള്‍പ്പെടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി JI-VAN യോജനയിലെ മാറ്റങ്ങള്‍ അംഗീകരിച്ചു.
അവലംബം: PIB PRID 153363
ഏഴാമത് ജി-എസ്ടിഐസി ഡല്‍ഹി സമ്മേളനത്തില്‍, എഥനോള്‍ മിശ്രിതത്തില്‍ ഇന്ത്യയുടെ പുരോഗതി പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഉയര്‍ത്തിക്കാട്ടി. നിലവിലെ 20% എഥനോള്‍ മിശ്രിത ലക്ഷ്യത്തിനപ്പുറമുള്ള സാദ്ധ്യതകള്‍ സര്‍ക്കാര്‍ ആരായാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവിച്ചു.
അവലംബം: PIB PRID 153363
രാജ്യത്തുടനീളമുള്ള 15,600-ലധികം പെട്രോള്‍ പമ്പുകളില്‍ E20 പെട്രോള്‍ ലഭ്യമാണ്.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2024 ഡിസംബര്‍ 12-ന് ലോക്സഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യം നമ്പര്‍ 2859, എഥനോള്‍ വിതരണ വര്‍ഷം (ESY) 2022-23-ല്‍ പെട്രോളില്‍ എഥനോള്‍ മിശ്രിതം 12.06%-ല്‍ എത്തിയെന്നും ESY 2023-24-ല്‍ ഏകദേശം 14.6% ആയി വര്‍ദ്ധിച്ചെന്നും സ്ഥിരീകരിച്ചു.
അവലംബം: ലോക്സഭയിലെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യം നമ്പര്‍ 2859, 12 ഡിസംബര്‍ 2024
വാഹന എഞ്ചിന്‍ പ്രകടനത്തില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനത്തിന്റെ സ്വാധീനം സംബന്ധിച്ച് വിശദീകരണം പുറപ്പെടുവിച്ചു,
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2025
2025 ല്‍ ഇന്ത്യ 20% എഥനോള്‍ മിശ്രിതം (E20) എന്ന ലക്ഷ്യം കൈവരിച്ചു - 2018 ലെ ദേശീയ ജൈവ ഇന്ധന നയ പ്രകാരം നിശ്ചയിച്ചിട്ടുള്ള 2030 ലെ സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പ് ലക്ഷ്യം കൈവരിച്ചു.
അവലംബം: PIB PRID 150699 - ഇന്ത്യയിലെ എഥനോള്‍ മിശ്രിതം (ഫാക്ട്ഷീറ്റ്)
പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് 2014-ല്‍ 1.5% ആയിരുന്നത് 2025-ല്‍ 20% ആയി വര്‍ദ്ധിച്ചുവെന്നും 11 വര്‍ഷത്തിനിടെ ഏകദേശം 13 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എഥനോള്‍ ഉത്പാദനം 2014-ല്‍ 38 കോടി ലിറ്ററില്‍ നിന്ന് 2025 ജൂണില്‍ 661.1 കോടി ലിറ്ററായി വളര്‍ന്നു.
അവലംബം: PIB PRID 2154355 - 'ഇന്ത്യയുടെ എഥനോള്‍ മുന്നേറ്റം അപ്രതിരോധ്യം''
2025 ജൂലൈ 31 ലെ കണക്കനുസരിച്ച്, എണ്ണ വിപണന കമ്പനികള്‍ (OMCs) എഥനോള്‍ വിതരണ വര്‍ഷം (ESY) 2024-25 ല്‍ പെട്രോളില്‍ ശരാശരി 19.05% എഥനോള്‍ മിശ്രിത നിരക്ക് കൈവരിച്ചു, 2025 ജൂലൈയില്‍ മിശ്രിതം 19.93% ആയി. ESY 2024-25 ലും ESY 2025-26 ലും എഥനോള്‍ ഉത്പാദനത്തിനായി 52 ലക്ഷം മെട്രിക് ടണ്‍ (LMT) മിച്ചമുള്ള FCI അരി ഉപയോഗിക്കുന്നതിനും ESY 2024-25 കാലയളവില്‍ എഥനോള്‍ ഉത്പാദനത്തിനായി 40 LMT പഞ്ചസാര വകമാറ്റുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി.
അവലംബം: PIB PRID 2155110 - എഥനോള്‍ മിശ്രണം സര്‍ക്കാര്‍ വേഗത്തിലാക്കുന്നു
ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍, പെട്രോളില്‍ എഥനോള്‍ മിശ്രിതം എഥനോള്‍ വിതരണ വര്‍ഷം (ESY) 2021-22 ല്‍ 10% ആയിരുന്നത് ESY 2022-23 ല്‍ 12.06% ആയും, ESY 2023-24 ല്‍ 14.60% ആയും, ESY 2024-25 ല്‍ 28 ഫെബ്രുവരി വരെ 17.98% ആയും വര്‍ദ്ധിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എഥനോള്‍ ഉല്‍പ്പാദനത്തിനുള്ള അംഗീകൃത അസംസ്‌കൃത വസ്തുക്കളുടെ ശ്രേണി വികസനം, എഥനോള്‍ വിലനിര്‍ണ്ണയം, മിശ്രിതമാക്കാന്‍ ഉപയോഗിക്കുന്ന എത്തനോളിന്റെ GST 5% ആയി കുറയ്ക്കല്‍, എഥനോള്‍ പലിശ ഇളവ് പദ്ധതി (EISS) നടപ്പിലാക്കല്‍, സമര്‍പ്പിത എഥനോള്‍ പ്ലാന്റുകളുമായി ദീര്‍ഘകാല ഓഫ്ടേക്ക് കരാറുകളില്‍ (LTOA) ഏര്‍പ്പെടല്‍ എന്നിവ നടപടികളില്‍ ഉള്‍പ്പെടുന്നു. 2030 ല്‍ നിശ്ചയിച്ചിരുന്ന E20 മിശ്രിത ലക്ഷ്യം ESY 2025-26 ല്‍ കൈവരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
അവലംബം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
പയനിയര്‍ ബയോഫ്യൂവല്‍സ് 360 ഉച്ചകോടിയില്‍, ഇന്ത്യയുടെ എഥനോള്‍ മുന്നേറ്റം അപ്രതിരോധ്യമാണെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രി പ്രസ്താവിച്ചു, E20 സ്റ്റാന്‍ഡേര്‍ഡ് ഇന്ധനമായി മാറിയതിനുശേഷം എഞ്ചിന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. E25, E27, E30 പോലുള്ള ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളിലേക്ക് ഘട്ടം ഘട്ടമായി മാറുന്നതിനുള്ള പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. എഥനോള്‍ വിലനിര്‍ണ്ണയം, വൈവിധ്യമാര്‍ന്ന ഫീഡ്സ്റ്റോക്കുകളുടെ ഉപയോഗം, എഥനോള്‍ ഉല്‍പാദന ശേഷിയുടെ വികാസം, എണ്ണ വിപണന കമ്പനികളുടെ (OMC-കള്‍) ഏകോപിത ഉദ്യമങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ എഥനോള്‍ പരിപാടിയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങളെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
അവലംബം: PIB PRID 2154355
2024-25 എഥനോള്‍ വിതരണ വര്‍ഷത്തില്‍ (ESY) 1,000 കോടി ലിറ്ററിലധികം എഥനോള്‍ പെട്രോളുമായി കലര്‍ത്തിയതായും, അതിന്റെ ഫലമായി ശരാശരി എഥനോള്‍ മിശ്രിത നിരക്ക് 19.24% ആയതായും, 2025 ഒക്ടോബറില്‍ മിശ്രിതം 19.97% ആയെന്നും 2025 ഡിസംബര്‍ 18-ന് രാജ്യസഭയെ അറിയിച്ചു.
അവലംബം: രാജ്യസഭയില്‍ നല്‍കിയ മറുപടി, 2025 ഡിസംബര്‍ 18 (ഡിഡി ന്യൂസ് റിപ്പോര്‍ട്ട്)
ലോക്സഭയില്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രി രേഖാമൂലം നല്‍കിയ മറുപടി പ്രകാരം, എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) പരിപാടി പ്രകാരം കര്‍ഷകര്‍ക്ക് കൈമാറിയ മൊത്തം പണം 1.25 ലക്ഷം കോടി രൂപ കവിഞ്ഞു, വിദേശനാണ്യ ലാഭം 1.44 ലക്ഷം കോടി രൂപ കവിഞ്ഞു.
അവലംബം: PIB PRID 2113234 - നിലവിലെ 20% ലക്ഷ്യത്തിനപ്പുറം പെട്രോളില്‍ എഥനോള്‍ മിശ്രിതം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
2026
2026 ഏപ്രില്‍ മുതല്‍, എല്ലാ ഭാരത് സ്റ്റേജ്-VI (BS-VI) വാഹനങ്ങളും E20 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം, കൂടാതെ ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്ന പെട്രോളില്‍ 20% എഥനോള്‍ (E20) അടങ്ങിയിരിക്കണം, കുറഞ്ഞത് 95 റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ (RON) ഉണ്ടായിരിക്കണം.
അവലംബം: PIB PRID 2268671 - 'ഫ്‌ലെക്‌സ് ഇന്ധന വാഹനങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യുന്നു...: ശ്രീ. ഹര്‍ദീപ് സിംഗ് പുരി''
ഇന്ത്യയുടെ എഥനോള്‍ ഉത്പ്പാദന ശേഷി ഏകദേശം 20 ബില്യണ്‍ ലിറ്ററായി വര്‍ദ്ധിച്ചു, ഇത് E20 എഥനോള്‍ മിശ്രിത പരിപാടിയുടെ ആവശ്യകത നിറവേറ്റുന്നതിനുള്ള ഏകദേശം 11 ബില്യണ്‍ ലിറ്ററിനേക്കാള്‍ വളരെ കൂടുതലാണ്.
അവലംബം: PIB PRID 2277210 - തെറ്റിദ്ധരിപ്പിക്കുന്ന E20 അവകാശവാദങ്ങളെക്കുറിച്ചുള്ള വസ്തുതാ പരിശോധന
ലോക പരിസ്ഥിതി ദിനത്തില്‍ (5 ജൂണ്‍ 2026), പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഒരു IOCL ചില്ലറ വില്പന ശാലയില്‍ E85 ഫ്‌ലെക്‌സ്-ഫ്യൂവല്‍ പ്രമോഷന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. വൈദ്യുത വാഹനങ്ങള്‍ (EV-കള്‍)ക്കൊപ്പം ഇന്ത്യയുടെ കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമന ഗതാഗത തന്ത്രത്തിന്റെ പ്രധാന ഭാഗമായി ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ഇത് അവതരിപ്പിച്ചത്.
അവലംബം: PIB PRID 2268671
ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളുകള്‍ (സ്പ്ലെന്‍ഡര്‍+, എച്ച്എഫ് ഡീലക്‌സ് ഫ്‌ലെക്‌സ് ഫ്യൂവല്‍) ന്യൂഡല്‍ഹിയില്‍ പുറത്തിറക്കുന്ന വേളയില്‍, പെട്രോളിയം, പ്രകൃതിവാതക മന്ത്രിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഫ്‌ലെക്‌സ്-ഫ്യുവല്‍ മൊബിലിറ്റിയെ ഇന്ത്യയുടെ ഊര്‍ജ്ജ ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി വിശേഷിപ്പിച്ചു, ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളുമായി ബന്ധപ്പെട്ട ബ്രസീലിന്റെ അനുഭവം ചൂണ്ടിക്കാട്ടുകയും E85 പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ വിലനിര്‍ണ്ണയ ചട്ടക്കൂടുകള്‍ സര്‍ക്കാര്‍ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു.
അവലംബം: PIB PRID 2268671
സുരക്ഷ, കാര്യക്ഷമത, അനുയോജ്യത എന്നിവ ഉറപ്പാക്കുന്നതിനായി കര്‍ശനമായ ശാസ്ത്രീയ നടപടിക്രമങ്ങളിലൂടെയും കര്‍ശനമായ മാനദണ്ഡങ്ങളിലൂടെയും E20 എഥനോള്‍-മിശ്രിത ഇന്ധനവും വാഹന പ്രകടനവും പരീക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നുവെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) വ്യക്തമാക്കി.
അവലംബം: https://www.pib.gov.in/PressReleasePage.aspx?PRID=2281084®=48&lang=2
വാഹനങ്ങളിലും ഉപഭോക്താക്കളിലും എഥനോള്‍ മിശ്രണം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ലോക്സഭയിലെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യ നമ്പര്‍ 6315 ന് മറുപടിയായി, 2020 ഡിസംബര്‍ 26 ന് നീതി ആയോഗിന് കീഴില്‍ രൂപീകരിച്ച അന്തര്‍ മന്ത്രിതല സമിതി (IMC) E20 ഇന്ധനത്തിന്റെ വാഹന അനുയോജ്യതയെയും മൈലേജിനേയും കുറിച്ച് വിശദമായ പഠനം നടത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL), ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (SIAM) എന്നിവ നടത്തിയ ഗവേഷണത്തിന്റെ പിന്തുണയോടെയാണ് ഈ വിലയിരുത്തല്‍. E20 ഇന്ധനത്തിന്റെ ഉപയോഗം മൂലം വാഹന പ്രകടനത്തില്‍ പ്രശ്നങ്ങളോ പ്രതികൂല ഫലങ്ങളോ ഒന്നും കണ്ടെത്തിയില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
***
(रिलीज़ आईडी: 2283356)
|