വനിതാ, ശിശു വികസന മന്ത്രാലയം
ബ്രിക്സ് വനിതാ മന്ത്രിതലയോഗത്തിന് ഇന്ത്യ 2026 ജൂലൈ 8, 9 തീയതികളിൽ കൊച്ചിയിൽ ആതിഥേയത്വം വഹിക്കും
प्रविष्टि तिथि:
07 JUL 2026 10:17AM by PIB Thiruvananthpuram
ഇന്ത്യയുടെ 2026-ലെ ബ്രിക്സ് (BRICS) അധ്യക്ഷപദത്തിനു കീഴിൽ, 2026 ജൂലൈ 8, 9 തീയതികളിൽ കേരളത്തിലെ കൊച്ചിയിൽ ബ്രിക്സ് വനിതാ മന്ത്രിതലയോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. സഹകരണം ശക്തമാക്കുന്നതിനും, വനിതാശാക്തീകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും, ഏവരെയും ഉൾക്കൊള്ളുന്ന, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ വികസനത്തിനായുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതിനുമായി ബ്രിക്സ് അംഗരാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും പ്രതിനിധിസംഘത്തലവന്മാരും ഒത്തുചേരും.
പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നീ നാലു പ്രധാന സ്തംഭങ്ങൾക്കാണ് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദം ഊന്നൽ നൽകുന്നത്. ഓരോ തലങ്ങളിലും വനിതാശാക്തീകരണം മുന്നോട്ടു കൊണ്ടുപോകുന്ന രീതിയിലാണു ബ്രിക്സ് വനിതാ ട്രാക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2026 ജൂലൈ 6, 7 തീയതികളിൽ നടന്ന ബ്രിക്സ് വനിതാ വർക്കിങ് ഗ്രൂപ്പ് യോഗത്തിനുശേഷമാണ് ഈ മന്ത്രിതല യോഗം ചേരുന്നത്. മുൻഗണനാ മേഖലകൾ ഉൾപ്പെടുത്തി മുതിർന്ന ഉദ്യോഗസ്ഥർ കർമസമിതി യോഗത്തിൽ ഗൗരവമേറിയ ചർച്ചകൾ നടത്തിയിരുന്നു. വനിതാ വർക്കിങ് ഗ്രൂപ്പ് പാകിയ കരുത്തുറ്റ അടിത്തറയ്ക്കുമേൽ, നിർദിഷ്ട ഫലങ്ങളെക്കുറിച്ചു മന്ത്രിമാർ ചർച്ച ചെയ്യുകയും ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നിർദേശം നൽകുകയും ചെയ്യും.
ജനകേന്ദ്രീകൃതവും മാനവികതയ്ക്കു പ്രഥമസ്ഥാനം നൽകുന്നതുമായ സമീപനം പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ പ്രമേയമായ, "പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക" എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മന്ത്രിതലയോഗം നടക്കുന്നത്. സ്ത്രീകളുടെ നേതൃത്വശേഷി വർധിപ്പിക്കൽ, സാമ്പത്തിക അവസരങ്ങൾ വികസിപ്പിക്കൽ, ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്തൽ, വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. കാലാവസ്ഥാ പ്രവർത്തനം, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നീ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾക്കും പ്രത്യേക പ്രാധാന്യം നൽകും. ലിംഗസമത്വം കൈവരിക്കുന്നതിനും BRICS അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള കൂട്ടായ ലക്ഷ്യവും ഈ ചർച്ചകൾ പ്രതിഫലിപ്പിക്കും.
ഗ്രാമീണ വികസനം, ശാസ്ത്രം-സാങ്കേതികം-എഞ്ചിനീറിംഗ്-മാത്തമാറ്റിക്സ് (STEM), പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വനിതാ നേതൃത്വത്തിലുള്ള വികസനത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രദർശനങ്ങളും മന്ത്രിതല യോഗത്തോടനുബന്ധിച്ച് ഒരുക്കും. വിദഗ്ധർ, നയരൂപകർത്താക്കൾ, പ്രായോഗികരംഗത്തുള്ളവർ എന്നിവർ പങ്കെടുക്കുന്ന പ്ലീനറി സെഷനും വിഷയാധിഷ്ഠിത പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമായി നടക്കും. അനുഭവങ്ങൾ കൈമാറുന്നതിനും നൂതന സമീപനങ്ങൾ പങ്കിടുന്നതിനും വനിതാ ശാക്തീകരണത്തിനായുള്ള പങ്കാളിത്തം വളർത്തുന്നതിനും ഇത് അവസരമൊരുക്കും.
****
(रिलीज़ आईडी: 2281977)
आगंतुक पटल : 85