ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

വിബി- ജി റാം ജി നിയമം 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും; അർഹതയുള്ള ഒരു ഗ്രാമീണ തൊഴിലാളിക്കും ഒരു ദിവസം പോലും തൊഴിലില്ലാത്ത അവസ്ഥ ഉണ്ടാകരുത്: ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ

प्रविष्टि तिथि: 30 JUN 2026 5:45PM by PIB Thiruvananthpuram
ഗ്രാമീണ തൊഴിൽ, ഉപജീവന സുരക്ഷ, സുസ്ഥിര ഗ്രാമ വികസനം എന്നിവയ്ക്കായി കൂടുതൽ ശക്തമായ ഒരു ചട്ടക്കൂടിന് തുടക്കം കുറിച്ചുകൊണ്ട് വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബി- ജി റാം ജി നിയമം 2025, 2026 ജൂലൈ ഒന്ന് മുതൽ ഗ്രാമീണ ഇന്ത്യയിലുടനീളം പ്രാബല്യത്തിൽ വരും. അർഹതയുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും നിയമപ്രകാരമുള്ള വേതന തൊഴിലുറപ്പ് 100 ദിവസത്തിൽ നിന്നും 125 ദിവസമായി ഈ നിയമം വർദ്ധിപ്പിക്കുന്നു. വികസിത ഇന്ത്യ @2047 എന്ന കാഴ്ചപ്പാടിന് വേഗത പകരുന്നതിനോടൊപ്പം ദീർഘകാലം നിലനിൽക്കുന്ന ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
 


 
അർഹതയുള്ള ഒരു ഗ്രാമീണ തൊഴിലാളിക്കും ഒരു ദിവസം പോലും തൊഴിലില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന്,  ഈ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് തലേന്ന് കേന്ദ്ര ഗ്രാമ വികസന, കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പുതിയ ചട്ടക്കൂടിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായുള്ള അടുത്ത ഏകോപനത്തിലൂടെ ഭരണപരവും സാമ്പത്തികവും സാങ്കേതികവുമായ എല്ലാ തയ്യാറെടുപ്പുകളും  ഗവൺമെൻ്റ്  പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"അർഹതയുള്ള ഒരു ഗ്രാമീണ തൊഴിലാളിക്കും ഒരു ദിവസം പോലും തൊഴിലില്ലാത്ത അവസ്ഥ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. വിബി- ജി റാം ജി നിയമം നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മതിയായ സാമ്പത്തിക സ്രോതസ്സുകൾ ലഭ്യമാക്കിയിട്ടുണ്ട്, നിർവ്വഹണ സംവിധാനങ്ങൾ പൂർണ്ണമായും സജ്ജമാണ്, നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ തടസ്സമില്ലാതെ തുടരും. വേതന തൊഴിലുറപ്പ് 125 ദിവസമായി വർദ്ധിപ്പിച്ചത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയും ദീർഘകാലം നിലനിൽക്കുന്ന സാമൂഹിക ആസ്തികൾ സൃഷ്ടിക്കുകയും വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് വേഗത പകരുകയും ചെയ്യും," ശ്രീ. ചൗഹാൻ പറഞ്ഞു.

രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത് സുഗമമാക്കുന്നതിനായി, തടസ്സമില്ലാത്ത നിർവ്വഹണം, സമയബന്ധിതമായ വേതന വിതരണം, ആദ്യ ദിവസം മുതൽ തന്നെയുള്ള സുഗമമായ മാറ്റം എന്നിവ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇടക്കാല വിഹിതമായി 95,692.31 കോടി രൂപ  ഗവൺമെൻ്റ്   അനുവദിച്ചിട്ടുണ്ട്. പുതിയ ചട്ടക്കൂട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തിനും യാതൊരുവിധ തടസ്സങ്ങളും നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയാണ് ഈ ഫണ്ട് വിഹിതം പ്രതിഫലിപ്പിക്കുന്നത്.

പുതിയ ചട്ടക്കൂടിലേക്കുള്ള സുഗമമായ മാറ്റം  ഗവൺമെൻ്റ്   ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ തടസ്സമില്ലാതെ തുടരും. അതോടൊപ്പം, നിലവിൽ ഇ-കെവൈസി പരിശോധന പൂർത്തിയാക്കിയ ജോബ് കാർഡുകൾ, പുതിയ ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകൾ വിതരണം ചെയ്യുന്നത് വരെ സാധുവായി തുടരുകയും ചെയ്യും. ഇത് തടസ്സമില്ലാത്ത തൊഴിൽ ലഭ്യതയും സമയബന്ധിതമായ വേതന വിതരണവും ഉറപ്പുനൽകുന്നു.

ദീർഘകാലം നിലനിൽക്കുന്ന ആസ്തികളുടെ സൃഷ്ടി, പ്രകൃതിവിഭവ മാനേജ്‌മെൻ്റ്, ജലസംരക്ഷണം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, സ്വയംസഹായ സംഘങ്ങളിലൂടെയുള്ള വനിതാ ശാക്തീകരണം, മുൻനിര ഗ്രാമീണ വികസന പരിപാടികളുമായുള്ള ഏകോപനം, സാങ്കേതികവിദ്യയിലധിഷ്ഠിതമായ സുതാര്യമായ ഭരണനിർവ്വഹണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഈ നിയമം ഗ്രാമപഞ്ചായത്തുകളെ ഗ്രാമ പരിവർത്തനത്തിൻ്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു. പങ്കാളിത്തത്തോടെയുള്ള ആസൂത്രണത്തിലൂടെയും ഫലപ്രദമായ നിർവ്വഹണത്തിലൂടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ ഇന്ത്യയിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു.

വിബി- ജി റാം ജി നിയമം നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഗ്രാമ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. വികസിത ഇന്ത്യ @2047 എന്ന കാഴ്ചപ്പാടിൻ്റെ അടിത്തറയായി സ്വയംപര്യാപ്തവും  പ്രതിരോധശേഷിയുമുള്ളതും സമൃദ്ധവുമായ ഗ്രാമീണ സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ  പ്രതിബദ്ധതയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

വിബി- ജി റാം ജി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ പ്രതിബദ്ധത രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനം വീണ്ടും ഉറപ്പിച്ചു.

അടുത്തിടെ സമാപിച്ച രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനത്തിൽ, ജൂലൈ ഒന്ന് മുതൽ നിയമം നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ സന്നദ്ധതയെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലേയും ഗ്രാമ  വികസന മന്ത്രിമാർ കേന്ദ്ര ഗ്രാമ വികസന മന്ത്രിയെ ധരിപ്പിച്ചു. 29 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനായി ബജറ്റ് വിഹിതം നീക്കിവെച്ചിട്ടുണ്ട്. കൂടാതെ 24 സംസ്ഥാനങ്ങൾ ഇതിനകം തന്നെ വിബി ജി റാം ജി സംസ്ഥാന പദ്ധതി വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നിയമം 2025-ൻ്റെ  ദേശീയതല ഉദ്ഘാടനം 2026 ജൂലൈ രണ്ടിന് ആന്ധ്രാപ്രദേശിൽ നടക്കും.

വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നിയമം 2025 അഥവാ വിബി- ജി റാം ജി നിയമത്തിൻ്റെ ദേശീയതല ഉദ്ഘാടനം 2026 ജൂലൈ രണ്ടിന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ഓബുലാവാരിപള്ളി മണ്ഡലത്തിലെ മുക്കവാരിപ്പള്ളി ഗ്രാമത്തിൽ നടക്കും. കേന്ദ്ര ഗ്രാമ  വികസന, കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ മിഷൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ. എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ. കൊനിഡാല  പവൻ കല്യാൺ, കേന്ദ്ര സഹമന്ത്രിമാരായ ഡോ. ചന്ദ്രശേഖർ പെമ്മസാനി, ശ്രീ. കമലേഷ് പാസ്വാൻ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

ചടങ്ങിൽ ഗുണഭോക്താക്കളായ കുടുംബങ്ങൾക്കുള്ള ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകളുടെ വിതരണം, വിബി- ജി റാം ജി മിഷൻ്റെ ഔപചാരികമായ സമാരംഭം, മിഷനെക്കുറിച്ചുള്ള ബോധവൽക്കരണ ചിത്രത്തിൻ്റെ പ്രദർശനം, മിഷനുമായി ബന്ധപ്പെട്ട എഡിറ്റോറിയൽ ലേഖനങ്ങളുടെ സമാഹാരത്തിൻ്റെ  പ്രകാശനം എന്നിവ നടക്കും.
 
 
****

(रिलीज़ आईडी: 2279575) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , Telugu , English , हिन्दी , Tamil , Kannada