രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ജനറൽ ധീരജ് സേത്ത് കരസേനാ മേധാവിയായി ചുമതലയേറ്റു

प्रविष्टि तिथि: 30 JUN 2026 2:37PM by PIB Thiruvananthpuram
നാല് പതിറ്റാണ്ടിലേറെ രാഷ്ട്രത്തിനായി സമർപ്പിച്ച വിശിഷ്ട സേവനത്തിന് ശേഷം 2026 ജൂൺ 30 ന് വിരമിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദി PVSM, AVSM ന് പകരമായി ജനറൽ ധീരജ് സേത്ത് PVSM, UYSM, AVSM 31-ാമത് കരസേനാ മേധാവിയായി (COAS) ചുമതലയേറ്റു.  

ഖഡക് വാസ്ലയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് ജനറൽ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് അദ്ദേഹം ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. ഏകദേശം 40 വർഷത്തെ സൈനിക ജീവിതത്തിൽ, സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ദേശീയ പ്രതിരോധ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുക, സൈന്യത്തിന്റെ ശേഷി മെച്ചപ്പെടുത്തുക, സൈനിക സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ പ്രധാന ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ അനുഭവ പരിജ്ഞാനത്തിലൂടെയും നേതൃത്വത്തിലൂടെയും, ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നതിലും   ദീർഘകാല ആധുനികവത്ക്കരണത്തിലും സൈനികവികസനത്തിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

വൈവിധ്യമാർന്ന പ്രവർത്തന പരിതസ്ഥിതികളിലെ പ്രധാനപ്പെട്ട എല്ലാ തലങ്ങളിലേല്ലാം അദ്ദേഹം ജനറൽ ഓഫീസർ കമാൻഡിംഗ് ചുമതല വഹിച്ചിട്ടുണ്ട്.   മരുഭൂമിയിലെ കവചിത റെജിമെന്റ്, വെസ്റ്റേൺ തിയേറ്ററിലെ കവചിത ബ്രിഗേഡ്, ജമ്മു കശ്മീരിലെ കൗണ്ടർ-ഇൻസർജൻസി ഫോഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ കമാൻഡിംഗ് ചുമതലകളിൽ ഉൾപ്പെട്ടിരുന്നു. ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം, ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന സ്‌ട്രൈക്ക് ഫോഴ്‌സുകളിലൊന്നായ സുദർശൻ ചക്ര കോർപ്‌സിനെ അദ്ദേഹം നയിച്ചു. പിന്നീട്, ഡൽഹി ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഡൽഹിയിൽ സുരക്ഷ, ആചാരപരമായ പരിപാടികൾ, വിദേശ രാജ്യങ്ങളുമായുള്ള സൈനിക ഇടപെടലുകൾ എന്നിവയുൾപ്പെടെ ദേശീയ തലസ്ഥാനത്തെ പ്രധാനപ്പെട്ട സൈനിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു.

 ആർമി കമാൻഡറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം, ജനറൽ ധീരജ് സേത്ത് ഇന്ത്യൻ സൈന്യത്തിന്റെ സൗത്ത് വെസ്റ്റേൺ കമാൻഡിനെയും സതേൺ കമാൻഡിനെയും നയിച്ചു. രണ്ട് ഓപ്പറേഷണൽ ആർമി കമാൻഡുകളെ നയിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് ലഭിച്ച അപൂർവ ബഹുമതിയാണ്, ഇത് അദ്ദേഹത്തിന്റെ നേതൃത്വത്തിലും അനുഭവജ്ഞാനത്തിലും ഉള്ള വിശ്വാസത്തെ എടുത്തുകാണിക്കുന്നു. രണ്ടര വർഷത്തിലേറെയായി, രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളിലുടനീളം സൈനിക പ്രവർത്തനങ്ങൾക്കും തന്ത്രപരമായ ആസൂത്രണങ്ങൾക്കും മേൽനോട്ടവും വഹിച്ചു. സൈനിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, സൈനിക ഉദ്യോഗസ്ഥരെയും വിഭവങ്ങളെയും കൈകാര്യം ചെയ്യുന്നതിനും, നൈപുണ്യവും ആധുനികവത്ക്കരണവും മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം സംഭാവനകൾ നൽകി.

 ഇന്ത്യൻ സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ജനറൽ ധീരജ് സേത്ത്  കരസേനാ ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നതിനിടയിൽ, തന്ത്രപരമായ ആസൂത്രണത്തിനും കാര്യക്ഷമതാ വികസനത്തിനും നേതൃത്വം നൽകി.  സൈനിക ശേഷി  മെച്ചപ്പെടുത്തുന്നതിനും, സൈന്യത്തിന്റെ ദീർഘകാല സംഘടനാ ഘടന രൂപപ്പെടുത്തുന്നതിനും മുൻകൈയെടുത്തു. ഭാവിയിലെ യുദ്ധങ്ങളിലെ വെല്ലുവിളികൾ നേരിടുന്നതിലും സുരക്ഷാ ഭീഷണികളെ കൈകാര്യം ചെയ്യുന്നതിലും സൈന്യത്തിന്റെ പ്രവർത്തന ആവശ്യകതകൾക്ക് അനുപൂരകമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും ലഭ്യമാണെന്ന് അദ്ദേഹത്തിന്റെ ഉദ്യമങ്ങൾ ഉറപ്പാക്കി.

ഒരു സമർത്ഥനായ സൈനിക പ്രൊഫഷണലായ ജനറൽ ധീരജ് സേത്ത്, പ്രൊഫഷണൽ സൈനിക പരിശീലനത്തിൽ അസാധാരണമായ മികവ് പുലർത്തിയിട്ടുണ്ട്, ഇൻസ്ട്രക്ഷൻ കോഴ്‌സുകളിൽ അദ്ദേഹം ഉന്നത സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഹയർ കമാൻഡ് കോഴ്സിലും നാഷണൽ ഡിഫൻസ് കോളേജിലും   ഉന്നത സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഫ്രാൻസിലെ പാരീസിൽ, പ്രശസ്തമായ കമാൻഡ് & സ്റ്റാഫ് കോഴ്സ് അദ്ദേഹം പൂർത്തിയാക്കി. ഇത് അന്താരാഷ്ട്ര സൈനിക തന്ത്രത്തെയും ആധുനിക പ്രതിരോധ വിഷയങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വിശാലമാക്കി. ഈ നേട്ടങ്ങൾ അദ്ദേഹത്തിന്റെ ശക്തമായ നേതൃശേഷി, തന്ത്രപരമായ വീക്ഷണം, സമകാലിക സൈനിക കാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പ്രതിഫലിപ്പിക്കുന്നു.
 
 SKY
 
******

(रिलीज़ आईडी: 2279432) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Telugu