ഗ്രാമീണ വികസന മന്ത്രാലയം
प्रविष्टि तिथि:
30 JUN 2026 11:46PM by PIB Thiruvananthpuram
വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ): VB-G RAM G നിയമം, 2025 പ്രകാരം നൽകേണ്ട പുതുക്കിയ വേതന നിരക്കുകൾ കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. ഈ നിയമം രാജ്യവ്യാപകമായി നിലവിൽ വരുന്നതിനോടനുബന്ധിച്ച് 2026 ജൂലൈ 1 മുതൽ പുതിയ വേതന നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഉയർന്ന വേതനം ഉറപ്പാക്കൽ, പ്രാദേശികമായ അസമത്വങ്ങൾ കുറയ്ക്കൽ, തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കൽ എന്നിവയിലൂടെ ഗ്രാമീണ ഉപജീവനമാർഗങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ പരിഷ്കരിച്ച വിജ്ഞാപനം. പദ്ധതിക്ക് കീഴിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന ഒരു ജോലിയ്ക്കും പ്രതിദിന വേതനം 300 രൂപയിൽ കുറയരുത് എന്ന് ഉറപ്പാക്കിക്കൊണ്ട്, ₹300 ഇടക്കാല അടിസ്ഥാന വേതന നിരക്ക് (Interim base wage rate) ഏർപ്പെടുത്തി എന്നതാണ് ഈ വിജ്ഞാപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
" പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, വികസനത്തിന്റെ ആനുകൂല്യങ്ങൾ ഓരോ ദരിദ്ര കുടുംബത്തിലും എത്തിക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. സമൃദ്ധമായ ഗ്രാമങ്ങളിലൂടെ 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവെയ്പ്പാണ് VB–G RAM G നിയമത്തിന്റെ തുടക്കം. തൊഴിൽ ഗ്യാരണ്ടി 125 ദിവസമായി വർദ്ധിപ്പിച്ചതിനൊപ്പം, ഗ്രാമീണ തൊഴിലാളികൾക്ക് മികച്ച വേതനവും ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കാലങ്ങളായി വേതനം കുറവായിരുന്ന സംസ്ഥാനങ്ങൾക്കാണ് ഏറ്റവും വലിയ വർദ്ധന നൽകിയിട്ടുള്ളത്; ഇതിലൂടെ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് പരമാവധി പ്രയോജനം ലഭിക്കും. ഈ വേതന പരിഷ്കരണം ഗ്രാമീണ ഉപജീവനമാർഗങ്ങളെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുകയും ഗ്രാമീണ ഇന്ത്യയിലുടനീളം സമഗ്ര വികസനത്തിന് വേഗത കൂട്ടുകയും ചെയ്യും." കേന്ദ്ര ഗ്രാമവികസന, കാർഷിക-കർഷക ക്ഷേമ മന്ത്രി ശ്രീ ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
രാജ്യത്തുടനീളം വമ്പിച്ച വേതന വർദ്ധന:
പുതുക്കിയ വിജ്ഞാപനം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തൊഴിൽ മേഖലകളിലും വേതന നിരക്കിൽ വർദ്ധന ഉറപ്പാക്കുന്നു . ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയുടെ കീഴിൽ നടന്നിട്ടുള്ള ഏറ്റവും വലിയ വേതന പരിഷ്കരണങ്ങളിൽ ഒന്നാണിത്.
പ്രധാന സവിശേഷതകൾ:
* 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ തൊഴിൽ മേഖലകളിലും വേതന നിരക്ക് വർദ്ധിപ്പിച്ചു.
* 21 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഭരണപരമായ യൂണിറ്റുകളെയും പുതിയ ₹300 എന്ന അടിസ്ഥാന വേതന നിരക്കിലേക്ക് ഉയർത്തി.
* ദേശീയതലത്തിൽ വിജ്ഞാപനം ചെയ്യപ്പെട്ട ശരാശരി വേതനം , തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) കീഴിലുണ്ടായിരുന്ന പ്രതിദിനം ₹298.8 എന്നതിൽ നിന്നും VB–G RAM G-ക്ക് കീഴിൽ പ്രതിദിനം ₹327.4ആയി ഉയർത്തി . ഇത് പ്രതിദിനം ശരാശരി ₹28.6-ന്റെ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.
* രാജ്യത്തുടനീളമുള്ള ശരാശരി ശതമാന വർദ്ധനവ് 10 ശതമാനത്തിലധികമാണ്.
VB-G RAM G-ക്ക് കീഴിൽ ഗ്രാമീണ വേതനത്തിന്റെ പുതിയ ദേശീയ മാനദണ്ഡമായി ₹300 മാറുന്നു
ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയുടെ ചരിത്രത്തിലാദ്യമായാണ് പ്രതിദിനം ₹300 എന്ന ഇടക്കാല അടിസ്ഥാന വേതന നിരക്ക് ഏർപ്പെടുത്തുന്നത്. ഈ വിജ്ഞാപനത്തിന് മുൻപ് പല സംസ്ഥാനങ്ങളിലും വേതന നിരക്ക് ₹300-ന് താഴെയായിരുന്നു (ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം ₹241 ആയിരുന്നു). പുതുക്കിയ വിജ്ഞാപനത്തിലൂടെ അത്തരം എല്ലാ സംസ്ഥാനങ്ങളെയും പുതിയ മാനദണ്ഡത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇത് കാലങ്ങളായുള്ള പ്രാദേശിക കൂലി വ്യത്യാസങ്ങൾ കുറയ്ക്കുന്നതോടൊപ്പം ഗ്രാമീണ തൊഴിലാളികളുടെ വരുമാന സുരക്ഷിതത്വം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും. പുതിയ ഇടക്കാല അടിസ്ഥാന കൂലി നിരക്കിന്റെ നേരിട്ടുള്ള പ്രയോജനം 21 സംസ്ഥാനങ്ങൾക്കും ഭരണ യൂണിറ്റുകൾക്കും ലഭിക്കും.
കാലങ്ങളായി കുറഞ്ഞ വേതനമുള്ള സംസ്ഥാനങ്ങൾക്ക് പരമാവധി ആനുകൂല്യം:
കാലങ്ങളായി കുറഞ്ഞ വേതന നിരക്കുകൾ നിലവിലിരുന്ന സംസ്ഥാനങ്ങൾക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കുന്ന രീതിയിലാണ് പുതിയ വേതന ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് സമത്വവും സന്തുലിതവുമായ പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കും.
അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് ഏറ്റവും ഉയർന്ന ശതമാന വർദ്ധനവ് (ഏകദേശം 24.5 ശതമാനം) ലഭിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ഝാർഖണ്ഡ്, അസം, ത്രിപുര, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലും ഗണ്യമായ വർദ്ധന വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഉയർന്ന വേതനമുള്ള സംസ്ഥാനങ്ങൾക്കും പരിഷ്കരിച്ച വേതനം :
ഇടക്കാല അടിസ്ഥാന വേതന നിരക്കിനേക്കാൾ ഉയർന്ന വേതനം നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേതനം പുതുക്കിയിട്ടുണ്ട്.
ഈ വിജ്ഞാപനത്തെ തുടർന്ന് ഹരിയാന (₹409), ഗോവ (₹406), കേരളം (₹401), സിക്കിം (ഉയർന്ന മലയോര ഗ്രാമപഞ്ചായത്തുകൾ) (₹450)എന്നിവിടങ്ങളിൽ പ്രതിദിന വേതന നിരക്ക് ₹400 കടന്നു. മുൻപത്തെ വേതന ഘടനയിൽ ഒരു പ്രദേശത്ത് മാത്രമായിരുന്നു ഈ നിരക്ക് ഉണ്ടായിരുന്നത്.
സുതാര്യവും ശാസ്ത്രീയവുമായ വേതന നിർണ്ണയം:
സുതാര്യവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് VB–G RAM G നിയമം (2025)-ലെ വ്യവസ്ഥകൾ പ്രകാരം പുതുക്കിയ വേതനം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഗ്രാമീണ വേതന നിരക്കുകളിലെ ചരിത്രപരമായ അസമത്വങ്ങൾ കുറയ്ക്കുന്നതിനും ന്യായമായ വേതനം ഉറപ്പാക്കുന്നതിനുമായി, വാർഷിക സൂചികയും പുതുതായി അവതരിപ്പിച്ച ഇടക്കാല അടിസ്ഥാന വേതന നിരക്കും സമന്വയിപ്പിച്ചാണ് ഈ വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.
വികസിത ഇന്ത്യയ്ക്ക് കീഴിൽ ഗ്രാമീണ സമൃദ്ധി ശക്തിപ്പെടുത്തൽ
അർഹരായ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്ന VB–G RAM G നിയമം (2025)-ന്റെ പരിവർത്തന വ്യവസ്ഥകൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ വേതന വിജ്ഞാപനം. വിപുലീകരിച്ച തൊഴിൽ ഗ്യാരണ്ടിയും വർദ്ധിപ്പിച്ച കൂലി നിരക്കുകളും ഒത്തുചേരുമ്പോൾ ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കാനും ജനങ്ങളുടെ വാങ്ങൽ ശേഷി മെച്ചപ്പെടുത്താനും സുസ്ഥിരമായ ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കപ്പെടാനും ഇത് കാരണമാകും.
ഈ നിയമത്തിന്റെ തുടക്കവും പുതുക്കിയ വേതന നിരക്കുകളുടെ വിജ്ഞാപനവും 'ഗരീബ് കല്യാൺ' (ദരിദ്ര ക്ഷേമം), 'അന്ത്യോദയ', 'വികസിത ഭാരതം @2047' എന്നീ ലക്ഷ്യങ്ങളോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയുടെ വളർച്ചയുടെ നേട്ടം എല്ലാ ഗ്രാമങ്ങളിലും ഗ്രാമീണ കുടുംബങ്ങളിലും എത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.