വാണിജ്യ വ്യവസായ മന്ത്രാലയം
വടക്കേ അമേരിക്കയിലെ 'സമ്മർ ഫാൻസി ഫുഡ് ഷോ 2026' ൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇതുവരെയുള്ളതിൽ വെച്ചേറ്റവും വലിയ പങ്കാളിത്തം ഇന്ത്യ അടയാളപ്പെടുത്തി
प्रविष्टि तिथि:
29 JUN 2026 8:26PM by PIB Thiruvananthpuram
വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച സവിശേഷ ഭക്ഷ്യ പ്രദർശനമായ ' 'വേനൽക്കാല വിശിഷ്ട ഭക്ഷ്യ പ്രദർശനം (സമ്മർ ഫാൻസി ഫുഡ് ഷോ) 2026 ' ലെ ഇന്ത്യൻ പവലിയൻ, ഇന്ത്യയുടെ ഇതുവരെയുള്ളതിൽ വെച്ചേറ്റവും വലിയ പങ്കാളിത്തം അടയാളപ്പെടുത്തി. ജേക്കബ് കെ. ജാവിറ്റ്‌സ് കൺവെൻഷൻ സെന്ററിൽ 2026 ജൂൺ 28 ന് നടന്ന ചടങ്ങിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. ബിനയ ശ്രീകാന്ത പ്രധാൻ, ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ അന്താരാഷ്ട്ര പ്രശസ്തനായ പാചകവിദഗ്ധനും(ഷെഫ്) എഴുത്തുകാരനുമായ വികാസ് ഖന്ന എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
നൂറുകണക്കിന് ഇന്ത്യൻ ഭക്ഷ്യ ബ്രാൻഡുകളെയും കയറ്റുമതിക്കാരെയും നൂതനാശയക്കാരെയും ഈ പവലിയൻ ഒരു കുടക്കീഴിൽ കൊണ്ടുവന്നു.
അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ), കേന്ദ്രസർക്കാറിന്റെ വാണിജ്യ വകുപ്പിന് കീഴിലുള്ള ഇന്ത്യാ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ഐ.ടി.പി.ഒ) എന്നിവ സംയുക്തമായി പ്രദർശിപ്പിച്ച ഇന്ത്യൻ പവലിയൻ, ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആഗോള ആവശ്യകതയെ പ്രകീർത്തിച്ചു. അതോടൊപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കും, ചില്ലറ വ്യാപാരികൾക്കും, വിതരണക്കാർക്കും ഇന്ത്യയുടെ കാർഷിക, സംസ്‌കരിച്ച ഭക്ഷ്യ വ്യവസായത്തിന്റെ സമൃദ്ധി, വൈവിധ്യം, ഗുണനിലവാരം എന്നിവയും എടുത്തുകാണിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രദർശനം നടന്ന സമ്മർ ഫാൻസി ഭക്ഷ്യ പ്രദർശനത്തിൽ ബസുമതി അരി, സുഗന്ധവ്യഞ്ജനങ്ങൾ, തത്ക്ഷണം കഴിക്കാവുന്ന (റെഡി-ടു-ഈറ്റ്) ഭക്ഷണങ്ങൾ, പാനീയങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ, മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഭാഗങ്ങളിലുള്ള കയറ്റുമതിക്കാർ പങ്കെടുത്തു. ഇത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭക്ഷ്യ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
പവലിയനിലെ ഒരു പ്രധാന ആകർഷണം ഇന്ത്യൻ മാമ്പഴ പ്രദർശനമാണ്. ആറ് ഒന്നാംകിട കയറ്റുമതി ഇന വൈവിധ്യങ്ങൾക്കൊപ്പം നൂതനമായ മാമ്പഴ അധിഷ്ഠിത പാചക സൃഷ്ടികളും ഇതിൽ ഉൾപ്പെടുന്നു. പ്രദർശനം ഇന്ത്യയിലെ സമ്പന്നമായ മാമ്പഴ വൈവിധ്യത്തെ ഉയർത്തിക്കാട്ടുകയും ലോകത്തിലെ മുൻനിര മാമ്പഴ ഉൽപ്പാദക രാഷ്ട്രമെന്ന രാജ്യത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
സന്ദർശകർക്കായി പ്രത്യേകം തയ്യാറാക്കിയ ബസുമതി പാചകപ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഉയർന്ന ഗുണമേന്മയുള്ള ഇന്ത്യൻ ബസുമതി അരി ഉപയോഗിച്ച് തയ്യാറാക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ അന്താരാഷ്ട്ര വിഭവങ്ങളിലുടനീളം ഈ അരിയുടെ വൈവിധ്യമാർന്ന ഉപയോഗക്ഷമത തെളിയിക്കുന്നു.
മികച്ച പാചക അംഗീകാരമായ മിഷേലിൻ സ്റ്റാർ അംഗീകാരം നേടിയ പാചകവിദഗ്ധൻ ഹേമന്ത് മാത്തൂർ സന്ദർശകർക്കായി എല്ലാ ദിവസവും ഇന്ത്യൻ വിഭവങ്ങളുടെ ഒരു ചെറിയ രുചിക്കൂട്ട് തയ്യാറാക്കുന്നു.
ആഗോള വിപണികളിൽ ഇന്ത്യൻ ബസുമതി അരിയെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പാക്കി മാറ്റിയതിന് കാരണമായ സവിശേഷ സുഗന്ധം, ഘടന, ഗുണനിലവാരം എന്നിവ ഈ പ്രദർശനം എടുത്തുകാണിക്കുന്നു. തനത് ഇന്ത്യൻ ഭക്ഷണത്തിനായുള്ള ആഗോള ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കവെ, കാർഷിക, ഭക്ഷ്യ മൂല്യ ശൃംഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്താൽ നയിക്കപ്പെടുന്ന, കൃഷിയിടങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ലോകമെമ്പാടുമുള്ള തീൻമേശകളിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ ശക്തമായ പ്രതീകമായി ഇന്ത്യൻ പവലിയൻ നിലകൊള്ളുന്നു.
'സമ്മർ ഫാൻസി ഫുഡ് ഷോ 2026' ൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനത്തിൽ ഐ.ടി.പി.ഒ മാനേജിങ് ഡയറക്ടർ ഡോ. നീരജ് ഖർവാൾ സന്തോഷം പ്രകടിപ്പിച്ചു. ഐ.ടി.പി.ഒയും എ.പി.ഇ.ഡി.എയും തമ്മിലുള്ള സഹകരണം ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതിക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതിയും അമേരിക്കയിലെ ബ്രാൻഡ് സാന്നിധ്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലായ സംരംഭമായാണ് പവലിയനെ കണക്കാക്കുന്നതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ശ്രീ. ബിനയ ശ്രീകാന്ത പ്രധാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സമ്മർ ഫാൻസി ഭക്ഷ്യ പ്രദർശനത്തിലെ ഇന്ത്യൻ പവലിയൻ, യു.എസ് വിപണിയിലേക്ക് വിപുലീകരണം ആഗ്രഹിക്കുന്ന ഇന്ത്യൻ ബ്രാൻഡുകൾക്കുള്ള ഒരു നവമാതൃകാ സംരംഭമാണെന്നും ഇന്ത്യയിലെ ഭക്ഷ്യ വ്യവസായത്തിന്റെ ആത്മവിശ്വാസം, കാര്യക്ഷമത, ഗുണനിലവാരം എന്നിവയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന വേളയിൽ പാചകവിദഗ്ധൻ വികാസ് ഖന്നയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നെന്നും, ഭക്ഷണത്തിന്റെ സാർവത്രിക ഭാഷയിലൂടെ ഇന്ത്യയുടെ സംസ്‌കാരം, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവ പാശ്ചാത്യലോകത്തേക്ക് എത്തിക്കുന്ന വികാസ് ഖന്ന മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയുടെ സൗമ്യശക്തിയുടെ ഏറ്റവും വലിയ അംബാസഡർമാരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു സമയത്താണ് ഈ ഉദ്ഘാടനം നടക്കുന്നത്. വ്യാപാര കണക്കുകൾ പ്രകാരം, ഉപഭോക്തൃ പാക്കേജ് ചെയ്ത ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ (ഇന്ത്യൻ കൺസ്യൂമർ പാക്കേജ്ഡ് ഫുഡ് പ്രൊഡക്ട്സ്) വടക്കേ അമേരിക്കൻ വിപണി വരുന്ന ദശകത്തിൽ ഏകദേശം 30 മുതൽ 50 വരെ ബില്യൺ യു.എസ് ഡോളറിന്റെ അവസരമാണ് പ്രതീക്ഷിക്കുന്നത്. തനത് ഇന്ത്യൻ രുചികൾ, ഏറ്റവും മികച്ച ചേരുവകൾ, വിശ്വസനീയമായ ഭക്ഷ്യ ബ്രാൻഡുകൾ എന്നിവയ്ക്കുള്ള ഉപഭോക്തൃ ആവശ്യം വർദ്ധിക്കുന്നതാണ് വളർച്ചയെ മുന്നോട്ട് നയിക്കുന്നത്.
രാജ്യത്തെ ഭക്ഷ്യ ആവാസവ്യവസ്ഥയിലുടനീളം പ്രവർത്തിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയും ഉപജീവനമാർഗ്ഗങ്ങളെയുമാണ് പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ ഉൽപ്പന്നവും പ്രതിനിധീകരിക്കുന്നുവെന്ന് ഉദ്ഘാടന വേളയിൽ സംസാരിക്കവെ പാചകവിദഗ്ധൻ വികാസ് ഖന്ന പറഞ്ഞു. ഭക്ഷ്യ വ്യവസായം എന്നത് കടകളിലെ അലമാരകളിൽ ഇരിക്കുന്ന വെറും ഉൽപ്പന്നങ്ങളെ സംബന്ധിച്ചുള്ളത് മാത്രമല്ല, മറിച്ച് ഓരോ ധാന്യത്തിനും സുഗന്ധവ്യഞ്ജനത്തിനും പാക്കറ്റിനും പിന്നിൽ പ്രവർത്തിക്കുന്ന ദശലക്ഷക്കണക്കിന് കർഷകർ, വ്യാപാരികൾ, ഉത്പാദകർ, ഫാക്ടറി തൊഴിലാളികൾ, കയറ്റുമതിക്കാർ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരെക്കൂടി ഉൾക്കൊള്ളുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭക്ഷണത്തിനായി സൃഷ്ടിക്കപ്പെടുന്ന ഓരോ അവസരവും വിതരണ ശൃംഖലയിലുടനീളമുള്ള എണ്ണമറ്റ കുടുംബങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഈ ഉൽപ്പന്നങ്ങൾ സാധ്യമാക്കുന്ന ഓരോ കർഷകനും, വ്യാപാരിക്കും, ഉത്പാദകനും, തൊഴിലാളിക്കും ഈ വിജയം അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പവലിയനിലേക്ക് അന്താരാഷ്ട്ര ഉപഭോക്താക്കളെ സ്വാഗതം ചെയ്തുകൊണ്ട്, എ.പി.ഇ.ഡി.എ ചെയർമാൻ ശ്രീ. അഭിഷേക് ദേവ്, പ്രദർശനത്തിലെ ഇന്ത്യയുടെ റെക്കോർഡ് പങ്കാളിത്തത്തിന്റെയും ആഗോള ഭക്ഷ്യ കയറ്റുമതിയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന നേതൃത്വത്തിന്റെയും പ്രാധാന്യത്തെ എടുത്തുപറഞ്ഞു. ഇന്ത്യൻ ഭക്ഷ്യ ബ്രാൻഡുകൾക്ക് ആഗോള വിപണിയിൽ അവരുടെ ഗുണനിലവാരം, നൂതനത്വം, വൈവിധ്യം എന്നിവ പ്രദർശിപ്പിക്കുന്നതിന് സമ്മർ ഫാൻസി ഭക്ഷ്യ പ്രദർശനം ഒരു പ്രധാന വേദി നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഴുപതിലധികം ഇന്ത്യൻ പ്രദർശകരുടെ പങ്കാളിത്തം ഇന്ത്യൻ കയറ്റുമതിക്കാരുടെ ആത്മവിശ്വാസത്തെയും മുൻനിര അന്താരാഷ്ട്ര വിപണികളിലെ ഉപഭോക്താക്കൾ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ അർപ്പിക്കുന്ന വർദ്ധിച്ചുവരുന്ന വിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
(रिलीज़ आईडी: 2279297)
आगंतुक पटल : 3