പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ; അവർക്ക് ദീർഘായുസ്സും മികച്ച ആരോഗ്യവും ആശംസിക്കുന്നു: പ്രധാനമന്ത്രി
പഹദ്പൂർ ഗ്രാമം സൗരോർജ്ജ ഗ്രാമമായി അതിവേഗം വികസിപ്പിക്കും; ഇവിടെയുള്ള എല്ലാ വീടുകളിലും സൗരോർജ്ജം ഉറപ്പാക്കും: പ്രധാനമന്ത്രി
കിഴക്കൻ ഇന്ത്യയുടെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ കാഴ്ചപ്പാട്: പ്രധാനമന്ത്രി
ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായി ഞങ്ങൾ ഗോത്രവർഗ്ഗ യുവാക്കളെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങളുമായി ബന്ധിപ്പിക്കുന്നു: പ്രധാനമന്ത്രി
ഈ വിഭാഗത്തിലെ കുട്ടികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാകണം; ഇതിനായി രാജ്യത്തുടനീളം അഞ്ഞൂറോളം ഏകലവ്യ മോഡൽ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
प्रविष्टि तिथि:
20 JUN 2026 4:31PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.
ഒഡീഷയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അടുത്തിടെ സമാപിച്ച രാജാ ഉത്സവവും, മയൂർഭഞ്ചിലെ പ്രശസ്തമായ ബാരിപാദ രഥയാത്ര ഉൾപ്പെടെയുള്ള ഭഗവാൻ ജഗന്നാഥന്റെ പവിത്രമായ രഥയാത്രയ്ക്കായുള്ള ഒരുക്കങ്ങളും ചേർന്ന് സംസ്ഥാനം ഇപ്പോൾ ആഘോഷ ലഹരിയിലാണെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ രണ്ടു വർഷം പൂർത്തിയായ വേളയിൽ ഒഡീഷയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, "ഡബിൾ എഞ്ചിൻ ഗവൺമെന്റ് സംസ്ഥാനത്തിന്റെ വികസന യാത്രയ്ക്ക് ആക്കം കൂട്ടുകയാണെന്നും ക്ഷേമപദ്ധതികൾ, നിക്ഷേപങ്ങൾ, വ്യവസായ വളർച്ച, തൊഴിലവസരങ്ങൾ എന്നിവയിലൂടെ സാധാരണ പൗരന്മാരുടെ ജീവിതം മാറ്റിമറിക്കുകയാണെന്നും" പറഞ്ഞു.
സന്താലി ഭാഷയിലെ ഒൽ ചിക്കി ലിപിയുടെ സ്രഷ്ടാവ് പണ്ഡിറ്റ് രഘുനാഥ് മുർമു, ഡോ. ദമയന്തി ബെസ്ര, ശ്രീ ചരൺ ഹെംബ്രം എന്നിവരുൾപ്പെടെ ഒഡീഷയിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ഭരണഘടന സന്താലി ഭാഷയിൽ അവതരിപ്പിച്ചത് ഉൾപ്പെടെ, സന്താലി ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഹൃദയംഗമമായ ജന്മദിനാശംസകൾ നേർന്ന ശ്രീ മോദി, മയൂർഭഞ്ചിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്കുള്ള അവരുടെ വളർച്ച ഒഡീഷയ്ക്കും രാജ്യത്തിനും വലിയ അഭിമാനമാണെന്ന് വിശേഷിപ്പിച്ചു. ജനസേവനത്തോടുള്ള അവരുടെ സമർപ്പണത്തെയും വിനയത്തെയും രാഷ്ട്രനിർമ്മാണത്തോടുള്ള പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. രാഷ്ട്രപതിയോടൊപ്പം പഹദ്പൂർ സന്ദർശിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, അവരുടെ മാർഗ്ഗനിർദ്ദേശത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായുള്ള സംവാദം പരാമർശിച്ചു. "രാഷ്ട്രപതി മുർമുവിന്റെ പ്രചോദനാത്മകമായ സാന്നിധ്യം കുട്ടികളിൽ, പ്രത്യേകിച്ച് ഗോത്രവർഗ്ഗ, പിന്നാക്ക, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരിൽ ആത്മവിശ്വാസവും അഭിലാഷവും വളർത്തുന്നു," ശ്രീ മോദി എടുത്തുപറഞ്ഞു
പഹദ്പൂർ ഗ്രാമം സൗരോർജ്ജ ഗ്രാമമായി വികസിപ്പിക്കുമെന്നും എല്ലാ വീടുകളിലും സൗരോർജ്ജ ഉൽപ്പാദനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി ചടങ്ങിൽ പ്രഖ്യാപിച്ചു. ഒഡീഷയിലെ പ്രശസ്തമായ കൊണാർക്ക് സൂര്യക്ഷേത്രവുമായി ഇതിനെ ഉപമിച്ച അദ്ദേഹം പഹദ്പൂർ രാജ്യത്തിന് തന്നെ മാതൃകയായ സൗരോർജ്ജ ഗ്രാമമായി മാറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ഒഡീഷ ഗവണ്മെന്റിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വിവിധ മേഖലകളിൽ സംസ്ഥാനം അതിവേഗ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. "ഇന്ത്യയുടെ വികസനത്തിനായി കിഴക്കൻ ഇന്ത്യയുടെ വികസനം" എന്ന കേന്ദ്ര ഗവണ്മെന്റിന്റെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിക്കുകയും "പൂർവ്വോദയ" നയം കിഴക്കൻ സംസ്ഥാനങ്ങളുടെ അനന്ത സാധ്യതകൾ തുറന്നുനൽകുകയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. "റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേകൾ, സാമ്പത്തിക ഇടനാഴികൾ, തുറമുഖങ്ങൾ, ഊർജ്ജം, അർദ്ധചാലകങ്ങൾ, ഹരിത ഊർജ്ജം, ആധുനിക വ്യവസായങ്ങൾ എന്നിവയിലെ റെക്കോർഡ് നിക്ഷേപത്തിലൂടെ ഈ ശക്തി പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഒന്നിച്ച് പ്രവർത്തിക്കുകയാണ്," ശ്രീ മോദി അടിവരയിട്ടു. "ഏകദേശം 47,000 കോടി രൂപയുടെ പരിവർത്തന പദ്ധതികൾ ഒഡീഷയിലെ ജനങ്ങളുടെ കണക്റ്റിവിറ്റി, പൊതു സേവനങ്ങൾ, സാമ്പത്തിക അവസരങ്ങൾ, ജീവിത നിലവാരം എന്നിവ ഗണ്യമായി മെച്ചപ്പെടുത്തും. ഒഡീഷ കിഴക്കൻ ഇന്ത്യയിലെ വളർച്ചയുടെയും അഭിവൃദ്ധിയുടെയും പ്രവേശന കവാടമായി ഉയർന്നുവരുകയാണെന്നും വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അത് പ്രധാന പങ്ക് വഹിക്കുമെന്നും" ശ്രീ മോദി കൂട്ടിച്ചേർത്തു.
ഒഡീഷയുടെ സമൃദ്ധമായ വിഭവങ്ങളെ വളർച്ചയ്ക്കും പുരോഗതിയ്ക്കുമുള്ള അവസരങ്ങളാക്കി ഗവൺമെന്റ് മാറ്റുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വൻതോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സംസ്ഥാനത്തുടനീളം വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'ഉത്കർഷ് ഒഡീഷ' പോലുള്ള ഉദ്യമങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടി. “ഈ സംരംഭത്തിന് കീഴിൽ, ഒഡീഷയ്ക്ക് ഇതിനകം തന്നെ ഏകദേശം 20 ലക്ഷം കോടി രൂപ നിക്ഷേപത്തിനുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്, കൂടാതെ 3.5 ലക്ഷം കോടി രൂപയിലധികം വരുന്ന നിരവധി വൻകിട പദ്ധതികൾ നടപ്പിലാക്കിവരികയാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളാണ് നടക്കുന്നത്”, ശ്രീ മോദി ചൂണ്ടിക്കാട്ടി.
ഊർജ്ജ മേഖലയിൽ 6,000 കോടിയിലധികം രൂപ നിക്ഷേപിക്കുന്നുണ്ടെന്നും 'സമൃദ്ധ നഗര പദ്ധതി'യിലൂടെ നഗരവികസനം ത്വരിതപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ സംരംഭങ്ങൾ വരും വർഷങ്ങളിൽ മികച്ച ഫലം നൽകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഡബിൾ എഞ്ചിൻ ഗവണ്മെന്റിന്റെ കരുത്ത് എടുത്തുപറഞ്ഞ പ്രധാനമന്ത്രി മോദി, ഭരണം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നും, തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പൗരന്മാർക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നുവെന്നും വ്യക്തമാക്കി. തൽഫലമായി, യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും സാധാരണ പൗരന്മാരുടെയും അഭിലാഷങ്ങൾ കൂടുതലായി നിറവേറ്റപ്പെടുകയാണ്.
ഒഡീഷ ഗവണ്മെന്റിന്റെ നിരവധി പ്രധാന ക്ഷേമ പദ്ധതികൾ ശ്രീ മോദി എടുത്തുപറഞ്ഞു; കർഷകർക്ക് ക്വിന്റലിന് 3,100 രൂപ നിരക്കിൽ നെല്ല് സംഭരിക്കൽ, 'സുഭദ്ര യോജന'യിലൂടെ ഒരു കോടിയിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി 'ആയുഷ്മാൻ ഭാരത്' നടപ്പിലാക്കൽ, 'മാധോ സിംഗ് ഹാത്ത് ഖർച്ച യോജന'യിലൂടെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകൽ, ഭക്തരുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് കവാടങ്ങളും പുനർനാമകരണം ചെയ്ത് തുറന്നുകൊടുത്തത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലയിലുടനീളം അടുത്തിടെ നടന്ന ശുചിത്വ കാമ്പെയ്‌നെ അഭിനന്ദിച്ച അദ്ദേഹം "ശുചിത്വത്തിലൂടെ സ്വാഗതം" എന്ന സംരംഭം ഏറെ പ്രശംസനീയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഗോത്രവർഗ്ഗ ക്ഷേമത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി മോദി, ഗോത്രവർഗ്ഗ മേഖലകളുമായുള്ള തന്റെ ദീർഘകാല ബന്ധം അനുസ്മരിക്കുകയും ഗോത്രവർഗ്ഗ സമൂഹങ്ങൾക്കിടയിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ വർഷങ്ങളുടെ സേവനത്തെ അംഗീകരിക്കുകയും ചെയ്തു. “ഗോത്രവർഗ്ഗ മേഖലകൾ ചരിത്രപരമായി അടിസ്ഥാന സേവനങ്ങളിൽ നിന്നും അടിസ്ഥാന സൗകര്യങ്ങളിൽ നിന്നും പിന്നാക്കം നിൽക്കുകയായിരുന്നു. ഇത് ഗോത്രവർഗ്ഗ വികസനത്തെ തന്റെ ഗവണ്മെന്റിന്റെ പ്രധാന മുൻഗണനയാക്കി മാറ്റി. 'ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ' കീഴിൽ, ഗോത്രവർഗ്ഗ ഗ്രാമങ്ങളിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യം, വിദ്യാഭ്യാസം, റോഡുകൾ, ഭവന നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു,” ശ്രീ മോദി അടിവരയിട്ടു.
രാഷ്‌ട്രപതി മുർമുവുമായുള്ള ചർച്ചകളിൽ നിന്നാണ് 'പിഎം ജൻമൻ' മിഷൻ രൂപപ്പെട്ടതെന്നും, ഇത് പ്രത്യേകം ദുർബലരായ ഗോത്രവർഗ്ഗ സംഘങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി; ഇത് ഗവൺമെന്റ് സേവനങ്ങൾ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ഗോത്രവർഗ്ഗ സമൂഹങ്ങളുടെ വീട്ടുപടിക്കലേയ്ക്ക് നേരിട്ട് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
ഗോത്രവർഗ്ഗ യുവാക്കൾക്കായുള്ള വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, രാജ്യത്തുടനീളം അഞ്ഞൂറോളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും ഏകദേശം 750 സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് തലങ്ങളിലായി 1.5 കോടിയിലധികം ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് കോടിക്കണക്കിന് രൂപയുടെ സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. മയൂർഭഞ്ച് ജില്ലയിൽ ഒരു ജവഹർ നവോദയ വിദ്യാലയം കൂടി സ്ഥാപിക്കുന്നതിന് അനുമതി നൽകിയതായും ശ്രീ മോദി പ്രഖ്യാപിച്ചു.
ഗോത്രവർഗ്ഗ സമൂഹങ്ങൾ നേരിടുന്ന ആരോഗ്യപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, വിദൂര പ്രദേശങ്ങളിൽ വലിയ ആശങ്കകൾ ഉയർത്തിയ 'സിക്കിൾ സെൽ അനീമിയ' പോലുള്ള രോഗങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ രോഗത്തിനെതിരെ ഗവൺമെന്റ് രാജ്യവ്യാപകമായി കാമ്പെയ്ൻ ആരംഭിക്കുകയും നാല് കോടിയിലധികം ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുകയും സൌജന്യ ചികിത്സ ഉറപ്പാക്കാൻ ദശലക്ഷക്കണക്കിന് ഗോത്രവർഗ്ഗ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ കാർഡുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 'ജൽ ജീവൻ മിഷൻ' ഗോത്രവർഗ്ഗ മേഖലകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വീടുകളിലേക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കുന്നു,” ശ്രീ മോദി എടുത്തുപറഞ്ഞു.
ഭാവിക്കായുള്ള രണ്ട് സുപ്രധാന നാഴികക്കല്ലുകൾ പ്രധാനമന്ത്രി പരാമർശിച്ചു: 2036-ൽ ഒഡീഷ രൂപീകരണത്തിന്റെ ശതാബ്ദിയും 2047-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയും. “ഒഡീഷയുടെ അഭിലാഷങ്ങളും ഇന്ത്യയുടെ അഭിലാഷങ്ങളും പരസ്പരം പൊരുത്തപ്പെട്ടുപോകുന്നവയാണ്, കൂടുതൽ ശക്തമായ ഒഡീഷ കരുത്തുറ്റ ഇന്ത്യയ്ക്ക് നേരിട്ട് സംഭാവന നൽകും”, അദ്ദേഹം പറഞ്ഞു. അറിവിന്റെയും യോഗ പാരമ്പര്യങ്ങളുടെയും ആഴത്തിലുള്ള ബന്ധമുള്ള മണ്ണാണ് ഒഡീഷയെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്ന കാര്യവും ഓർമ്മിപ്പിച്ചു. യോഗ ദിനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ളവരും വൻതോതിൽ പങ്കാളികളാകണമെന്നും യോഗയെ ജീവിതരീതിയായി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ചടങ്ങിൽ ഉദ്ഘാടനം ചെയ്യപ്പെടുകയും തുടക്കമിടുകയും ചെയ്ത വികസന പദ്ധതികളിൽ പ്രധാനമന്ത്രി മോദി ഒഡീഷയിലെ ജനങ്ങളെ അഭിനന്ദിക്കുകയും, തന്റെ കർമ്മഭൂമി സന്ദർശിക്കാനും മയൂർഭഞ്ചിലെ ജനങ്ങളുമായി സംവദിക്കാനും അവസരം നൽകിയതിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുകയും ചെയ്തു.
NK
*****
(रिलीज़ आईडी: 2275837)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Gujarati
,
Odia
,
Odia
,
Telugu
,
Kannada