വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൻ്റെ മുന്നേറ്റത്തിന് സുസ്ഥിര വ്യാപാര ഇടപെടലുകൾ നടത്താന്‍ കമ്പനികളോട് ആഹ്വാനം ചെയ്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

प्रविष्टि तिथि: 27 JUN 2026 6:16PM by PIB Thiruvananthpuram

ലണ്ടനിൽ ‘ഇന്ത്യ–യുകെ: പുരോഗതിയിലെ പങ്കാളികൾ’ ബിസിനസ് പ്ലീനറി സമ്മേളനത്തിന് നേതൃത്വം നൽകിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിലൂടെ കൈവരുന്ന പുതിയ അവസരങ്ങളെ സുസ്ഥിര വ്യാപാര വളർച്ചയാക്കി മാറ്റുന്നതിന് യുകെയിലെ കമ്പനികളുമായി പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യൻ കമ്പനികളോട് ആഹ്വാനം ചെയ്തു.

 

ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രതിനിധികൾ പങ്കെടുത്ത പ്ലീനറി സമ്മേളനം ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തമാക്കുന്ന സുപ്രധാന ചട്ടക്കൂടെന്ന നിലയില്‍ സമഗ്ര സാമ്പത്തിക വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. ദീർഘകാല നിക്ഷേപ പ്രോത്സാഹനം, സാങ്കേതിക പങ്കാളിത്തം, നൂതനാശയങ്ങൾ, സുസ്ഥിര വിതരണ ശൃംഖലകൾ, ഇന്ത്യയും യുകെയും തമ്മിലെ ആഴമേറിയ സാമ്പത്തിക സഹകരണം എന്നിവ വർധിപ്പിക്കുന്നതിൽ കരാറിൻ്റെ സാധ്യതകള്‍ സമ്മേളനത്തില്‍ ചർച്ചയായി.

 

സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഫലപ്രദമായി നടപ്പാക്കുന്നതിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ച് എംഎസ്എംഇകള്‍ക്കിടയില്‍ കരാറിനെക്കുറിച്ച്, കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിയന്ത്രണ നടപടിക്രമങ്ങളും സർട്ടിഫിക്കേഷൻ ആവശ്യകതകളും ലളിതമാക്കുക, വ്യവസായങ്ങൾ തമ്മിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക, വ്യാപാര സംരംഭങ്ങള്‍ക്ക് കരാറിലെ അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനാവുന്ന വിധത്തില്‍ പ്രൊഫഷണലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അവർ ഊന്നൽ നൽകി.

 

നാല് പ്രധാന വൈജ്ഞാനിക റിപ്പോർട്ടുകൾ ചടങ്ങിൽ ശ്രീ പിയൂഷ് ഗോയൽ പ്രകാശനം ചെയ്തു. ഫിക്കിയുടെ 'ദി ഇവോൾവിങ് ഇന്ത്യ-യുകെ പാർട്‌ണർഷിപ്പ്', സിഐഐയുടെ 'ഇന്ത്യൻ റൂട്ട്സ്, ബ്രിട്ടീഷ് സോയിൽ: ചാർട്ടിങ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൂട്ട്പ്രിൻ്റ്സ് ഇൻ ദി യുകെ 2026', UKIBC–HSBC തയ്യാറാക്കിയ 'യുകെ-ഇന്ത്യ സിഇടിഎ യൂട്ടിലൈസേഷൻ മാനുവൽ', കെയർഎഡ്ജിൻ്റെ 'സോവറിൻ റേറ്റിങ്സ് - എ ഫ്രഷ് പേഴ്സ്പെക്റ്റീവ്' എന്നീ റിപ്പോര്‍ട്ടുകളാണ് പ്രകാശനം ചെയ്തത്. കരാറിന് കീഴിലെ അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ ഉൾക്കാഴ്ചകളും പ്രായോഗിക മാർഗനിർദേശങ്ങളും വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാൻ ഈ റിപ്പോർട്ടുകൾ ലക്ഷ്യമിടുന്നു.

 

ആരോഗ്യപരിപാലനം, അത്യാധുനിക നിര്‍മ്മാണം, സംശുദ്ധ ഊര്‍ജ്ജം, ശാസ്ത്രസാങ്കേതികവിദ്യ, സേവനം, ഉപഭോക്തൃ ഉല്പന്നങ്ങൾ എന്നീ മേഖലകളെക്കുറിച്ച് നടന്ന വട്ടമേശ ചർച്ചകളിലെ ശിപാർശകളും പ്ലീനറി സമ്മേളനത്തില്‍ വ്യവസായ പ്രതിനിധികൾ അവതരിപ്പിച്ചു. നവീകരണം, നിക്ഷേപം, ശക്തമായ ബിസിനസ്സ് പങ്കാളിത്തം എന്നിവയിലൂടെ ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കാനുള്ള അവസരങ്ങളാണ് ശിപാർശകളിൽ വ്യക്തമാക്കുന്നത്.

 

പ്ലീനറി സമ്മേളനത്തിന് ശേഷം യുകെയിലെ ദ്വിദിന ഔദ്യോഗിക വ്യാപാര ചർച്ചകൾ പൂർത്തിയാക്കിയ ശ്രീ പിയൂഷ് ഗോയൽ ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘവുമായി അവലോകന യോഗം ചേര്‍ന്നു. ചർച്ചകളിൽ നിന്നും ഭാവി പങ്കാളികളുമായി നടത്തിയ ആശയവിനിമയങ്ങളിൽ നിന്നും ലഭിച്ച പ്രധാന അറിവുകളും വിവിധ മേഖലകളിൽ കണ്ടെത്തിയ വ്യാപാര അവസരങ്ങളും പ്രതിനിധി സംഘത്തിലെ അംഗങ്ങൾ പങ്കുവെച്ചു.

 

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിന് പിന്നിലെ ശക്തമായ മുന്നേറ്റത്തെ അടിവരയിടുന്നതായിരുന്നു ഔദ്യോഗിക ചർച്ചകൾ. കരാറിലെ വ്യവസ്ഥകളെ യഥാർത്ഥ വ്യാപാര-നിക്ഷേപ ഫലങ്ങളാക്കി മാറ്റുന്നതില്‍ ഇന്ത്യ-യുകെ ഗവണ്മെൻ്റുകളുടെയും വ്യാവസായിക മേഖലയുടെയും പൊതു  പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.

****


(रिलीज़ आईडी: 2278477) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Marathi , Gujarati , Tamil