രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജബൽപൂരിലെ റാണി ദുർഗ്ഗാവതി സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

प्रविष्टि तिथि: 21 JUN 2026 4:06PM by PIB Thiruvananthpuram
മധ്യപ്രദേശിലെ ജബൽപൂരിലുള്ള റാണി ദുർഗ്ഗാവതി സർവ്വകലാശാലയുടെ ഇന്ന് (2026 ജൂൺ 21) നടന്ന 36-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു.
 
 
ഏതൊരു വ്യക്തിയുടേയും അല്ലെങ്കിൽ സമൂഹത്തിൻ്റേയും വികസനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വിദ്യാഭ്യാസമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. അതിനാൽ ഗോത്രവർഗ്ഗ സമൂഹത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്കായി പരിശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ഗോത്ര മേഖലയിലെ യുവജനങ്ങൾക്ക് അവരുടെ തനത് സ്വത്വവും സവിശേഷതകളും അതിൻ്റെ യഥാർത്ഥ രൂപത്തിൽ നിലനിർത്തുന്നതോടൊപ്പം തന്നെ, ആധുനിക വികസനത്തിൽ പങ്കാളികളാകാനുള്ള അവസരവും ലഭിക്കുന്നുണ്ടെന്ന് നമ്മൾ കൂട്ടായി ഉറപ്പാക്കണം. കൂടാതെ, ഗോത്രവർഗ്ഗ സമൂഹത്തിൻ്റെ പരമ്പരാഗത നൈപുണ്യങ്ങളും അറിവുകളും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടതുണ്ട്. ഗോത്ര വിജ്ഞാനത്തേയും കരകൗശല പാരമ്പര്യങ്ങളേയും കുറിച്ചുള്ള സമഗ്രമായ പഠനം രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രയോജനകരമായിരിക്കും. റാണി ദുർഗ്ഗാവതി സർവ്വകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രമങ്ങൾ നടത്തണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
 
 
വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നവീകരണത്തിൻ്റേയും ഗവേഷണത്തിൻ്റേയും പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ചിന്തയും ശാസ്ത്രബോധവും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കുക എന്നത് ഈ സ്ഥാപനങ്ങളുടെ സുപ്രധാന ഉത്തരവാദിത്തമാണ്. ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യങ്ങൾ, ഭാഷകൾ എന്നിവയെക്കുറിച്ചുള്ള അഭിമാനബോധം വിദ്യാർത്ഥികളിൽ വളർത്തേണ്ടതും ഈ സ്ഥാപനങ്ങളുടെ കടമയാണ്. ആധുനികതയുടേയും പാരമ്പര്യത്തിൻ്റേയും മികച്ച സമന്വയത്തിലൂടെ മാത്രമേ രാജ്യത്തിൻ്റെ സന്തുലിതമായ വികസനം സാധ്യമാകൂ എന്നും അവർ പറഞ്ഞു.
 
 
രാജ്യത്തിനും സമൂഹത്തിനും പ്രയോജനകരമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് രാഷ്ട്രപതി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വികസനം, ശുചിത്വം, സാമൂഹിക ഐക്യം തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തിന് ഏറെ ഗുണം ചെയ്യും. ഇത്തരം വിഷയങ്ങളിലെ പഠനങ്ങളും ഗവേഷണങ്ങളും രാജ്യത്തിൻ്റെ വികസനത്തിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
 
 
ഇന്ന് ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ഭാഷയും ജീവിതശൈലിയും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ചില ശാശ്വത മൂല്യങ്ങൾ എപ്പോഴും നമുക്ക് കരുത്ത് പകരുന്നുണ്ടെന്ന കാര്യം നാം മറക്കരുത്. ഇന്ത്യൻ സംസ്‌കാരത്തിൻ്റെ മൂല്യങ്ങളും ആദർശങ്ങളും ജീവിതത്തിൻ്റെ അടിസ്ഥാനമാക്കണമെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. സത്യം, അഹിംസ, കാരുണ്യം, സേവനം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങൾ എല്ലാ കാലഘട്ടത്തിലും നമ്മുടെ ആത്മബോധത്തിൻ്റെ കാതലായ ഭാഗമായിരുന്നുവെന്ന് അവർ പറഞ്ഞു. ഈ മൂല്യങ്ങൾ സ്വീകരിക്കുന്നതിലൂടെ ഏത് പ്രതിസന്ധി ഘട്ടങ്ങളേയും ദൃഢനിശ്ചയത്തോടെ നേരിടാനും മാതൃകാ പൗരന്മാരാകാനും രാഷ്ട്രനിർമ്മാണത്തിൽ ഗണ്യമായ സംഭാവനകൾ നൽകാനും സാധിക്കുമെന്ന് അവർ പറഞ്ഞു.
 
വിദ്യാർത്ഥികൾ അവരുടെ കുടുംബങ്ങളുടേയോ സർവ്വകലാശാലകളുടേയോ പ്രതിനിധികൾ മാത്രമല്ല, മറിച്ച് രാജ്യത്തിൻ്റെ അഭിലാഷങ്ങളുടേയും ഭാവിയുടേയും ശില്പികളാണെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ അറിവിലൂടെയും ഊർജ്ജത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാകൂ. അവരുടെ വിദ്യാഭ്യാസവും കഴിവുകളും വ്യക്തിപരമായ വിജയത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിൻ്റെ വലിയ നന്മയ്ക്ക് വേണ്ടി കൂടി വിനിയോഗിക്കാൻ അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ചുറ്റുമുള്ള പിന്നാക്ക-ഗ്രാമീണ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനും, അവരുടെ ആവശ്യങ്ങൾക്കനുസൃതമായ പരിഹാരങ്ങൾ കണ്ടെത്താനും, അവരെ ശാക്തീകരിക്കാനും വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ സംഭാവനകൾ നൽകാനും രാഷ്‌ട്രപതി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
 
 
ഡിജിറ്റൽ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, ഹരിത ഊർജ്ജം, ബഹിരാകാശ ഗവേഷണം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോള തലത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രീമതി മുർമ്മു  യുവജനങ്ങളോട് ആവശ്യപ്പെട്ടു. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും അവർ യുവതലമുറയോട് ആവശ്യപ്പെട്ടു. ജലം, വനം, ഭൂമി എന്നിവയുടെ സംരക്ഷണം, ശുദ്ധ ഊർജ്ജത്തിൻ്റെ ഉപയോഗം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം എന്നിവയോടുള്ള പ്രതിബദ്ധത ജീവിതയാത്രയുടെ അവിഭാജ്യ ഘടകമായിരിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-
 
***
 

(रिलीज़ आईडी: 2276310) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil