ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ഡി സഞ്ജയ് കുമാർ ന്യൂഡൽഹിയിൽ പുതിയ സി.ഐ.എസ്.എഫ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു

प्रविष्टि तिथि: 22 JUN 2026 3:52PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര സഹമന്ത്രി  ബണ്ഡി സഞ്ജയ് കുമാർ ഇന്ന് ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള സി.ജി.ഒ  കോംപ്ലക്സിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്‍റെ (CISF) പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു. സി.ഐ.എസ്.എഫിന്‍റെ  136.03 കോടി രൂപ വിലമതിക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ചടങ്ങിൽ  അദ്ദേഹം നിർവ്വഹിച്ചു.
 


 
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേക, സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ പ്രവീർ രഞ്ജൻ, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ, സി.പി.ഡബ്ല്യു.ഡി, എസ്.ബി.ഐ  ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫിന്‍റെ മുൻ ഡയറക്ടർ ജനറൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ്  (CPWD) ഏകദേശം 75.78 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ സി.ഐ.എസ്.എഫ് ആസ്ഥാന മന്ദിരം, സേനയുടെ ഭരണപരവും  തന്ത്രപരവുമായ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒമ്പത് നിലകളുള്ള ഈ കെട്ടിടത്തിൽ ഡയറക്ടർ ജനറലിന്‍റെ ഓഫീസും സേനയുടെ വിവിധ ശാഖകളും, കൺട്രോൾ റൂം, കോൺഫറൻസ് സൗകര്യങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി, ജിംനേഷ്യം, മറ്റ് അത്യാധുനിക സൗകര്യങ്ങൾ എന്നിവയും  ഉണ്ടായിരിക്കും.
 

 
പൂർത്തിയായ മറ്റ് മൂന്ന് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ  ശ്രീ ബണ്ഡി സഞ്ജയ് കുമാർ നിർവ്വഹിച്ചു:

 

  • ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിൽ (NISA) 34.22 കോടി രൂപ ചെലവിൽ നിർമ്മിച്ച സബോർഡിനേറ്റ് ഓഫീസേഴ്സ് മെസ് (ആദിത്യ);
  • ഹൈദരാബാദിലെ NISA-യിൽ തന്നെ 20.53 കോടി രൂപ ചെലവിൽ നിർമ്മിച്ച അഡ്വാൻസ്ഡ് ട്രെയിനിംഗ് ബിൽഡിംഗ് (അഭ്യാസ്);
  • തമിഴ്‌നാട്ടിലെ ശിവഗംഗൈ, അമരാവതിപുരത്തുള്ള ഫോർത്ത് റിസർവ് ബറ്റാലിയനിൽ 5.50 കോടി രൂപ ചെലവിൽ നിർമ്മിച്ച സബോർഡിനേറ്റ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ്  


 വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി പ്രകാരം,  മരണപ്പെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപയുടെ സാമ്പത്തിക സഹായം ചടങ്ങിൽ കൈമാറി. 'സംരക്ഷിക ' (Sanrakshika), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭത്തിലൂടെ സേനാംഗങ്ങളുടെ ആശ്രിതരായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത മോട്ടോറൈസ്ഡ് വീൽചെയറുകളും സമ്മാനിച്ചു.

 



 

 സി.എ.പി.എഫ്  ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തോടുള്ള സർക്കാരിന്‍റെ  പ്രതിജ്ഞാബദ്ധത ആഭ്യന്തര സഹമന്ത്രി ബണ്ഡി സഞ്ജയ് കുമാർ തന്‍റെ പ്രസംഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി. പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി  അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും സി.എ.പി.എഫുകാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ സി.എ.പി.എഫ്, സി.എ.പി.എഫ്.ഐ.എം.എസ് (CAPFIMS) എന്നിവയിലൂടെയുള്ള കാഷ്‌ലെസ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, സി.എ.പി.എഫ് ഇ-ആവാസ് (CAPF e-Awas) പോർട്ടൽ വഴിയുള്ള സുതാര്യമായ ഭവന വിതരണം, ജോലിക്കിടെ വൈകല്യം സംഭവിച്ച ഉദ്യോഗസ്ഥർക്ക് അന്തസ്സോടെയും പുരോഗതിയോടെയും പൂർണ്ണ സേവന ആനുകൂല്യങ്ങളോടെയും ജോലിയിൽ തുടരാൻ വഴിയൊരുക്കുന്ന മാനുഷിക പരിഗണനയുള്ള ഡിസെബിലിറ്റി പോളിസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാനസികാരോഗ്യ പിന്തുണയ്ക്കായുള്ള പ്രോജക്ട് മൻ (Project MANN), കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ ശൃംഖലയിലൂടെ സാമ്പത്തിക ആശ്വാസം നൽകുന്ന നടപടികൾ തുടങ്ങിയ സംരംഭങ്ങളെയും ശ്രീ ബണ്ഡി സഞ്ജയ് കുമാർ അഭിനന്ദിച്ചു.

 



 

 സി.ഐ.എസ്.എഫ്  ഡയറക്ടർ ജനറൽ  പ്രവീർ രഞ്ജൻ, സുരക്ഷാ വെല്ലുവിളികളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ചും ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ സേന സജ്ജമാണെന്നതിനെക്കുറിച്ചും ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സൈബർ ആക്രമണങ്ങൾ, ഡിജിറ്റൽ അട്ടിമറികൾ, ഡ്രോണുകൾ, മറ്റ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള അപകടസാധ്യതകൾ  പോലുള്ള ഹൈബ്രിഡ് ഭീഷണികളാണ് ആധുനിക സുരക്ഷാ ആശങ്കകളിൽ കൂടുതലായി ഉൾപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപവർഷങ്ങളിൽ ആഭ്യന്തര മന്ത്രാലയം സി.ഐ.എസ്.എഫിനെ നിരവധി പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്‍റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡിന് കീഴിൽ സി.ഐ.എസ്.എഫിനെ ഒരു അംഗീകൃത സുരക്ഷാ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ എടുത്തുപറഞ്ഞു. ഇത് രാജ്യത്തെ പ്രധാന തുറമുഖങ്ങളുടെ സുരക്ഷാ ഓഡിറ്റുകളും വിലയിരുത്തലുകളും നടത്തുന്നതിനും, രാജ്യത്തെ വളർന്നുവരുന്ന ബ്ലൂ ഇക്കോണമിക്ക് (സമുദ്ര സമ്പദ്‌വ്യവസ്ഥ) സുരക്ഷ ഉറപ്പാക്കുന്നതിൽ പങ്കുവഹിക്കുന്നതിനും സേനയെ പ്രാപ്തമാക്കുന്നു. ജമ്മു കശ്മീരിലെ അതീവ സുരക്ഷാ തിരുത്തൽ കേന്ദ്രങ്ങളുടെ (correctional facilities) സുരക്ഷാചുമതല സേന ഏറ്റെടുത്തിട്ടുണ്ടെന്നും ആഭ്യന്തര സുരക്ഷാ മാനേജ്‌മെന്റിൽ തങ്ങളുടെ പങ്ക് വിപുലീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു .

 



 

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, ആർ.ടി.സി ബെഹ്‌റോറിനെ ഡ്രോൺ, ആന്റി ഡ്രോൺ സാങ്കേതികവിദ്യകൾക്കായുള്ള മികവിന്റെ കേന്ദ്രമായി (Centre of Excellence) ആയി വികസിപ്പിച്ചെടുക്കുകയാണെന്ന് ശ്രീ പ്രവീർ രഞ്ജൻ അറിയിച്ചു. അക്രമകാരികളായ ഡ്രോൺ ഭീഷണികളിൽ നിന്ന് നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നോഡൽ ഏജൻസിയായും സി.ഐ.എസ്.എഫിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഐ.ഐ.ടി മദ്രാസ് പ്രവർത്തക്, ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (NFSU), സി-ഡാക് (C-DAC) എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക സൈബർ സുരക്ഷാ ടീമുകൾക്ക് പരിശീലനം നൽകി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സേനയിൽ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ചുവടുവെപ്പായി, ഹരിയാനയിലെ നൂഹിൽ 1,024 അംഗങ്ങളുള്ള സി.ഐ.എസ്.എഫിന്‍റെ ആദ്യത്തെ സമ്പൂർണ്ണ വനിതാ റിസർവ് ബറ്റാലിയൻ രൂപീകരിക്കുന്നതിന് മന്ത്രാലയം അംഗീകാരം നൽകിയ കാര്യവും ഡയറക്ടർ ജനറൽ എടുത്തുപറഞ്ഞു.

രാജ്യം വന്ദേമാതരത്തിന്‍റെ 150-ാം വാർഷിക വർഷത്തിലേക്ക് അടുക്കുന്ന വേളയിൽ നടന്ന ഈ ചടങ്ങ്, രാജ്യസേവനം, സുരക്ഷ, രാഷ്ട്രനിർമ്മാണം എന്നിവയോടുള്ള സേനയുടെ നിരന്തരമായ പ്രതിബദ്ധതയെ പ്രതീകവൽക്കരിക്കുന്നതിനാൽ ഏറെ സവിശേഷമായ പ്രാധാന്യമർഹിക്കുന്നു. 

 
****

(रिलीज़ आईडी: 2276845) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Gujarati , Tamil , Telugu