PIB Backgrounder
ഡിജിറ്റൽ ഇന്ത്യ
പരിവർത്തനത്തിന്റെ 11 വർഷങ്ങൾ
प्रविष्टि तिथि:
27 JUN 2026 4:51PM by PIB Thiruvananthpuram
രാജ്യത്തുടനീളം പൗരന്മാർ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു, പഠിക്കുന്നു, പണമിടപാടുകൾ നടത്തുന്നു, പൊതു സേവനങ്ങൾ അഭിഗമ്യമാക്കുന്നു എന്നതിനെ ഡിജിറ്റൽ ഇന്ത്യ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടയിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥകളിലൊന്ന് ഇന്ത്യ വലിയതോതിൽ കെട്ടിപ്പടുത്തിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യവികസനം, കൃഷി, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യത, പ്രത്യേകിച്ച് ഗ്രാമീണ, പിന്നോക്ക മേഖലകളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിപുലീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകളിലും ഡിജിറ്റൽ ഭരണനിർവഹണ നൂതനവത്കരണത്തിലും ഇന്ത്യ ഒരു ആഗോള നേതൃരാജ്യമായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യ സ്റ്റാക്ക് ഇപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് എത്തിച്ചേരുന്നതോടെ, എല്ലാവരെയും ഉൾച്ചേർക്കുന്നതും പൗരകേന്ദ്രീകൃതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ വികസനത്തിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തെ 'ഡിജിറ്റൽ ഇന്ത്യ' ശക്തിപ്പെടുത്തുകയാണ്.'
ഡിജിറ്റൽ ഇന്ത്യയുടെ പരിണാമം
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തന പ്രയാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, 2026 ജൂലൈ ഒന്നിന് ഡിജിറ്റൽ ഇന്ത്യ പദ്ധതി 11 വർഷം പൂർത്തിയാക്കുന്നു. 2015 ന് മുമ്പ്, പൊതു സേവനങ്ങൾ എന്നത് പലപ്പോഴും നീണ്ട വരികളും, കടലാസ് രേഖകൾ മുഖേനയുള്ള നടപടിക്രമങ്ങളും, പരിമിതമായ സമ്പർക്കസൗകര്യം എന്നിവയായിരുന്നു. ഇന്റർനെറ്റ് അഭിഗമ്യത വികസിപ്പിച്ചും സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കിയും ഡിജിറ്റൽ വിടവ് നികത്താൻ ഡിജിറ്റൽ ഇന്ത്യ പദ്ധതി സഹായിച്ചു. ഇത് ഡിജിറ്റൽ ഭരണനിർവഹണം ശക്തിപ്പെടുത്തുകയും സേവനങ്ങൾ വേഗത്തിലും സുതാര്യമായും കൂടുതൽ പ്രവേശനക്ഷമതയുള്ളതുമായി മാറ്റുകയും ചെയ്തു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ധനകാര്യസേവനങ്ങൾ, ക്ഷേമ പദ്ധതി വിതരണം എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ ഗവൺമെൻറ് നിക്ഷേപങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്തി. താങ്ങാനാവുന്ന ചെലവിൽ ഇന്റർനെറ്റും ഡിജിറ്റൽ അഭിഗമ്യതയും വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിച്ചുകൊണ്ട്, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ജനാധിപത്യവത്കരണത്തെയും ഈ പദ്ധതി പ്രോത്സാഹിപ്പിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ, ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെയും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും അടിത്തറയായി ഡിജിറ്റൽ ഇന്ത്യ മാറിയിരിക്കുന്നു. ആഗോളതലത്തിൽ തത്സമയ ഡിജിറ്റൽ പണമിടപാടുകളിൽ ഇന്ത്യ ഇപ്പോൾ മുന്നിലാണ്, ലോകമെമ്പാടുമുള്ള ഇടപാടുകളുടെ ഏകദേശം 49 ശതമാനം യു.പി.ഐ കൈകാര്യം ചെയ്യുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന(ജി.ഡി.പി)ത്തിന്റെ ഏകദേശം 12 മുതൽ 14 ശതമാനം വരെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ സംഭാവന ചെയ്യുന്നു. അടുത്ത ദശകത്തിൽ ഇത് ജി.ഡി.പിയുടെ ഏകദേശം അഞ്ചിലൊന്ന് സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ എല്ലാ മേഖലകളിലുമുടനീളം നൂതനത്വം, സ്റ്റാർട്ടപ്പുകളുടെ വളർച്ച, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ എന്നിവയെ ത്വരിതപ്പെടുത്തി. നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ എന്നിവയിലെ ഇന്ത്യയുടെ കഴിവുകളെ ഇത് ശക്തിപ്പെടുത്തി. '2047 ഓടെ വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ഡിജിറ്റൽ ഇന്ത്യ രാജ്യവ്യാപകമായി സമഗ്ര വളർച്ച, സാങ്കേതിക സ്വയംപര്യാപ്തത, പൗര ശാക്തീകരണം എന്നിവയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ ഒമ്പതു സ്തംഭങ്ങൾ
ഡിജിറ്റൽ അഭിഗമ്യത വിപുലീകരിക്കുന്നതിനും നൂതനത്വം പരിപോഷിപ്പിക്കുന്നതിനുമായുള്ള ഒരു ഏകീകൃത ചട്ടക്കൂട് നൽകുന്നതിനായി ഒമ്പതു തൂണുകളെ ചുറ്റിപ്പറ്റിയാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഒന്നാം സ്തംഭം: ബ്രോഡ്ബാൻഡ് ഹൈവേകൾ
രാജ്യവ്യാപകമായി ഡിജിറ്റൽ വിടവ് നികത്തുന്നതിന് മൊബൈൽ കണക്റ്റിവിറ്റി നിർണായകമാണ്. ഭാരത് നെറ്റ്-1, ഭാരത് നെറ്റ്-2 എന്നിവയ്ക്ക് കീഴിൽ, രാജ്യത്തുടനീളമുള്ള 2.22 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. 2026 ജനുവരി വരെ, ഏകദേശം 2.15 ലക്ഷം ഗ്രാമപഞ്ചായത്തുകൾ, അതായത് ഏകദേശം 97 ശതമാനം ഇതുവഴി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്, രാജ്യവ്യാപകമായി 7 ലക്ഷം കിലോമീറ്ററിനടുത്ത് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ ഇന്ത്യയിലെ ഇലക്ട്രോണിക് ഭരണനിർവഹണം (ഇ-ഗവേണൻസ്), ഡിജിറ്റൽ പണമിടപാടുകൾ, ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ, പ്രാദേശിക സംരംഭകത്വം എന്നിവയെ ഗണ്യമായി ശക്തിപ്പെടുത്തി.
രണ്ടാം സ്തംഭം: മൊബൈൽ കണക്റ്റിവിറ്റിയിലേക്കുള്ള സാർവത്രിക അഭിഗമ്യത
ഡിജിറ്റൽ ഭരണത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്കും തടസ്സരഹിതമായ ബ്രോഡ്ബാൻഡ് കണക്ഷൻ അത്യാവശ്യമാണ്. 2026 മാർച്ച് അവസാനത്തോടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 106.58 കോടിയായി വർദ്ധിച്ചു. ഇത് ഗ്രാമീണ ഇന്ത്യയിലുടനീളം പ്രതിബന്ധങ്ങൾ ഇല്ലാത്ത അവസാനതലം വരെയെത്തുന്ന ഡിജിറ്റൽ കണക്റ്റിവിറ്റിയെ ശക്തിപ്പെടുത്തി.
മൂന്നാം സ്തംഭം: പൊതു ഇന്റർനെറ്റ് അഭിഗമ്യതാ പദ്ധതി:
ഇന്റർനെറ്റ് അഭിഗമ്യത ലഭ്യമാക്കുന്ന ഡിജിറ്റൽ കേന്ദ്രങ്ങൾ പൗരന്മാർക്ക് അവരുടെ വീടുകൾക്ക് അരികെ നിന്ന് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സഹായിക്കുന്നു. 6.5 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളും 1.6 ലക്ഷം പോസ്റ്റ് ഓഫീസുകളും ഇപ്പോൾ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു. ഗ്രാമീണ മേഖലകളിലും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലും ഈ കേന്ദ്രങ്ങൾ ഇ-ഗവേണൻസ്, ധനകാര്യസേവനങ്ങൾ, പൗര സേവനങ്ങൾ എന്നിവ നൽകുന്നു.
നാലാം സ്തംഭം: ഇ-ഗവേണൻസ്: സാങ്കേതികവിദ്യയിലൂടെ
ഗവണ്മെന്റ് സംവിധാനത്തെ പരിഷ്‌കരിക്കുന്നു
സേവനങ്ങൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇ-ഗവേണൻസ്, കടലാസ് രഹിതവും ഏകോപിതവും പൊതുകേന്ദ്രീകൃതവുമായ ഭരണനിർവഹണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ന്, ഡിജിലോക്കർ, നാഷണൽ സിംഗിൾ സൈൻ-ഓൺ ആവാസവ്യവസ്ഥ പോലുള്ള പ്ലാറ്റ്ഫോമുകൾ സർട്ടിഫിക്കറ്റുകൾ, അപേക്ഷകൾ, പണമിടപാടുകൾ, പൊതു സേവനങ്ങൾ എന്നിവയിലേക്ക് തടസ്സമില്ലാത്ത അഭിഗമ്യത സാധ്യമാക്കുന്നു, ഇത് കടലാസ് രേഖകൾ മുഖേനയുള്ള നടപടിക്രമങ്ങൾ കുറയ്ക്കുകയും ജീവിത അനായാസത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അഞ്ചാം സ്തംഭം: ഇ-ക്രാന്തി: സേവനങ്ങളുടെ ഇലക്ട്രോണിക് വിതരണം
ഡിജിറ്റൽ ഇന്ത്യയുടെ സേവന വിതരണ സ്തംഭമെന്ന നിലയിൽ, ഭൗതിക ഭരണനിർവഹണത്തിൽ നിന്ന് ഡിജിറ്റൽ ഭരണനിർവഹണത്തിലേക്കുള്ള മാറ്റത്തെ ഇ-ക്രാന്തി ത്വരിതപ്പെടുത്തി. ഇ-ഹോസ്പിറ്റൽ, ഇ-സഞ്ജീവനി, ഇ-കോടതികൾ തുടങ്ങിയ സംയോജിത പ്ലാറ്റ്ഫോമുകൾ സർട്ടിഫിക്കറ്റുകൾ, ആരോഗ്യ സംരക്ഷണം, നീതിന്യായ സേവനങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യത ലളിതമാക്കിയിട്ടുണ്ട്, ഇത് ഭരണനിർവഹണം കൂടുതൽ കാര്യക്ഷമവും പൗരകേന്ദ്രീകൃതവുമാക്കുന്നു.
നിങ്ങൾക്ക് അറിയുമായിരുന്നോ?
ഇ-കോടതികൾ, എന്ന സമയബന്ധിതമായ ലക്ഷ്യാധിഷ്ഠിത പദ്ധതി (മിഷൻ മോഡ് പ്രോജക്റ്റ്) ഇന്ത്യയുടെ കടലാസ് രേഖകളിൽ അധിഷ്ഠിതമായ നീതിന്യായ വ്യവസ്ഥയെ ഒരു ഡിജിറ്റൽ നീതിന്യായ ആവാസവ്യവസ്ഥയാക്കി മാറ്റി. 660 കോടിയിലധികം പേജുകൾ ഡിജിറ്റൽ രൂപത്തിലാക്കി, അതോടൊപ്പം 1.07 കോടി കേസുകൾ ഓൺലൈനായി ഫയൽ ചെയ്തു.

ആറാം സ്തംഭം: എല്ലാവർക്കും വേണ്ടി വിവരങ്ങൾ
ഗവൺമെന്റ് തല വിവരങ്ങൾ എളുപ്പത്തിൽ അഭിഗമ്യമാവുന്നതിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പൗരന്മാരുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുതാര്യവും പങ്കാളിത്തപരവുമായ ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതാണ് ഈ സ്തംഭം. മൈ ഗവ്, ഓപ്പൺ ഗവൺമെന്റ് ഡാറ്റ തുടങ്ങിയ സംരംഭങ്ങൾ പൗരന്മാർക്ക് വിവരങ്ങൾ അഭിഗമ്യമാക്കാനും ഗവൺമെന്റ് പരിപാടികളുമായും സേവനങ്ങളുമായും തത്സമയം ബന്ധം നിലനിർത്താനും സഹായിക്കുന്നു.
ഏഴാം സ്തംഭം: ഇലക്ട്രോണിക്‌സ് ഉത്പാദനം
നയ പിന്തുണ, നൂതനത്വം, നിക്ഷേപം എന്നിവയിലൂടെ ഡിജിറ്റൽ ഇന്ത്യ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉൽപ്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014-15 സാമ്പത്തിക വർഷത്തിൽ 1.9 ലക്ഷം കോടി രൂപയായിരുന്ന ഇലക്ട്രോണിക്‌സ് ഉൽപ്പാദനം 2026 മാർച്ച് ആയപ്പോഴേക്കും ഏകദേശം 12 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഇന്ന്, ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള ഇലക്ട്രോണിക്‌സ് മൂല്യ ശൃംഖലകളിൽ ഇന്ത്യയ്ക്കുള്ള വർദ്ധിച്ചുവരുന്ന പങ്കിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
എട്ടാം സ്തംഭം: തൊഴിലുകൾക്കായി വിവര സാങ്കേതിക വിദ്യ
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. നാസ്‌കോമിന്റെ കണക്കനുസരിച്ച്, 2025 സാമ്പത്തിക വർഷത്തിൽ ഐ.ടിയും ഐ.ടി. അധിഷ്ഠിത സേവന വ്യവസായങ്ങളും 283 ബില്യൺ യുഎസ് ഡോളർ വരുമാനം നേടിയതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ 2,100 ലധികം
ആഗോള കാര്യക്ഷമതാ കേന്ദ്രങ്ങൾ (ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ -ജി.സി.സി) , എഞ്ചിനീയറിംഗ്, അനലിറ്റിക്‌സ്, സൈബർ സുരക്ഷ, നിർമ്മിത ബുദ്ധി അധിഷ്ഠിത മേഖലകളിലായി ഏകദേശം 26 ലക്ഷം പ്രൊഫഷണലുകളെ നിയമിക്കുന്നു.
ഒമ്പതാം സ്തംഭം: ആദ്യകാല വിളവെടുപ്പ് പരിപാടികൾ
ബയോമെട്രിക് ഹാജർ, സുരക്ഷിതമായ ഗവൺമെന്റ് ഇമെയിൽ, പൊതു വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ, ഇ-ബുക്കുകൾ, എസ്.എം.എസ് അധിഷ്ഠിത കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഡിജിറ്റൽ ആശയവിനിമയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ ദ്രുത സ്വാധീനമുള്ള സംരംഭങ്ങൾ സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ഭരണനിർവഹണത്തിന്റെ അടിയന്തിര നേട്ടങ്ങളെയാണ് പ്രകടമാക്കുന്നത്.
ഡിജിറ്റൽ ഇന്ത്യയ്ക്ക് തന്ത്രപരമായ ചട്ടക്കൂട് നൽകുന്ന ഈ 9 സ്തംഭങ്ങൾ പരസ്പര ബന്ധിതവും ഭാവി സജ്ജവുമായ ഒരു രാഷ്ട്രത്തിന് അടിത്തറയിടുന്നു.
ഒരു സമഗ്ര ദശകത്തിന് കരുത്ത് പകരുന്ന മുൻനിര സംരംഭങ്ങൾ
ഡിജിറ്റൽ വിടവ് നികത്തുന്നതിനുള്ള ഒരു സംരംഭത്തിൽ നിന്നാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി വികസിച്ചത്. വിവിധ മേഖലകളിലെ ഭരണത്തെ ശക്തിപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഡി.പി.ഐ ആവാസവ്യവസ്ഥകളിലൊന്നായി ഇത് മാറി.
ജാം ത്രിത്വം (ട്രിനിറ്റി) : ഡിജിറ്റൽ ഇന്ത്യയുടെ അടിത്തറ
ജൻ ധൻ, ആധാർ, മൊബൈൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെട്ട ജാം ത്രിത്വം (ട്രിനിറ്റി) ഇന്ത്യയിൽ സാമ്പത്തിക ഉൾച്ചേർക്കലിലും ക്ഷേമ വിതരണത്തിലും വിപ്ലവം സൃഷ്ടിച്ചു. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരികയും ഗവൺമെന്റ് സേവനങ്ങൾ സുഗമമായി ലഭ്യമാക്കുകയും ചെയ്തു.
ജൻ ധൻ യോജന രാജ്യവ്യാപകമായി ബാങ്കിംഗ് അഭിഗമ്യത അതിവേഗം വികസിപ്പിച്ചു. 2015 മാർച്ചിൽ 14.72 കോടിയായിരുന്ന ബാങ്ക് അക്കൗണ്ടുകൾ 2026 ഫെബ്രുവരി ആയപ്പോഴേക്കും 57.78 കോടിയായി വർദ്ധിച്ചു. ഇതേ കാലയളവിൽ നിക്ഷേപങ്ങൾ 15,670 കോടി രൂപയിൽ നിന്ന് 2.94 ലക്ഷം കോടി രൂപയായി ഉയർന്നു.
കൂടാതെ, സുരക്ഷിതവും തൽക്ഷണവുമായ ഡിജിറ്റൽ പ്രാമാണീകരണത്തിനായി ആധാർ ഒരു വിശ്വസനീയ ബയോമെട്രിക് ഐഡന്റിറ്റി പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ആധാർ എൻറോൾമെന്റുകൾ 2010-11 ൽ 0.42 കോടിയിൽ നിന്ന് 2026 മാർച്ചോടെ 144 കോടിയിലധികമായി വർദ്ധിച്ചു.
ഇന്ത്യയിലുടനീളം ഡിജിറ്റൽ അഭിഗമ്യത വികസിപ്പിച്ചുകൊണ്ട് മൊബൈൽ കണക്റ്റിവിറ്റി ജാം ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തി. 2026 മാർച്ച് വരെ, 85.5% ഇന്ത്യൻ കുടുംബങ്ങൾക്കും കുറഞ്ഞത് ഒരു സ്മാർട്ട്ഫോണെങ്കിലും സ്വന്തമായിട്ടുണ്ടായിരുന്നു. അതേസമയം 109 കോടിയിലധികം ആളുകൾക്ക് ഇന്റർനെറ്റ് അഭിഗമ്യത ഉണ്ടായിരുന്നു.
ഇതെല്ലാം ചേർന്ന്, ഡിജിറ്റൽ ഇന്ത്യയുടെ സമഗ്ര ഭരണനിർവഹണ നിർമ്മിതിയുടെ നട്ടെല്ലായി ജാം മാറി. 2026 ജൂൺ വരെ, 51 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള നേരിട്ടുള്ള ആനുകൂല്യങ്ങൾ 176 കോടി പൗരന്മാർക്ക് നേരിട്ട് കൈമാറി. ഇത് രാജ്യവ്യാപകമായി സുതാര്യതയും ഡിജിറ്റൽ ഭരണ നിർവഹണവും മെച്ചപ്പെടുത്തി.

വിശദ പഠനം (കേസ് സ്റ്റഡി):
ഇന്ത്യ അതിന്റെ ഡിജിറ്റൽ ഐഡന്റിറ്റിയിൽ വിപ്ലവം സൃഷ്ടിച്ചതെങ്ങനെ
ആധാറിന് മുമ്പ്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരീകരിക്കാവുന്ന ഒരു ഐഡന്റിറ്റിയുടെ അഭാവം ഉണ്ടായിരുന്നു. ഇത് ബാങ്കിംഗ്, ക്ഷേമ പദ്ധതികൾ, പൊതു സേവനങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യതയെ പരിമിതപ്പെടുത്തി. സുരക്ഷിതമായ ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്ഫോമിലൂടെ ആധാർ ഈ വെല്ലുവിളിയെ അഭിമുഖീകരിച്ചു. ഉൾച്ചേർക്കലിലുള്ള പദ്ധതിയുടെ ശ്രദ്ധയെ പ്രതീകവൽക്കരിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ തെംഹാലി ഗ്രാമത്തിലെ ഒരു ആദിവാസി വനിത ശ്രീമതി രഞ്ജ്‌ന സോനാവാനെ ആദ്യത്തെ ആധാർ ഉടമയായി. മുഖ്യധാരാ പൗരന്മാർക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഗോത്രവർഗക്കാർക്കും പിന്നോക്ക സമൂഹങ്ങൾക്കും ബാങ്കിംഗ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ഗവൺമെന്റ് സേവനങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യത ആധാർ വിപുലീകരിച്ചു. 2016 ലെ ആധാർ നിയമം യു.ഐ.ഡി.എ.ഐ.ക്ക് നിയമപരമായ അധികാരം നൽകുകയും ആധാറിനെ അടിത്തറയൊരുക്കുന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി (ഡി.പി.ഐ) ആയി അംഗീകരിക്കുകയും ചെയ്തതോടെ പരിവർത്തനത്തിന് കൂടുതൽ ആക്കം കൂടി.
ബാങ്ക് അക്കൗണ്ട് തുറക്കലും ആധികാരികതയും വലിയ തോതിൽ സാധ്യമാക്കുന്നതിലൂടെയും സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെയും ആധാർ ഇന്ത്യയുടെ സാമ്പത്തിക ഉൾപ്പെടുത്തലിനെ പുനഃക്രമീകരിച്ചു.

ഇടനിലക്കാരില്ലാതെ ക്ഷേമം: സുരക്ഷിതവും സുതാര്യവുമായ സേവന വിതരണം സാധ്യമാക്കുന്നതിലൂടെ ആധാർ ക്ഷേമ വിതരണത്തിൽ പരിവർത്തനം വരുത്തി. പൊതുഭക്ഷ്യ ധാന്യ വിതരണ സംവിധാനത്തിന്റെ 98% ത്തിലധികവും ഇപ്പോൾ ആധാർ മുഖേന ആധികാരികമാക്കിയിരിക്കുന്നു. യോഗ്യരായ ഗുണഭോക്താക്കൾക്ക് 3,100-ലധികം നേരിട്ടുള്ള ആനുകൂല കൈമാറ്റ(ഡി.ബി.ടി) പദ്ധതികളിലൂടെയും 360-ലധികം പൊതു സേവനങ്ങളിലൂടെയും ആധാർ അധിഷ്ഠിത പ്രാമാണീകരണം ഉപയോഗപ്പെടുത്തി അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.
സ്ഥിരീകരണം പേപ്പർ രഹിതമാകുന്നു: ആധാർ വിവിധ മേഖലകളിലുടനീളം ഐഡന്റിറ്റി സ്ഥിരീകരണം ലളിതമാക്കി. 2025 ഏപ്രിൽ 30 വരെ മൊത്തം ഇ-കെ.വൈ.സി ഇടപാടുകൾ 2,393 കോടിയിലെത്തി. ഇത് കടലാസുകൾ ഉപയോഗിച്ചുള്ള നടപടിക്രമങ്ങൾ കുറയ്ക്കുകയും പൊതു സേവനങ്ങളിലേക്ക് ദ്രുത അഭിമഗമ്യത സാധ്യമാക്കുകയും ചെയ്തു.
അതിന്റെ ഏറ്റവും പുതിയ പരിണാമമായ ആധാർ ആപ്പ്, പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 3.1 കോടി ഡൗൺലോഡുകൾ കവിഞ്ഞു. മൊബൈൽ നമ്പറുകളുടെയും വിലാസങ്ങളുടെയും ഡിജിറ്റൽ പുതുക്കലുകൾ ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കി ദൈനംദിന ഉപയോഗ സാഹചര്യങ്ങളിൽ കടലാസ് രഹിത സ്ഥിരീകരണം പ്രാപ്തമാക്കുന്നു.
ലോകം വീക്ഷിക്കുന്ന ഒരു മാതൃക:
ഇന്ന്, ആധാർ ആഗോളതലത്തിൽ ഡി.പി.ഐ.യുടെ ഒരു മാനദണ്ഡമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈജിപ്ത്, നൈജീരിയ, ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങൾ ഈ മാതൃക പഠിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളിൽ ഒന്നായി നിലകൊള്ളുകയും ഇത് ലോകമെമ്പാടുമുള്ള ഡിജിറ്റൽ ഭരണ നിർവഹണ മാതൃകകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു.
ഡിജിലോക്കർ:
ഡിജിലോക്കർ ഭൗതിക രേഖകൾക്ക് പകരം സുരക്ഷിതമായ ഡിജിറ്റൽ വാലറ്റിനെ കൊണ്ടു വരികയും ഇന്ത്യയിലുടനീളം രേഖാ സംഭരണവും അവയുടെ സ്ഥിരീകരണവും പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. 2026 മാർച്ച് വരെ, ഈ പ്ലാറ്റ്ഫോമിൽ 70.69 കോടിയിലധികം ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യുകയും 850 കോടിയിലധികം രേഖകൾ ലഭ്യമാക്കുകയും ചെയ്തു. ഇത് രേഖാ സ്ഥിരീകരണം വേഗത്തിലും കടലാസ് രഹിതവും കൂടുതൽ വിശ്വസനീയവുമാക്കുന്നു.

ഏകീകൃത പണമിടപാട് ഇന്റർഫേസ് (യു.പി.ഐ)
2026ൽ പത്ത് വർഷം പൂർത്തിയാക്കുന്ന യു.പി.ഐ , പൗരന്മാർക്കും ബിസിനസുകൾക്കുമായി തൽക്ഷണവും സുരക്ഷിതവുമായ ഇടപാടുകളിലൂടെ ഡിജിറ്റൽ പണമിടപാടുകളെ പരിവർത്തനം ചെയ്യുന്നു. ലളിതമായ ഒരു പണമിടപാട് പ്ലാറ്റ്ഫോമായി ആരംഭിച്ചത് ഇപ്പോൾ ഇന്ത്യയിലുടനീളം ദൈനംദിന ഡിജിറ്റൽ വാണിജ്യത്തെ ശക്തിപ്പെടുത്തുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ വെറും 2 കോടിയായിരുന്ന ഇടപാടുകൾ 2025-26 സാമ്പത്തിക വർഷത്തിൽ 24,162 കോടിയിലധികമായി വർദ്ധിച്ചു. യു.പി.ഐയുടെ ആഗോള സാന്നിധ്യം ഇപ്പോൾ ഒമ്പത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. യാത്രക്കാർക്ക് തടസ്സരഹിത യു.പി.ഐ അധിഷ്ഠിത പണമിടപാടുകൾ സാധ്യമാക്കുന്ന ഏറ്റവും പുതിയ രാജ്യമായി കംബോഡിയ മാറി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾക്കറിയാമോ? ഭീം (ഭാരത് ഇന്റർഫേസ് ഫോർ മണി) എന്നത് നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) വികസിപ്പിച്ചെടുത്ത ഗവൺമെന്റ് പിന്തുണയുള്ള യുപിഐ ആപ്പാണ്.. ഇത് യു.പി.ഐ ഉപയോഗിച്ച് തൽക്ഷണ പണ കൈമാറ്റം സാധ്യമാക്കുന്നു. ഇത് സുരക്ഷിതവും പണരഹിതവുമായ ഡിജിറ്റൽ പണമിടപാടുകൾ ലളിതവും ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അഭിഗമ്യവുമാക്കുന്നു.
പൊതുജനാരോഗ്യത്തിന് കരുത്ത് പകരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ
കഴിഞ്ഞ ദശകത്തിൽ, സേവനങ്ങൾ വേഗത്തിലും പരസ്പര ബന്ധിതവും കൂടുതൽ അഭിഗമ്യവുമാക്കി മാറ്റുന്നതിലൂടെ ഡിജിറ്റൽ ഇന്ത്യ പൊതുജനാരോഗ്യ മേഖലയിൽ പരിവർത്തനം വരുത്തുകയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം (ഒ.ആർ.എസ് ) രോഗികളെ ഡിജിറ്റലായി ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചകൾ മുൻകൂട്ടി നിശ്ചയിക്കാൻ പ്രാപ്തരാക്കുകയും വരികളും കടലാസ് ഉപയോഗിച്ചുള്ള നടപടികക്രമകളും കുറയ്ക്കുകയും ചെയ്യുന്നു. 2026 ജൂൺ 24 വരെ, ഒ.ആർ എസ് 1.37 കോടിയിലധികം ഓൺലൈൻ അപ്പോയിന്റ്‌മെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിതസ്ഥിതിയെ പിന്തുണച്ചുകൊണ്ട്, ക്ലൗഡ് അധിഷ്ഠിത ഇ-ഹോസ്പിറ്റൽ പ്ലാറ്റ്ഫോം ആശുപത്രി പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുകയും ചെയ്യുന്നു. അതേസമയം ഇ-ബ്ലഡ്ബാങ്ക് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലുടനീളം രക്ത ലഭ്യതയും കൈകാര്യവും മെച്ചപ്പെടുത്തുന്നു.

ഇ സഞ്ജീവനിയിലൂടെ ആരോഗ്യ സംരക്ഷണ അഭിഗമ്യത കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്നു. വിദൂര സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഗ്രാമീണ പിന്നോക്ക മേഖലകളിൽ രോഗികളെ ഡോക്ടർമാരുമായി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം ബന്ധിപ്പിക്കുന്നു. രാജ്യവ്യാപകമായി വിദഗ്ദ ആരോഗ്യ സംരക്ഷണ അഭിഗമ്യത വിപുലീകരിക്കുന്നതിനൊപ്പം യാത്രാ ചെലവുകളും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു. 2026 ജൂൺ 24 വരെ, ഇ-സഞ്ജീവനി 48 കോടിയിലധികം ഡോക്ടർ കൂടിക്കാഴ്ചകൾ സുഗമമാക്കുകയും 2.3 ലക്ഷത്തിലധികം ആരോഗ്യ സംരക്ഷണ ദാതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തു. ഇത് ടെലിമെഡിസിനെ പൊതുജനാരോഗ്യ സംരക്ഷണ സേവനങ്ങളുടെ ഒരു നെടുന്തൂണാക്കി മാറ്റി.
കോവിഡ്-19 മഹാമാരിയോട് പ്രതികരിക്കുന്നതിനിടയിൽ, ആരോഗ്യ സേതു, കോവിൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യ അതിന്റെ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ വികസിപ്പിച്ചു. ആരോഗ്യ സേതു തുടക്കത്തിൽ സമ്പർക്ക നിരീക്ഷണത്തേയും ആരോഗ്യ ഉപദേശങ്ങളെയുമാണ് പിന്തുണത്. ഇത് പിന്നീട് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന് കീഴിൽ ഒരു ദേശീയ ആരോഗ്യ ആപ്പായി പരിണമിച്ചു. ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഡിജിറ്റൽ നട്ടെല്ലായി കോവിൻ മാറി. 220 കോടിയിലധികം വാക്‌സിൻ ഡോസുകൾ കൈകാര്യം ചെയ്ത ഇത് ഡിജിറ്റൽ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുള്ള ആഗോള മാതൃകയായി ഉയർന്നുവന്നു.

ടെലി മനസ് 14416, 1-800-891-4416 എന്നീ നമ്പറുകളിലൂടെ രാജ്യവ്യാപകമായി സൗജന്യ ടെലി-കൗൺസിലിംഗും മാനസികാരോഗ്യ പിന്തുണയും നൽകുന്നു. 2026 ജൂൺ വരെ, രാജ്യത്തുടനീളം 53 ടെലി മനാസ് സെല്ലുകൾ, 23 മാർഗനിർദേശക സ്ഥാപനങ്ങൾ, 5 മേഖലാ ഏകോപന കേന്ദ്രങ്ങൾ(റീജിയണൽ കോർഡിനേറ്റിംഗ് സെന്ററുകൾ) എന്നിവയുൾപ്പെടെ 40.42 ലക്ഷത്തിലധികം കോളുകൾ ഇതിന് ലഭിച്ചു. കൂടാതെ, മനാസ് (മാദക്-പദാർത്ഥ് നിഷേധ് അസൂച്ന കേന്ദ്ര/ലഹരിവസ്തു വിരുദ്ധ അറിയിപ്പ് കേന്ദ്രം) വഴി, 1933 എന്ന ടോൾ ഫ്രീ നമ്പറിലൂടെയും ഉമാങ് ആപ്പിലൂടെയും മയക്കുമരുന്ന് കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും ഐഡന്റിറ്റി അറിയിക്കാതെ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ സഹായിക്കുന്ന ഈ പ്ലാറ്റ്ഫോം കൗൺസിലിംഗും പുനരധിവാസ പിന്തുണയും നൽകുന്നു. 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്, ലഹരിമുക്ത ഭാരതം (നാഷൻവൈഡ് ഡ്രഗ് ഫ്രീ ഭാരത്) കാമ്പെയ്ൻ ശക്തിപ്പെടുത്തിക്കൊണ്ട്, ലഹരിമരുന്നുമായി ബന്ധപ്പെട്ട 2.16 ലക്ഷത്തിലധികം വിവരങ്ങളും അതിൽ ഉടനടി നിയമനടപടി സ്വീകരിക്കാൻ തക്കവണ്ണമുള്ള (ആക്ഷനബിൾ ഡ്രഗ് ട്രാഫിക്കിംഗ് ഇന്റലിജൻസ് ഇൻപുട്ടുകൾ) 16,200ലധികം രഹസ്യവിവരങ്ങളും ലഭിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയിലൂടെ വാണിജ്യത്തെ ശാക്തീകരിക്കൽ
പൊതു സംഭരണത്തെ സുതാര്യവും കാര്യക്ഷമവും കടലാസ് രഹിതവുമാക്കി മാറ്റിക്കൊണ്ട് ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലെയ്‌സ് (ജെം) പരിവർത്തനം ചെയ്തു.2026 ജൂൺ വരെ, ഇത് 18.4 ലക്ഷം കോടി രൂപയിലധികം മൊത്ത വ്യാപാര മൂല്യം ((ജി.എം.വി) രേഖപ്പെടുത്തി. ഇതിൽ 2025-26 സാമ്പത്തിക വർഷത്തിലെ 5 ലക്ഷം കോടി രൂപ ഉൾപ്പെടുന്നു. അതോടൊപ്പം 11 ലക്ഷത്തിലധികം സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) ഗവൺമെന്റ് വിപണികളിലേക്ക് പ്രവേശിക്കാൻ ഇത് വഴിയൊരുക്കി.
ഡിജിറ്റൽ കോമേഴ്‌സിനായുള്ള തുറന്ന ശൃംഖല (ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്/ ഒ.എൻ.ഡി.സി):
വിവിധ പ്ലാറ്റ്ഫോമുകളിലുടനീളം വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുന്ന ഒരു തുറന്നതും പരസ്പര പ്രവർത്തനക്ഷമവുമായ ഡിജിറ്റൽ കൊമേഴ്സ് ആവാസവ്യവസ്ഥ ഒ.എൻ.ഡി.സി സൃഷ്ടിക്കുന്നു. 2026 ജൂണോടെ, ഒ.എൻ.ഡി.സി 20 കോടിയിലധികം ഉപഭോക്താക്കളിലേക്കും, 5 ലക്ഷം വിൽപ്പനക്കാരിലേക്കും, 1,000 നഗരങ്ങളിലെ സാന്നിധ്യത്തിലേക്കും, ഏകദേശം 90 ലക്ഷം പ്രതിമാസ ഇടപാടുകളിലേക്കും വികസിച്ചു. രാജ്യത്തുടനീളമുള്ള വിശ്വസനീയവും വിശാലവുമായ ഇ-കൊമേഴ്സ് സേവനവിതരണം ശക്തിപ്പെടുത്തിക്കൊണ്ട്, ഇന്ത്യാ പോസ്റ്റിനെ ഒരു ലോജിസ്റ്റിക് സേവന ദാതാവായി സംയോജിപ്പിച്ചു.
പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്ലാറ്റ്ഫോം ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും ഒ.എൻ.ഡി.സി ചെറുകിട ബിസിനസുകൾക്ക് കൂടുതൽ വിപണി അഭിഗമ്യത സാധ്യമാക്കുകയും ഡിജിറ്റൽ വാണിജ്യത്തിൽ സമഗ്രമായ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ഈ പ്ലാറ്റ്ഫോമുകൾ സംഭരണ പക്രിയകളും, ചെറുകിട ബിസിനസുകൾക്കുള്ള വിപണി പ്രവേശനവും സുഗമമാക്കുകയും, മത്സരാധിഷ്ഠിത വിലനിർണ്ണയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജി.ഇ.എമ്മും ഒ.എൻ.ഡി.സിയും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ പൊതു സേവന വിതരണത്തിന്റെ വിശാലമായ ഡിജിറ്റൽവത്കരണം മെച്ചപ്പെടുത്തുകയും ചെയ്തു.

നിങ്ങൾക്കറിയാമായിരുന്നോ?
ഇ-സരസും ഇന്ത്യ ഹാന്റ്‌മെയിഡും സ്വയം സഹായ സംഘങ്ങൾക്കും നെയ്ത്തുകാർക്കും, കരകൗശല വിദഗ്ധർക്കും ഡിജിറ്റൽ വിപണികളിലേക്ക് നേരിട്ട് അഭിഗമ്യത നൽകിക്കൊണ്ട് , ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും പരമ്പരാഗത കരകൗശലത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒ.എൻ.ഡി.സിയു യുമായുള്ള സംയോജനം 11 ലധികം ഉപഭോക്തൃ ആപ്പുകളിലുടനീളം അവരുടെ ദൃശ്യപരത കൂടുതൽ വർദ്ധിപ്പിച്ചു.
സാമൂഹികക്ഷേമത്തിനായുള്ള സാങ്കേതികവിദ്യാധിഷ്ഠിത പൊതു സേവനങ്ങൾ

ഗവൺമെന്റ് സേവനങ്ങൾക്കായുള്ള ഏക ഡിജിറ്റൽ പ്രവേശന മാർഗ്ഗമായി ഉമാങ് (യു.എം.എ.എൻ.ജി) മാറി. 2017-ൽ 166 ൽ നിന്ന് 2026 ജൂണോടെ 2572 സേവനങ്ങളായി വികസിച്ചു. വ്യാപകമായ ഡിജിറ്റൽ അവലംബത്തെ പ്രതിഫലിപ്പിക്കുന്ന ഇടപാടുകൾ 3.9 കോടിയിൽ നിന്ന് 796.69 കോടിയായി വളർന്നു. വൈവിധ്യമാർന്ന പൗര സേവനങ്ങളെ ഒരു പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കുന്നതിലൂടെ, രാജ്യത്തുടനീളമുള്ള പൊതു സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അഭിഗമ്യത, സൗകര്യം, എളുപ്പം എന്നിവ ഉമാങ് മെച്ചപ്പെടുത്തിയിട്ടുണ്ട്.
ചരക്ക് സേവന നികുതി ശൃംഖല: രജിസ്‌ട്രേഷൻ, റിട്ടേൺ ഫയൽ ചെയ്യൽ, നികുതി പണമിടപാടുകൾ, ഇ-ഇൻവോയ്സിംഗ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ചരക്ക് സേവന നികുതി ശൃംഖല (ജി.എസ്.ടി.എൻ) പരോക്ഷ നികുതി ഈടാക്കുന്നത് ആധുനികവൽക്കരിച്ചു. 2026 ഏപ്രിൽ വരെ, മൊത്തം ജി.എസ്.ടി സമാഹരണം ഏകദേശം 2.43 ലക്ഷം കോടി രൂപയിലെത്തി. ഈ പ്ലാറ്റ്ഫോം നികുതി പാലനവും സുതാര്യതയും മെച്ചപ്പെടുത്തുകയും ജിഎസ്ടി ക്രമീകരണത്തിന്റെ വേഗതയേറിയതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭരണനിർവഹണം സാധ്യമാക്കുകയും ചെയ്തു.
പോഷൺ ട്രാക്കർ പോഷകാഹാര സേവനങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്നു. ഇത് 13.35 ലക്ഷം അങ്കണവാടി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ (6 വയസ്സ് വരെ ), കൗമാരക്കാരായ പെൺകുട്ടികൾ (ആസ്പിരേഷൻ ജില്ലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും) എന്നിവരുൾപ്പെടെ 8.9 കോടിയിലധികം ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകുകയും ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോം ഡാറ്റാധിഷ്ഠിത നിരീക്ഷണം പ്രാപ്തമാക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പോഷകാഹാര, ക്ഷേമ പരിപാടികളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

നിങ്ങൾക്ക് അറിയുമായിരുന്നോ?
മിഷൻ സക്ഷം അങ്കണവാടി, പോഷൻ 2.0, പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ) എന്നിവയുടെ ഗുണഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സമർപ്പിത ഗവൺമെന്റ് പിന്തുണാ സംവിധാനമാണ് പോഷൻ ഹെൽപ്പ്ലൈൻ (1515 ഡയൽ ചെയ്യുക). ഇത് 17 ഭാഷകളിൽ വിവരങ്ങൾ, പരാതി പരിഹാരം, സാങ്കേതിക പിന്തുണ എന്നിവയിലേക്ക് തൽക്ഷണ അഭിഗമ്യത സാധ്യമാക്കുന്നു.
സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിനായി പി.എം ഗതിശക്തി ജി.ഐ.എസ് അധിഷ്ഠിത പ്ലാറ്റ്ഫോം സൃഷ്ടിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി വരെ, നെറ്റ്വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് 16.10 ലക്ഷം കോടി രൂപ മൂല്യമുള്ള 352 പദ്ധതികൾ വിലയിരുത്തുകയും 201 എണ്ണം അനുവദിക്കുകയും 167 എണ്ണം നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. മേഖലകളിലും മന്ത്രാലയങ്ങളിലും ഏകോപിത ആസൂത്രണം പ്രാപ്തമാക്കുന്നതിലൂടെ, പ്ലാറ്റ്ഫോം കാര്യക്ഷമത മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് വിടവുകൾ കുറയ്ക്കുകയും അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുകയും ചെയ്തു.

മൈ ഭാരത് (മേരാ യുവ ഭാരത്) https://mybharat.gov.in/
യുവാക്കൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡി.പി. ഐ ആണ് മൈ ഭാരത്. ഇത് യുവ പൗരന്മാരെ സന്നദ്ധസേവനം, അനുഭവപരിചയ പഠനം, ഇന്റേൺഷിപ്പുകൾ, ജോലികൾ, നൈപുണ്യ വികസനം, നേതൃത്വം, നൂതനത്വം, ദേശീയ സംരംഭങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകീകൃതവും സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ ഒരു പ്ലാറ്റ്ഫോം നൽകുന്നു.
2023 ഒക്ടോബർ 31-ന് ആരംഭിച്ച ഈ പ്ലാറ്റ്ഫോമിൽ ഇതുവരെ 2.21 കോടിയിലധികം യുവാക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ഇത് 1.52 ലക്ഷത്തിലധികം വോളന്റിയർ അവസരങ്ങളും, 28,000-ത്തിലധികം പ്രായോഗിക പഠന പരിപാടികളും (ഇ.എൽ.പി) ലഭ്യമാക്കുകയും, 1.19 ലക്ഷത്തിലധികം സംഘടനകളെ ഇതിലേക്ക് ചേർക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മിത ബുദ്ധി, ബഹുഭാഷാ പിന്തുണ, മൊബൈൽ-ആദ്യ സേവനങ്ങൾ, ഗെയിമിഫിക്കേഷൻ, ഓപ്പൺ എ.പി.ഐകൾ, തൽസമയ അപഗ്രഥനം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച മൈ ഭാരത്, ഗവൺമെന്റുകളെയും പങ്കാളിത്തമുള്ള സംഘടനകളെയും ഏക ദേശീയ ഡിജിറ്റൽ ആവാസവ്യവസ്ഥയിലൂടെ ദശലക്ഷക്കണക്കിന് യുവാക്കളെ ഇടപഴകാനും അംഗീകരിക്കാനും ശാക്തീകരിക്കാനും പ്രാപ്തമാക്കുകയും ഡിജിറ്റൽ ഇന്ത്യ, 2047ഓടെ വിക്‌സിത ഭാരതം എന്നീ കാഴ്ചപ്പാടുകളെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.
നിങ്ങൾക്ക് അറിയുമായിരുന്നോ?
390,812 സ്ഥിരീകരിച്ച പങ്കാളികളുമായി 'ഒരു ആഴ്ചയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഓൺലൈൻ ക്വിസിൽ പങ്കെടുത്തതിനുള്ള' ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചുകൊണ്ട് മൈ ഭാരത് ഇന്ത്യയുടെ ഡി.പി.ഐയുടെ ശക്തി പ്രദർശിപ്പിച്ചു.
അഗ്രിസ്റ്റാക്ക്: സാങ്കേതികവിദ്യയിലൂടെ കർഷകരെ ശാക്തീകരിക്കുന്നു

ഡിജിറ്റൽ കൃഷി ദൗത്യത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത അഗ്രിസ്റ്റാക്ക്, ഓൺലൈൻ കാർഷിക വ്യാപാരത്തിനായുള്ള ഇ-നാം പോലെയും , തൽക്ഷണ കാർഷിക വിവരങ്ങളും ഗവൺമെന്റ് പദ്ധതി പിന്തുണയും നൽകുന്ന എ.ഐ- അധിഷ്ഠിത ചാറ്റ്‌ബോട്ടായ കിസാൻ ഇ-മിത്ര പോലെയുമുള്ള കർഷക കേന്ദ്രീകൃതമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ ശാക്തീകരണ സേവനമാണ്.
കർഷകർ, ഭൂമി, വിള ഡാറ്റ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, വായ്പ, ഇൻഷുറൻസ്, സബ്‌സിഡികൾ, സംഭരണം, വ്യക്തിഗതമാക്കിയ ഉപദേശക സേവനങ്ങൾ എന്നിവ സുഗമമായി ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. 2026 മാർച്ച് വരെ, 9.20 കോടിയിലധികം കർഷക ഐഡികൾ ഇതിലൂടെ സൃഷ്ടിച്ചു.
നിങ്ങൾക്ക് അറിയുമായിരുന്നോ?
ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി. കെ) സ്ഥാപിച്ചിട്ടുണ്ട്. കിസാൻ സാരഥി ഡിജിറ്റൽ ഉപദേശക പ്ലാറ്റ്ഫോമിലൂടെ, കർഷകർക്ക് കെ.വി.കെ.കൾ, ഐ.സി.എ.ആർ, കാർഷിക സർവകലാശാലകൾ എന്നിവയിൽ നിന്ന് തത്സമയ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതും കർഷക കേന്ദ്രീകൃതവുമായ കൃഷിരീതികളെ പിന്തുണയ്ക്കുന്നതിനൊപ്പം കാർഷിക വിജ്ഞാനം കൂടുതൽ അഭിഗമ്യമാക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസപരമായ അഭിഗമ്യതയ്ക്ക് വഴിയൊരുക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ
ക്ലാസ് മുറികൾക്കും ഭൂമിശാസ്ത്രപരമായ അതിരുകൾക്കും അപ്പുറം ഗുണനിലവാരമുള്ള പഠനം പ്രാപ്യമാക്കുന്നതിലൂടെ ഡിജിറ്റൽ ഇന്ത്യ വിദ്യാഭ്യാസ വിടവുകൾ നികത്തുന്നു.
ദിക്ഷ (ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ്) പാഠ്യപദ്ധതിയുമായി ബന്ധിപ്പിച്ച ഡിജിറ്റൽ പഠന വിഭവങ്ങളിലൂടെയും അധ്യാപക പരിശീലനത്തിലൂടെയും സ്‌കൂൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി ക്യുആർ-കോഡ് ചെയ്ത പാഠപുസ്തകങ്ങൾ, സംവേദനാത്മക ഉള്ളടക്കം, എഐ- അധിഷ്ഠിത പഠന ഉപകരണങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോം നൽകുന്നു. ഇന്ത്യൻ ആംഗ്യഭാഷാ ഉറവിടങ്ങളിലൂടെയും അഭിഗമ്യമാക്കാവുന്ന ഡിജിറ്റൽ ഉള്ളടക്കത്തിലൂടെയും സമഗ്ര വിദ്യാഭ്യാസത്തെ ഇത് പിന്തുണയ്ക്കുന്നു. 2026 മാർച്ച് വരെ, ദിക്ഷയിൽ രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 2 കോടി കവിഞ്ഞു.
കൂടാതെ, 'സ്വയം' (സ്റ്റഡി വെബ്സ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ യങ് ആസ്പയറിങ് മൈൻഡ്സ്) പദ്ധതിയും 'സ്വയം പ്രഭ' പദ്ധതിയും ക്ലാസ് മുറികൾക്ക് അപ്പുറമുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നു. പ്രമുഖ സ്ഥാപനങ്ങൾ വഴി ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ തലം വരെയുള്ള സൗജന്യ ഓൺലൈൻ കോഴ്സുകൾ 'സ്വയം' വാഗ്ദാനം ചെയ്യുന്നു, 2026 ജനുവരി വരെ, വിവിധ വിഷയങ്ങളിലായി 4,400-ലധികം കോഴ്സുകൾ ഇതിലൂടെ നടത്തപ്പെടുന്നു. ഇതിന് പൂരകമായി, 48 സമർപ്പിത ഡി.ടി.എച്ച് ചാനലുകൾ വഴി 'സ്വയം പ്രഭ' വിദ്യാഭ്യാസ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നു, ഇത് പരിമിതമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളിൽ പോലും പഠന അഭിഗമ്യത ഉറപ്പാക്കുന്നു.

ഈ സംരംഭങ്ങളെ അടിസ്ഥാനമാക്കി, തടസ്സരഹിതമായ, ബഹുതല (മൾട്ടി മോഡ്) പഠനം നൽകുന്നതിനായി ഒരൊറ്റ ചട്ടക്കൂടിന് കീഴിൽ ദിക്ഷ, സ്വയം, സ്വയം പ്രഭ, കമ്മ്യൂണിറ്റി റേഡിയോ, സമർപ്പിത വിദ്യാഭ്യാസ ടെലിവിഷൻ ചാനലുകൾ എന്നിവയെ 'പിഎം ഇ-വിദ്യ' സംയോജിപ്പിക്കുന്നു. ഭിന്നശേഷിയുള്ള പഠിതാക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉള്ളടക്കത്തിലൂടെ എല്ലാവരെയും ഉൾച്ചേർത്തുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള അഭിഗമ്യത ഇത് വിപുലീകരിക്കുന്നു.
നിങ്ങൾക്ക് അറിയുമായിരുന്നോ?
എ.പി.എ.എ.ആർ (ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) ഓരോ വിദ്യാർത്ഥിക്കും ഒരു സവിശേഷ ഡിജിറ്റൽ അക്കാദമിക ഐഡന്റിറ്റി നൽകുകയും അക്കാദമിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുകയും പ്രവേശനങ്ങൾ, സ്‌കോളർഷിപ്പുകൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി കടലാസ് രഹിത പരിശോധന പ്രാപ്തമാക്കുകയും ചെയ്യുന്നു. 2026 ജൂൺ വരെ, 33.74 കോടിയിലധികം എ.പി.എ.എ.ആർ ഐഡികളാണ് സൃഷ്ടിക്കപ്പെട്ടത്.
ഇന്ത്യയുടെ ഡിജിറ്റൽ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുന്നു
രാജ്യവ്യാപകമായി ഡിജിറ്റൽ നൈപുണ്യങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, തൊഴിലവസരങ്ങൾ എന്നിവ വികസിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ഇന്ത്യ ഭാവികാലത്തിന് ഉതകുന്ന ഒരു തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നു.

സ്മാർട്ട്ഫോൺ ഉപയോഗം, ഇന്റർനെറ്റ് അഭിഗമ്യത, ഡിജിറ്റൽ പണമിടപാടുകൾ, ഓൺലൈൻ സേവനങ്ങൾ എന്നിവയിൽ പൗരന്മാരെ പരിശീലിപ്പിക്കുന്നതിലൂടെ പി.എം.ജി.ഡി.ഐ.എസ്.എച്ച്.എ ഗ്രാമീണമേഖലകളിലെ ഡിജിറ്റൽ വിടവ് നികത്തി. 2024 മാർച്ചോടെ, ഇതുവഴി 6.39 കോടി ഗ്രാമീണ പൗരന്മാരെ പരിശീലിപ്പിച്ച്, അതിന്റെ ലക്ഷ്യം മറികടന്നു.
'ഫ്യൂച്ചർസ്‌കിൽസ് പ്രൈം ' എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി പഠിതാക്കളെ സജ്ജമാക്കുകയാണ്. 26 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇതിൽ രജിസ്റ്റർ ചെയ്യുകയും നാസ്‌കോമിന്റെ ടാലന്റ് കണക്റ്റ് വഴി പഠിതാക്കളെ ജോലികളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (എസ്.ഐ.ഡി.എച്ച്) എന്നത് വൈദഗ്ദ്ധ്യം, സാക്ഷ്യപ്പെടുത്തൽ, തൊഴിൽ സേവനങ്ങൾ എന്നിവയ്ക്കായുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോമാണ്. 2026 മാർച്ച് വരെ, ഇത് 32 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളെ ചേർത്തിട്ടുണ്ട് .കൂടാതെ പി.എം.കെ.വി.വൈ, പി.എം വിശ്വകർമ, ഗവൺമെന്റ് പദ്ധതികൾ, ഡിജിറ്റൽ പഠന പങ്കാളികൾ എന്നിവയ്ക്ക് കീഴിൽ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു.

എ.ഐ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ഉത്തരവാദിത്തമുള്ള നിർമ്മിതബുദ്ധി അവലംബം എന്നിവ ശക്തിപ്പെടുത്തുകയാണ് ഇന്ത്യാ എ.ഐ ദൗത്യം . ഇന്ത്യാ എ.ഐ കോഷ് പോലുള്ള സംരംഭങ്ങളിലൂടെ ഇത് സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രൊഫഷണൽ പരിശീലന പദ്ധതികൾ എന്നിവയിലുടനീളം എ.ഐ നൈപുണ്യവികസനത്തെ പ്രോത്സാഹിപ്പിക്കുകയാണ്.
ഇന്ത്യാ എ.ഐ ദൗത്യത്തെക്കുറിച്ച് കൂടുതൽ വായിക്കുക.
നിങ്ങൾക്ക് അറിയുമായിരുന്നോ?
2026 ഫെബ്രുവരിയിൽ 'ഇന്ത്യ എ.ഐ സ്വാധീന ഉച്ചകോടി' ക്ക് ആതിഥേയത്വം വഹിച്ച ഇന്ത്യ, ആഗോള ദക്ഷിണ മേഖലയിൽ തന്നെ ഒരു ആഗോള എ.ഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി മാറി. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഇത് ഒരുമിച്ച് കൊണ്ടുവന്നു.
ഇന്ത്യയുടെ ഡിജിറ്റൽ നേതൃത്വവും മുന്നോട്ടുള്ള പാതയും

പൗര കേന്ദ്രീകൃതവും വിപുലീകരിക്കാവുന്നതുമായ ഡിജിറ്റൽ ഭരണ നിർവഹണ പ്ലാറ്റ്ഫോമുകളാൽ നയിക്കപ്പെടുന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ
(ഡിപിഐ) ആഗോള നേതൃ രാഷ്ട്രമായി ഇന്ത്യ ഉയർന്നുവരുന്നു. 2026 ഫെബ്രുവരി വരെ, ഡിജിറ്റൽ ഐഡന്റിറ്റി, പണമിടപാടുകൾ, ഡാറ്റാ വിനിമയം, സേവന വിതരണം എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യ സ്റ്റാക്കിന്റേയും , ഡി.പി.ഐ സംവിധാനങ്ങളുടെയും സഹകരണത്തിനായി ഇന്ത്യ 24 രാജ്യങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. യു.എ.ഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ശ്രീലങ്ക എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിലവിൽ സജീവമായ യു.പി.ഐ ഇന്ത്യയുടെ ആഗോള സാമ്പത്തിക സാങ്കേതിക(ഫിൻടെക്)സാന്നിധ്യം ശക്തിപ്പെടുത്തുന്നു.
ആധാർ, ഡിജിലോക്കർ, കോവിൻ, ജി.ഇ.എം, ദിക്ഷ, ഉമാങ്, ഇ- സഞ്ജീവനി തുടങ്ങിയ പ്ലാറ്റ്ഫോമുകൾ അന്താരാഷ്ട്ര ഡിജിറ്റൽ ഭരണനിർവഹണ മാതൃകകളെ കൂടുതൽ കൂടുതൽ രൂപപ്പെടുത്തുന്നു. 2023-ൽ ജി-20 അധ്യക്ഷപദവിയുടെ കാലത്ത് ഇന്ത്യ സ്റ്റാക്ക് ഗ്ലോബലും ഗ്ലോബൽ ഡി.പി.ഐ റിപ്പോസിറ്ററിയും ഇന്ത്യ ആരംഭിച്ചു. ഇത് ഇന്ത്യൻ ഡിജിറ്റൽ പരിഹാരങ്ങളിലേക്കുള്ള ആഗോള അഭിഗമ്യത വിപുലീകരിച്ചു. ഡിജിറ്റൽ ഇന്ത്യ അടുത്ത ദശകത്തിലേക്ക് കടക്കുമ്പോൾ, എല്ലാവരെയും ഉൾച്ചേർക്കുന്ന വളർച്ചയ്ക്കും, ഡിജിറ്റൽ ശാക്തീകരണത്തിനും, ആഗോള സഹകരണത്തിനുമുള്ള ഒരു ഉപകരണമായി സാങ്കേതികവിദ്യയെ ഇന്ത്യ മാറ്റിക്കൊണ്ടിരിക്കുകയാണ്.
അവലംബം:
Ministry of Communications
Ministry of Finance
Ministry of Panchayati Raj
Ministry of Electronics & IT
Ministry of Commerce & Industry
Ministry of Law and Justice
Ministry of Agriculture & Farmers Welfare
Rajya Sabha
Others:
Click here for pdf file.
***
(रिलीज़ आईडी: 2278940)
आगंतुक पटल : 5