സാങ്കേതികവിദ്യ കഥ പറയുമ്പോൾ: കഥാഖ്യാനത്തിൻ്റെ പുതിയ ചക്രവാളങ്ങൾ തുറന്ന് എംഐഎഫ്എഫിലെ എഐ ചിത്രങ്ങൾ
19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള (എംഐഎഫ്എഫ്) 2026, "ദി എഐ ഫിലിംസ്" എന്ന വിഭാഗത്തിന് കീഴിലുള്ള ചിത്രങ്ങളിലൂടെ, ചലച്ചിത്ര രംഗത്തെ നവീകരണത്തിൻ്റെ ചൈതന്യത്തെ ആഘോഷമാക്കി മാറ്റി. കഥാഖ്യാനം, സാങ്കേതികവിദ്യ, ഭാവന എന്നിവയുടെ വിപ്ലവകരമായ സംയോജനം പര്യവേക്ഷണം ചെയ്തുകൊണ്ട്, ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ, നിർമ്മിതബുദ്ധി എന്നത് സൃഷ്ടിപരമായ ഒരു പുതിയ കരുത്തുറ്റ ഉപകരണമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തെളിയിച്ചു. ചരിത്രം, പുരാണങ്ങൾ, വ്യക്തിപരമായ ഓർമ്മകൾ, സിനിമയ്ക്കുള്ളിലെ സിനിമ എന്നിങ്ങനെ അതിരുകൾ ഭേദിക്കുന്ന സങ്കീർണ്ണമായ ആഖ്യാനങ്ങളെ പര്യവേക്ഷണം ചെയ്യാൻ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെ ഈ സാങ്കേതികവിദ്യ എങ്ങനെ പ്രാപ്തമാക്കുന്നുവെന്ന് ഈ ചിത്രങ്ങൾ കാണിച്ചുതന്നു.

ചരിത്രപരമായ പോരാട്ടങ്ങളെക്കുറിച്ചുള്ള കഥകൾ ചിത്രീകരിച്ചുകൊണ്ടോ, സവിശേഷമായ ആനിമേഷൻ ശൈലികൾ ഉപയോഗിച്ചുകൊണ്ടോ, അല്ലെങ്കിൽ ഒരു സ്രഷ്ടാവിൻ്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആഴത്തിൽ പരിശോധിച്ചുകൊണ്ടോ, ഈ ചിത്രങ്ങൾ തെളിയിച്ചത് മനുഷ്യൻ്റെ സർഗ്ഗാത്മകതയ്ക്ക് എഐ പകരമാകുന്നില്ല എന്നാണ്. പകരം, പരമ്പരാഗത രീതികൾ ഉപയോഗിച്ച് നിർമ്മിക്കാൻ പ്രയാസമുള്ള കഥകൾ പറയാൻ ചലച്ചിത്ര പ്രവർത്തകർക്ക് ലഭിച്ച ശക്തമായൊരു പുതിയ ഉപകരണം മാത്രമാണ് ഇതെന്നും ഈ സിനിമകൾ തെളിയിച്ചു.

ദീപക് വിജയ് സംവിധാനം ചെയ്ത, "ലെജൻഡ്സ് – ദി എറ്റേണൽ ഫ്ലെയിം ഓഫ് മേവാർ" എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിൽ, ആരവല്ലി കുന്നുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഗായകൻ്റെ പാട്ടിലൂടെ, ബപ്പാ റാവൽ മുതൽ മഹാറാണാ പ്രതാപ് വരെയുള്ള തുടർച്ചയായ ചരിത്ര കാലഘട്ടങ്ങളെ കോർത്തിണക്കിക്കൊണ്ട്, അന്തസ്സിൻ്റെ പ്രതീകമായ ഒരു സാമ്രാജ്യത്തെ ദൃശ്യവൽക്കരിക്കുന്നു.

ലോറൻ്റ് ക്ലിക്വെറ്റിൻ്റെ "ദി സ്ക്രീൻറൈറ്റർ", ഒരു എഴുത്തുകാരൻ്റെ സമ്മർദ്ദമേറിയ മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നാടകീയമായ ഒരു ചിത്രമാണ്. സൃഷ്ടിപരമായ പ്രക്രിയയിൽ നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങളെ ഒരു ഇടുങ്ങിയ പശ്ചാത്തലത്തിലൂടെ ഈ ചിത്രം പരിശോധിക്കുന്നു.
ഷുവാൻ ലി ഒരുക്കിയ "ദി സ്റ്റാർ ഷെപ്പേർഡ്" എന്നത്, മലാവിയിലേക്കുള്ള ഒരു യൂണിസെഫ് സന്ദർശനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച, സ്പർശ്യാനുഭവം നൽകുന്ന ഫെൽറ്റ്-ആനിമേഷൻ ശൈലിയിലുള്ള ഒരു മ്യൂസിക് വീഡിയോയാണ്. ഒരേ ആകാശത്തിന് കീഴിൽ സ്നേഹം എങ്ങനെയാണ് അപരിചിതരായ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് ഈ ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു.
പുരാണ പ്രേമികൾക്കായി, അക്ഷത് വർമ്മ ഒരുക്കിയ "കിഷ്കിന്ധ: വാൻ കഥ" എന്ന ചിത്രം, പുരാതന വാനര സാമ്രാജ്യത്തിനുള്ളിലെ മഹത്തായ പോരാട്ടങ്ങളും രാഷ്ട്രീയവും ദാരുണമായ യാത്രകളും പുനഃസൃഷ്ടിക്കുന്നതിനായി വിവിധ പുരാണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളെയാണ് ആധാരമാക്കിയിരിക്കുന്നത്.
ഈ സവിശേഷ ചിത്രങ്ങളുടെ പട്ടിക പൂർത്തിയാക്കിക്കൊണ്ട്, താല്യ ലോട്ടൻ്റെ "സ്റ്റോൺവാൾ, ദി മേക്കിംഗ് ഓഫ്" എന്ന ചിത്രം, ആഭ്യന്തര യുദ്ധകാലത്തെ ഒരു ജനറലിനെക്കുറിച്ച് നിർമ്മിക്കപ്പെടാതെ പോയ ഒരു ഫീച്ചർ സിനിമയുടെ നിർമ്മാണ ഘട്ടങ്ങളെ പിന്തുടരുന്നു. അണിയറ ദൃശ്യങ്ങളും മുൻകൂട്ടി തയ്യാറാക്കിയ ചരിത്രപരമായ രംഗങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ പൂർണ്ണമായി ഇല്ലാതാകും വിധം അഭിമുഖങ്ങളും ചിത്രീകരണ രംഗങ്ങളും ഈ ചിത്രം കോർത്തിണക്കുന്നു.
ഈ വിഭാഗത്തിൽ ഉൾപ്പെട്ട മറ്റ് ചിത്രങ്ങളിൽ, കർഷ് ജാവേരി സംവിധാനം ചെയ്ത "ദി ആക്ട് ഓഫ് കില്ലിംഗ് ഡ്രീംസ്" എന്ന ഹ്രസ്വചിത്രം, പരമ്പരാഗത കലാശൈലികളെ മുറുകെപ്പിടിക്കുന്ന പ്രശസ്തരായ സംവിധായകരും വളർന്നുവരുന്ന എഐ സ്രഷ്ടാക്കളും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ, കലയിലെ പാരമ്പര്യവും സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും തമ്മിലുള്ള സംഘർഷത്തെ ഒരു വിസ്മയകരമായ പെയിൻ്റിംഗ് രൂപത്തിൽ പര്യവേക്ഷണം ചെയ്തു. ജർമ്മനിയിൽ നിന്നുള്ള, മാർക്ക് വാക്കോൾസ് സംവിധാനം ചെയ്ത "ദി സിനിമ ദാറ്റ് നെവർ വാസ്" എന്ന ചിത്രം നഷ്ടബോധത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ ഒരു ആവിഷ്കാരമായിരുന്നു. കാലപ്പഴക്കത്താലോ ജീർണ്ണതയാലോ കാലഗതിയിൽ നഷ്ടപ്പെട്ടുപോയ തിരക്കഥകളുടേയും റീലുകളുടേയും ചലച്ചിത്ര ചരിത്രങ്ങളുടേയും മറഞ്ഞുപോയ ഓർമ്മകളെ പുനഃസൃഷ്ടിക്കാൻ ഈ ചിത്രം ജനറേറ്റീവ് വർക്ക്ഫ്ലോകൾ ഉപയോഗിച്ചു. രാജേഷ് ഭാട്ടിയയും ഭരത് അറോറയും ചേർന്ന് സംവിധാനം ചെയ്ത "ദി എക്കോ മൊണാസ്ട്രി", ഓർമ്മകളേയും ശൂന്യതയേയും നേരിടാൻ ഹിമാലയൻ മലനിരകളുടെ ആഴങ്ങളിലേക്ക് യാത്ര തിരിക്കുന്ന, ദുഃഖിതയായ ഒരു ലഡാക്കി സ്ത്രീയുടെ കഥയാണ് പറഞ്ഞത്. അതേസമയം, സമ്രേഷ് ശ്രീവാസ്തവ് സംവിധാനം ചെയ്ത എഐ സഹായത്തോടെയുള്ള ജീവചരിത്ര ആനിമേഷൻ ചിത്രമായ "ദി ലെജൻഡ് ഓഫ് ബിർസ മുണ്ട", കൊളോണിയൽ ഭരണത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ 'ഉൽഗുലാൻ' ചെറുത്തുനിൽപ്പിനെ പുനരവലോകനം ചെയ്തുകൊണ്ട്, ഗോത്രവർഗ്ഗക്കാരുടെ അതിജീവനത്തിൻ്റെ ശബ്ദങ്ങൾക്ക് ശക്തമായ ആദരവർപ്പിച്ചു.
എഐ സാങ്കേതികവിദ്യ ചലച്ചിത്ര രംഗത്ത് അനുദിനം വികസിക്കുമ്പോൾ, അതിൻ്റെ ആത്യന്തിക ഫലം അങ്ങേയറ്റം മാനുഷികമായ കഥകൾക്ക് ജീവൻ നൽകാൻ പ്രാപ്തമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ചിത്രങ്ങൾ. ഒപ്പം, എംഐഎഫ്എഫിലെ ചലച്ചിത്ര പ്രേമികൾക്ക് അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാണത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള അപൂർവ്വമായൊരു ദൃശ്യാനുഭവം സമ്മാനിക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.
***
रिलीज़ आईडी:
2275617
| Visitor Counter:
6