ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി. നഡ്ഡ 16-ാമത് സി.സി.എച്ച്.എഫ്.ഡബ്ല്യു (CCHFW) യോഗത്തിൽ 'അനീമിയ മുക്ത് ഭാരത് അഭിയാൻ - പ്രവർത്തക മാർഗനിർദ്ദേശങ്ങൾ ' പുറത്തിറക്കും
प्रविष्टि तिथि:
28 JUN 2026 1:44PM by PIB Thiruvananthpuram
വിളർച്ചയ്‌ക്കെതിരെ (അനീമിയ) പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന നിർണായകമായ ചുവടുവെയ്പ്പിൽ , കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജെ.പി. നഡ്ഡ, 2026 ജൂൺ 29-ന് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സമിതിയുടെ (CCHFW) 16-ാമത് യോഗത്തിൽ 'അനീമിയ മുക്ത് ഭാരത് (AMB) അഭിയാൻ – പ്രവർത്തക മാർഗ്ഗനിർദ്ദേശങ്ങൾ' പുറത്തിറക്കും.
അനീമിയ മുക്ത് ഭാരത് പദ്ധതിയെ കൂടുതൽ സമഗ്രവും ജനകേന്ദ്രീകൃതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു സംരംഭമായി മാറ്റിക്കൊണ്ട്, 'അനീമിയ മുക്ത് ഭാരത് അഭിയാൻ' എന്ന പുതിയ രൂപത്തിലേക്കുള്ള പരിവർത്തനത്തിന്റെ സുപ്രധാന നാഴികക്കല്ലാകും ഈ പരിപാടി. അയൺ സപ്ലിമെന്റുകൾ നൽകുന്നതിനപ്പുറം പരിശോധന, ചികിത്സ, ശരിയായ ഭക്ഷണം, ഡിജിറ്റൽ ട്രാക്കിംഗ്, 'ജനചേതന'യിലൂടെയുള്ള ജനപങ്കാളിത്തം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര സമീപനത്തിലേക്കുള്ള ഔദ്യോഗിക മാറ്റത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഈ പുതിയ മാർഗ്ഗരേഖ നിലവിലുള്ള '6x6x6' തന്ത്രത്തെ ഒരു '7x7x7' ചട്ടക്കൂടിലേക്ക് വ്യാപിപ്പിക്കും. ഇതിനായി ഏഴാമത് ഗുണഭോക്തൃ ഗ്രൂപ്പ്, ഏഴാമത് ഇടപെടൽ, ഏഴാമത് സ്ഥാപനപരമായ സംവിധാനം എന്നിവ ഇതിലേക്ക് കൂട്ടിച്ചേർക്കും. ജീവിതത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വിളർച്ച പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കുറഞ്ഞ ജനനത്തൂക്കമുള്ള (LBW) കുഞ്ഞുങ്ങളെ (0-6 മാസം) ഏഴാമത്തെ ഗുണഭോക്തൃ ഗ്രൂപ്പായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അയൺ അടങ്ങിയതും വൈവിധ്യമാർന്നതുമായ ഭക്ഷണം ദൈനംദിന ശീലമാക്കാൻ പ്രോത്സാഹിപ്പിക്കുന്ന "ഈറ്റിംഗ് റൈറ്റ്" (ശരിയായ ഭക്ഷണം)സമീപനമാണ് ഏഴാമത്തെ ഇടപെടലായി അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ട്രാക്കിംഗിന്റെ പിന്തുണയോടെ ശക്തിപ്പെടുത്തിയ ഒരു അവലോകന -നിരീക്ഷണം ചട്ടക്കൂട് ഏഴാമത്തെ സ്ഥാപനപരമായ സംവിധാനമായി പ്രവർത്തിക്കും.
ഈ അഭിയാന്റെ പ്രധാന സവിശേഷത, T3 സമീപനത്തിൽ നിന്ന് (Test, Treat, Talk - പരിശോധിക്കുക, ചികിത്സിക്കുക, സംസാരിക്കുക), T4 സമീപനത്തിലേക്കുള്ള (Test, Treat, Talk, Track - പരിശോധിക്കുക, ചികിത്സിക്കുക, സംസാരിക്കുക, ട്രാക്ക് ചെയ്യുക)മാറ്റമാണ്.
ഈ പുതിയ സമീപനം ഹീമോഗ്ലോബിൻ പരിശോധന തീവ്രമാക്കുന്നതിനും, ദേശീയ അനീമിയ പരിപാലന പ്രോട്ടോക്കോളുകൾ അനുസരിച്ച് അയണിന്റ കുറവ് മൂലമുള്ള വിളർച്ച ചികിത്സിക്കുന്നതിനും, തുടർനടപടികൾക്കായി ഗുണഭോക്താക്കളെ വ്യവസ്ഥാപിതമായി നിരീക്ഷിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൃത്യമായ കൗൺസിലിംഗിനും മുൻഗണന നൽകുന്നു.
ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കഠിനമായ വിളർച്ചയുള്ളവരെയും സാധാരണ മരുന്നുകളോട് പ്രതികരിക്കാത്തവരെയും ചികിത്സിക്കുന്നതിനായി, ഫെറിക് കാർബോക്‌സിമാൾട്ടോസ് (FCM), അയൺ സുക്രോസ് എന്നിവ ഉപയോഗിച്ചുള്ള 'ഇൻട്രാവിനസ് അയൺ തെറാപ്പി' ഒരു പ്രധാന ക്ലിനിക്കൽ ഇടപെടലായി ഉൾപ്പെടുത്തും.
വിവിധ ഗുണഭോക്തൃ ഗ്രൂപ്പുകളിലെ അനീമിയ അനുബന്ധ സേവനങ്ങൾ നിരീക്ഷിക്കുന്നതിനായി ഈ മാർഗ്ഗരേഖ ശക്തമായ ഒരു ഡിജിറ്റൽ സംവിധാനവും ഒരുക്കും. ഗർഭിണികളുടെ ഹീമോഗ്ലോബിൻ പരിശോധനാ വിവരങ്ങൾ ജനനി (JANANI) പോർട്ടൽ വഴിയും, കുട്ടികളുടെ വിവരങ്ങൾ ആർ.ബി.എസ്.കെ, യു-വിൻ (U-WIN) പോർട്ടലുകൾ വഴിയും രേഖപ്പെടുത്തും. സമഗ്രമായ നിരീക്ഷണത്തിനും വിശകലനത്തിനും കൃത്യമായ ആസൂത്രണത്തിനുമായി ഈ പ്ലാറ്റ്‌ഫോമുകളെല്ലാം ഒരുമിപ്പിച്ച് ഒരു ഏകീകൃത 'AMB അഭിയാൻ പോർട്ടൽ' രൂപീകരിക്കും.
16-ാമത് CCHFW യോഗത്തിൽ പുറത്തിറക്കുന്ന ഈ പ്രവർത്തകമാർഗ്ഗ നിർദ്ദേശങ്ങൾ, പോഷകാഹാര നിലവാരവും അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ്. ഇത് അനീമിയ മുക്ത ഭാരതത്തിലേക്കുള്ള പുരോഗതിക്ക് കൂടുതൽ വേഗതയേകും.
***
(रिलीज़ आईडी: 2278630)
आगंतुक पटल : 5