പ്രധാനമന്ത്രിയുടെ ഓഫീസ്
ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
प्रविष्टि तिथि:
18 JUN 2026 11:47PM by PIB Thiruvananthpuram
നമസ്തേ!
ബോൺഷുർ (Bonjour)!
നിങ്ങളെല്ലാവരും ഒരു അവധിക്കാല മൂഡിലാണെന്ന് തോന്നുന്നു.
സുഹൃത്തുക്കളേ,
പാരീസ് നഗരം വെളിച്ചങ്ങളുടെയും നിറങ്ങളുടെയും നഗരമാണ്. കലയുടെയും ആശയങ്ങളുടെയും, ഒപ്പം പുതുമകൾക്കുള്ള പ്രചോദനത്തിന്റെയും ഇടമാണത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തിയിരിക്കുന്ന നിങ്ങളെല്ലാവരും ചേർന്ന് ഈ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു. പുതിയതും സജീവവുമായ നിറങ്ങൾക്കൊണ്ട് നിങ്ങൾ ഇതിനെ നിറയ്ക്കുന്നു.
ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.
സുഹൃത്തുക്കളേ,
ജൂൺ 14-ന് ഞാൻ നീസിൽ എത്തിയപ്പോൾ, ഞാൻ പങ്കെടുത്ത ആദ്യത്തെ പരിപാടി 'ഭാരത് ഇന്നൊവേറ്റ്സ്' ആയിരുന്നു. ഇന്ന്, ഫ്രാൻസിൽ നിന്ന് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ, ഞാൻ 'ഭാരത് കണക്റ്റ്സ്' പരിപാടിയിൽ എത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്.
ഫ്രാൻസിൽ ജീവിക്കുന്ന നിങ്ങളെല്ലാവരും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ-ഫ്രാൻസ് ബന്ധങ്ങളെ കോർത്തിണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത രീതി നമ്മുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി മാറിയിരിക്കുന്നു. 140 കോടിയിലധികം വരുന്ന ഭാരതീയരുടെ ആശംസകളുമായാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നത്. ഹൃദ്യവും ഊഷ്മളവുമായ ഈ സ്വീകരണത്തിന് നിങ്ങളിൽ ഓരോരുത്തരോടുമുള്ള എന്റെ ആത്മാർത്ഥമായ നന്ദി ഞാൻ രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
ഞങ്ങളുടെ ഗവൺമെൻറ് അധികാരത്തിൽ വന്നിട്ട് 12 വർഷം തികയുന്ന ഒരു സമയത്താണ് ഇന്ന് ഞാൻ ഫ്രാൻസിൽ എത്തിയിരിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയായി 12 വർഷം രാജ്യത്തെ തുടർച്ചയായി സേവിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. ഒരു ചായവിൽപ്പനക്കാരന് ഈ പദവിയിലേക്ക് എത്താൻ കഴിഞ്ഞത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കരുത്തുകൊണ്ടാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 12 വർഷങ്ങൾ 140 കോടിയിലധികം വരുന്ന ഭാരതീയരുടെ അസാധാരണമായ കഴിവുകളുടെ തെളിവാണ്. ഈ കാലയളവിൽ ഇന്ത്യയുടെ ജിഡിപി (GDP) ഇരട്ടിയായി. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. സർവ്വകലാശാലകളുടെ എണ്ണവും ഇരട്ടിയായി വർദ്ധിച്ചു. ഹൈവേ നിർമ്മാണത്തിന്റെ വേഗത മൂന്നിരട്ടിയായും മെട്രോ നെറ്റ്‌വർക്ക് നാലിരട്ടിയായും വികസിച്ചു.
ഇന്ത്യ മുന്നേറുന്ന വേഗതയും വ്യാപ്തിയും മനസ്സിലാക്കാൻ സഹായിക്കുന്ന ചില വസ്തുതകൾ കൂടി ഞാൻ നിങ്ങളോട് പങ്കുവെക്കാം. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 35 മടങ്ങ് വർദ്ധിച്ചു.
മറ്റൊരു വസ്തുത കൂടി പറയാം: ഇന്ത്യയിലെ മൊബൈൽ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം 100 മടങ്ങ് വർദ്ധിച്ചു. ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്. ഈ വേഗതയുടെയും പുരോഗതിയുടെയും ഫലമായാണ് ഇന്ന് ഇന്ത്യ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറിയത്.
സുഹൃത്തുക്കളേ,
ഇന്ന്, ഇന്ത്യയുടെ കഥ കേവലം സാമ്പത്തിക പുരോഗതിയുടെ കഥ മാത്രമല്ല. അത് അവിടം കൊണ്ട് അവസാനിക്കുന്നതുമില്ല. അത് സാമൂഹിക പരിവർത്തനത്തിന്റെ കൂടി കഥയാണ്.
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിൽ 250 ദശലക്ഷം (25 കോടി) ആളുകളാണ് ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും ഗുണഫലങ്ങൾ എത്തുന്ന തരത്തിലുള്ള ഒരു പുരോഗതിയാണിത്. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ, ഫ്രാൻസിലെ ആകെ വീടുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ഉറപ്പുള്ള വീടുകളാണ് ആവശ്യക്കാരായ ജനങ്ങൾക്കായി ഞങ്ങൾ നിർമ്മിച്ചു നൽകിയത്.
ഇന്ന്, എത്ര ദരിദ്രരാണെങ്കിലും ശരി, ഓരോ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ടുണ്ട്. സാമ്പത്തിക ഉൾപ്പെടുത്തൽ എന്നത് ഇപ്പോൾ വെറുമൊരു ഗവൺമെൻറ് പദ്ധതി മാത്രമല്ല; അത് സാമൂഹിക പരിവർത്തനത്തിനായുള്ള ഒരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഈ 12 വർഷത്തെ നേട്ടങ്ങളിൽ, യാതൊരുവിധ സ്ഥിതിവിവരക്കണക്കുകൾക്കോ അക്കങ്ങൾക്കോ അളക്കാൻ കഴിയാത്ത ഒരു നേട്ടമുണ്ട്. ആ നേട്ടം 140 കോടിയിലധികം വരുന്ന ഭാരതീയരുടെ ആത്മവിശ്വാസമാണ്.
ഇന്നത്തെ ഇന്ത്യയും, ഇന്നത്തെ ഇന്ത്യയിലെ യുവാക്കളും വലിയ സ്വപ്നങ്ങൾ കാണുന്നവരാണ്. ഇന്ത്യയിലെ കർഷകർ പുതിയ അവസരങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യയിലെ വനിതകൾ പുതിയ നേതൃപാടവം പ്രകടിപ്പിക്കുന്നു. അതുകൊണ്ടാണ് ഇവ വെറുമൊരു 12 വർഷത്തെ നേട്ടങ്ങൾ മാത്രമല്ല എന്ന് പറയുന്നത്; ഇത് ഇന്ത്യയുടെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ഒരു കാലഘട്ടം കൂടിയാണ്.
സുഹൃത്തുക്കളേ,
ഒരു കാലത്ത് പ്രാന്ത പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ അത്യാധുനിക സൗകര്യങ്ങൾ എത്തിക്കുക എന്നത് തികച്ചും പ്രയാസമേറിയ ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന്, അതേ ഗ്രാമങ്ങളിൽ വൈദ്യുതിയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഉണ്ട്, ഒപ്പം ഡിജിറ്റൽ സേവനങ്ങളുടെ ഒരു വലിയ ലോകത്തേക്ക് അവർക്ക് പ്രവേശനവുമുണ്ട്. ഇന്ന് ബാങ്കിംഗ് സേവനങ്ങൾ വെറുമൊരു ക്ലിക്കിലൂടെ എപ്പോൾ വേണമെങ്കിലും എവിടെയും ലഭ്യമാണ്.
ഇന്ന് മൊബൈൽ ഫോണുകൾ ഇന്ത്യയിലെ പൗരന്മാരെ വിപുലമായ സേവനങ്ങളുമായും അവസരങ്ങളുമായും ബന്ധിപ്പിക്കുന്നു. നമ്മുടെ കർഷകർ, നമ്മുടെ മത്സ്യത്തൊഴിലാളികൾ, നമ്മുടെ ക്ഷീരകർഷകർ, നമ്മുടെ സ്ത്രീകൾ, നമ്മുടെ വിദ്യാർത്ഥികൾ എന്നിവരെല്ലാം സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയും അവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
125 കോടിയിലധികം വരുന്ന ആധാർ ഐഡികളെക്കുറിച്ച് (Aadhaar IDs) നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് ഇന്ത്യ കേവലം വ്യക്തിത്വ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ഏകദേശം 900 ദശലക്ഷം (90 കോടി) ഭാരതീയർക്ക് ഇപ്പോൾ തനതായ ഡിജിറ്റൽ ഹെൽത്ത് ഐഡികൾ (Unique Digital Health IDs) ഉണ്ട്. ഇതിന്റെ ഫലമായി മെഡിക്കൽ റെക്കോർഡുകൾ സുരക്ഷിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായി മാറി. ഇത് ആരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നത് കൂടുതൽ എളുപ്പമുള്ളതും കാര്യക്ഷമവുമാക്കുന്നു.
സുഹൃത്തുക്കളേ,
ഈ നേട്ടങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശം എന്തെന്നാൽ, ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ഇവയിൽ ഭൂരിഭാഗവും സങ്കൽപ്പിക്കാൻ പോലും കഴിയാത്തവയായിരുന്നു എന്നതാണ്. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? ഏറ്റവും വിദൂരമായ ഗ്രാമങ്ങളിൽ പോലും ക്യുആർ കോഡുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമെന്ന് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമായിരുന്നോ? ഒരു ഗ്രാമത്തിലെ ഒരു സ്ത്രീ ഡ്രോൺ ഉപയോഗിച്ച് കൃഷിപ്പണികൾ നടത്തുക എന്നത് ഒരുകാലത്ത് അസാധ്യമാണെന്ന് തോന്നിച്ചിരുന്നു.
എന്നാൽ ഇന്ന്, ഇതെല്ലാം ദശലക്ഷക്കണക്കിന് ഭാരതീയരുടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളേ, നിങ്ങൾക്ക് ഇതിൽ അഭിമാനിക്കാം, കാരണം ഇതാണ് പുതിയ ഇന്ത്യയുടെ അടയാളം. ഒരുകാലത്ത് സ്വപ്നമായിരുന്നത് ഇന്ന് യാഥാർത്ഥ്യമാണ്. ഒരുകാലത്ത് അസാധ്യമെന്ന് തോന്നിയത് ഇപ്പോൾ സാധ്യമായിരിക്കുന്നു. ഇതെല്ലാം സാധ്യമാക്കിയതിന് പിന്നിലെ ഏറ്റവും വലിയ ശക്തി എന്താണ്? ആരാണ് ഇത് സാധ്യമാക്കിയത്? ഇത് മോദി കാരണം ഉണ്ടായതല്ല; ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ആശയത്തിലധിഷ്ഠിതമായ ഇന്ത്യയുടെ ജനാധിപത്യമാണിത്.
സുഹൃത്തുക്കളേ,
ഇനി ഒരു അമ്പതോ നൂറോ വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ചരിത്രത്തിലെ ഈ കാലഘട്ടം വിലയിരുത്തപ്പെടുമ്പോൾ, ഇന്ത്യയുടെ ആഗ്രഹങ്ങളാണ് ഈ യുഗത്തെ നയിച്ചതെന്ന് വ്യക്തമാകും. ഇത് ഇന്ത്യയുടെ ആഗ്രഹങ്ങളുടെ പുതിയൊരു യുഗമാണ്.
വൈദ്യുതി എത്തിയ സ്ഥലങ്ങളിൽ ആളുകൾക്ക് ഇപ്പോൾ വെറുമൊരു വൈദ്യുതിയല്ല വേണ്ടത്; അവർക്ക് സ്മാർട്ട് ജീവിതമാണ് വേണ്ടത്. ട്രെയിനുകൾ എത്തിയ സ്ഥലങ്ങളിൽ ജനങ്ങൾക്ക് അതിവേഗ കണക്റ്റിവിറ്റി വേണം. ഹൈവേകൾ നിർമ്മിച്ച ഇടങ്ങളിൽ ജനങ്ങൾക്ക് ലോകോത്തര നിലവാരമുള്ള എക്സ്പ്രസ് വേകൾ വേണം. ഇന്റർനെറ്റ് എത്തിയ ഇടങ്ങളിൽ ജനങ്ങൾക്ക് എഐ (AI), ഡിജിറ്റൽ ഇന്നൊവേഷൻ എന്നിവയിൽ നേതൃത്വം വേണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്നത്തെ ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ സ്വന്തം ജീവിതത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു, ഒപ്പം ഇന്ത്യയെയും അടുത്ത തലത്തിലേക്ക് എത്തിക്കാൻ അവർ അത്രത്തോളം തന്നെ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അതാണ് അവരുടെ ലക്ഷ്യവും അവരുടെ സങ്കൽപ്പവും അവരുടെ സ്വപ്നവും.
സുഹൃത്തുക്കളേ,
ഈ ആഗ്രഹങ്ങളാണ് ഇന്ന് ഇന്ത്യയുടെ വികസന യാത്രയ്ക്ക് പിന്നിലെ ഏറ്റവും വലിയ ചാലകശക്തി. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ഉദാഹരണം കൊണ്ട് ഞാൻ ഇത് വിശദീകരിക്കാം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇന്ത്യ ചന്ദ്രയാൻ-3 വിജയകരമായി ഇറക്കി, ഈ നേട്ടം ലോകമെമ്പാടും പരക്കെ അംഗീകരിക്കപ്പെട്ടു. എന്നാൽ, ഇന്ത്യ ഇതിനെ തങ്ങളുടെ അവസാന ലക്ഷ്യസ്ഥാനമായി കണ്ടില്ല. ഇന്ന് രാജ്യം 'ഗഗൻയാൻ' ദൗത്യത്തിനായി തയ്യാറെടുക്കുകയാണ്, ഒപ്പം സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.
ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ തങ്ങളുടേതായ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ വലിയ ദൃഢനിശ്ചയത്തോടെയും പുതുമകളോടെയും പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
ഇതേ ആഗ്രഹങ്ങൾ തന്നെയാണ് ഹരിത ഊർജ്ജ രംഗത്തെ ഇന്ത്യയുടെ ശ്രമങ്ങളിലും പ്രതിഫലിക്കുന്നത്. സൗരോർജ്ജ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, ശുദ്ധമായ ഊർജ്ജ മേഖലയിലെ വളർച്ചയുടെയും പുരോഗതിയുടെയും അടുത്ത ഘട്ടത്തിനായി ഇന്ത്യ ഇതിനകം തന്നെ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.
ഇന്ത്യ ഗ്രീൻ ഹൈഡ്രജനിൽ വൻതോതിൽ നിക്ഷേപം നടത്തുകയും അത്യാധുനിക ആണവോർജ്ജ മേഖലയിലെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ഇന്ത്യയുടെ 'ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടറി'ന്റെപുരോഗതിയെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കാം. ഇത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ വലിയൊരു നേട്ടമാണ്, കൂടാതെ ഇന്ത്യയുടെ ആണവോർജ്ജ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഇതിന് ശേഷിയുമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, ഇന്ത്യ ഭാവിക്ക് വേണ്ടിയുള്ള ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. വരും ദശകങ്ങളിൽ ലോകത്തെ രൂപപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്ന എല്ലാ പ്രധാന മേഖലകളിലും ഞങ്ങൾ നിക്ഷേപം നടത്തുന്നുണ്ട്.
ഏാനും ദിവസങ്ങൾക്ക് മുൻപ് നിങ്ങൾ നീസിൽ കണ്ടതുപോലെ, 'ഭാരത് ഇന്നൊവേറ്റ്സ്' പരിപാടി ഇന്ത്യയുടെ നവീകരണ മികവും ഡീപ്പ്-ടെക് (deep-tech) ശേഷിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. നൂറ്റി ഇരുപതിലധികം ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഏകദേശം 1400 ബിസിനസ്സ്-ടു-ബിസിനസ്സ് (B2B) മീറ്റിംഗുകൾ നടക്കുകയും, അത് സഹകരണത്തിനായുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നിരവധി സ്റ്റാർട്ടപ്പുകൾ നിക്ഷേപ വാഗ്ദാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയും വാണിജ്യ ഓർഡറുകൾക്കുള്ള വഴികൾ തുറക്കുകയും ചെയ്തു. ഫ്രഞ്ച്, യൂറോപ്യൻ സർവ്വകലാശാലകളുമായും ഇൻകുബേറ്ററുകളുമായുമുള്ള സമ്പർക്കങ്ങളും ശക്തമായിട്ടുണ്ട്.
വിദ്യാർത്ഥി കൈമാറ്റങ്ങൾ, സംയുക്ത ഗവേഷണം, നവീകരണത്തിനുള്ള പിന്തുണ എന്നിവയ്ക്കുള്ള പുതിയ അവസരങ്ങളും ഈ പരിപാടി സൃഷ്ടിച്ചു. ഇതിന്റെ ഫലമായി 'ഭാരത് ഇന്നൊവേറ്റ്സ്' വെറുമൊരു ഉച്ചകോടി എന്നതിലുപരിയായി മാറി. അത് നവീകരണ നയതന്ത്രത്തിന്റെ ഒരു പുതിയ മാതൃകയായി ഉയർന്നുവന്നു.
ഇന്ന്, പാരീസിലെ 'വിവാടെക്' പരിപാടിയിലൂടെ നമ്മൾ ഈ യാത്രയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ്. നീസിൽ നമ്മൾ ആശയങ്ങളെ മൂലധനവുമായി ബന്ധിപ്പിച്ചു; പാരീസിൽ നമ്മൾ ഇന്ത്യൻ നവീകരണത്തെ ആഗോള തലവുമായി ബന്ധിപ്പിച്ചു. ഇന്ത്യ ഭാവിക്ക് വേണ്ടി തയ്യാറെടുക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഭാവിയെ രൂപപ്പെടുത്താൻ സഹായിക്കുക കൂടിയാണെന്ന് ലോകം ഇപ്പോൾ മനസ്സിലാക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പ്രധാനമായും വ്യാപാരത്തിലൂടെ മാത്രം നിർവചിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന്, വ്യാപാരത്തോളം തന്നെ പ്രധാനപ്പെട്ടതായി 'വിശ്വാസവും' മാറിയിരിക്കുന്നു. ഓരോ രാജ്യവും വിശ്വസനീയമായ വിതരണ ശൃംഖലകളും സ്ഥിരതയുള്ള പങ്കാളിത്തവുമാണ് ആഗ്രഹിക്കുന്നത്. ദീർഘകാലത്തേക്ക് ആശ്രയിക്കാൻ കഴിയുന്ന പങ്കാളികളെയാണ് രാജ്യങ്ങൾ തിരയുന്നത്. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ, ലോകത്തിന് മുന്നിൽ വിശ്വസ്തനും ആശ്രയിക്കാവുന്നതുമായ ഒരു പങ്കാളിയായി ഇന്ത്യ ഉയർന്നുവരുകയാണ്.
എവിയാനിൽ നടന്ന ജി7 യോഗത്തിൽ, വിശ്വാസത്തിലധിഷ്ഠിതമായ പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഞാൻ ഊന്നിപ്പറയുകയും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി തുല്യ പങ്കാളികളായി ഒന്നിച്ച് മുന്നേറാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ജി7 ഉച്ചകോടിയിൽ ഇന്ത്യ നൽകിയ സന്ദേശം വ്യക്തമായിരുന്നു: ആഗോള ഭരണം ഉൾക്കൊള്ളൽ സ്വഭാവമുള്ളതാണെങ്കിൽ മാത്രമേ അത് ഫലപ്രദമാകൂ, ആഗോള വളർച്ച പങ്കിടൽ ഉള്ളതാണെങ്കിൽ മാത്രമേ അത് സുസ്ഥിരമാകൂ, അതുപോലെ ആഗോള സാങ്കേതികവിദ്യ വിശ്വസനീയമാണെങ്കിൽ മാത്രമേ അത് മനുഷ്യരാശിയെ യഥാർത്ഥത്തിൽ സേവിക്കൂ.
സുഹൃത്തുക്കളേ,
ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളിൽ പുതിയൊരു ഉണർവ് ദൃശ്യമാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാരം നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്. സമീപവർഷങ്ങളിൽ, പല രാജ്യങ്ങളുമായും മേഖലകളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനാകട്ടെ, ബ്രിട്ടനാകട്ടെ , അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മറ്റ് പങ്കാളികളാകട്ടെ, ഇന്ത്യ വ്യാപാര കരാറുകളിലൂടെ സാമ്പത്തിക ബന്ധങ്ങൾ സജീവമായി ശക്തിപ്പെടുത്തുകയും സഹകരണം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അടുത്ത മാസം മുതൽ ഇന്ത്യയും യു കെ യും തമ്മിലുള്ള വ്യാപാര കരാർ പ്രാബല്യത്തിൽ വരും. ഈ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഇന്ത്യയിലെ കർഷകർക്കും തൊഴിലാളികൾക്കും നവീകരണക്കാർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ന്, ലോകം അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയൊരു സമയത്ത്, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിന്റെയും സ്ഥിരതയുടെയും സഹകരണത്തിന്റെയും ശക്തമായൊരു സ്തംഭമായി ഉയർന്നുവരുകയാണ്.
ഈ വർഷം, നമ്മൾ ഇന്ത്യ-ഫ്രാൻസ് ബന്ധത്തെ ഒരു 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു. നീസിൽ , പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഞാനും നമ്മുടെ പങ്കാളിത്തം എങ്ങനെ ആഗോള നന്മയ്ക്കുള്ള ഒരു ശക്തിയാക്കി മാറ്റാം എന്ന് ചർച്ച ചെയ്യുകയുണ്ടായി. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം എന്നിവ മുതൽ എഐ (AI), നിർണ്ണായക ധാതുക്കൾ , അതിവേഗ റെയിൽവേ വരെയുള്ള വിപുലമായ തന്ത്രപ്രധാന മേഖലകളിൽ നമ്മൾ ഒരുമിച്ച് മുന്നേറുന്നത് തുടരും.
സുഹൃത്തുക്കളേ,
സൗരോർജ്ജത്തിലായാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ സഹകരണത്തിലായാലും, മനുഷ്യരാശിക്ക് മുഴുവൻ ഗുണം ചെയ്യുന്ന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യയും ഫ്രാൻസും ഒന്നിച്ച് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ വർഷം പാരീസിലും ഈ വർഷം ന്യൂഡൽഹിയിലും നമ്മൾ എഐ ഉച്ചകോടിയുടെ സഹ-അധ്യക്ഷന്മാരായിരുന്നു.
അടുത്ത വർഷം 'തൃഷ്ണ' (TRISHNA) ഉപഗ്രഹം സംയുക്തമായി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ ഇപ്പോൾ. ഈ ദൗത്യം ആഗോള ഭക്ഷ്യ-ജല സുരക്ഷയ്ക്ക് വലിയ സംഭാവന നൽകും.
സുഹൃത്തുക്കളേ,
ഇരു ഗവൺമെന്റുകളും തമ്മിലുള്ള എല്ലാ സംരംഭങ്ങളിലും നിങ്ങളുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും ശക്തമായ പാലമാണ് നിങ്ങൾ. രണ്ട് സമൂഹങ്ങളെയും രണ്ട് വിപണികളെയും കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. വരും വർഷങ്ങളിൽ പ്രതിഭ , വ്യാപാരം , സാങ്കേതികവിദ്യ, വിനോദസഞ്ചാരം , നിക്ഷേപം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങളുടെ പങ്ക് ഇനിയും ഏറെ നിർണ്ണായകമാകും.
സുഹൃത്തുക്കളേ,
പങ്കിട്ട ചരിത്രം, പങ്കിട്ട മൂല്യങ്ങൾ, പരസ്പര വിശ്വാസം എന്നിവയിലൂടെയാണ് ഇന്ത്യയും ഫ്രാൻസും കൂടുതൽ അടുത്തത്. ലോകമഹായുദ്ധങ്ങളിൽ ഫ്രഞ്ച് മണ്ണിൽ പരമോന്നത ത്യാഗം ചെയ്ത ഇന്ത്യൻ സൈനികരുടെ ഓർമ്മകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ഒരു ബന്ധമായി ഇന്നും നിലനിൽക്കുന്നു.
ന്യൂവ്-ചാപ്പലിൽ (Neuve-Chapelle) ആദരാഞ്ജലികൾ അർപ്പിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മാഴ്സെയിലെ (Marseille) യുദ്ധസ്മാരകം സന്ദർശിക്കാനും എനിക്ക് അവസരം ലഭിച്ചു. ഈ സ്ഥലങ്ങൾ നമ്മുടെ പങ്കിട്ട പൈതൃകത്തിന്റെ അടയാളങ്ങളാണ്.
ഫ്രാൻസ് ഭാരതീയരുടെ സംഭാവനകളെ സംരക്ഷിക്കുക മാത്രമല്ല, അവയെ ഏറെ വിലമതിക്കുകയും ചെയ്യുന്നുണ്ട്. ഫ്രഞ്ച് പ്രതിരോധത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച നൂർ ഇനായത് ഖാനാകട്ടെ, അല്ലെങ്കിൽ മഹാരാജാ രഞ്ജിത് സിംഗിനൊപ്പം പ്രവർത്തിച്ച ജീൻ ഫ്രാൻസ്വ അലാർഡാകട്ടെ , രണ്ടുപേരും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കിട്ട പൈതൃകത്തിന്റെ ശാശ്വതമായ പ്രതീകങ്ങളാണ്.
ഫ്രഞ്ച് പൈതൃകത്തിന്റെ സ്വാധീനം ഇന്ത്യൻ സംസ്ഥാനമായ പുതുച്ചേരിയിലും കാണാൻ സാധിക്കും. അവിടുത്തെ വാസ്തുവിദ്യ, കല, സംസ്കാരം, വിഭവങ്ങൾ എന്നിവയെല്ലാം നമ്മുടെ പങ്കിട്ട ചരിത്രത്തിന്റെ ശാശ്വതമായ സ്വാധീനത്തെയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അടുത്ത ബന്ധത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
സുഹൃത്തുക്കളേ,
ഈ സമയത്ത്, ഫ്രാൻസ് ഉൾപ്പെടെ ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനത്തിനായുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്. ഈ അവസരത്തിൽ, ഫ്രാൻസിൽ യോഗയുടെ പ്രചാരണത്തിനായി വലിയ പങ്കുവഹിച്ച അന്തരിച്ച ശ്രീ. മഹേഷ് ഘത്രാദ്യാളിന് ഞാൻ എന്റെ ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നു. നൂറാം വയസ്സിലും യോഗയിലൂടെ ഫ്രാൻസിനെ ഇന്ത്യയുടെ പൈതൃകവുമായി ബന്ധിപ്പിച്ച പത്മ പുരസ്കാര ജേതാവ് ശ്രീമതി ഷാർലറ്റ് ചോപ്പിനും ഞാൻ എന്റെ പ്രണാമം അർപ്പിക്കുന്നു. അവരുടെ ജീവിതം തെളിയിക്കുന്നത് ഇതാണ്: “യോഗ ജീവിതത്തിലേക്ക് വർഷങ്ങളെ കൂട്ടിച്ചേർക്കുകയല്ല ചെയ്യുന്നത്, പകരം വർഷങ്ങളിലേക്ക് ജീവിതത്തെ കൂട്ടിച്ചേർക്കുകയാണ്.”
സുഹൃത്തുക്കളേ,
ശ്രീ. ഫ്രെഡ് നെഗ്രിറ്റിനെയും ഞാൻ അതീവ ആദരവോടും ബഹുമാനത്തോടും കൂടി ഓർക്കുന്നു. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ യഥാർത്ഥത്തിൽ വിലമതിക്കാനാവാത്തതാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, അതാണ് ഫുട്ബോൾ. ഇപ്പോൾ ഇവിടെ ഫുട്ബോൾ ജ്വരം അതിന്റെ പരകോടിയിലാണ്. ഫ്രാൻസിലുടനീളം അതിനായുള്ള ആവേശം ദൃശ്യമാണ്. എന്നാൽ ഇന്ത്യയിലും ഫുട്ബോളിനോടുള്ള ഭ്രമം വളരെ ആഴത്തിലുള്ളതാണ്.
ഫ്രഞ്ച് ടീമിന് ഇന്ത്യയിലും വളരെ വലിയൊരു ആരാധകവൃന്ദമുണ്ട് . ഈ ലോകകപ്പ് കാമ്പെയ്ൻ ഫ്രാൻസ് ആരംഭിച്ചിരിക്കുന്നത് ഉജ്ജ്വലമായ ഒരു വിജയത്തോടെയാണ്. ഫ്രഞ്ച് ടീമിന് ഞാൻ എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
സുഹൃത്തുക്കളേ,
ഞാൻ ഇവിടെ നിന്ന് മടങ്ങുന്നതിന് മുൻപ്, നിങ്ങൾക്ക് ഏവർക്കുമായി കുറച്ചുകൂടി നല്ല വാർത്തകൾ പങ്കുവെക്കാനുണ്ട്. ഇവ പ്രത്യേകിച്ചും നിങ്ങൾക്കുള്ളതാണ്. കഴിഞ്ഞ വർഷം മാഴ്സെയിൽ (Marseille) ഒരു കോൺസുലേറ്റ് ആരംഭിക്കുകയുണ്ടായി, ഇത് കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ, ഏതാനും ആഴ്ചകൾക്ക് മുൻപ് ഫ്രഞ്ച് വിമാനത്താവളങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കായി വിസ രഹിത ട്രാൻസിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും ചലനാത്മകത വർദ്ധിപ്പിക്കുന്നതിലായാലും, വിദ്യാഭ്യാസ യോഗ്യതകളുടെ പരസ്പര അംഗീകാരം മുന്നോട്ട് കൊണ്ടുപോകുന്നതിലായാലും, അല്ലെങ്കിൽ ഫ്രഞ്ച് സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കാൻ അവസരമൊരുക്കുന്നതിലായാലും, ഈ എല്ലാ മേഖലകളിലും നമ്മൾ ഒന്നിച്ച് മുന്നേറുകയാണ്.
മാത്രമല്ല , ഫ്രാൻസിലെ യുപിഐ (UPI) ഉപയോഗത്തിന്റെ വ്യാപ്തി ഇനിയും വിപുലീകരിക്കാൻ പോവുകയാണ്. ഇതിനർത്ഥം ഇന്ത്യ-ഫ്രാൻസ് കണക്റ്റിവിറ്റിയും പരസ്പരമുള്ള പേയ്‌മെന്റുകളും ഇനി തൽക്ഷണമായി മാറും എന്നാണ്!
സുഹൃത്തുക്കളേ,
ഈ എല്ലാ സംരംഭങ്ങളിലൂടെയും നമ്മൾ ഇന്ത്യയെയും ഫ്രാൻസിനെയും കൂടുതൽ അടുപ്പിക്കുകയാണ്. ഈ പങ്കാളിത്തത്തിന്റെ അടിത്തറയും ഈ ബന്ധത്തിന്റെ യഥാർത്ഥ കരുത്തും നിങ്ങൾ ഓരോരുത്തരുമാണെന്ന് ഞാൻ ഒരിക്കൽ കൂടി പറയും. നിങ്ങളെല്ലാവരും എന്റെ സഹനാട്ടുകാരാണ്.
ഇന്ന്, ഇന്ത്യ ഒരു വികസിത രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുമ്പോൾ, ഇന്ത്യയുമായുള്ള നിങ്ങളുടെ സമ്പർക്കം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഞാൻ നിങ്ങളോട് ഏവരോടും അഭ്യർത്ഥിക്കുന്നു. ഇത് ഇന്ത്യയുടെ വികസന യാത്രയ്ക്ക് പുതിയ കരുത്ത് പകരും, ഒപ്പം നിങ്ങളുടെ പൂർവ്വികരുടെ നാടിനെ സേവിക്കാനുള്ള അവസരവും നിങ്ങൾക്ക് നൽകും.
ഈ വാക്കുകളോടെ, നിങ്ങളുടെ സ്നേഹത്തിനും ആവേശത്തിനും ഈ ഹൃദ്യവും ഊഷ്മളവുമായ സ്വീകരണത്തിനും ഞാൻ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.
ഭാരത് മാതാ കീ ജയ്!
വളരെയധികം നന്ദി.
നിരാകരണം -പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് നടത്തിയത്.
***
SK
(रिलीज़ आईडी: 2276956)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada