പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
18 JUN 2026 11:39PM by PIB Thiruvananthpuram
2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഫ്രാൻസിലെ വിവിധ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകിയ ഗണ്യമായ സംഭാവനകളെ പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യൻ നൂതനാശയങ്ങളെയും അറിവുകളെയും ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിലും ഇന്ത്യ-ഫ്രാൻസ് പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവർ വഹിക്കുന്ന പ്രധാന പങ്കിനെ അദ്ദേഹം അംഗീകരിച്ചു. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും വിനോദസഞ്ചാരികളും ഫ്രാൻസ് തങ്ങളുടെ ലക്ഷ്യസ്ഥാനമാക്കിയതോടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വിപുലമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുഗമമായ മൊബിലിറ്റിയ്ക്കായി സ്വീകരിച്ച നടപടികളിൽ അദ്ദേഹം അഭിനന്ദനമറിയിച്ചു. ഫ്രാൻസിൽ യുപിഐയുടെ സാന്നിധ്യം വർധിക്കുന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര ഒഴുക്കിന് കൂടുതൽ കരുത്തുപകരുമെന്ന് കുറിച്ചു.
എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച, വനിതാ നേതൃത്വത്തിലുള്ള വികസനം എന്നിവ മുതൽ മനുഷ്യകേന്ദ്രീകൃത നിർമിത ബുദ്ധി, മുൻനിര സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ പുരോഗതി വരെ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനാത്മക മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയതായി അദ്ദേഹം എടുത്തുപറഞ്ഞു. യുകെ, ഇയു എന്നിവയുമായി ഒപ്പുവെച്ച വ്യാപാര കരാറുകൾ ഇന്ത്യൻ തൊഴിലാളികൾക്കും കർഷകർക്കും നവസംരംഭകർക്കും മറ്റുള്ളവർക്കും പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സമൂഹത്തിന് സാങ്കേതികവിദ്യാ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പങ്കാളിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് നൈസിലെ 'ഭാരത് ഇന്നൊവേറ്റ്സ് 2026', പാരീസിലെ 'വിവാടെക് 2026' എന്നിവയിലെ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. 'ഭാരത് ഇന്നൊവേറ്റ്സി'ന്റെ വിജയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഈ പ്ലാറ്റ്‌ഫോം നൂതനാശയ നയതന്ത്രത്തിന്റെ ഒരു മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്തിനെ ഒരു തുല്യ പങ്കാളിയായി പരിഗണിക്കുന്ന, വിശ്വാസത്തിലധിഷ്ഠിതമായ അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനാണ് ഇന്ത്യ ഉറച്ചുനിൽക്കുന്നതെന്ന് എവിയാനിൽ നടന്ന ജി7 ഉച്ചകോടിയിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ഇന്ത്യയുടെ പ്രതിഭയും നൈപുണ്യവും നൂതനാശയവും ലോകത്തെ സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പുരോഗതിക്കായി സംഭാവനകൾ നൽകാനും അതിന്റെ വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിൽ പങ്കാളികളാകാനും അദ്ദേഹം പ്രവാസി സമൂഹത്തെ ക്ഷണിച്ചു.
ഇന്ത്യയിലെയും ഫ്രാൻസിലെയും ജനങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. ഒപ്പം ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമം, സൗഖ്യം, അവരുടെ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിലുള്ള ഇന്ത്യയുടെ നിരന്തരമായ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുന്നതും.
***
SK
(रिलीज़ आईडी: 2275027)
आगंतुक पटल : 4