കൃഷി മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ സെയ്ഷെൽസ് സന്ദർശനത്തിനിടെ ഐസിഎആറും സെയ്ഷെൽസിലെ കൃഷി വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

प्रविष्टि तिथि: 01 JUL 2026 5:02PM by PIB Thiruvananthpuram

കാർഷിക ഗവേഷണ-വിദ്യാഭ്യാസ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ഐ.സി.എ.ആർ), സെയ്ഷെൽസിലെ മത്സ്യബന്ധന, കൃഷി, സമുദ്ര സമ്പദ്‌ വ്യവസ്ഥ മന്ത്രാലയത്തിന് കീഴിലുള്ള കൃഷി വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. പ്രധാനമന്ത്രിയുടെ സെയ്ഷെൽസിലെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്.

കാർഷിക ഗവേഷണം, വിദ്യാഭ്യാസം, ശേഷി വികസനം, സാങ്കേതികവിദ്യാ കൈമാറ്റം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സംയുക്ത ഗവേഷണ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൈമാറ്റം, നൂതന കാർഷിക സാങ്കേതികവിദ്യകളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഇത് നൽകുന്നു.

ഈ കരാർ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇരുപക്ഷവും അഞ്ച് വർഷത്തെ പ്രവർത്തന പദ്ധതിയിലും (2026-2031) ഒപ്പുവെച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, ഹോർട്ടികൾച്ചർ, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, കന്നുകാലി വികസനം, സുസ്ഥിര ഭക്ഷ്യ-പോഷകാഹാര സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ഈ പ്രവർത്തന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്ഥാപനപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക, സാങ്കേതിക ശേഷി വികസിപ്പിക്കുക എന്നിവയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും സുസ്ഥിര കാർഷിക വികസനത്തെ ഇത് പിന്തുണയ്ക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള പങ്കാളിത്ത സ്ഥാപനങ്ങളുമായി നൂറിലധികം ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകൊണ്ട് ഐ.സി.എ.ആർ ഇന്ത്യയുടെ ആഗോള കാർഷിക പങ്കാളിത്തം വ്യാപിപ്പിക്കുന്നത് തുടരുകയാണ്. സെയ്ഷെൽസുമായുള്ള ഈ ധാരണാപത്രം ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. കൂടാതെ അന്താരാഷ്ട്ര സഹകരണത്തിലൂടെ സുസ്ഥിര കൃഷി, നൂതനാശയങ്ങൾ, ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് അടിവരയിടുകയും ചെയ്യുന്നു.

 

****


(रिलीज़ आईडी: 2280125) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu