MIFF banner

ഇന്ത്യൻ ഫോട്ടോഗ്രാഫി, ശാസ്ത്രീയ സംഗീത പ്രതിഭകൾക്ക് ആദരമർപ്പിച്ച് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള 2026 (MIFF 2026) ഡോക്യുമെന്ററി പ്രദർശനം

പത്തൊൻപതാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (MIFF) 'ഹോമേജ്' (ആദരവ്) വിഭാഗത്തിൽ പ്രശസ്തമായ രണ്ട് ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ ഫോട്ടോഗ്രാഫി രംഗത്തെ കുലപതി രഘു റായ്, പ്രശസ്ത മൃദംഗ വിദ്വാൻ പാലക്കാട് രഘു എന്നിവരുടെ  മികച്ച സംഭാവനകളെയാണ് പ്രദർശനത്തിൽ  ആദരിച്ചത്.

സുവേന്ദു ചാറ്റർജി സംവിധാനം ചെയ്ത 'രഘു റായ്: ഹിയറിംഗ് ത്രൂ ദി ഐസ്' എന്ന ഡോക്യുമെന്ററി, വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായിയുടെ ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ സർഗ്ഗാത്മക ലോകത്തിലേക്കും വെളിച്ചം വീശുന്നതാണ്. അപൂർവ്വ ചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ തന്നെ ഓർമ്മപ്പെടുത്തലുകളിലൂടെയുമാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്. 1977-ൽ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ-ബ്രെസ്സൺ ആണ് രഘു റായിയെ അന്താരാഷ്ട്ര ഫോട്ടോ ഏജൻസിയായ 'മാഗ്നം ഫോട്ടോസ്'-ലേക്ക് നിർദ്ദേശിക്കുന്നത്.

 



 

തന്റെ ഫോട്ടോഗ്രാഫി സങ്കൽപ്പമായ 'ദർശൻ' എന്ന ആശയത്തെക്കുറിച്ച് രഘു റായ് ചിത്രത്തിൽ സംസാരിക്കുന്നുണ്ട്.. ഫോട്ടോ എടുക്കുക എന്നത് വെറുമൊരു ചിത്രം പകർത്തലല്ല, മറിച്ച് ക്യാമറയ്ക്ക് മുന്നിലുള്ള വ്യക്തിയുമായും അവരുടെ വികാരങ്ങളുമായും വൈകാരികവും ആത്മീയവുമായ ഒരു ബന്ധം സ്ഥാപിക്കലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

റായ് രേഖപ്പെടുത്തിയ പ്രധാന ചരിത്ര സംഭവങ്ങളെ പുനരവലോകനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന ഗണേഷ് വിസർജൻ, താജ്മഹൽ, നാഗ സാധുക്കൾ എന്നിവയുൾപ്പെടെയുള്ള ദൈനംദിന ജീവിതത്തിന്റെ ചിത്രങ്ങൾക്കൊപ്പം മദർ തെരേസ പോലുള്ള വ്യക്തിത്വങ്ങളുടെ പ്രതിരൂപങ്ങളും പ്രദർശിപ്പിക്കുന്നു.

രഘു റായിയുടെ മകളും ചലച്ചിത്രകാരിയുമായ അവാനി റായും ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അവാനിയുടെ കാഴ്ചപ്പാടുകളിലൂടെ, ക്യാമറയ്ക്ക് പിന്നിലെ വ്യക്തിയെ അടുത്തറിയാൻ സാധിക്കുന്നതിനൊപ്പം രണ്ട് തലമുറകളിലെ ദൃശ്യാവിഷ്കർത്താക്കൾ തമ്മിലുള്ള ഒരു സംവാദത്തിനും ചിത്രം വേദിയൊരുക്കുന്നു.

 

സർഗ്ഗാത്മകതയെക്കുറിച്ച് സംസാരിക്കവേ, കലാനിർമ്മിതികളെ പരസ്പരം ബന്ധിപ്പിക്കുന്ന കേന്ദ്രബിന്ദു സ്നേഹമാണെന്ന് രഘു റായ് വ്യക്തമാക്കുന്നു. ഒരു ചിത്രം അതിന്റെ കഥ സ്വയം പറയണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു വ്യക്തിയുടെ ആന്തരിക ലോകവും ബാഹ്യ ലോകവും അർത്ഥവത്തായ ഒരു നിമിഷത്തിൽ ഒന്നിക്കുന്നതിനെയാണ് അദ്ദേഹം 'ചിത്രം' എന്ന് വിശേഷിപ്പിക്കുന്നത്. യുവ ഫോട്ടോഗ്രാഫർമാർ ഈ മാധ്യമത്തിലൂടെ സ്വന്തം ശൈലിയും ശബ്ദവും കണ്ടെത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.



മേളയിൽ പ്രദർശിപ്പിച്ച രണ്ടാമത്തെ ചിത്രമായ 'താള ആൻഡ് റിഥം – മൃദംഗം പ്ലെയ്ഡ് ബൈ പാലക്കാട് രഘു' കർണാടക സംഗീതത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ താളവാദ്യമായ മൃദംഗത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗലാണ്.

 



 

പ്രശസ്ത മൃദംഗ വിദ്വാൻ പാലക്കാട് രഘുവിന്റെ സാന്നിധ്യത്തിൽ ഒരുങ്ങിയ ഈ ചിത്രം, ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ താളത്തെയും ലയത്തെയും കുറിച്ചുള്ള ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെയും അവതരണങ്ങളിലൂടെയും, പരമ്പരാഗത സംഗീതത്തിന്റെ അടിസ്ഥാനമായ അക്ഷരകാലങ്ങൾ, ആവർത്തനങ്ങൾ, മനോധർമ്മ പ്രയോഗങ്ങൾ എന്നിവയെല്ലാം ഡോക്യുമെന്ററി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.

മൃദംഗ വായനയിലെ സങ്കീർണ്ണമായ വിരൽചലനങ്ങൾ, നാദവ്യതിയാനങ്ങൾ,താളവിന്യാസങ്ങൾ എന്നിവയെല്ലാം ഡോക്യുമെന്ററി വിശദമായി ദൃശ്യവൽക്കരിക്കുന്നുണ്ട്. ഈ വാദ്യോപകരണത്തിൽ പ്രാവീണ്യം നേടുന്നതിന് കഠിനമായ അച്ചടക്കം, നിരന്തരമായ പരിശീലനം, സർഗ്ഗാത്മകത എന്നിവ എത്രത്തോളം അത്യാവശ്യമാണെന്ന് ചിത്രം അടിവരയിടുന്നു.



സംഗീത ശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനൊപ്പം, ഗുരുവിൽ നിന്ന് ശിഷ്യനിലേക്ക് വിദ്യ പകർന്നുനൽകുന്ന സമ്പന്നമായ വാമൊഴി പാരമ്പര്യത്തെയും  ചിത്രം ഉയർത്തിക്കാട്ടുന്നു. തലമുറകളായി ഇന്ത്യയുടെ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെ നിലനിർത്തുന്ന ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴം  ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നുണ്ട്.



ചലച്ചിത്രമേളയിലെ 'ഹോമേജ്' വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ രണ്ട് ഡോക്യുമെന്ററികളും, ഇന്ത്യയുടെ പ്രിയപ്പെട്ട ഈ ആചാര്യന്മാരുടെ ജീവിതത്തെയും സംഭാവനകളെയും അടുത്തറിയാനും ഭാരതത്തിന്റെ കലാവൈവിധ്യത്തെയും സാംസ്കാരിക പൈതൃകത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടുതൽ ആഴമുള്ളതാക്കാനും പ്രേക്ഷകർക്ക് അവസരമൊരുക്കി.

 

***


Great films resonate through passionate voices. Share your love for cinema with #MIFF2026. Tag us @pibmumbai on X, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at miff.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2275535   |   Visitor Counter: 4