പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്തോനേഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 07 JUL 2026 12:37PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രബോവോ,
ഇരുരാജ്യങ്ങളിൽ നിന്നുമുള്ള വിശിഷ്ട പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്കാരം!
സെലാമത് സിയാങ് (ശുഭദിനം)!

ഊഷ്മളവും ഹൃദ്യവുമായ ഈ സ്വീകരണത്തിന് എന്റെ സുഹൃത്തായ പ്രസിഡന്റ് പ്രബോവോയോട് ആദ്യം തന്നെ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോയെ സ്വാഗതം ചെയ്യാനുള്ള ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ഊഷ്മളവും ഹൃദ്യവുമായ ക്ഷണം സ്വീകരിച്ച് ഇന്തോനേഷ്യ സന്ദർശിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇന്ന് രാവിലെ ഇന്തോനേഷ്യയിലെ പരമോന്നത ബഹുമതി അതീവ ഊഷ്മളതയോടും ആദരവോടും കൂടി ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. ഈ ബഹുമതി കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാർക്കുള്ളതാണ്. ഇന്തോനേഷ്യയിലെ ജനങ്ങളുടെ നല്ല മനസ്സിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഒപ്പം ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ചരിത്രപരവും ദീർഘകാലത്തേതുമായ സൗഹൃദ ബന്ധങ്ങൾക്കുള്ള ഒരു ആദരവായി ഇത് നിലകൊള്ളുകയും ചെയ്യുന്നു. ഈ വിശിഷ്ട ബഹുമതിക്ക് പ്രസിഡന്റ് പ്രബോവോയോടും ഇന്തോനേഷ്യൻ ​ഗവൺമെന്റിനോടും ഇന്തോനേഷ്യയിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

അടുത്ത വർഷങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പുതിയ ഊർജ്ജവും ആത്മവിശ്വാസവും ആഴമേറിയ തന്ത്രപ്രധാനമായ വ്യാപ്തിയും കൈവരിച്ചിട്ടുണ്ട്.

2018-ൽ സ്ഥാപിതമായ നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ഇന്ന് പുതിയ ഉയരങ്ങളിലെത്തിനിൽക്കുകയാണ്. വികസനം, സുരക്ഷ, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ എല്ലാ മേഖലകളിലും നാം ഗണ്യമായ പുരോഗതി കൈവരിക്കുന്നു.

ഇന്ത്യ-ഇന്തോനേഷ്യ പങ്കാളിത്തത്തിൽ ഇന്ന് ഒരു സുവർണ്ണ അധ്യായത്തിന്റെ തുടക്കം കുറിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പുതിയ അധ്യായം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തും അതുപോലെ മനുഷ്യരാശിയിലാകെയും ആഴമേറിയതും ഗുണപരവുമായ സ്വാധീനം ചെലുത്തും.

സുഹൃത്തുക്കളേ,

ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന വിശ്വാസം പ്രതിരോധം, സുരക്ഷ, സമുദ്ര മേഖല എന്നിവയിലെ നമ്മുടെ സഹകരണത്തെ കൂടുതൽ ശക്തമാക്കുന്നു. പ്രതിരോധ വിനിമയങ്ങൾ, ദുരന്ത നിവാരണം, വ്യാവസായിക സഹകരണം എന്നിവയിലെ കൂട്ടായ്മ കൂടുതൽ വർധിപ്പിക്കുന്നതിന് ഇന്ന് നാം ധാരണയിലെത്തി.

ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷയും ഭദ്രതയും വർധിപ്പിക്കുന്നതിനായി നമ്മുടെ രണ്ട് കോസ്റ്റ് ഗാർഡുകളും (തീരസംരക്ഷണ സേനകൾ) ഇനിമുതൽ ഒന്നിച്ച് പ്രവർത്തിക്കും. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് സമുദ്ര രാജ്യങ്ങൾ എന്ന നിലയിൽ ബ്ലൂ ഇക്കോണമി (സമുദ്ര അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ), തുറമുഖ വികസനം, സമുദ്ര വണിജ്യം എന്നിവയിലെ നമ്മുടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും നാം തീരുമാനിച്ചു.

സുഹൃത്തുക്കളേ,

ഇന്ത്യയെയും ഇന്തോനേഷ്യയെയും സംബന്ധിച്ചിടത്തോളം ദാരിദ്ര്യ നിർമ്മാർജ്ജനവും ഓരോ പൗരനും ക്ഷേമ ആനുകൂല്യങ്ങൾ ഫലപ്രദമായി എത്തിക്കുന്നുവെന്ന് ഉറപ്പാക്കലും ഏറ്റവും ഉയർന്ന മുൻഗണനകളായി തുടരുന്നു. ഉച്ചഭക്ഷണ പദ്ധതിയും പൊതുവിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവങ്ങളും പരിഹാരങ്ങളും നമ്മൾ ഇന്തോനേഷ്യയുമായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ നാം ഈ സഹകരണത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു.

ആരോഗ്യ മേഖലയിലെ നമ്മുടെ സഹകരണം ഇരുരാജ്യങ്ങളിലും ഗുണനിലവാരമുള്ള ആരോഗ്യ പരിപാലന സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ഗണ്യമായ സംഭാവന നൽകും. ഇന്ന് ഒപ്പുവെച്ച കരാർ ഇന്തോനേഷ്യയിലെ ജനങ്ങൾക്ക് ഇന്ത്യയുടെ ഉയർന്ന ഗുണനിലവാരമുള്ളതും ‌കുറഞ്ഞ നിരക്കിലുള്ളതുമായ മരുന്നുകളിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കും.

ഇന്തോനേഷ്യയിലെ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശേഷിവികസനത്തിനും നാം സംഭാവന നൽകും. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഗോതമ്പ് വിത്തുകളുടെ വിതരണം ഇന്തോനേഷ്യയുടെ ഭക്ഷ്യഭദ്രതയെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുപുറമെ, സുസ്ഥിര കൃഷിയിലും കാർഷിക സാങ്കേതികവിദ്യയിലും ഏറ്റവും മികച്ച മാതൃകകൾ നാം പരസ്പരം പങ്കുവെക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ഒരു നൂറ്റാണ്ടാണ്. ഇന്ത്യയും ഇന്തോനേഷ്യയും യുവാക്കളുടെ ഊർജ്ജത്താൽ നയിക്കപ്പെടുന്ന രാജ്യങ്ങളാണ്. നമ്മുടെ യുവാക്കൾക്ക് സാങ്കേതികവിദ്യയോട് സ്വാഭാവികമായ ഒരു ആഭിമുഖ്യമുണ്ട്.

നിർമിത ബുദ്ധി, ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ നമ്മുടെ യുവാക്കൾ തമ്മിലുള്ള സാങ്കേതിക സഹകരണം ശക്തമാക്കുന്നതിനുള്ള ഒരു സുപ്രധാന കരാറിന് ഇന്ന് നാം രൂപം നൽകി. ഇരുരാജ്യങ്ങളിലെയും നൂതന സംരംഭക ശൃംഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനും നമ്മൾ സമ്മതിച്ചിട്ടുണ്ട്.

പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) ബാംഗ്ലൂരിന്റെ ഒരു വിദേശ ക്യാമ്പസ് ഞങ്ങൾ ഇന്തോനേഷ്യയിൽ സ്ഥാപിക്കാൻ പോവുകയാണ്. ഇത് ആസിയാൻ (ASEAN) മേഖലയിലുടനീളമുള്ള യുവാക്കൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യും.

ബഹിരാകാശ മേഖലയിലെ നമ്മുടെ സഹകരണം പതിറ്റാണ്ടുകളായുള്ള വിശ്വാസത്തിലും പങ്കാളിത്തത്തിലുമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഈ ശക്തമായ അടിത്തറയിൽ ഊന്നിനിന്നുകൊണ്ട് ബഹിരാകാശ മേഖലയിലെ സംയുക്ത ഗവേഷണം, സാങ്കേതികവിദ്യ പങ്കിടൽ, ശേഷിവികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ ഇന്ന് നാം കൈക്കൊണ്ടു.

സുഹൃത്തുക്കളേ,

ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യയിലെ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വളരെ നിർണ്ണായകമായി മാറിയിരിക്കുന്നു. നിർണ്ണായക ധാതുക്കളുടെയും സ്റ്റീലിന്റെയും മേഖലകളിൽ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തമാക്കുന്നതിനുള്ള ഒരു സുപ്രധാന കരാറിലും നാം ഒപ്പുവെച്ചു. ഇതിനുപുറമെ, നമ്മുടെ കമ്പനികൾ സ്റ്റെയിൻലെസ് സ്റ്റീൽ, അപൂർവ്വ ഭൗമ കാന്തങ്ങൾ എന്നിവയുടെ മേഖലകളിൽ പങ്കാളിത്തത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

സുഹൃത്തുക്കളേ,

ജനങ്ങൾ തമ്മിലുള്ള ബന്ധമാണ് നമ്മുടെ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉടൻ തന്നെ ഇന്തോനേഷ്യയുടെ പേയ്‌മെന്റ് സംവിധാനവുമായി സംയോജിപ്പിക്കുമെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് സുഗമമാക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനും കൂടുതൽ കരുത്തേകും.

സുഹൃത്തുക്കളേ,

നാളെ പ്രംബാനൻ ക്ഷേത്രത്തിന്റെ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി യോഗ്യക്കാർത്തയിൽ വെച്ച് പ്രസിഡന്റ് പ്രബോവോയോടൊപ്പം ചേരാനുള്ള ഭാഗ്യം എനിക്ക് ലഭിക്കും. ആയിരത്തിലധികം വർഷം പഴക്കമുള്ള പ്രംബാനൻ ക്ഷേത്രം ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും പങ്കിട്ട സാംസ്കാരിക പൈതൃകത്തിന്റെ കാലാതീതമായ പ്രതീകമായി നിലകൊള്ളുന്നു.

ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ചരിത്രപ്രസിദ്ധമായ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ ശതാബ്ദിയും ഇരുരാജ്യങ്ങളും വലിയ ആവേശത്തോടെ ആഘോഷിക്കും. ഇന്തോനേഷ്യയുടെ ശ്രദ്ധേയമായ രാഷ്ട്രനിർമ്മാണ പ്രക്രിയ ദീർഘദർശിയായ വിദ്യാഭ്യാസവിചക്ഷണനും ഇവിടുത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കി ഹാജർ ദേവാന്തരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്വശാസ്ത്രം ഗുരുദേവ് ടാഗോറിന്റെ ആശയങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടതായിരുന്നു. പങ്കുവെക്കപ്പെട്ട ഈ ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകത്തോടുള്ള ആദരസൂചകമായി ഇന്ത്യയും ഇന്തോനേഷ്യയും ഈ ശതാബ്ദി വർഷത്തെ ടാഗോർ-ദേവാന്തര സാംസ്കാരിക, വിദ്യാഭ്യാസ, നയതന്ത്ര വർഷമായി ആചരിക്കും.

സുഹൃത്തുക്കളേ,

ജനാധിപത്യ മൂല്യങ്ങളും വൈവിധ്യത്തിലെ ഏകത്വവും പണ്ടുമുതലേ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും പങ്കുവെക്കപ്പെട്ട കരുത്തുകളാണ്. ഇരുരാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിൽ ഇന്ന് ഒപ്പുവെച്ച ധാരണാപത്രം നമ്മുടെ ജനാധിപത്യ സഹകരണത്തെ കൂടുതൽ ശക്തമാക്കും.

സുഹൃത്തുക്കളേ,

ആഗോള വിഷയങ്ങളിലും ഇന്ത്യയും ഇന്തോനേഷ്യയും തങ്ങളുടെ സഹകരണം ആഴത്തിലാക്കുന്നത് തുടരുകയാണ്. ഇൻഡോ-പസഫിക് മേഖലയെക്കുറിച്ചുള്ള നമ്മുടെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിൽ ശക്തമായ യോജിപ്പുണ്ട് (synergy). ആസിയാന്റെ (ASEAN) കേന്ദ്രസ്ഥാനത്തിന് ഇന്ത്യ എപ്പോഴും പ്രത്യേക പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.

ആഗോള അസ്വസ്ഥതകളുടെ ഈ കാലഘട്ടത്തിൽ, ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പങ്ക് മറ്റെപ്പോഴത്തേക്കാളും പ്രധാനമായി മാറിയിട്ടുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു. പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെയും ശാശ്വത സമാധാനം കൈവരിക്കുന്നതിനെയും ഞങ്ങൾ പിന്തുണയ്ക്കുന്നത് തുടരുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ഇരുരാജ്യങ്ങൾക്കുമായി ഒരു സുവർണ്ണ കാലഘട്ടം ഇപ്പോൾ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്.

നമ്മുടെ ചരിത്രം ഒരു പൊതു സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയതാണ്,
നമ്മുടെ വർത്തമാനകാലം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ്,
നമ്മുടെ ഭാവി പങ്കിട്ട സമൃദ്ധിയിലൂടെ നിർവചിക്കപ്പെടുന്നു.

ഇന്തോനേഷ്യ "എമാസ്" (സുവർണ്ണ ഇന്തോനേഷ്യ) എന്ന ദർശനവും "വികസിത ഭാരതം" കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയവും നമുക്കൊന്നിച്ച് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

വളരെയധികം നന്ദി.

നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലായിരുന്നു.

NK

 


( റിലീസ് ഐ.ഡി: 2282114) സന്ദര്‍ശക കൗണ്ടര്‍ : 29